ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2024 Watch Tower Bible and Tract Society of Pennsylvania
മാർച്ച് 3-9
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 3
യഹോവയിൽ ആശ്രയിക്കുന്നെന്നു തെളിയിക്കുക
സുഭാഷിതങ്ങൾ 3:5, 6—‘സ്വന്തം ബുദ്ധിയെ ആശ്രയിക്കരുത്’
“പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക.” ദൈവത്തിന് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്നെന്നു കാണിക്കുകയാണ്. അതെ, പൂർണഹൃദയത്തോടെയാണ് നമ്മൾ ദൈവത്തിൽ ആശ്രയിക്കേണ്ടത്. ബൈബിളിൽ സാധാരണയായി “ഹൃദയം” എന്ന പദം ഒരു വ്യക്തിയുടെ ആന്തരികവ്യക്തിത്വത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. അതിൽ ആ വ്യക്തിയുടെ വികാരങ്ങൾ, ചിന്തകൾ, മനോഭാവം, ലക്ഷ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. പൂർണഹൃദയത്തോടെ ദൈവത്തിൽ ആശ്രയിക്കുക എന്നാൽ വെറുമൊരു വികാരം മാത്രമല്ല. പകരം നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് അറിയാവുന്നതു നമ്മുടെ സ്രഷ്ടാവിനാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് നമ്മൾ എടുക്കുന്ന ഒരു തീരുമാനമാണ് അത്.—റോമർ 12:1.
“സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്.” നമ്മുടെ ചിന്താപ്രാപ്തികൾക്കു പരിമിതികളുള്ളതുകൊണ്ട് നമുക്ക് അതിനെ ആശ്രയിക്കാനാകില്ല. അതുകൊണ്ട് നമ്മൾ ദൈവത്തിൽ ആശ്രയിക്കണം. നമ്മൾ നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും അനുസരിച്ചാണ് തീരുമാനമെടുക്കുന്നതെങ്കിൽ ആദ്യം അതു വിജയിക്കുമെന്നു തോന്നുമെങ്കിലും ചെന്നെത്തുന്നതു പരാജയത്തിലായിരിക്കും. (സുഭാഷിതങ്ങൾ 14:12; യിരെമ്യ 17:9) ദൈവത്തിന്റെ ജ്ഞാനം നമ്മുടേതിനെക്കാൾ വളരെ ഉയർന്നതാണ്. (യശയ്യ 55:8, 9) ദൈവത്തിന്റെ ചിന്തകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്കു ജീവിതത്തിൽ വിജയിക്കാനാകും.—സങ്കീർത്തനം 1:1-3; സുഭാഷിതങ്ങൾ 2:6-9; 16:20.
സുഭാഷിതങ്ങൾ 3:5, 6—‘സ്വന്തം ബുദ്ധിയെ ആശ്രയിക്കരുത്’
“എന്തു ചെയ്യുമ്പോഴും ദൈവത്തെ ഓർത്തുകൊള്ളുക.” ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലും നമ്മളെടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളിലും ദൈവത്തിന്റെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കി നമ്മൾ പ്രവർത്തിക്കണം. സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചുകൊണ്ടും തന്റെ വചനമായ ബൈബിളിലൂടെ ദൈവം പറയുന്നത് അനുസരിച്ചുകൊണ്ടും നമുക്ക് അതു ചെയ്യാം.—സങ്കീർത്തനം 25:4; 2 തിമൊഥെയൊസ് 3:16, 17.
“ദൈവം നിന്റെ വഴികൾ നേരെയാക്കും.” ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ നമ്മളെ സഹായിച്ചുകൊണ്ട് ദൈവം നമ്മുടെ വഴികൾ നേരെയാക്കും. (സുഭാഷിതങ്ങൾ 11:5) അങ്ങനെ അനാവശ്യമായ കുഴപ്പങ്ങളിൽ ചെന്നുചാടുന്നത് ഒഴിവാക്കിക്കൊണ്ട് കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ നമുക്കു കഴിയും.—സങ്കീർത്തനം 19:7, 8; യശയ്യ 48:17, 18.
