രാജ്യഹാൾ വായ്പകൾ
ഇന്ത്യയുടെ പല ഭാഗങ്ങളിലും യഹോവയുടെ ജനം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളിൽ ഒന്ന് അനുയോജ്യമായ യോഗസ്ഥലം കണ്ടെത്തുക എന്നതാണ്. പല സഭകൾക്കും സ്വന്തം രാജ്യഹാൾ ഉണ്ട്. എങ്കിലും, മറ്റ് അനേകം സഭകളും വാടകക്കെടുത്ത സൗകര്യങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതർ ആയിത്തീരുകയാണ്. പല പ്രസാധകരുടെയും നിർധനാവസ്ഥയാണ് ഈ പ്രശ്നത്തെ വഷളാക്കുന്ന ഒരു സംഗതി. വരുമാനത്തിൽ അധികവും അവർ കുടുംബത്തിനുവേണ്ടി ചെലവിടേണ്ടിവരുന്നു. അതുകൊണ്ട് സ്വന്തമായി ഒരു രാജ്യഹാൾ എന്നത് വെറുമൊരു സ്വപ്നം മാത്രമാണെന്നു തോന്നിയേക്കാം.
ആവശ്യമായിരിക്കുന്ന ഫണ്ട് ശേഖരിക്കാൻ ചിലർ വിദേശത്തുള്ള സഹോദരന്മാർക്ക് എഴുതിയിട്ടുണ്ട്. ഇങ്ങനെ ചെയ്യരുത്. നല്ല ഉദ്ദേശ്യത്തോടെ ആണെങ്കിലും ആ രീതി തിരുവെഴുത്തുപരവും സംഘടനാപരവുമായ ക്രമീകരണങ്ങൾക്കു ചേർച്ചയിൽ അല്ല. 2 കൊരിന്ത്യർ 8:10-15-ലെ നിർദേശം തങ്ങളുടെ സഭയുടെ ആവശ്യങ്ങൾക്കു വേണ്ടി വ്യക്തിപരമായ ഒരു സഹായാഭ്യർഥന അല്ലായിരുന്നു. പകരം, അനേകം സഹോദരങ്ങളുടെ ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ ഭരണസംഘത്തിൽ നിന്നുള്ള നിർദേശമായിരുന്നു.
ഈ തിരുവെഴുത്തു നിർദേശം ബാധകമാക്കുന്ന “രാജ്യഹാൾ സംയുക്ത സഹായ ഫണ്ട്” എന്ന ക്രമീകരണം സൊസൈറ്റിക്ക് ഇന്ന് ഇന്ത്യയിൽ ഉണ്ട്. സ്ഥലം വാങ്ങാനോ രാജ്യഹാൾ നിർമിക്കാനോ സഹായം ആവശ്യമുള്ള സഭകൾ നിർദേശത്തിനായി സൊസൈറ്റിക്ക് എഴുതേണ്ടതാണ്. സഹായത്തിനായി വിദേശത്തുള്ള സഹോദരന്മാർക്ക് എഴുതുന്നത് ഉചിതമല്ല. നമ്മെ സഹായിക്കാനുള്ള പണം അവർക്കുണ്ടെന്നു നാം കരുതിയേക്കാമെങ്കിലും, കർത്താവിന്റെ വേലയ്ക്കു സംഭാവന ചെയ്യാൻ അവർ മനസ്സൊരുക്കം കാട്ടുന്ന പക്ഷം സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കായി അല്ലെങ്കിൽ രാജ്യഹാൾ ഫണ്ടിലേക്കായി സംഭാവന ചെയ്യാനുള്ള ഒരു ക്രമീകരണം അവരുടെ രാജ്യത്തുണ്ട്.—2 കൊരിന്ത്യർ 9:7.
സൊസൈറ്റിയുടെ സഹായം എങ്ങനെ തേടാം എന്നതു സംബന്ധിച്ചു മൂപ്പന്മാരുടെ മുഴു സംഘത്തിനും വളരെ വ്യക്തമായ മാർഗനിർദേശങ്ങൾ സൊസൈറ്റി പ്രദാനം ചെയ്തിട്ടുണ്ട്. “സകലവും ഉചിതവും ക്രമമായും” നടക്കാൻ നമുക്ക് ഓരോരുത്തർക്കും ഈ ദിവ്യാധിപത്യ നിർദേശത്തോടു പറ്റിനിൽക്കാം.—1 കൊരിന്ത്യർ 14:40.