“ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ—1999
1 ഇസ്രായേല്യർ വാഗ്ദത്ത ദേശത്തു പ്രവേശിക്കാറായപ്പോൾ, ദൈവത്തിന്റെ നിർദേശങ്ങളെ വിലമതിക്കാൻ അവരോടു മോശെ അഭ്യർഥിച്ചു. അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കു വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു.” (ആവ. 32:45-47) തന്റെ അമൂല്യമായ വചനം ഉപയോഗിച്ചു നമ്മെ നയിക്കത്തക്കവണ്ണം നമ്മുടെ ജീവൻ യഹോവ അത്ര വിലയേറിയതായി കണക്കാക്കുന്നതിനാൽ നാം അവനോടു നന്ദിയുള്ളവർ അല്ലേ? അതുകൊണ്ട്, “ദൈവത്തിന്റെ പ്രാവചനിക വചനം” എന്ന ത്രിദിന ഡിസ്ട്രിക്റ്റ് കൺവെൻഷനായും അതിൽ യഹോവ നമുക്കായി കരുതിയിരിക്കുന്നവയ്ക്കായും നാം നോക്കിപ്പാർത്തിരിക്കുന്നു.
2 ഈ വർഷം ഇന്ത്യയിലുടനീളം സൗകര്യാർഥം പലയിടങ്ങളിലായി 27 കൺവെൻഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി മിസോ ഭാഷയിൽ ഒരു ഹ്രസ്വ കൺവെൻഷൻ നടത്തപ്പെടും.
3 മുഴു കൺവെൻഷൻ പരിപാടികളിലും സംബന്ധിക്കാൻ നിങ്ങൾ ഇപ്പോൾതന്നെ ക്രമീകരണങ്ങൾ ചെയ്തിരിക്കും എന്നതിനു സംശയമില്ല, കാരണം യഹോവ നിങ്ങളിൽ നിന്ന് അതു പ്രതീക്ഷിക്കുന്നുവെന്ന കാര്യം നിങ്ങൾക്കറിയാം. ഹാജരാകാൻ തന്റെ ദാസർ ചെയ്യുന്ന വ്യക്തിഗത ശ്രമങ്ങളെയും ത്യാഗങ്ങളെയും അവൻ കാണുന്നു എന്നും അതിനെ വിലമതിപ്പോടെ ഓർക്കുന്നുവെന്നും ഉറപ്പുണ്ടായിരിക്കുക. (എബ്രാ. 6:10) ഓരോ കൺവെൻഷൻ ദിനത്തിലും പ്രാരംഭ ഗീതം മുതൽ സമാപന പ്രാർഥന വരെ സന്നിഹിതരായിരിക്കുന്നതിലൂടെ നാം അവന്റെ വചനങ്ങൾ വിലമതിക്കുന്നുവെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്. (ആവ. 4:10) കൺവെൻഷനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്ന നമ്മുടെ അനേകം സഹോദരങ്ങളുടെ കഠിനാധ്വാനത്തോടും നാം വിലമതിപ്പു കാട്ടുന്നു.
4 ഓരോ കൺവെൻഷൻ സ്ഥലത്തും ആയിരക്കണക്കിനു ദൈവജനങ്ങൾക്കു സമ്മേളിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുന്നമേയുള്ള ആസൂത്രണവും നല്ല സംഘാടനവും ആവശ്യമാണ്. കൺവെൻഷൻ ക്രമീകരണങ്ങൾ സ്നേഹപുരസ്സരം നടത്തിയിരിക്കുന്നു എന്ന അറിവ് ‘സകലവും ഉചിതമായും ക്രമമായും നടക്കാൻ’ തക്കവണ്ണം സഹകരണം പ്രകടമാക്കാൻ നമ്മെ പ്രേരിപ്പിക്കണം. (1 കൊരി. 14:39ബി) നിങ്ങൾ പൂർണ സജ്ജരായി കൺവെൻഷനു വന്ന് ആത്മീയ ആഹാരവും ക്രിസ്തീയ സൗഹൃദവും ആസ്വദിക്കേണ്ടതിനാണ് പിൻവരുന്ന വിവരങ്ങളും ഓർമിപ്പിക്കലുകളും പ്രദാനം ചെയ്തിരിക്കുന്നത്.