പുരോഗമനോന്മുഖരായിരിക്കുക—അഭിവൃദ്ധി കൈവരിക്കുക
ജീവിതത്തിൽ വിവിധ സാഹചര്യങ്ങളെ നേരിട്ടിട്ടുള്ള ഒരു വ്യക്തിക്ക് ഇങ്ങനെ ന്യായവാദം ചെയ്യാനുള്ള പ്രലോഭനം തോന്നിയേക്കാം: ‘ഞാൻ ഈ സാഹചര്യത്തെ മുമ്പ് നേരിട്ടിട്ടുള്ളതാണ്. എന്തു ചെയ്യണമെന്ന് എനിക്കറിയാം.’ എന്നാൽ അങ്ങനെ ചിന്തിക്കുന്നതു ജ്ഞാനമായിരിക്കുമോ? സദൃശവാക്യങ്ങൾ 3:7 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: ‘നിനക്കു തന്നേ നീ ജ്ഞാനിയായി തോന്നരുത്.’ ജീവിത സാഹചര്യങ്ങളെ കൈകാര്യം ചെയ്യുമ്പോൾ കണക്കിലെടുക്കേണ്ട ഘടകങ്ങൾ സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ അനുഭവപരിചയം തീർച്ചയായും വിശാലമാക്കണം. എന്നാൽ നാം ആത്മീയ പുരോഗതി വരുത്തുന്നവരാണെങ്കിൽ, യഹോവയുടെ അനുഗ്രഹം ഉണ്ടെങ്കിലേ നമുക്കു വിജയിക്കാൻ കഴിയൂ എന്ന സംഗതി നമ്മുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയാനും നമ്മുടെ അനുഭവപരിചയം ഇടയാക്കണം. അതുകൊണ്ട്, സ്വന്തമായിട്ട് എല്ലാം ചെയ്യാനാകും എന്ന ഉറച്ച ആത്മവിശ്വാസത്തോടെ സാഹചര്യങ്ങളെ നേരിടുന്നതല്ല അഭിവൃദ്ധിയുടെ തെളിവ്, മറിച്ച് മാർഗനിർദേശത്തിനായി യഹോവയിലേക്കു തത്ക്ഷണം തിരിയുന്നതാണ്. അവന്റെ അനുവാദം കൂടാതെ യാതൊന്നും സംഭവിക്കില്ലെന്ന് ഉറപ്പുള്ളവരായിരിക്കുന്നതിലൂടെയും നമ്മുടെ സ്വർഗീയ പിതാവുമായി ആശ്രയത്വവും സ്നേഹവും തുളുമ്പുന്ന ഒരു ബന്ധം നിലനിറുത്തുന്നതിലൂടെയും നമുക്കു നമ്മുടെ അഭിവൃദ്ധി പ്രകടമാക്കാൻ കഴിയും.
ആത്മീയരത്നങ്ങൾ
സദൃശവാക്യങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
3:3. ദയ, വിശ്വസ്തത എന്നിവയെ നാം അങ്ങേയറ്റം വിലമതിക്കുകയും അവ മറ്റുള്ളവർ കാണാൻ ഇടയാക്കുകയും വേണം, കഴുത്തിൽ അണിയുന്ന വിലയേറിയ ഒരു ആഭരണത്തിന്റെ കാര്യത്തിലെന്നപോലെ. അവയെ നമ്മുടെ ഹൃദയത്തിൽ എഴുതുകയും അങ്ങനെ ജീവിതത്തിലെ ഒരു അഭിഭാജ്യഘടകമാക്കുകയും ചെയ്യണം.
മാർച്ച് 10-16
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 4
‘ഹൃദയം കാത്തുസൂക്ഷിക്കുക’
നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?
4 സുഭാഷിതങ്ങൾ 4:23-ൽ “ഹൃദയം” എന്ന പദം ഒരാളുടെ ‘ഉള്ളിന്റെ ഉള്ളിനെ’ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നു. (സങ്കീർത്തനം 51:6 വായിക്കുക.) മറ്റു വാക്കുകളിൽ പറഞ്ഞാൽ, “ഹൃദയം” എന്നതു മറ്റു മനുഷ്യർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ആഗ്രഹങ്ങൾ, നമ്മളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ എന്നിവയെ കുറിക്കുന്നു. നമ്മൾ പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതല്ല, ഉള്ളിന്റെ ഉള്ളിൽ ആരാണ് എന്നതാണു ‘ഹൃദയം.’
നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?
10 ഹൃദയത്തെ കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ വിജയിക്കണമെങ്കിൽ അപകടങ്ങൾ തിരിച്ചറിയണം, നമ്മളെത്തന്നെ സംരക്ഷിക്കാൻ സത്വരം പ്രവർത്തിക്കുകയും വേണം. സുഭാഷിതങ്ങൾ 4:23-ൽ “കാത്തുസൂക്ഷിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം ഒരു കാവൽക്കാരൻ ചെയ്തിരുന്ന കാര്യത്തെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. ശലോമോൻ രാജാവിന്റെ കാലത്ത് നഗരമതിലുകളുടെ മുകളിൽ കാവൽക്കാർ നിലയുറപ്പിച്ചിരുന്നു. എന്തെങ്കിലും അപകടം അടുത്തുവരുന്നതു കാണുമ്പോൾ അവർ അപായസൂചന നൽകും. ഇത് ഒന്നു ഭാവനയിൽ കാണുന്നത്, നമ്മുടെ ചിന്തയെ സാത്താൻ ദുഷിപ്പിക്കാതിരിക്കുന്നതിന് എന്തു ചെയ്യണമെന്നു മനസ്സിലാക്കാൻ നമ്മളെ സഹായിക്കും.
