ജനസഞ്ചയങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു
1 ഒന്നാം നൂറ്റാണ്ടിൽ സത്യമായിരുന്നതുപോലെതന്നെ, ക്രിസ്തീയ സഭ ഇന്ന് അനുഭവിക്കുന്ന വളർച്ചയും ശ്രദ്ധേയമാണ്. (പ്രവൃ. 2:41; 4:4) കഴിഞ്ഞവർഷം ലോകവ്യാപകമായി 3,66,579 പുതിയ ശിഷ്യൻമാർ സ്നാപനമേറ്റു, ഓരോ ദിവസവും ശരാശരി 1,000-ത്തിലധികം പേർ! കഴിഞ്ഞ മൂന്നുവർഷംകൊണ്ട് പത്തു ലക്ഷത്തിലധികം ആളുകൾ സ്നാപനമേറ്റിരിക്കുന്നു. തീർച്ചയായും യഹോവ വിശ്വാസികളുടെ സമൂഹങ്ങളെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുന്നു.—പ്രവൃ. 5:14.
2 ക്രിസ്തീയ ജീവിതത്തിൽ അനുഭവപരിചയം കുറഞ്ഞ നിരവധി പുതിയവർക്കു വിശ്വാസത്തിൽ ബലിഷ്ഠരായിരിക്കുന്നവരിൽനിന്നു സഹായവും പരിശീലനവും ആവശ്യമാണ്. (റോമ. 15:1) ആദിമ ക്രിസ്ത്യാനികളിൽ ചിലർക്കു സ്നാപനമേറ്റു വർഷങ്ങൾ കഴിഞ്ഞിട്ടും “പക്വതയിലേക്കു മുന്നേറാൻ” കഴിഞ്ഞില്ല. (എബ്രാ. 5:12; 6:1, NW) അതുകൊണ്ടാണ് എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ ക്രിസ്ത്യാനികൾ ആത്മീയമായി വളരേണ്ട മണ്ഡലങ്ങൾ പൗലൊസ് പ്രദീപ്തമാക്കിയത്. അവ ഏതെല്ലാമാണ്, ആവശ്യമായ സഹായം എങ്ങനെ നൽകാവുന്നതാണ്?
3 നല്ല പഠനശീലങ്ങൾ സ്വായത്തമാക്കൽ: പൗലൊസിന്റെ പ്രബോധനത്തിനു ചേർച്ചയിൽ ഒരു നല്ല പഠിതാവായിരിക്കുന്നതിൽ ഫലപ്രദമായ പഠനം, ആവർത്തനം, യഹോവയുടെ സ്ഥാപനം പ്രദാനം ചെയ്യുന്ന “കട്ടിയായുള്ള ആഹാരം” ഉപയോഗിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു. (എബ്രാ. 5:13, 14; 1993 ആഗസ്റ്റ് 15 വീക്ഷാഗോപുരത്തിന്റെ 12-17 പേജുകൾ കാണുക.) ആത്മീയ സംഭാഷണങ്ങളിൽ പുതിയ വിശ്വാസികളെ ഉൾപ്പെടുത്തിക്കൊണ്ടും വ്യക്തിപരമായ ഗവേഷണത്തിലൂടെ നിങ്ങൾ പഠിച്ച സത്യത്തിന്റെ അമൂല്യ രത്നങ്ങൾ അവരുമായി പങ്കുവെച്ചുകൊണ്ടും നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കാൻ നിങ്ങൾ അവരെ പ്രചോദിപ്പിച്ചേക്കാം. ഒരുപക്ഷേ, നിങ്ങളുടെ വ്യക്തിപരമായ പഠനത്തിലോ കുടുംബാധ്യയനത്തിലോ പങ്കുചേരാൻ പുതിയ ഒരു വിശ്വാസിയെ നിങ്ങൾക്ക് ഇടയ്ക്കിടെ ക്ഷണിക്കാവുന്നതാണ്.