കൺവെൻഷനു മുമ്പ്
5 കൺവെൻഷനു സംബന്ധിക്കാനായി നിങ്ങളുടെ ബൈബിൾ വിദ്യാർഥികൾക്കും മറ്റു താത്പര്യക്കാർക്കും വ്യക്തിപരമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനു സഹായം ആവശ്യമുണ്ടോ? അവർ അവിടെ ആയിരിക്കുമ്പോൾ കേൾക്കുകയും കാണുകയും ചെയ്യുന്ന സംഗതികൾ യഹോവയുടെ ആരാധകർ ആയിത്തീരാൻ അവരെ പ്രേരിപ്പിച്ചേക്കാം. (1 കൊരി. 14:25) മൂപ്പന്മാർ താമസം, യാത്രാസൗകര്യം എന്നിവയോടുള്ള ബന്ധത്തിൽ സഹായം ആവശ്യമുള്ളവരെ—പ്രത്യേകിച്ചും സഭയിലെ പ്രായം ചെന്നവരെ—കുറിച്ച് കരുതലുള്ളവർ ആയിരിക്കുകയും അവരുടെ ആവശ്യങ്ങൾ നടക്കുന്നുവെന്നു സ്നേഹപുരസ്സരം ഉറപ്പുവരുത്തുകയും വേണം.—ഗലാ. 6:10.
6 താമസസൗകര്യങ്ങൾക്കു വേണ്ടിയുള്ള നിങ്ങളുടെ ക്രമീകരണങ്ങൾ അന്തിമമായി തീരുമാനിച്ചോ? ഹോട്ടലിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾക്കു റൂം റിസർവേഷൻ നമ്പർ ഉണ്ടോ? നിങ്ങൾ ഹോട്ടലിൽ മുൻകൂറായി പണമടച്ചോ?
7 കൺവെൻഷൻ സംബന്ധിച്ച വിവരങ്ങൾ ആവശ്യമാണെങ്കിൽ, ബന്ധപ്പെട്ട സ്ഥലത്തെ മേൽവിലാസം നിങ്ങൾക്കു നൽകാൻ സഭാ സെക്രട്ടറിക്കു സാധിക്കും. കൺവെൻഷൻ സൗകര്യത്തിന്റെ മാനേജുമെന്റിന് ഫോൺ ചെയ്യുകയോ എഴുതുകയോ ചെയ്യരുത്.
8 കൺവെൻഷൻ സ്ഥലത്തെ പ്രഥമ ശുശ്രൂഷാ വിഭാഗം അടിയന്തിര സാഹചര്യങ്ങൾക്കായി മാത്രമുള്ളതാണ്. ആസ്പിരിൻ, ബാൻഡേജുകൾ, ശ്വസന സഹായികൾ, ദഹന സഹായികൾ തുടങ്ങിയ വസ്തുക്കൾ ആവശ്യമെന്നു തോന്നുന്നെങ്കിൽ നിങ്ങൾതന്നെ കൊണ്ടുവരേണ്ടതാണ്. നിങ്ങൾക്കോ വേണ്ടപ്പെട്ടവർക്കോ ഹൃദയ സംബന്ധമായ തകരാറുകൾ, പ്രമേഹം, അപസ്മാരം എന്നിങ്ങനെ ഗുരുതരമായ രോഗങ്ങളുണ്ടെങ്കിൽ, വീട്ടിലോ അവധിയിലോ ആയിരിക്കുമ്പോൾ എന്നതുപോലെതന്നെ ആവശ്യമുള്ള മരുന്ന് കൺവെൻഷൻ സ്ഥലത്തു കൊണ്ടുവരുക. അത്തരം വ്യക്തികളുടെ അവസ്ഥ അറിയാവുന്ന ഒരു കുടുംബാംഗമോ അടുത്ത സുഹൃത്തോ ഒപ്പം ഉണ്ടായിരിക്കുന്നതു ബുദ്ധിയായിരിക്കും. കാരണം, ആവശ്യമായ സഹായം നൽകാൻ സാധിക്കുന്നത് അവർക്കാണ്.