11 പുരാതനകാലത്ത്, കാവൽക്കാരും കവാടംസൂക്ഷിപ്പുകാരും ഒറ്റക്കെട്ടായിട്ടാണു പ്രവർത്തിച്ചിരുന്നത്. (2 ശമു. 18:24-26) ശത്രു അടുത്ത് വരുന്നതു കാണുമ്പോൾ മതിലിനു മുകളിലുള്ള കാവൽക്കാർ മുന്നറിയിപ്പു കൊടുക്കും, കവാടംസൂക്ഷിപ്പുകാർ കവാടങ്ങൾ അടച്ച് സുരക്ഷിതമാക്കും, അങ്ങനെ രണ്ടു കൂട്ടരും ചേർന്ന് നഗരത്തെ സംരക്ഷിച്ചിരുന്നു. (നെഹ. 7:1-3) നമ്മുടെ ബൈബിൾപരിശീലിത മനസ്സാക്ഷിക്ക് ഒരു കാവൽക്കാരനെപ്പോലെ പ്രവർത്തിക്കാൻ കഴിയും. സാത്താൻ നമ്മുടെ ഹൃദയം കീഴടക്കാൻ, അതായത് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ആഗ്രഹങ്ങളെയും പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ, മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു തരും. നമ്മുടെ മനസ്സാക്ഷി അപായസൂചന തരുമ്പോഴെല്ലാം കവാടംസൂക്ഷിപ്പുകാരെപ്പോലെ നമ്മൾ അതിനു ശ്രദ്ധ കൊടുക്കണം, ‘കവാടങ്ങൾ അടയ്ക്കണം.’
നിങ്ങൾക്ക് എങ്ങനെ ഹൃദയം കാത്തുസൂക്ഷിക്കാം?
14 ഹൃദയം കാത്തുസൂക്ഷിക്കുന്നതിന്, തെറ്റായ കാര്യങ്ങൾ നമ്മുടെ ഹൃദയത്തിൽ പ്രവേശിക്കാതെ സൂക്ഷിച്ചാൽ മാത്രം പോരാ, പ്രയോജനകരമായ കാര്യങ്ങൾക്കായി ഹൃദയകവാടങ്ങൾ തുറക്കുകയും വേണം. മതിലുകളുള്ള ഒരു നഗരത്തെക്കുറിച്ച് നമുക്ക് ഒന്നുകൂടി ചിന്തിക്കാം. ശത്രുക്കൾ ആക്രമിക്കാൻ വരുമ്പോൾ അവരെ തടയുന്നതിനായി കവാടംസൂക്ഷിപ്പുകാരൻ നഗരവാതിലുകൾ അടയ്ക്കും. എന്നാൽ ഭക്ഷണവും അവശ്യവസ്തുക്കളും നഗരത്തിന് അകത്തേക്കു കൊണ്ടുവരാൻ വാതിലുകൾ തുറന്നുകൊടുക്കും. വാതിലുകൾ ഒരിക്കലും തുറക്കുന്നില്ലെങ്കിൽ നഗരത്തിന് ഉള്ളിലുള്ളവർ പട്ടിണിയിലാകും. അതുപോലെ, ദൈവത്തിന്റെ ചിന്തകൾ ഹൃദയത്തിൽ പ്രവേശിക്കുന്നതിനായി നമ്മളും ഹൃദയവാതിലുകൾ ക്രമമായി തുറക്കേണ്ട ആവശ്യമുണ്ട്.
w12-E 5/1 32 ¶2
‘നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുക!’
നമ്മുടെ ആലങ്കാരികഹൃദയം കാത്തുസൂക്ഷിക്കേണ്ടത് എന്തുകൊണ്ടാണ്? ദൈവം ശലോമോനെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചു: “മറ്റ് എന്തിനെക്കാളും പ്രധാനം നിന്റെ ഹൃദയം കാത്തുസൂക്ഷിക്കുന്നതാണ്; അതിൽനിന്നാണു ജീവന്റെ ഉറവുകൾ ആരംഭിക്കുന്നത്.” (സുഭാഷിതങ്ങൾ 4:23) ഇപ്പോഴത്തെയും ഭാവിയിലെയും നമ്മുടെ ജീവിതം എങ്ങനെയായിരിക്കുമെന്നതു നമ്മുടെ ആലങ്കാരികഹൃദയത്തിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. എന്തുകൊണ്ട്? കാരണം നമ്മുടെ ഹൃദയത്തിലുള്ളതു ദൈവത്തിന് കാണാം. (1 ശമുവേൽ 16:7) ഉള്ളിന്റെ ഉള്ളിൽ നമ്മൾ എങ്ങനെയുള്ള ഒരാളാണ്, അതായത് നമ്മളിലെ ‘ആന്തരികമനുഷ്യൻ’ എങ്ങനെയാണ് എന്നു നോക്കിയാണ് യഹോവ നമ്മളെ വിലയിരുത്തുന്നത്.—1 പത്രോസ് 3:4.
ആത്മീയരത്നങ്ങൾ
യഹോവയ്ക്കായി കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?
