ദൈവത്തിൽനിന്നുള്ള പരിജ്ഞാനം അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു
1 സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം ലഭിക്കുന്നതിനു മുമ്പ് സാധ്യതയനുസരിച്ച് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ചു ഉത്തരമറിയില്ലാഞ്ഞ അനേകം ചോദ്യങ്ങളുണ്ടായിരുന്നിരിക്കാം. ആ ചോദ്യങ്ങൾക്കു ബൈബിളധിഷ്ഠിത ഉത്തരങ്ങൾ ലഭിച്ചപ്പോൾ നിങ്ങൾക്ക് എത്രമാത്രം സന്തോഷം അനുഭവപ്പെട്ടു! ഇപ്പോൾ അതേ ഉത്തരങ്ങൾ കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കാനുള്ള കഴിവു നിങ്ങൾക്കുണ്ട്. (2 തിമൊഥെയൊസ് 2:2 താരതമ്യം ചെയ്യുക.) നിങ്ങൾക്ക് അവരുമായി നിത്യജീവനിലേക്കു നയിക്കുന്ന ദൈവിക പരിജ്ഞാനം പങ്കുവെക്കാൻ കഴിയും. (യോഹന്നാൻ 17:3) എന്നാൽ ഈ പരിജ്ഞാനത്തെ വിലമതിക്കാൻ ഒരു വ്യക്തിയെ നിങ്ങൾക്കെങ്ങനെ സഹായിക്കാൻ കഴിയും? കൊള്ളാം, സത്യം പഠിച്ചപ്പോൾ നിങ്ങൾക്ക് ഉത്തരം ലഭിച്ച ആ ചോദ്യങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. സത്യാന്വേഷികൾ അറിയാൻ ആഗ്രഹിക്കുന്നതെന്താണ്? ഈ സംഗതികളെക്കുറിച്ചു പരിചിന്തിക്കുന്നത് നിങ്ങളെ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതിന് സഹായിക്കും. ജൂണിൽ സാക്ഷീകരണത്തിനു തയ്യാറെടുക്കുമ്പോൾ പിൻവരുന്ന നിർദേശങ്ങൾ നിങ്ങളെ സഹായിച്ചേക്കാം.
2 എന്തുകൊണ്ടാണ് ലോകത്തിൽ ഇത്രമാത്രം ദുരിതങ്ങൾ ഉള്ളതെന്ന് ഒട്ടുമിക്കവരും ചിന്തിക്കാറുള്ളതിനാൽ, ഈ സമീപനം നല്ല പ്രതികരണം ഉളവാക്കിയേക്കാം:
◼“അത്യാഹിതങ്ങൾ സംഭവിക്കുകയോ കുറ്റകൃത്യങ്ങളോ അക്രമമോ വർധിക്കുകയോ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം ഭയങ്കര സംഗതികൾ സംഭവിക്കുന്നതെന്ന് ആളുകൾ മിക്കപ്പോഴും ചോദിക്കാറുണ്ട്. നിങ്ങളെന്ത് ഉത്തരമായിരിക്കും നൽകുക?” വ്യക്തിയെ പ്രതികരിക്കാൻ അനുവദിക്കുകയും അത് അംഗീകരിക്കുകയും ചെയ്യുക. എന്നിട്ട് പരിജ്ഞാനം പുസ്തകത്തിന്റെ 8-ാം അധ്യായം എടുത്ത് 2-ാമത്തെ ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതിലേക്കു ശ്രദ്ധ തിരിക്കുക. ഈ പുസ്തകം, എന്തുകൊണ്ടാണ് ദുഷ്ട കാര്യങ്ങൾ സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ബൈബിളിന്റെ വിശദീകരണം നൽകുന്നുവെന്നു വിശദമാക്കുക. പുസ്തകം കൊടുക്കുക. എന്നാൽ നിങ്ങൾക്കു താത്പര്യമുള്ളത് പുസ്തക വിതരണത്തിൽ മാത്രമല്ലെന്നും ആളുകളെ അവ മനസ്സിലാക്കാൻ സഹായിക്കുന്നതിലാണെന്നും വിശദമാക്കുക. മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