9 കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ നിങ്ങൾക്കു ലഭിച്ചേക്കാം. മറ്റുള്ളവരുമായി സത്യം പങ്കുവെക്കാൻ നിങ്ങൾ തയ്യാറായിരിക്കുമോ? പെട്രോൾ പമ്പിലെ ജീവനക്കാർ, ടോൾ പിരിക്കുന്നവർ, യാത്രക്കിടയിൽ കണ്ടുമുട്ടുന്നവർ തുടങ്ങിയവർക്കു ലഘുലേഖകൾ നൽകിക്കൊണ്ട് കുട്ടികളുൾപ്പെടെ നമുക്കേവർക്കും അതിൽ പങ്കുപറ്റാവുന്നതാണ്. മാസികകളും ലഘുപത്രികകളും മറ്റു സാഹിത്യങ്ങളും താത്പര്യമുള്ളവർക്കു സമർപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കും. നാം സാധാരണ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ആളുകളോട് അനൗപചാരികമായി സാക്ഷീകരിക്കാൻ തയ്യാറായിരിക്കുക.
കൺവെൻഷൻ സമയത്ത്
10 ഓരോ ദിനവും കൺവെൻഷൻ സ്ഥലത്തെ വാതിലുകൾ തുറക്കുമ്പോൾ അടുത്ത കുടുംബാംഗങ്ങൾക്കോ നിങ്ങളുടെ കൂട്ടത്തിൽപ്പെട്ടവർക്കോ വേണ്ടി മാത്രം ഇരിപ്പിടങ്ങൾ കരുതിവെക്കാവുന്നതാണ്. പ്രായംചെന്ന സഹോദരങ്ങൾക്ക് സൗകര്യപ്രദമായ ഇരിപ്പിടങ്ങളും വികലാംഗർക്കും ചക്രക്കസേര ഉപയോഗിക്കുന്നവർക്കും പ്രത്യേക ഇടങ്ങളും നീക്കിവെക്കുന്നതായിരിക്കും. കാലാവസ്ഥാജന്യ രോഗങ്ങളും അലർജികളും ഉള്ളവർക്കായി പ്രത്യേകം മുറികൾ ഒരുക്കാൻ സാധിക്കുകയില്ല. ഓരോ ദിവസവും ഇരിപ്പിടം വിട്ടു പോകുമ്പോൾ, നിങ്ങളുടെ എല്ലാ വസ്തുവകകളും നിങ്ങളുടെ പക്കൽതന്നെയുണ്ടെന്ന് ഉറപ്പുവരുത്തുക.
11 ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ വലിയ കൂട്ടമായി സമ്മേളിക്കവെ, നാം പ്രാദേശിക നിയമങ്ങളും അഗ്നിപ്രതിരോധ നിയമങ്ങളും മറ്റു സുരക്ഷാ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥരാണ്. അതുകൊണ്ട് ഇടപ്പാതകളിലും പുറത്തേക്കുള്ള വഴിയിലും തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുക. അടിയന്തിര സാഹചര്യം സംജാതമാകുന്ന പക്ഷം കൺവെൻഷൻ സ്ഥലത്തു നിന്നു പെട്ടെന്നുതന്നെ ഒഴിഞ്ഞു പോകേണ്ടതാണ്.
12 ഡിസ്ട്രിക്റ്റ് കൺവെൻഷനു നിങ്ങൾ സ്നാപനമേൽക്കുന്നുണ്ടോ? ശനിയാഴ്ച രാവിലത്തെ സെഷനിൽ സ്നാപനാർഥികൾക്കുവേണ്ടി കുറെ ഇരിപ്പിടങ്ങൾ നീക്കിവെക്കുന്നതായിരിക്കും, സേവകന്മാർ നിങ്ങൾക്ക് അതു കാട്ടിത്തരും. സെഷൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഇരിപ്പിടത്തിൽ ഉണ്ടായിരിക്കാൻ കഴിവതും ശ്രമിക്കുക. ബൈബിൾ, പാട്ടുപുസ്തകം, തോർത്ത്, ഉചിതമായ സ്നാപനവസ്ത്രം എന്നിവ കൊണ്ടുവരിക. പരസ്യങ്ങളുള്ള ടി-ഷർട്ടുകൾ പോലുള്ള വസ്ത്രങ്ങൾ അത്തരം മാന്യമായ ഒരു അവസരത്തിൽ അനുചിതമാണ്. സ്നാപനാർഥികളുമായി നമ്മുടെ ശുശ്രൂഷ പുസ്തകത്തിലെ ചോദ്യങ്ങൾ പരിചിന്തിക്കുന്ന മൂപ്പന്മാർ, ഈ കാര്യങ്ങൾ ഓരോരുത്തരും മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സ്നാപനം യഹോവയാം ദൈവത്തിനുള്ള വ്യക്തിപരമായ സമർപ്പണത്തിന്റെ പ്രതീകം ആയതിനാൽ സ്നാപനാർഥികൾ കൈകൾ കോർത്തുപിടിച്ചു സ്നാപനമേൽക്കുന്നത് അനുചിതമായിരിക്കും.