4 സുഭാഷിതങ്ങൾ 4:18 പറയുന്നു: “നീതിമാന്മാരുടെ പാത പ്രഭാതത്തിൽ തെളിയുന്ന വെളിച്ചംപോലെയാണ്; നട്ടുച്ചവരെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.” ഈ വാക്കുകൾ യഹോവ തന്റെ ഉദ്ദേശ്യം നമുക്കു വെളിപ്പെടുത്തിത്തരുന്ന രീതിയെയാണു സൂചിപ്പിക്കുന്നത്. പടിപടിയായിട്ടാണ് യഹോവ അതു ചെയ്യുന്നത്. ഒരു ക്രിസ്ത്യാനി തന്റെ ജീവിതത്തിൽ മാറ്റങ്ങളൊക്കെ വരുത്തി യഹോവയോടു കൂടുതൽക്കൂടുതൽ അടുക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാനും ഈ വാക്യം സഹായിക്കും. അത് ഒറ്റയടിക്കു സംഭവിക്കുന്ന ഒരു കാര്യമല്ല. അതിനു സമയമെടുക്കും. ദൈവം തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നമുക്ക് ഉപദേശങ്ങൾ തരുന്നുണ്ട്. അവ ആത്മാർഥമായി പഠിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണു പതിയെപ്പതിയെ നമ്മുടെ ജീവിതത്തിൽ ക്രിസ്തീയഗുണങ്ങൾ വളരുന്നതും ദൈവത്തെക്കുറിച്ചുള്ള അറിവ് വർധിക്കുന്നതും. യേശു അത് ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് പറഞ്ഞത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
മാർച്ച് 17-23
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 5
ലൈംഗിക അധാർമികതയിൽനിന്ന് അകന്നുനിൽക്കുക
ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും
ഈ സദൃശവാക്യത്തിൽ വഴിപിഴച്ച വ്യക്തിയെ “പരസ്ത്രീ”—വേശ്യ—എന്നു വിളിച്ചിരിക്കുന്നു. തന്റെ ഇരയെ വശീകരിക്കാൻ അവൾ ഉപയോഗിക്കുന്ന വാക്കുകൾ തേൻകട്ട പോലെ മധുരമുള്ളതും ഒലിവെണ്ണയെക്കാൾ മൃദുവുമാണ്. അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനങ്ങൾ മിക്കവയും ഈ വിധത്തിലുള്ളവയല്ലേ? ദൃഷ്ടാന്തത്തിന്, 27 വയസ്സുള്ള സുന്ദരിയായ എമിയുടെ കാര്യമെടുക്കുക. ഒരു സെക്രട്ടറിയായി ജോലി ചെയ്യുന്ന അവൾ ഇങ്ങനെ പറയുന്നു: “ഒരു സഹപ്രവർത്തകൻ എന്നോട് വളരെ പരിഗണന കാട്ടുന്നു, അവസരം കിട്ടുമ്പോഴൊക്കെ എന്നെ അഭിനന്ദിക്കുന്നു. ശ്രദ്ധിക്കപ്പെടുന്നു എന്ന തോന്നൽ വളരെ പുളകപ്രദമാണ്. എന്നാൽ അയാൾ എന്നോടു താത്പര്യം കാട്ടുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നു വ്യക്തമാണ്. ഞാൻ അയാളുടെ വലയിൽ വീഴാൻ പോകുന്നില്ല.” പ്രലോഭകരുടെ യഥാർഥ സ്വഭാവം നാം തിരിച്ചറിയാത്ത പക്ഷം അവരുടെ ഭംഗിവാക്കുകൾ മിക്കപ്പോഴും വളരെ ആകർഷകമായി തോന്നും. ആയതിനാൽ നാം നമ്മുടെ ചിന്താപ്രാപ്തി ഉപയോഗിക്കേണ്ടതുണ്ട്.
ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും
അധാർമികതയുടെ ഭവിഷ്യത്തുകൾ കാഞ്ഞിരംപോലെ കയ്പുള്ളതും ഇരുവായ്ത്തലവാൾപോലെ മൂർച്ചയുള്ളതുമാണ്—അതു വേദനാജനകവും മാരകവുമാണ്. മനസ്സാക്ഷിക്കുത്ത്, ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയൊക്കെയാണ് അത്തരം നടത്തയുടെ കയ്പേറിയ ഫലങ്ങൾ. അവിശ്വസ്തത കാണിക്കുന്ന വ്യക്തി തന്റെ വിവാഹ ഇണയിൽ ഉളവാക്കുന്ന കടുത്ത വൈകാരിക വേദനയെ കുറിച്ചു ചിന്തിക്കുക. ഒരു പ്രാവശ്യത്തെ വൈവാഹിക അവിശ്വസ്തതയ്ക്ക് ഒരു കാലത്തും മായാത്ത വിധത്തിലുള്ള മുറിപ്പാടുകൾ സൃഷ്ടിക്കാൻ കഴിയും. അതേ, അധാർമികത വ്രണപ്പെടുത്തുന്ന ഒന്നാണ്.
ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും
അധാർമിക വ്യക്തികളുടെ സ്വാധീനത്തിൽനിന്ന് നാം ആവുന്നത്ര അകന്നു നിൽക്കേണ്ടതുണ്ട്. അധഃപതിപ്പിക്കുന്ന സംഗീതം ശ്രവിച്ചുകൊണ്ടോ ദുഷിപ്പിക്കുന്ന വിനോദപരിപാടികൾ വീക്ഷിച്ചുകൊണ്ടോ അശ്ലീല സാഹിത്യങ്ങൾ വായിച്ചുകൊണ്ടോ നാം അവരുടെ വഴികൾക്കു ശ്രദ്ധകൊടുക്കുന്നത് എന്തിന്? (സദൃശവാക്യങ്ങൾ 6:27; 1 കൊരിന്ത്യർ 15:33; എഫെസ്യർ 5:3-5) കൊഞ്ചിക്കുഴഞ്ഞുകൊണ്ടോ വസ്ത്രധാരണത്തിലും ചമയത്തിലും മാന്യമല്ലാത്ത രീതികൾ പിൻപറ്റിക്കൊണ്ടോ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത് എത്രയോ ഭോഷത്തമാണ്!—1 തിമൊഥെയൊസ് 4:8; 1 പത്രൊസ് 3:3, 4.
ആത്മീയരത്നങ്ങൾ
ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും
അധാർമികതയ്ക്കു വഴങ്ങുന്നതിന് ഒടുക്കേണ്ടിവരുന്ന കടുത്ത വില ശലോമോൻ ഇവിടെ ഊന്നിപ്പറയുന്നു. വ്യഭിചാരം മാന്യതയും ആത്മാഭിമാനവും നഷ്ടപ്പെടാൻ ഇടയാക്കുന്നു. നമ്മുടെതന്നെയോ മറ്റൊരാളുടെയോ അധാർമിക അഭിനിവേശത്തെ തൃപ്തിപ്പെടുത്താനായി ജീവിക്കുന്നത് തീർച്ചയായും അപമാനകരമല്ലേ? ഒരുവന്റെ വിവാഹിത പങ്കാളി അല്ലാത്ത ഒരാളുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നത് ആത്മാഭിമാനത്തിന്റെ അഭാവത്തെയല്ലേ സൂചിപ്പിക്കുന്നത്?
മാർച്ച് 24-30
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 6
ഉറുമ്പുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
it-1-E 115 ¶1-2
ഉറുമ്പ്
‘സഹജജ്ഞാനം.’ ഉറുമ്പുകൾക്കുള്ള ജ്ഞാനം ജനിതകമാണ്. അത് സ്രഷ്ടാവ് കൊടുത്തതാണ്. ബൈബിൾ പറയുന്നതുപോലെ ഉറുമ്പുകൾ “വേനൽക്കാലത്ത് തീറ്റ ഒരുക്കുന്നു, കൊയ്ത്തുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു.” (സുഭ 6:8) പലസ്തീനിൽ സാധാരണയായി കണ്ടുവരുന്ന ഒരു തരം ഉറുമ്പ്, ചൂടുള്ള മാസങ്ങളിൽ വലിയ അളവിൽ ധാന്യം ശേഖരിച്ചുവെക്കും. എന്നിട്ട് തണുപ്പുകാലംപോലെ ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുള്ള സമയത്ത് അത് ഉപയോഗിക്കും. ധാന്യങ്ങൾ മഴയെത്തെങ്ങാനും നനഞ്ഞുപോയാൽ ആ ഉറുമ്പുകൾ അത് എടുത്തുകൊണ്ടുപോയി വെയിലത്തുവെച്ച് ഉണക്കും. ഇനി ധാന്യങ്ങൾ സൂക്ഷിച്ചുവെക്കുമ്പോൾ മുളച്ചുപോകാതിരിക്കാൻ അതിന്റെ മുള വരുന്ന ഭാഗം അവർ നശിപ്പിച്ചുകളയുകപോലും ചെയ്യും.
അനുകരിക്കാനാകുന്ന ഗുണങ്ങൾ. ഉറുമ്പുകളെക്കുറിച്ച് ചെറുതായൊന്നു പഠിച്ചാൽ, “മടിയാ, ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക; അതു ചെയ്യുന്നതെല്ലാം നോക്കി ജ്ഞാനം നേടുക” എന്ന വാക്കുകളുടെ അർഥം നമുക്കു മനസ്സിലാകും. (സുഭ 6:6) അവർ ഭാവിക്കായി ഒരുങ്ങുക മാത്രമല്ല, മടുപ്പില്ലാതെ ഉറച്ച മനസ്സോടെ അധ്വാനിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഭാരത്തെക്കാൾ ഇരട്ടിയോ അതിലധികമോ തൂക്കമുള്ള വസ്തുക്കൾ എടുക്കാനോ വലിച്ചുകൊണ്ടുപോകാനോ ഉറുമ്പുകൾക്കാകും. ഒരു ജോലി പൂർത്തിയാക്കാൻ അവർ ആവുന്നതെല്ലാം ചെയ്യും. വീഴുന്നതോ തെന്നുന്നതോ ഇറക്കത്തിൽ ഉരുണ്ടുപോകുന്നതോ ഒന്നും അവരെ തളർത്തിക്കളയില്ല. അതുപോലെ വളരെ സഹകരിച്ച് പ്രവർത്തിക്കുന്ന ജീവികളാണ് ഉറുമ്പുകൾ. അവ കൂട് വളരെ വൃത്തിയായി സൂക്ഷിക്കും, പരസ്പരം കരുതലോടെ ഇടപെടും. കൂടെ ജോലി ചെയ്യുന്ന ഉറുമ്പുകൾക്കു പരിക്കു പറ്റുകയോ ക്ഷീണം തോന്നുകയോ ചെയ്താൽ മറ്റ് ഉറുമ്പുകൾ ചിലപ്പോഴൊക്കെ അവയെ കൂട്ടിൽ കൊണ്ടാക്കുകപോലും ചെയ്യും.
നിങ്ങളുടെ പേര് കാത്തുസൂക്ഷിക്കുക
നമ്മളും ഉറുമ്പിനെപ്പോലെ കഠിനാധ്വാനികൾ ആയിരിക്കേണ്ടതല്ലേ? മേൽനോട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, കഠിനമായി അധ്വാനിക്കുന്നതും വേലയിൽ പുരോഗതി പ്രാപിക്കാൻ ശ്രമിക്കുന്നതും നമുക്ക് പ്രയോജനകരമാണ്. അതേ, സ്കൂളിലും ജോലിസ്ഥലത്തും ആത്മീയ പ്രവർത്തനങ്ങളിലും കഴിവിന്റെ പരമാവധി നാം ചെയ്യേണ്ടതാണ്. കഠിനാധ്വാനത്തിന്റെ ഫലം ഉറുമ്പിന് ലഭിക്കുന്നതുപോലെ, ‘നാം പ്രയത്നിക്കുന്ന സകല പ്രയത്നത്തിലും സുഖം അനുഭവിക്കണമെന്ന്’ ദൈവം ആഗ്രഹിക്കുന്നു. (സഭാപ്രസംഗി 3:13, 22; 5:18) കഠിനാധ്വാനത്തിന്റെ ഫലമോ, ശുദ്ധ മനസ്സാക്ഷിയും ആത്മസംതൃപ്തിയും ആണ്.—സഭാപ്രസംഗി 5:12.
രണ്ട് ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ശലോമോൻ മടിയനെ അവന്റെ ആലസ്യത്തിൽനിന്ന് തട്ടിയുണർത്താൻ ശ്രമിക്കുന്നു: “മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽനിന്നെഴുന്നേല്ക്കും?” അവനെ പരിഹസിച്ചുകൊണ്ട് രാജാവ് പറയുന്നു: “കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.” (സദൃശവാക്യങ്ങൾ 6:9-11) മടിയൻ കിടന്നുറങ്ങുമ്പോൾ, പട്ടിണി ഒരു കവർച്ചക്കാരനെപ്പോലെ അവനെ പിടികൂടുകയും ദാരിദ്ര്യം ഒരു ആയുധധാരിയെപ്പോലെ അവനെ ആക്രമിക്കുകയും ചെയ്യും. മടിയന്റെ വയലിൽ കളയും ചൊറിയണവും പെട്ടെന്നു നിറയും. (സദൃശവാക്യങ്ങൾ 24:30, 31) അയാളുടെ വ്യാപാര സംരംഭങ്ങൾ പെട്ടെന്നുതന്നെ പരാജയമടയും. ഒരു തൊഴിലുടമ അലസനെ എത്രകാലത്തേക്കു സഹിക്കും? മടിയനായ ഒരു വിദ്യാർഥിക്ക് സ്കൂളിൽ നല്ല മാർക്കു കിട്ടുമെന്നു പ്രതീക്ഷിക്കാനാകുമോ?