3 “പരിജ്ഞാനം” പുസ്തകം സമർപ്പിച്ചിടത്തു മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്കിങ്ങനെ പറയാവുന്നതാണ്:
◼“എന്തുകൊണ്ടാണ് ലോകത്തിൽ ഇത്രമാത്രം കഷ്ടപ്പാടുകൾ ഉള്ളത് എന്നതിനെക്കുറിച്ച് നിങ്ങൾ എത്തിച്ചേർന്ന നിഗമനത്തിൽ എനിക്കു താത്പര്യമുണ്ട്. പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ബൈബിളിന്റെ ഉത്തരത്തോടു നിങ്ങൾ യോജിക്കുന്നുവോ?” പ്രതികരണത്തിന് അനുവദിക്കുക. പരിജ്ഞാനം പുസ്തകത്തിന്റെ 77-ാം പേജിലെ 17-ാം ഖണ്ഡിക വായിക്കുക. അതിനുശേഷം വീട്ടുകാരന്റെ ബൈബിളിൽനിന്നുതന്നെ റോമർ 9:14 വായിക്കാമെന്നു പറയുക. എന്നിട്ട് ഇങ്ങനെ പറയുക: “നമുക്ക് വേദനയും ദുരിതങ്ങളുമുണ്ടാകുവാൻ ദൈവം അനീതിപരമായി അനുവദിക്കുന്നില്ല എന്നതാണ് സന്തോഷകരമായ സംഗതി. അവൻ നമുക്ക് സമാധാനത്തിലും സന്തോഷത്തിലുമുള്ള ഒരു നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. ഈ പുസ്തകത്തിലെ ഒന്നാം അധ്യായത്തിന്റെ ശീർഷകം ‘നിങ്ങൾക്ക് ഒരു സന്തുഷ്ടഭാവി ആസ്വദിക്കാൻ കഴിയും!’ എന്നാണ്. അതു നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും കാര്യത്തിൽ എങ്ങനെ സത്യമായിരിക്കാവുന്നതാണെന്നു വിശദമാക്കാൻ ഞാനാഗ്രഹിക്കുന്നു.” ഒന്നാം അധ്യായം എടുത്ത് നമ്മുടെ പഠന രീതി പ്രകടിപ്പിച്ചു കാട്ടുക. സാഹചര്യം അനുസരിച്ച് ആ അധ്യായത്തിന്റെ സാധ്യമാകുന്നത്ര ഭാഗങ്ങൾ ചർച്ചചെയ്യുക.
4 “ന്യായവാദം” പുസ്തകത്തിന്റെ 14-ാം പേജിലെ “വാർദ്ധക്യം/മരണം” എന്ന ശീർഷകത്തിനു കീഴിലുള്ള മുഖവുര ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തേക്കാം:
◼“‘മരണത്തോടെ എല്ലാം അവസാനിക്കുന്നുവോ,’ എന്നു നിങ്ങൾ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ? ‘അതോ മരണത്തിനു ശേഷം എന്തെങ്കിലുമുണ്ടോ?’ [പ്രതികരണത്തിന് അനുവദിക്കുക.] മരണത്തെ സംബന്ധിച്ച് നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന ഏതു ചോദ്യത്തിനും ബൈബിൾ ഉത്തരം നൽകുന്നു. [സഭാപ്രസംഗി 9:5, 10 വായിക്കുക.] വിശ്വാസമുള്ള വ്യക്തികൾക്ക് ഒരു യഥാർഥ പ്രത്യാശയുണ്ടെന്നും അതു കാണിച്ചു തരുന്നു. [പരിജ്ഞാനം പുസ്തകത്തിന്റെ 84-ാം പേജിലെ 13-ാം ഖണ്ഡിക എടുക്കുക; യോഹന്നാൻ 11:25-ൽ കാണപ്പെടുന്ന യേശുവിന്റെ വാക്കുകളെപ്പറ്റി വിശദീകരിക്കുക.] ഈ അധ്യായം മുഴുവൻ നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നു? എന്ന ചോദ്യത്തിനുള്ള ഉത്തരം ചർച്ചചെയ്യുന്നു. ഈ പുസ്തകത്തിലെ മറ്റ് അധ്യായങ്ങൾ ജീവിതത്തെയും ഭാവിയെയും സംബന്ധിച്ചുള്ള ആളുകളുടെ അനേകം ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.” പുസ്തകം സമർപ്പിക്കുക.