13 കൺവെൻഷൻ സ്ഥലത്ത് ക്യാമറകളും വീഡിയോ ഓഡിയോ റെക്കോർഡിങ് ഉപകരണങ്ങളും ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും, അതു വെച്ചിരിക്കുന്ന സ്ഥലമോ അവയുടെ ഉപയോഗമോ ഇടപ്പാതകളിൽ തടസ്സം സൃഷ്ടിക്കുകയോ മറ്റുള്ളവരുടെ കാഴ്ചയെ മറയ്ക്കുകയോ പരിപാടിയിൽ നിന്നു ശ്രദ്ധ പതറിക്കുകയോ ചെയ്യരുത്. അവയെ വൈദ്യുതി, ശബ്ദ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയുമരുത്.
14 സെല്ലുലാർ ഫോണുകളുടെയും പേജറുകളുടെയും ഉപയോഗം വർധിച്ചിരിക്കുന്നതിനാൽ, ഈ ഉപകരണങ്ങൾ പരിപാടി ശ്രദ്ധിക്കുന്നതിൽ നിങ്ങൾക്കോ ചുറ്റുമിരിക്കുന്നവർക്കോ തടസ്സമാകാതിരിക്കാൻ ദയവായി ശ്രദ്ധിക്കുക. നിങ്ങൾ സദസ്സിൽ ആയിരിക്കുമ്പോൾ ഈ ഉപകരണങ്ങൾ മണിയടിക്കാനോ ബീപ് സൗണ്ട് കേൾപ്പിക്കാനോ അനുവദിക്കരുത്. പരിപാടിക്കിടയിൽ അത്യാവശ്യമായി സെല്ലുലാർ ഫോൺ ഉപയോഗിക്കേണ്ടി വരുന്നെങ്കിൽ, ദയവായി ഓഡിറ്റോറിയത്തിനു വെളിയിൽ പോയി അത് ഉപയോഗിക്കുക.
15 സമയം ലാഭിക്കുന്നതിനും ലളിതമാക്കുന്നതിനും വേണ്ടി ഓരോ ദിവസവും ഉച്ചഭക്ഷണം കൊണ്ടുവരാൻ സൊസൈറ്റി നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. പല സഹോദരങ്ങളും ഈ നിർദേശം പിൻപറ്റിക്കൊണ്ട് ഉച്ച സമയത്ത് തങ്ങളുടെ കുടുംബത്തോടൊപ്പമിരുന്ന് തങ്ങൾ കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതായി കണ്ടിട്ടുണ്ട്. ഉച്ചസമയത്ത് വിശ്രമിക്കാനും സഹോദരങ്ങളോടൊത്ത് കൂടുതലായി സമയം ചെലവഴിക്കാനുമുള്ള അവസരം ആസ്വാദ്യകരമാണെന്ന് അനേകർ പറഞ്ഞിട്ടുണ്ട്. അതിന്, ഭക്ഷണ പാനീയങ്ങൾ നേരത്തെതന്നെ വാങ്ങി അത് ഇരിപ്പിടത്തിനടിയിൽ വെക്കാവുന്ന ചെറിയ പാത്രങ്ങളിൽ സൂക്ഷിക്കേണ്ടതുണ്ട്. സന്നിഹിതരാകുന്ന എല്ലാവരും ഈ നിർദേശം പിൻപറ്റാൻ ഞങ്ങൾ അഭ്യർഥിക്കുന്നു. അടുത്തകാലത്ത്, പരിപാടിയുടെ സമയത്ത് പലരും കൺവെൻഷൻ സൗകര്യങ്ങൾക്കുള്ളിലോ പുറത്തോ ഉള്ള ഭക്ഷണശാലകളിലേക്കു പോകുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അത് സദസ്സിന്റെ ശ്രദ്ധ പതറിക്കുമെന്നു മാത്രമല്ല, അവിടെ നടത്തപ്പെടുന്ന പരിപാടികളോടുള്ള അനാദരവും കൂടിയാണ്. ഭക്ഷ്യവസ്തുക്കളോ പാനീയങ്ങളോ അത്തരം സ്ഥലങ്ങളിൽ നിന്നു വാങ്ങാൻ ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ അതിനു വിരോധമില്ല. പക്ഷേ, ഇടവേളകളിൽ അതു ചെയ്യുന്നതായിരിക്കും ഉചിതം. ഭക്ഷണ ശാലകൾക്കു ചുറ്റുമുള്ള വലിയ ആൾക്കൂട്ടം ലോകക്കാരെ ആകർഷിക്കുകയും അവരിൽ ചിലർ ദുരുദ്ദേശ്യത്തോടെതന്നെ കൺവെൻഷൻ പ്രതിനിധികളോടു കൂടിക്കലരുകയും ചെയ്തേക്കാം എന്നതും മനസ്സിൽ പിടിക്കുന്നതു നല്ലതാണ്. അതുകൊണ്ട്, കൺവെൻഷൻ ദിവസങ്ങളിൽ ഓരോരുത്തരും ഭക്ഷണം കൊണ്ടുവരാനായി ശ്രമിക്കാൻ ഞങ്ങൾ അഭ്യർഥിക്കുകയാണ്. നിങ്ങളോടൊത്തു കൺവെൻഷനു വരുന്ന താത്പര്യക്കാരും ഭക്ഷണം കൊണ്ടുവരേണ്ടതാണ്. ചില്ലു പാത്രങ്ങളോ ലഹരിപാനീയങ്ങളോ കൺവെൻഷൻ സ്ഥലത്ത് അനുവദനീയമല്ല.
16 ഓരോ ദിനവും സെഷനുകൾ കഴിഞ്ഞ് കൺവെൻഷൻ സ്ഥലം ശുചിയാക്കാനായി സ്വമേധയാ സേവിക്കാൻ നിങ്ങൾക്കാകുമോ? അല്ലെങ്കിൽ കൺവെൻഷന്റെ മറ്റൊരു ഡിപ്പാർട്ടുമെന്റിൽ സേവിക്കാൻ നിങ്ങൾക്കു കഴിയുമോ? സഹായമേകാൻ നിങ്ങൾക്കാകുമെങ്കിൽ, ദയവായി കൺവെൻഷനിലെ സ്വമേധയാ സേവന ഡിപ്പാർട്ടുമെന്റിൽ ഹാജരാകുക. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു മാതാപിതാക്കളോടൊപ്പമോ ഉത്തരവാദിത്വപ്പെട്ട ഒരു മുതിർന്ന വ്യക്തിയോടൊപ്പമോ സേവിക്കാവുന്നതാണ്. തീർച്ചയായും, ചപ്പുചവറുകൾ പെറുക്കിക്കളഞ്ഞുകൊണ്ട് എല്ലാവർക്കും കൺവെൻഷൻ സ്ഥലം ശുചിയാക്കുന്നതിൽ സഹായിക്കാൻ കഴിയും.
17 കൺവെൻഷൻ സ്ഥലത്തെ ഉചിതമായ വസ്ത്രധാരണവും ചമയവും എന്താണെന്നതു സംബന്ധിച്ച് നമുക്ക് ഉത്തമ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധങ്ങളിൽ ഇതു സംബന്ധിച്ചുള്ള നിർദേശങ്ങൾ ലഭ്യമാണ്. കൂടാതെ നമ്മുടെ സാഹിത്യങ്ങളിൽ വിശദാംശങ്ങളും ചിത്രങ്ങളുമുണ്ട്. ഇതിനെക്കാളെല്ലാം പ്രധാനമായി, യഹോവ എന്താണ് പറഞ്ഞിരിക്കുന്നതെന്നു ബൈബിളിലുണ്ട്. (റോമ. 12:2; 1 തിമൊ. 2:9, 10) നാം ആരാണെന്നും എന്തിനാണ് നഗരത്തിൽ കൂടിവന്നിരിക്കുന്നതെന്നും ആളുകൾക്ക് അറിയാം. അങ്ങനെ, നമ്മുടെ വസ്ത്രധാരണവും ചമയവും നല്ല ഒരു സാക്ഷ്യമാണ്. ഈ മണ്ഡലത്തിൽ യഹോവയുടെ ജനത്തിൽ ബഹുഭൂരിപക്ഷവും നല്ല മാതൃക വെക്കുന്നു. എന്നിരുന്നാലും ചിലപ്പോഴൊക്കെ, കൺവെൻഷനു വരുന്നവരുടെ വസ്ത്രധാരണത്തിലും ചമയത്തിലും ലോകത്തിന്റെ ആത്മാവ് പ്രതിഫലിക്കുന്നതായി