ആത്മീയരത്നങ്ങൾ
നിങ്ങളുടെ പേര് കാത്തുസൂക്ഷിക്കുക
സദൃശവാക്യങ്ങൾ പരാമർശിക്കുന്ന ഏഴു കാര്യങ്ങളിൽ അടിസ്ഥാനപരമായി തെറ്റായ എല്ലാത്തരം പ്രവൃത്തികളും ഉൾപ്പെടുന്നു. “ഗർവ്വമുള്ള കണ്ണും” “ദുരുപായം നിരൂപിക്കുന്ന ഹൃദയവും” പാപകരമായ ചിന്തകളാണ്. “വ്യാജമുള്ള നാവും” “ഭോഷ്കു പറയുന്ന കള്ളസാക്ഷിയും” പാപകരമായ വാക്കുകളാണ്. “കുററമില്ലാത്ത രക്തം ചൊരിയുന്ന കയ്യും” “ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും” ദുഷ്ചെയ്തികളാണ്. സമാധാനത്തിൽ കഴിഞ്ഞുകൂടുന്നവരെ തമ്മിൽ തല്ലിക്കുകയും അതു കണ്ട് രസിക്കുകയും ചെയ്യുന്ന ഏതൊരുവനെയും യഹോവ പ്രത്യേകിച്ചും വെറുക്കുന്നു. ആറിൽനിന്ന് ഏഴിലേക്കുള്ള വർധന സൂചിപ്പിക്കുന്നത് ആ പട്ടിക പൂർണമാകുന്നില്ല എന്നാണ്. കാരണം, മനുഷ്യർ തങ്ങളുടെ ദുഷ്ചെയ്തികൾ പെരുക്കിക്കൊണ്ടിരിക്കുകയാണല്ലോ.
മാർച്ച് 31–ഏപ്രിൽ 6
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 7
പ്രലോഭനകരമായ സാഹചര്യങ്ങൾ ഒഴിവാക്കുക
‘എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്കുക’
ശലോമോൻ പുറത്തേക്കു നോക്കുന്നത് കിളിവാതിലിന്റെ അഴികൾക്കിടയിലൂടെയാണ്—ധാരാളം കൊത്തുപണികൾ ഉള്ള ഒന്നായിരുന്നിരിക്കണം ആ അഴികൾ. ഇപ്പോൾ സന്ധ്യാവെളിച്ചം മങ്ങാനും തെരുവിന്റെ മുക്കിലും മൂലയിലും ഇരുട്ടു പരക്കാനും തുടങ്ങുന്നു. എളുപ്പം പ്രലോഭനത്തിൽ വീണേക്കാവുന്ന ഒരു ചെറുപ്പക്കാരനെ അവൻ കാണുന്നു. വിവേകമോ സുബോധമോ ഇല്ലാത്ത അവൻ ബുദ്ധിഹീനനാണ്. സാധ്യതയനുസരിച്ച്, താൻ എത്തിയിരിക്കുന്ന സ്ഥലത്തെയും തനിക്ക് അവിടെ എന്തു സംഭവിച്ചേക്കാം എന്നതിനെയും കുറിച്ച് അവന് അറിയാം. ആ ചെറുപ്പക്കാരൻ “അവളുടെ വീട്ടിന്റെ കോണിന്നരികെ” എത്തുന്നു. അവൾ ആരാണ്? എന്താണ് അവളുടെ തൊഴിൽ?
‘എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്കുക’
ഈ സ്ത്രീയുടെ അധരങ്ങളിൽ മൃദുവാക്കു നിറഞ്ഞിരിക്കുന്നു. ധൈര്യം നടിച്ചുകൊണ്ട് അവൾ അവനോട് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. അവൾ പറയുന്ന ഓരോ വാക്കും ആ ചെറുപ്പക്കാരനെ വശീകരിക്കാൻ ശ്രദ്ധാപൂർവം മെനഞ്ഞെടുത്തവയാണ്. ആ ദിവസംതന്നെ സമാധാനയാഗങ്ങൾ നടത്തി നേർച്ചകളെ കഴിച്ചിരിക്കുന്നു എന്നു പ്രസ്താവിച്ചുകൊണ്ട് താൻ നീതിനിഷ്ഠയും ആത്മീയതയുള്ളവളും ആണെന്ന് അവൾ സൂചിപ്പിക്കുകയാണ്. യെരൂശലേമിലെ ആലയത്തിൽ അർപ്പിച്ചിരുന്ന സമാധാനയാഗങ്ങളിൽ മാംസവും മാവുപൊടിയും എണ്ണയും വീഞ്ഞും ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:5, 6; 22:21; സംഖ്യാപുസ്തകം 15:8-10) സമാധാനയാഗം അർപ്പിക്കുന്ന വ്യക്തിക്കും അയാളുടെ കുടുംബത്തിനും യാഗവസ്തുക്കൾ ഭക്ഷിക്കാമായിരുന്നതിനാൽ, വീട്ടിൽ തിന്നാനും കുടിക്കാനും ധാരാളം ഉണ്ടെന്ന് അവൾ സൂചിപ്പിക്കുകയായിരുന്നു. അവൾ ഇവിടെ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമാണ്: ചെറുപ്പക്കാരന് അവളുടെ വീട്ടിൽ എല്ലാവിധ സുഖങ്ങളും ആസ്വദിക്കാൻ കഴിയും. അവനെത്തന്നെ തേടിയാണ് അവൾ വീട്ടിൽനിന്നു പുറത്തു വന്നിരിക്കുന്നത്. ആ കഥ വിശ്വസിക്കുന്ന ഒരുവനെ സംബന്ധിച്ചിടത്തോളം, അത് എത്ര ഹൃദയസ്പർശിയാണ്! ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ആരെയെങ്കിലും കിട്ടാനാണ് അവൾ വെളിയിൽ വന്നത് എന്നതു ശരിതന്നെ, എന്നാൽ ഈ ആളെത്തന്നെ തേടിയാണോ അവൾ വന്നിരിക്കുന്നത്? ഒരു വിഡ്ഢി മാത്രമേ അതു വിശ്വസിക്കുകയുള്ളൂ—ഈ ചെറുപ്പക്കാരൻ അത്തരമൊരു വിഡ്ഢി ആണെന്നു തോന്നുന്നു.”
