യോജിപ്പോടെ ഏകീഭവിക്കുവിൻ
1 മനുഷ്യശരീരത്തിന്റെ അതിവിദഗ്ധ രൂപസംവിധാനം നിങ്ങളെ എത്ര കൂടെക്കൂടെ വിസ്മയഭരിതരാക്കിയിട്ടുണ്ട്? (സങ്കീ. 139:14) ശരീരത്തിലെ ഓരോ അവയവവും പരസ്പര യോജിപ്പിലാണു പ്രവർത്തിക്കുന്നത്. ദൈവവചനം ക്രിസ്തീയ സഭയെ നല്ല യോജിപ്പിൽ പ്രവർത്തിക്കുന്ന ഒരു ശരീരത്തോട് ഉപമിക്കുന്നു. ക്രിസ്തുവാകുന്ന ശിരസ്സിനു കീഴെ സഭയിലെ മുഴുവൻ അംഗങ്ങളും ‘സന്ധിബന്ധങ്ങളാൽ അതതിന്റെ ജോലി നിർവ്വഹിക്കത്തക്കവിധം [“യോജിപ്പോടെ ഏകീഭവിക്കുന്നു,” NW] സമന്വയിക്കപ്പെടുന്നു.’ (എഫെ. 4:16, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്, അത്ഭുതകരമായ കാര്യങ്ങൾ നിർവഹിക്കാൻ തന്റെ ഏകീകൃത ജനത്തെ ഉപയോഗിക്കാൻ യഹോവയ്ക്കു സാധിക്കുന്നു.
2 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭയിലെ അംഗങ്ങൾ, പരസ്പരമുള്ള ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി കരുതുന്നതിൽ “ഒരുമനപ്പെട്ടു” പ്രവർത്തിച്ചു. (പ്രവൃ. 2:44-47) യഹോവയുടെ സഹായത്തോടെ അവർ കടുത്ത എതിർപ്പിനെ നേരിടുകയും വിജയം വരിക്കുകയും ചെയ്തു. (പ്രവൃ. 4:24-31) പോയ സ്ഥലങ്ങളിലെല്ലാം അവർ രാജ്യ സന്ദേശം പ്രഖ്യാപിച്ചു. അങ്ങനെ ലോകത്ത് അക്കാലത്ത് അറിയപ്പെട്ടിരുന്ന ഭാഗങ്ങളിലെല്ലാം സുവാർത്ത എത്തി. (കൊലൊ. 1:23) ഈ ആധുനിക നാളുകളിൽ, ക്രിസ്തീയ സഭ ഐക്യത്തോടെ ഇതേ കാര്യങ്ങൾതന്നെ വലിയ തോതിൽ നിർവഹിച്ചിരിക്കുന്നു. ഈ ഐക്യത്തിനു നിദാനമായ ഘടകങ്ങൾ എന്തെല്ലാമാണ്?
3 ദിവ്യ പഠിപ്പിക്കലിനാൽ ഏകീകരിക്കപ്പെടുന്നു: നമ്മുടെ ആരാധന ആഗോളമായ ഐക്യം നമുക്കു കൈവരുത്തിയിരിക്കുന്നു. അത് എങ്ങനെയാണു സാധ്യമായിരിക്കുന്നത്? ‘തൽസമയത്ത് ആത്മീയ ഭക്ഷണം’ പ്രദാനം ചെയ്യാൻ യഹോവ ഉപയോഗിക്കുന്ന ദൃശ്യ സരണിയെ നാം അംഗീകരിക്കുന്നു. (മത്താ. 24:45) സഭയിൽ ഉപദേഷ്ടാക്കൾ എന്ന നിലയിൽ അവൻ നമുക്കു നൽകിയിരിക്കുന്ന “മനുഷ്യരാം ദാനങ്ങ”ളെയും നാം വിലമതിക്കുന്നു. നമ്മെ ആത്മീയമായി പോഷിപ്പിക്കാനുള്ള യഹോവയുടെ കരുതലുകൾ താഴ്മയോടെ സ്വീകരിക്കുമ്പോൾ, ദൈവവചനം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വർധിക്കുകയും യേശുവിനെ അവന്റെ ശിഷ്യന്മാരെന്ന നിലയിൽ അനുകരിക്കാനുള്ള പൊതുവായ ഒരു ആഗ്രഹം നമ്മിൽ ഉളവാകുകയും ചെയ്യുന്നു. ‘വിശ്വാസത്തിലുള്ള ഐക്യത പ്രാപിക്കാൻ’ ശ്രമിച്ചുകൊണ്ടു നാം ദൈവവചനം തീക്ഷ്ണതയോടെ പഠിക്കുന്നതിൽ തുടരണം. (എഫെ. 4:8, 11-13) ദൈനംദിനം ബൈബിൾ വായിച്ചുകൊണ്ട് നമ്മുടെ ആത്മീയ ഐക്യത്തെ നിങ്ങൾ ഉന്നമിപ്പിക്കുന്നുണ്ടോ?
