അർഹതയുള്ളവരെ അന്വേഷിക്കുവിൻ
1. ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള പദവിയെ വിലമതിക്കുന്നുവെന്ന് നമുക്കെങ്ങനെ കാണിക്കാം?
1 തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് എളിയവരുമായി ആശ്വാസദായകമായ സദ്വാർത്ത പങ്കുവെക്കാൻ യേശു കഠിനമായി യത്നിച്ചു. (യെശ. 61:1, 2) ക്രിസ്തുവിനുവേണ്ടിയുള്ള സ്ഥാനപതികളും വക്താക്കളും എന്ന നിലയിൽ, നമ്മുടെ പ്രദേശത്തുള്ള അർഹരായവർക്കായി അക്ഷീണവും സമഗ്രവുമായ അന്വേഷണം നടത്തിക്കൊണ്ട് അവനെ അനുകരിക്കുന്നതിനുള്ള വിശിഷ്ടമായ പദവി ഇന്നു നമുക്കുണ്ട്.—മത്താ. 10:11; 2 കൊരി. 5:20.
2. പൗലോസ് വഴക്കം പ്രകടമാക്കിയതെങ്ങനെ, അതിന്റെ ഫലമെന്തായിരുന്നു?
2 വഴക്കമുള്ളവരായിരിക്കുക: ഒരു പ്രദേശത്തു ചെന്നാൽ ആദ്യംതന്നെ അവിടത്തെ സിനഗോഗിൽ ചെന്ന് യഹൂദന്മാരോടും മതപരിവർത്തിതരോടും പ്രസംഗിക്കുന്ന രീതിയായിരുന്നു പൗലോസ് അപ്പൊസ്തലന്റേത്. (പ്രവൃ. 14:1) എന്നാൽ ഫിലിപ്പിയിൽ ചെന്നപ്പോൾ, ആളുകളെ കണ്ടെത്താനായി അവനും ശീലാസും, ‘പ്രാർഥനാസ്ഥലം ഉണ്ടായിരിക്കും’ എന്ന് അവർ വിചാരിച്ച ഒരിടത്തേക്കു പോയി. അവിടെയുണ്ടായിരുന്ന ഒരു സംഘം സ്ത്രീകളോട് അവർ സാക്ഷീകരിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന ലുദിയ പെട്ടെന്നുതന്നെ സത്യം സ്വീകരിക്കുകയും ചെയ്തു.—പ്രവൃ. 16:12-15.
3. വീടുതോറുമുള്ള വേലയ്ക്കു പുറമേ സേവനത്തിനുള്ള മറ്റെന്ത് അവസരങ്ങൾ നമുക്കുണ്ട്?
3 വീടുതോറുമുള്ള വേലയ്ക്കു പുറമേ, നിങ്ങളുടെ പ്രദേശത്തുള്ള ബസ് സ്റ്റാൻഡ്, പാർക്ക്, ഓഫീസുകൾ, തിരക്കുള്ള കവലകൾ, ചന്തകൾ, കടകൾ എന്നിവിടങ്ങളിലും സാക്ഷീകരിക്കാൻ നിങ്ങൾക്കാകുമോ? അന്യർക്കു പ്രവേശനം നിരോധിച്ചിരിക്കുന്ന കനത്ത സുരക്ഷാ സംവിധാനമുള്ള അപ്പാർട്ടുമെന്റുകളിലും മറ്റും കത്തു മുഖേനയോ ഫോണിലൂടെയോ നിങ്ങൾക്കു സാക്ഷീകരിക്കാനായേക്കും. എന്നാൽ സാക്ഷീകരണത്തിന്റെ വിവിധ വശങ്ങളിൽ ഏർപ്പെടുമ്പോൾ ജാഗ്രതയും വിവേകവും ഉള്ളവരായിരിക്കേണ്ടത് അതിപ്രധാനമാണ്. പ്രദേശത്തെ മാറിവരുന്ന സാഹചര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ പൊരുത്തപ്പെടുത്തൽ വരുത്തുന്നെങ്കിൽ “കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായി”രിക്കാൻ നിങ്ങൾക്കാകും.—1 കൊരി. 15:58.
4. സഭയ്ക്കു പ്രവർത്തിക്കാൻ ആവശ്യത്തിനു പ്രദേശമില്ലെങ്കിൽ നമുക്കെന്തു ചെയ്യാം?
4 മറ്റൊരു സഭയിലേക്കു മാറിക്കൊണ്ട് ശുശ്രൂഷ വികസിപ്പിക്കാൻ പല പ്രസാധകർക്കും സാധിച്ചിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തു വന്നുപാർക്കുന്ന മറ്റു ഭാഷക്കാരോടു പ്രസംഗിക്കാൻ ചിലർ ഒരു പുതിയ ഭാഷപോലും പഠിച്ചിരിക്കുന്നു.
5. നാം ജീവിക്കുന്ന ഈ കാലത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തായിരിക്കണം, എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കണം?
5 ഈ “ലോകം” മുഴുവൻ നമുക്കു പ്രവർത്തിക്കാനുള്ള ‘വയലാണെന്ന’ കാര്യം നാം മനസ്സിൽപ്പിടിക്കണം. (മത്താ. 9:37; 13:38) ഈ ദുഷ്ട വ്യവസ്ഥിതിയുടെ നാശം ആസന്നമായിരിക്കെ, നാമോരോരുത്തരും നമ്മുടെ സാഹചര്യവും കഴിവുകളും അവസരങ്ങളും ശുശ്രൂഷ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും ഗൗരവപൂർവം വിലയിരുത്തണം. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നപക്ഷം, ശുശ്രൂഷ വികസിപ്പിക്കാനുള്ള നമ്മുടെ ആത്മാർഥ ശ്രമങ്ങളെ താൻ അനുഗ്രഹിക്കുമെന്ന് യഹോവ നമുക്ക് ഉറപ്പുനൽകുന്നു.—മത്താ. 6:33.