കാണാൻ കഴിയുന്നുണ്ട്. ശരീരഭാഗങ്ങൾ വെളിപ്പെടുത്തുന്ന ഏതു തരം വസ്ത്രധാരണവും ആത്മീയവ്യക്തിയെന്ന അവകാശവാദത്തെ ചോദ്യം ചെയ്യും. ഏറ്റവും ആകർഷകമായിരിക്കുന്നത് മാന്യതയും ശുദ്ധിയും വെടിപ്പുമുള്ള ആകാരമാണ്. അതുകൊണ്ട്, കുടുംബാംഗങ്ങൾ ധരിക്കാൻ ഉദ്ദേശിക്കുന്നതെന്താണെന്നു കുടുംബനാഥന്മാർ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നാം കൺവെൻഷൻ സ്ഥലത്ത് അല്ലാതിരിക്കുമ്പോഴും അതു ബാധകമായിരിക്കും. ഓരോ ദിവസത്തിലെയും സെഷനുകൾക്കു മുമ്പും പിമ്പും ലാപ്പൽ കാർഡുകൾ ധരിക്കുന്നത് യഹോവയോടും അവന്റെ ശുദ്ധജനത്തോടും ഒപ്പമാണ് നാമെന്നു കൂടുതലായി തിരിച്ചറിയിക്കുന്നു.—മർക്കൊസ് 8:38 താരതമ്യം ചെയ്യുക.
18 പിൻവരുന്ന പ്രകാരം പറയാൻ ജ്ഞാനിയായ ശലോമോൻ രാജാവ് നിശ്വസ്തനാക്കപ്പെട്ടു: “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പററിയിരിക്കുന്നു . . . തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.” (സദൃ. 22:15; 29:15) പരിപാടിയുടെ സമയത്ത് മേൽനോട്ടമില്ലാതെ വിട്ടിരിക്കുന്ന കുട്ടികൾ, പരിപാടിയിൽ നിന്നും പ്രയോജനം നേടുന്ന സഹോദരങ്ങൾക്കു ശല്യമായിരുന്നിട്ടുണ്ട്. കഴിഞ്ഞ വർഷം കൺവെൻഷൻ പരിപാടിയുടെ സമയത്ത്, ചില കുട്ടികൾ മേൽനോട്ടമില്ലാതെ ഓടിനടക്കുന്നതായി നിരീക്ഷിക്കപ്പെട്ടു. അതേസമയം ചില ചെറുപ്പക്കാർ ഓഡിറ്റോറിയത്തിനു വെളിയിലും കക്കൂസുകളുടെ പരിസരത്തും ചുറ്റിത്തിരിയുന്നതായും കണ്ടിട്ടുണ്ട്. ഈ ചെറുപ്പക്കാരും കുട്ടികളും തങ്ങളെ ഉദ്ദേശിച്ചു തയ്യാർ ചെയ്തിരുന്ന ആത്മീയ പരിപാടിയിൽ നിന്നു പ്രയോജനം നേടുകയായിരുന്നില്ല എന്നു വ്യക്തമാണ്. കുട്ടികളുടെ നടത്ത സംബന്ധിച്ച് മാതാപിതാക്കൾ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവരാകയാൽ, കുട്ടികൾ തങ്ങളോടൊപ്പം ഇരിപ്പിടത്തിൽ ഉണ്ടെങ്കിൽ മാത്രമേ അവർ യഹോവയുടെ നിർദേശങ്ങൾ ശ്രദ്ധിക്കുകയും അതനുസരിച്ചു പെരുമാറുകയും ചെയ്യുന്നുവെന്നു മാതാവിനോ പിതാവിനോ ഉറപ്പുവരുത്താനാകൂ. ശ്രദ്ധാശൈഥില്യം ഉണ്ടാക്കുന്നവരെ സേവകന്മാർ സമീപിച്ച് പരിപാടി ശ്രദ്ധിക്കാൻ ഓർമപ്പെടുത്തിക്കൊണ്ട്, ശല്യമുണ്ടാക്കാതിരിക്കാൻ അഭ്യർഥിക്കുന്നതായിരിക്കും.