5 മടക്കസന്ദർശനം നടത്തുമ്പോൾ, പരിചയം പുതുക്കിയ ശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ആളുകൾ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് കഴിഞ്ഞ തവണ നാം സംസാരിച്ചത്. അനേകമാളുകൾ പുനർജന്മത്തിലോ സ്വർഗത്തിലോ നരകത്തിലോ തുടരുന്ന മരണാനന്തര ജീവിതത്തിലോ വിശ്വസിക്കുന്നു. എന്നാൽ മരിച്ചവർ വീണ്ടും ഇവിടെ, ഭൂമിയിൽത്തന്നെ വീണ്ടും ജീവിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] ബൈബിൾ പറയുന്നതനുസരിച്ച്, ഭൂമിയെ അവകാശമാക്കുന്ന സൗമ്യതയുള്ള ആളുകളുടെ കൂട്ടത്തിൽ പുനരുത്ഥാനം പ്രാപിച്ചവരും ഉണ്ടായിരിക്കും. [സങ്കീർത്തനം 37:11, 29 വായിക്കുക. അതിനുശേഷം പരിജ്ഞാനം പുസ്തകത്തിന്റെ 88-ാം പേജ് എടുത്ത് 20-ാം ഖണ്ഡിക ചർച്ചചെയ്യുക.] ആ പ്രതീക്ഷ മരണഭീതിയിൽ കഴിഞ്ഞിരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമരുളിയിരിക്കുന്നു. ഈ പുസ്തകം നിങ്ങളെ വസ്തുതകൾ മെച്ചമായി മനസ്സിലാക്കാൻ സഹായിക്കും. അതെങ്ങനെയാണെന്നു ഞാൻ പ്രകടിപ്പിച്ചു കാണിക്കട്ടെ?”
6 ഹ്രസ്വമായ ഒരു അവതരണമാണു നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ, ഇതു പരീക്ഷിക്കാവുന്നതാണ്:
◼“നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ഈ പുസ്തകത്തിലെ ഒരു ചിത്രം നിങ്ങളെ കാണിക്കാൻ എനിക്കു താത്പര്യമുണ്ട്. ഇതൊരു മനോഹരമായ ചിത്രമല്ലേ?” പുസ്തകം തുറന്ന് 4-5 പേജുകൾ വീട്ടുകാരനെ കാണിക്കുക. അദ്ദേഹത്തെ പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 5-ാം പേജിൽ എഴുതിയിരിക്കുന്നതു വായിക്കുക. ഇങ്ങനെ പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക: “ഈ പുസ്തകം നിങ്ങൾക്കു വ്യക്തിപരമായി എടുത്തു വായിച്ചു നോക്കാവുന്നതാണ്. ഒരു ചെറിയ സംഭാവന സ്വീകരിച്ചുകൊണ്ട് ഇതു ഞങ്ങൾ വിതരണം ചെയ്യുന്നു. ഒരു പ്രതിക്ക് 20 രൂപ.” കാണിക്കുന്ന ഏതൊരു താത്പര്യത്തെയും പിന്തുടരുന്നതിന് അവർക്കു സൗകര്യപ്രദമായ സമയമേതാണെന്ന് ചോദിച്ചറിയുക.
7 ജീവിതത്തിലെ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ദൈവദത്ത പരിജ്ഞാനം നമുക്കുണ്ട്. നന്നായി തയ്യാറാകുക. അപ്പോൾ സത്യാന്വേഷികളുമായി ഈ ജീവദായകമായ വിവരങ്ങൾ പങ്കുവെക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്കു ദൈവം പ്രതിഫലം നൽകും.