നിങ്ങളുടെ സമയം ശുശ്രൂഷയിൽ പൂർണമായി പ്രയോജനപ്പെടുത്തുക
യഹോവയുടെ സാക്ഷികൾ 2014 സേവനവർഷത്തിൽ 194,54,87,604 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു. യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായി തുടരാനുള്ള നമ്മുടെ ഉറച്ചബോധ്യത്തിന്റെ വ്യക്തമായ തെളിവാണ് അത്. (സങ്കീ. 110:3; 1 കൊരി. 15:58) “സമയം ചുരുങ്ങിയിരിക്കുന്ന”തിനാൽ ശുശ്രൂഷയിലെ നമ്മുടെ വിലയേറിയ അവസരങ്ങൾ കൂടുതൽ ആളുകളെ കണ്ടെത്താനായി ഉപയോഗിക്കാനാകുമോ?—1 കൊരി. 7:29.
സമയം ഏറ്റവും മെച്ചമായി ചെലവഴിക്കുന്നതിന് ചില മാറ്റങ്ങൾ വേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, ശുശ്രൂഷയുടെ ഒരു പ്രത്യേകവശത്ത് നിങ്ങൾ സാധാരണയായി ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിച്ചിട്ടും ആരോടും സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ കൂടുതൽ ആളുകളെ കണ്ടെത്താനും സംസാരിക്കാനുമായി മറ്റൊരു രീതി പരീക്ഷിച്ചുനോക്കരുതോ? സാഹചര്യം എല്ലായിടത്തും ഒരുപോലെയായിരിക്കണമെന്നില്ല. എന്നിരുന്നാലും, താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നെങ്കിൽ സമയം നല്ല രീതിയിൽ ഉപയോഗിക്കാനും നമ്മുടെ പ്രയത്നം “വായുവിൽ കുത്തുന്നതു”പോലെ ആകാതിരിക്കാനും സഹായിക്കും.—1 കൊരി. 9:26.
വീടുതോറുമുള്ള സാക്ഷീകരണം: വീടുതോറും സാക്ഷീകരിച്ചുകൊണ്ട് ശുശ്രൂഷ തുടങ്ങുന്നതാണ് കാലങ്ങളായി നമ്മുടെ പതിവ്. എന്നാൽ, പലരെയും പകൽ സമയത്ത് വീട്ടിൽ കാണാനാകാത്തതുകൊണ്ട് കൂടുതൽ ആളുകളെ വീട്ടിൽ കാണാനാകുന്ന വൈകുന്നേരമോ സന്ധ്യയ്ക്കോ വീടുതോറുമുള്ള ശുശ്രൂഷ ചെയ്തുകൂടേ? പകൽസമയത്ത് തെരുവുസാക്ഷീകരണമോ കടകൾ തോറുമുള്ള സാക്ഷീകരണമോ ആയിരിക്കും നല്ല ഫലങ്ങൾ തരുന്നത്.
പരസ്യസാക്ഷീകരണം: സഭയുടെ പ്രദേശത്ത് കാൽനടയാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങളിൽ മേശയും കൊണ്ടുനടക്കാവുന്ന പ്രദർശനോപാധികളും ഉപയോഗിച്ചുകൊണ്ട് സാക്ഷീകരണം നടത്താനുള്ള ക്രമീകരണം ചെയ്യുക. (2014 ജൂൺ ലക്കം നമ്മുടെ രാജ്യശുശ്രൂഷയുടെ പേജ് 3 കാണുക.) പരസ്യസാക്ഷീകരണത്തിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലത്ത് കാൽനടയാത്രക്കാർ കുറയുന്നെങ്കിൽ കൂടുതൽ കാൽനടയാത്രക്കാരുള്ള സ്ഥലത്തേക്ക് പ്രദർശനോപാധികൾ മാറ്റണമോ എന്ന കാര്യം സഭാ സേവനക്കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണ്.
മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും: വീടുതോറുമുള്ള വേലയോ ശുശ്രൂഷയുടെ മറ്റു വശങ്ങളോ ഫലകരമല്ലാത്ത സമയങ്ങളിൽ അന്നത്തെ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്താനാകുമോ? ഉദാഹരണത്തിന്, ശനിയാഴ്ച രാവിലെയാണ് വീടുതോറുമുള്ള ശുശ്രൂഷ കൂടുതൽ പ്രയോജനം ചെയ്യുന്നതെങ്കിൽ ആ സമയത്തു നടത്തേണ്ട ബൈബിളധ്യയനങ്ങൾ അന്നേ ദിവസം ഉച്ചതിരിഞ്ഞോ വൈകുന്നേരമോ ആക്കിക്കൂടേ?
ശുശ്രൂഷയിൽ ഏർപ്പെടുന്ന സമയമെല്ലാം നമുക്ക് റിപ്പോർട്ട് ചെയ്യാമെങ്കിലും അത് ഫലകരമായി ചെലവഴിക്കുമ്പോഴാണ് നമ്മുടെ സന്തോഷം വർധിക്കുക. ശുശ്രൂഷയുടെ ഒരു പ്രത്യേകവശം ഉദ്ദേശിക്കുന്ന ഫലം നൽകുന്നില്ലെങ്കിൽ ആ സമയത്ത് മറ്റൊന്നു പരീക്ഷിച്ചുനോക്കിക്കൂടേ? ശുശ്രൂഷയിൽ നമ്മുടെ സമയം ഏറ്റവും മെച്ചമായി ഉപയോഗിക്കാനുള്ള നിർദേശത്തിനായി “കൊയ്ത്തിന്റെ യജമാന”നായ യഹോവയോടു പ്രാർഥിക്കുക.—മത്താ. 9:38.