19 നമ്മുടെ കൺവെൻഷനുകൾക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നതിനാൽ, കുട്ടികളുടെയും സ്വന്തം വസ്തുവകകളുടെയും കാര്യത്തിൽ മുൻകരുതലുകളെടുക്കുന്നതു ബുദ്ധിയായിരിക്കും. കുട്ടികൾ യഹോവയിൽ നിന്നുള്ള വിലയേറിയ ദാനമാണ്. എന്നാൽ ഈ ലോകം പ്രതിഫലിപ്പിക്കുന്നത് സാത്താന്റെ ഇരപിടിയൻ സ്വഭാവമാണ്. അതിനാൽ, നിങ്ങളുടെ കുട്ടികൾ എവിടെയാണെന്ന് എല്ലാ സമയത്തും ദയവായി അറിഞ്ഞിരിക്കുക. അതുപോലെതന്നെ ക്യാമറകൾ, പേഴ്സ് മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ എല്ലാ സമയത്തും നിങ്ങളുടെ കൈവശം തന്നെ സൂക്ഷിക്കണം, അവ നിങ്ങളുടെ ഇരിപ്പിടത്തിൽ വെച്ചിട്ടു പോകരുത്. വാഹനം പൂട്ടിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, നിങ്ങളുടെ വസ്തുവകകൾ ഡിക്കിയിൽ വെക്കുകയോ കൂടെ കൊണ്ടുപോകുകയോ ചെയ്യുക. അത് ആരെങ്കിലും വാഹനത്തിനുള്ളിൽ അതിക്രമിച്ചു കടക്കാനുള്ള സാധ്യത കുറയ്ക്കും.
20 ഹോട്ടൽ റിസർവേഷൻ സംബന്ധിച്ച് പ്രശ്നം ഉദിക്കുന്നെങ്കിൽ പ്രാദേശിക താമസസൗകര്യ ഡിപ്പാർട്ടുമെന്റിന് നിങ്ങളെ സഹായിക്കാൻ സന്തോഷമേ ഉള്ളൂ. ഏതൊരു പ്രശ്നവും കൺവെൻഷൻ സ്ഥലത്തു വെച്ചുതന്നെ താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ ദയവായി അറിയിക്കുക. നിങ്ങൾക്ക് തുടർന്നും കൺവെൻഷൻ ആസ്വദിക്കത്തക്കവണ്ണം പ്രശ്നപരിഹാരത്തിനു നിങ്ങളെ സഹായിക്കാൻ സഹോദരങ്ങൾക്കു സന്തോഷമായിരിക്കും. കൂടാതെ, താമസം സംബന്ധിച്ചു പിൻവരുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
▪ യഹോവയുടെ ജനത്തിൽ പലരും താമസിക്കുന്നത് ഹോട്ടലുകളിൽ ആയിരിക്കും എന്നതിനാൽ, റിസർവേഷൻ ചെയ്തപ്പോൾ പുകവലി നിരോധിച്ചിരിക്കുന്ന മുറികൾ വേണമെന്ന് അഭ്യർഥിച്ചെങ്കിലും എല്ലാവർക്കും അതു ലഭിച്ചെന്നു വരില്ല. കഴിഞ്ഞവർഷം ചില സഹോദരങ്ങൾ കൂടുതൽ സൗകര്യങ്ങൾക്കുവേണ്ടി ഹോട്ടൽ മാനേജുമെന്റുമായി ശണ്ഠ കൂടിയതായുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു.
▪ നിങ്ങൾ താമസിക്കുന്ന ഹോട്ടലിൽ മുറിയെടുക്കുന്ന സമയവും മുറിയൊഴിയേണ്ട സമയവും ശ്രദ്ധിക്കുക. മുന്നമേ അപേക്ഷിച്ചാൽ, നേരത്തെ മുറിയെടുക്കാനോ താമസിച്ച് മുറിയൊഴിയാനോ ഹോട്ടലുകാർ അനുവദിച്ചേക്കാം.
▪ പണം കൊണ്ടുനടക്കുന്നത് ഒട്ടും സുരക്ഷിതമല്ലാതായിത്തീരുകയാണ്. നിങ്ങളുടെ ഭക്ഷണ ചാർജുകളും മറ്റും ഹോട്ടൽ വിട്ടുപോരുമ്പോൾ മുറി വാടകയോടുചേർത്തു കൊടുക്കുന്നതായിരിക്കും നല്ലത്.
