പ്രതികരിക്കുന്നത് ഒരു മെഷീനാണെങ്കിലോ?
വീടുകളിൽ കണ്ടെത്താൻ കഴിയാത്ത ആളുകളുമായോ നമുക്ക് കടന്നുചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിലുള്ള ആളുകളുമായോ സുവാർത്ത പങ്കുവെക്കാൻ സഹായിക്കുന്ന ഫലപ്രദമായ ഒരു ഉപകരണമാണ് ടെലിഫോൺ. എന്നിരുന്നാലും, ചില വീടുകളിൽ, ആരുമില്ലാത്തപ്പോൾ ഫോൺ വിളിക്ക് മറുപടി പറയുന്നതിനായി ഒരു മെഷീൻ (answering machine) ഉപയോഗിക്കുന്നു. ഈ രീതി ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? സംഭാഷണം നിറുത്തിക്കളയരുത്. പകരം, നന്നായി എഴുതി തയ്യാറാക്കിയ ഒരു അവതരണം ടെലിഫോണിലൂടെ വായിച്ചുകേൾപ്പിക്കുക. ഹൃദ്യമായി സംഭാഷണ ചാതുര്യത്തോടെ അതു ചെയ്യാൻ പരിശീലിക്കുക. നിങ്ങൾക്ക് എന്തു പറയാൻ കഴിയും?
രാജ്യഹാളിലെ അടുത്ത പരസ്യയോഗത്തിന് സംബന്ധിക്കാനുള്ള ഒരു ഊഷ്മളമായ ക്ഷണം നിങ്ങൾക്കു വെച്ചുനീട്ടാവുന്നതാണ്. നിങ്ങൾക്ക് ഇങ്ങനെ പറയാം: “താങ്കളെ വീട്ടിൽവന്നു കാണാൻ കഴിയാത്തതിൽ എനിക്ക് ഖേദമുണ്ട്. ഒരു ബൈബിൾ അധിഷ്ഠിത ചർച്ച കേൾക്കാൻ താത്പര്യപ്പെടുന്നെങ്കിൽ [പരസ്യപ്രസംഗത്തിന്റെ വിഷയം പറയുക] ദയവായി യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ സന്ദർശിക്കാൻ താങ്കളെ ക്ഷണിക്കുന്നു. എല്ലാവർക്കും സ്വാഗതം ഉണ്ടായിരിക്കും. മാത്രമല്ല, യാതൊരുവിധ പണപ്പിരിവുകളും അവിടെ ഉണ്ടായിരിക്കുന്നതല്ല.” പിന്നീട് യോഗസ്ഥലവും സമയവും അതുപോലെ രാജ്യഹാളിന്റെ വിലാസം അല്ലെങ്കിൽ രാജ്യഹാൾ എവിടെയാണെന്നുള്ളതും വ്യക്തമായി വിശദീകരിക്കുക.
യോഗത്തിനു വരുന്ന പുതിയവരിൽ പ്രത്യേക താത്പര്യം പ്രകടമാക്കുക. അവർക്കു നിങ്ങളെ പരിചയപ്പെടുത്തുക. തങ്ങൾക്ക് നല്ല സ്വീകരണം ലഭിച്ചു എന്ന് അവർക്കു തോന്നത്തക്കവിധം ഇടപെടുക. ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്യാൻ മറക്കരുത്!