4 ക്രിസ്തീയ സഹവാസത്താൽ ഏകീകരിക്കപ്പെടുന്നു: സ്നേഹം നമ്മെ ക്രിസ്തീയ യോഗങ്ങളിലെ ഉറ്റ സഹവാസത്തിൽ ഏകീഭവിപ്പിക്കുന്നു. ഈ യോഗങ്ങളിൽ നാം “അന്യോന്യം പരിഗണി”ക്കുന്നു. (എബ്രാ. 10:24, 25, NW) നമ്മുടെ സഹോദരങ്ങളെ കേവലം പുറമേ വീക്ഷിക്കുന്നതിനു പകരം, അവരെ യഥാർഥത്തിൽ അറിയുന്നതും യഹോവ വീക്ഷിക്കുന്നതുപോലെ അവരെ “അമൂല്യനിധികൾ” ആയി കാണുന്നതും ഇതിൽ ഉൾപ്പെടുന്നു. (ഹഗ്ഗാ. 2:7, പി.ഒ.സി. ബൈ.) അവരുടെ വിശ്വാസത്തിന്റെ പ്രകടനങ്ങൾ ശ്രദ്ധിക്കുമ്പോൾ അവരോടുള്ള നമ്മുടെ സ്നേഹം ആഴമുള്ളതാകുകയും നമ്മുടെ ഐക്യം ശക്തിപ്പെടുകയും ചെയ്യുന്നു. സഭാ യോഗങ്ങളിൽ പതിവായി സംബന്ധിക്കുന്ന ഒരാളാണു നിങ്ങളെന്ന് മറ്റുള്ളവർക്കു കാണാൻ കഴിയുന്നുണ്ടോ?
5 വയലിലെ കൂട്ടുവേലക്കാർ: സഹവിശ്വാസികളോടൊത്തു സുവാർത്ത പ്രസംഗിക്കുന്നതു ദൈവേഷ്ടം ചെയ്യുന്നതിൽ നമ്മെ ഏകീകരിക്കുന്നു. തന്നോടൊപ്പം ‘ദൈവരാജ്യത്തിനു കൂട്ടുവേലക്കാർ’ ആയവരെ പൗലൊസ് വിലമതിക്കുകയുണ്ടായി. (കൊലൊ. 4:11) ശുശ്രൂഷയിൽ ആയിരിക്കെ അനുഭവങ്ങൾ പങ്കുവെക്കുന്നതും പരസ്പരം സഹായിക്കുന്നതും നമ്മുടെ ക്രിസ്തീയ ദൗത്യം നിർവഹിക്കാൻ നമ്മെ സഹായിക്കുകയും ഐക്യത്തിന്റെ ബന്ധത്തെ ശക്തമാക്കുകയും ചെയ്യുന്നു.—കൊലൊ. 3:14.
6 ഏകീകരിക്കാനുള്ള പരിശുദ്ധാത്മാവിന്റെ ശക്തി: നാം യഹോവയുടെ ഹിതം തീക്ഷ്ണതയോടെ നിറവേറ്റുമ്പോൾ തന്റെ പരിശുദ്ധാത്മാവിനെ നൽകി അവൻ നമ്മെ അനുഗ്രഹിക്കും. അതു നമുക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും ഐക്യത്തിൽ ഒത്തൊരുമിച്ചു വസിക്കാനും നമ്മെ സഹായിക്കുന്നു. (സങ്കീ. 133:1) “ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ” അതു നമ്മെ പ്രേരിപ്പിക്കുന്നു. (എഫെ. 4:3) പരസ്പരമുള്ള ഇടപെടലുകളിൽ ആത്മാവിന്റെ ഫലങ്ങൾ പ്രകടമാക്കിക്കൊണ്ടു ദൈവജനത്തിനിടയിലുള്ള ഐക്യത്തെ ഉന്നമിപ്പിക്കാൻ നമ്മിൽ ഓരോരുത്തർക്കും സാധിക്കും.—ഗലാ. 5:22, 23.
7 ക്രിസ്തുവിന്റെ നേതൃത്വത്തിൻ കീഴിൽ ഐക്യത്തോടെ സേവിക്കുമ്പോൾ ‘ശരീരം മുഴുവനും സ്നേഹത്തിൽ വളർച്ച പ്രാപിക്കുന്നു.’ (എഫെ. 4:16) കൂടാതെ, “സമാധാനത്തിന്റെ ദൈവ”മായ യഹോവയെ അതു മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു.—റോമ. 16:20.