4 യോഗങ്ങൾക്കു ക്രമമായി ഹാജരാകൽ: നിങ്ങളുടെ വിശ്വസ്തമായ ദൃഷ്ടാന്തവും സ്നേഹപൂർവകമായ പ്രോത്സാഹന വാക്കുകളും പൗലൊസ് പരാമർശിച്ച പരിചിന്തനാർഹമായ മറ്റൊരു മണ്ഡലം—ക്രിസ്തീയ യോഗങ്ങൾ ഉപേക്ഷിക്കുന്ന “പതിവ്”—ഒഴിവാക്കാൻ പുതിയ സഭാംഗങ്ങളെ സഹായിക്കും. (എബ്രാ. 10:24, 25, NW) അവരെ സഭയുമായി ബന്ധപ്പെടുത്തുന്ന ആത്മീയ ജീവരേഖ യോഗങ്ങളാണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക. നമ്മുടെ സഹോദരവർഗത്തിന്റെ ഭാഗമെന്നനിലയിൽ അവർക്കു സ്വാഗതം തോന്നാനിടയാക്കുന്നതിൽ മുൻകൈയെടുക്കുക.
5 ആത്മവിശ്വാസത്തോടെ യഹോവയെ സമീപിക്കൽ: ജഡിക ബലഹീനതകളും വ്യക്തിത്വ വൈകല്യങ്ങളും തരണംചെയ്യുന്നതിന്, അത്യഗാധമായ വിചാരങ്ങളും ഏറ്റവും സ്വകാര്യമായ ആകുലതകളും പ്രകടിപ്പിച്ചുകൊണ്ട് നാം യഹോവയോടു പ്രാർഥിക്കണം. സഹായത്തിനായി യഹോവയോടു യാചിച്ചുകൊണ്ട് അങ്ങനെ ചെയ്യാൻ പുതിയവർ പഠിക്കണം. പൗലൊസ് ഉദ്ബോധിപ്പിച്ചതുപോലെ അവർ ശങ്കിക്കേണ്ടതില്ല. (എബ്രാ. 4:15, 16; 10:22) ഈ സംഗതിയിലുള്ള നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ യഹോവ ഹൃദയംഗമമായ പ്രാർഥനകൾ കേൾക്കുമെന്നുള്ള പുതിയ ഒരുവന്റെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്തും.
6 ശുശ്രൂഷയ്ക്കായി സമയം പട്ടികപ്പെടുത്തൽ: നാം ദൈവത്തിനു “സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കു”മ്പോൾ അത് ആത്മീയമായി ശക്തിപ്പെടുത്തുന്നുവെന്നും പൗലൊസ് പ്രകടമാക്കി. (എബ്രാ. 13:15) വയൽശുശ്രൂഷയ്ക്കുള്ള നിങ്ങളുടെ പ്രതിവാര ക്രമീകരണങ്ങളിൽ പങ്കുചേരാൻ ഒരു പുതിയ പ്രസാധകനെ നിങ്ങൾക്കു ക്ഷണിക്കാൻ കഴിയുമോ? ഒരുപക്ഷേ നിങ്ങൾക്കിരുവർക്കുംകൂടി അവതരണങ്ങൾ തയ്യാറാകാനോ പുതിയയാൾ ഇതുവരെ പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത ശുശ്രൂഷയുടെ ഒരു വശം പരിഗണിക്കാനോ കഴിയും.
7 കൂട്ടിച്ചേർക്കപ്പെടുന്ന ജനസഞ്ചയങ്ങൾ വലിയ സന്തോഷത്തിനു നിദാനമാണ്. സഭയിലെ പുതിയ അംഗങ്ങളെ പരിശീലിപ്പിക്കുന്നതിലും പ്രബോധിപ്പിക്കുന്നതിലും നാം നമ്മെത്തന്നെ വിനിയോഗിക്കുന്നത് ‘ജീവരക്ഷ പ്രാപിക്കുന്നവരായിരിക്കാൻ’ ആവശ്യമായിരിക്കുന്ന ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ അവരെ സഹായിക്കും.—എബ്രാ. 3:12, 13; 10:39.