▪ ഹോട്ടലുകളിലെ ടെലിവിഷനിലും വീഡിയോയിലും മിക്കപ്പോഴും അനുചിതമായ പരിപാടികൾ വിശേഷവത്കരിക്കുന്ന ചാനലുകൾ ലഭ്യമാണ്. ആവശ്യപ്പെട്ടാൽ മിക്ക ഹോട്ടലുകളും നിങ്ങളുടെ മുറിയിലെ ചില ചാനലുകളോ ഫീച്ചറുകളോ നീക്കംചെയ്യും. വീട്ടിലെപോലെതന്നെ, ടെലിവിഷൻ ഉപയോഗിക്കുന്നതിൽ കുട്ടികളുടെമേൽ നിയന്ത്രണമുണ്ടായിരിക്കുക.
21 സഹോദരങ്ങൾ കൺവെൻഷൻ പരിപാടികളുടെ കുറിപ്പുകളെടുക്കുന്നതു കാണുന്നത് പ്രോത്സാഹജനകമാണ്. ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പ്രധാന ആശയങ്ങൾ ഓർമയിൽ കൊണ്ടുവരുന്നതിനും ഹ്രസ്വമായ കുറിപ്പുകൾ സഹായിക്കും. പിന്നീട്, കുടുംബത്തോടോ സുഹൃത്തുക്കളോടൊ ഒത്ത് കുറിപ്പുകൾ പുനരവലോകനം ചെയ്യുന്നത് അവയെക്കുറിച്ചു ധ്യാനിക്കുന്നതിനും അങ്ങനെ കൺവെൻഷന്റെ പ്രധാന ആശയങ്ങൾ മറന്നുപോകാതിരിക്കുന്നതിനും നിങ്ങളെ സഹായിക്കും.
22 ദിവ്യാധിപത്യ പ്രവർത്തനങ്ങൾക്കു സംഭാവന നൽകുന്നതിൽ യഹോവയുടെ ജനം എല്ലായ്പോഴും ഉദാരമതികൾ ആയിരുന്നിട്ടുണ്ട്. (പുറ. 36:5-7; 2 ദിന. 31:10; റോമ. 15:26, 27) കൺവെൻഷനുകൾ നടത്തപ്പെടുന്ന വലിയ സൗകര്യങ്ങളോടു ബന്ധപ്പെട്ട ചെലവുകൾ നിർവഹിക്കാനാണ് ലോകവ്യാപക വേലയ്ക്കായുള്ള നിങ്ങളുടെ സ്വമേധയാ സംഭാവനകൾ ഉപയോഗിക്കുന്നത്. നിങ്ങളുടെ സംഭാവനകൾ ചെക്കായിട്ടാണ് അയയ്ക്കുന്നതെങ്കിൽ, “വാച്ച്ടവർ സൊസൈറ്റി”യുടെ പേരിൽ അയയ്ക്കുക. കൂടാതെ, പ്രസ്തുത സംഭാവന സൊസൈറ്റിയുടെ കോർപസിലേക്കുള്ളതാണെന്ന ഒരു എഴുത്തും അതിനോടൊപ്പം വെക്കുക.
23 ആമോസ് 3:7 പറയുന്ന പ്രകാരം “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന”വൻ എന്ന നിലയിൽ കൃത്യമായും പൂർണമായും നിവൃത്തിയേറിയ നൂറുകണക്കിനു പ്രവചനങ്ങൾ യഹോവ ബൈബിളിൽ രേഖപ്പെടുത്തിച്ചിരിക്കുന്നു. (ദാനീ. 2:28, 47) മഹത്തായ വാഗ്ദാനങ്ങൾ നിവൃത്തിയേറാനിരിക്കുന്നതേ ഉള്ളൂ. 1999-2000-ത്തിലെ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കും. നിങ്ങൾക്കായുള്ള യഹോവയുടെ വാക്കുകൾ ശ്രദ്ധിക്കുക. നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു ബാധകമാക്കുക—ശുശ്രൂഷയിലും സഭയിലും സ്വന്തം ജീവിതത്തിലും. ഈ വിഭവ സമൃദ്ധമായ ആത്മീയ സദ്യക്ക് ഓരോ ദിവസവും സന്നിഹിതരാകാനുള്ള നിങ്ങളുടെ ക്രമീകരണങ്ങളുടെമേൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിനായി ഞങ്ങൾ പ്രാർഥിക്കുന്നു!
[3-ാം പേജിലെ ആകർഷകവാക്യം]
വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും മുഴുപരിപാടിയിലും ഹാജരാകാൻ ആസൂത്രണം ചെയ്യുക!