അനൗപചാരിക സാക്ഷീകരണത്തിന് നിങ്ങൾ സജ്ജരാണോ?
1. അനൗപചാരിക സാക്ഷീകരണം ഫലകരമാണെന്ന് ഏത് ഉദാഹരണം കാണിക്കുന്നു?
1 അനൗപചാരിക സാക്ഷീകരണം ഫലകരമാക്കാൻ നമുക്കു കഴിയും. ഈ വിധത്തിലുള്ള സാക്ഷീകരണത്തിന് നല്ല ഫലങ്ങൾ ലഭിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ ബൈബിളിൽ കാണാം. (യോഹ. 4:7-15) അനൗപചാരിക സാക്ഷീകരണത്തിനായി നമുക്ക് എങ്ങനെ സജ്ജരാകാനാകും?
2. നമ്മുടെ വസ്ത്രധാരണവും ചമയവും സാക്ഷീകരണത്തിന് അവസരം നൽകിയേക്കാവുന്നത് എങ്ങനെ?
2 വസ്ത്രധാരണവും ചമയവും: നമ്മുടെ വസ്ത്രധാരണവും ചമയവും എല്ലായ്പോഴും മാന്യമാണെങ്കിൽ മറ്റുള്ളവരോട് നമ്മുടെ വിശ്വാസത്തെക്കുറിച്ച് നമുക്ക് മടികൂടാതെ സംസാരിക്കാനാകും. (1 തിമൊ. 2:9, 10) എന്നാൽ നമ്മുടെ വസ്ത്രധാരണം ഉചിതമല്ലെന്നു നമുക്കു തോന്നുന്നെങ്കിലോ? സാക്ഷ്യം നൽകാൻ നമ്മൾ മടിച്ചേക്കാം. നേരെമറിച്ച്, വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണം മറ്റുള്ളവരുടെ താത്പര്യം ഉണർത്തിയേക്കാം. ഉദാഹരണത്തിന്, ഒരു സാക്ഷിദമ്പതികൾ ഒരിക്കൽ യാത്രചെയ്യുകയായിരുന്നു. അവരുടെ നല്ല വസ്ത്രധാരണരീതി ശ്രദ്ധിച്ച ഇസ്ലാംമത വിശ്വാസിയായ ഒരു സഹയാത്രികൻ അവർ ക്രിസ്ത്യാനികളാണോ എന്നു ചോദിച്ചു. ഫലമെന്തായിരുന്നു? മൂന്നു മണിക്കൂർ നീണ്ട ഒരു ബൈബിൾ ചർച്ച!
3. യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് നിങ്ങൾ എങ്ങനെയാണ് സംഭാഷണം തുടങ്ങിയിട്ടുള്ളത്?
3 സംഭാഷണം തുടങ്ങാൻ: യാക്കോബിന്റെ ഉറവിനരികെ കണ്ടുമുട്ടിയ ശമര്യസ്ത്രീയോട് വെള്ളം ചോദിച്ചുകൊണ്ടാണ് യേശു ഒരു സംഭാഷണം ആരംഭിച്ചത്. സമാനമായി, ലളിതമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടോ എന്തിനെക്കുറിച്ചെങ്കിലും ഒരു അഭിപ്രായം പറഞ്ഞുകൊണ്ടോ നമുക്കും സംഭാഷണം തുടങ്ങാൻ കഴിയും. മറ്റുള്ളവരുമായി സംഭാഷണം തുടങ്ങുക എന്നത് നമുക്ക് എപ്പോഴും അത്ര എളുപ്പമല്ലായിരിക്കാം. എന്നാൽ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ അതിനുള്ള ‘ധൈര്യം’ നമുക്കു ലഭിക്കും. അവരുടെ മറുപടി ശ്രദ്ധിച്ചു കേൾക്കുന്നെങ്കിൽ, അവർക്ക് താത്പര്യമുണ്ടോയെന്നും സംഭാഷണം തുടരേണ്ടതുണ്ടോയെന്നും നമുക്ക് മനസ്സിലാകും.—1 തെസ്സ. 2:2.
4. അനൗപചാരിക സാക്ഷീകരണത്തിന് നമുക്ക് എങ്ങനെ സജ്ജരാകാം?
4 അവസരങ്ങൾ സൃഷ്ടിക്കുക: അനൗപചാരികമായി സാക്ഷീകരിക്കാനുള്ള മാർഗങ്ങൾ പല പ്രസാധകരും കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ദിവസവും നിങ്ങൾ കണ്ടുമുട്ടാൻ സാധ്യതയുള്ള ആളുകളെക്കുറിച്ച് ഓർത്തുനോക്കുക. ഒരു ചെറിയ ബൈബിളും അനുയോജ്യമായ പ്രസിദ്ധീകരണങ്ങളും കൂടെക്കരുതുക. ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുക, അവരിൽ താത്പര്യമെടുക്കുക. ലഭ്യമായേക്കാവുന്ന അവസരങ്ങളെക്കുറിച്ച് മുന്നമേ ചിന്തിക്കുന്നെങ്കിൽ, സാക്ഷ്യം നൽകാൻ എപ്പോഴും നിങ്ങൾ സജ്ജരായിരിക്കും.—ഫിലി. 1:12-14; 1 പത്രോ. 3:15.
5. അനൗപചാരിക സാക്ഷീകരണത്തിനായി നാം എപ്പോഴും ഒരുങ്ങിയിരിക്കേണ്ടത് എന്തുകൊണ്ട്?
5 അനൗപചാരിക സാക്ഷീകരണത്തിനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നമുക്ക് രണ്ടു നല്ല കാരണങ്ങളുണ്ട്—ദൈവത്തോടുള്ള സ്നേഹവും അയൽക്കാരോടുള്ള സ്നേഹവും. (മത്താ. 22:37-39) പ്രസംഗവേല ഇപ്പോൾ അടിയന്തിരമായിരിക്കുന്നതിനാൽ, അനൗപചാരിക സാക്ഷീകരണത്തിനായി നാം എപ്പോഴും ഒരുങ്ങിയിരിക്കേണ്ടതാണ്. ശേഷിച്ചിരിക്കുന്ന ഈ സമയത്ത് മറ്റുള്ളവരോട് രാജ്യസുവാർത്ത പറയാനുള്ള എല്ലാ അവസരവും പ്രയോജനപ്പെടുത്താൻ നാം സജ്ജരായിരിക്കണം.—റോമ. 10:13, 14; 2 തിമൊ. 4:2.