തന്റെ വസ്ത്രത്താലും മധുരവാക്കുകളാലും ആലിംഗന സ്പർശത്താലും ചുംബനത്താലും ആ ചെറുപ്പക്കാരനെ തന്നിലേക്ക് ആകർഷിച്ചശേഷം അവൾ സുഗന്ധത്തെ കുറിച്ച് പറയുന്നു: “ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻപടങ്ങളും വിരിച്ചിരിക്കുന്നു. മൂറും അകിലും ലവംഗവുംകൊണ്ടു ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.” (സദൃശവാക്യങ്ങൾ 7:16, 17) അവൾ ഈജിപ്തിൽനിന്നുള്ള വർണഭംഗിയാർന്ന വിരികൾകൊണ്ട് തന്റെ കിടക്ക മനോഹരമായി അണിയിച്ചൊരുക്കുകയും മൂറും അകിലും ലവംഗവും കൊണ്ട് അതിനെ സുഗന്ധപൂരിതമാക്കുകയും ചെയ്തിരിക്കുന്നു.
അവൾ തുടർന്നു പറയുന്നു, “വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.” ആ ക്ഷണം ഇരുവർക്കുമുള്ള നല്ലൊരു ഭോജനത്തെക്കാൾ കവിഞ്ഞ ഒന്നാണ്. ലൈംഗികസുഖം നൽകാം എന്നാണ് അവളുടെ വാഗ്ദാനം. ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം പ്രസ്തുത വാഗ്ദാനം സാഹസികവും ഉത്തേജകവുമാണ്! അവനെ കൂടുതലായി വശീകരിക്കാനെന്നോണം അവൾ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പുരുഷൻ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു; പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌർണ്ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളു.” (സദൃശവാക്യങ്ങൾ 7:18-20) അവർ തികച്ചും സുരക്ഷിതരായിരിക്കുമെന്ന് അവൾ ഉറപ്പു നൽകുന്നു. കാരണം, അവളുടെ ഭർത്താവ് ഏതോ ബിസിനസ് ആവശ്യത്തിനായി ദൂരയാത്ര പോയിരിക്കുകയാണ്, ഉടനെയെങ്ങും മടങ്ങിയെത്തുകയില്ല. ഒരു ചെറുപ്പക്കാരനെ വഞ്ചിക്കാൻ അവൾ എത്ര മിടുക്കിയാണ്! “ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.” (സദൃശവാക്യങ്ങൾ 7:21) യോസേഫിന്റെതു പോലുള്ള മാനസിക കരുത്ത് ഉണ്ടെങ്കിലേ ഒരുവന് ഇത്തരം പ്രലോഭനത്തെ ചെറുത്തുനിൽക്കാനാകൂ. (ഉല്പത്തി 39:9, 12) ഈ ചെറുപ്പക്കാരൻ ആ പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നുണ്ടോ?
‘എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്കുക’
അവളുടെ ക്ഷണം ആ ചെറുപ്പക്കാരനു നിരസിക്കാൻ കഴിയുന്നില്ല. എല്ലാ സുബോധവും ഉപേക്ഷിച്ച് ‘അറുക്കുന്നേടത്തേക്കു പോകുന്ന കാളയെപ്പോലെ’ അവൻ അവളുടെ പിന്നാലെ പോകുന്നു. ചങ്ങലയാൽ ബന്ധിതനായ ഒരു മനുഷ്യനു തന്റെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്തതു പോലെ, ആ ചെറുപ്പക്കാരൻ പാപത്തിലേക്ക് ആകർഷിക്കപ്പെടുന്നു. “കരളിൽ അസ്ത്രം തറെക്കുവോളം” അതായത് മരണകരമായ മുറിവ് ഏൽക്കുന്നതുവരെ, അവൻ അപകടം കാണുന്നില്ല. ലൈംഗികമായി പകരുന്ന മാരക രോഗങ്ങൾ പിടിപെട്ട് അവൻ അക്ഷരീയമായി മരിച്ചേക്കാം. പ്രസ്തുത മുറിവിന്റെ ഫലമായി, അവന് ആത്മീയ മരണവും—“ജീവഹാനി”—സംഭവിച്ചേക്കാം. അവന്റെ മുഴു സ്വത്വവും, മുഴു ജീവിതവും, അങ്ങനെ പ്രതികൂലമായി ബാധിക്കപ്പെടുന്നു. അവൻ ദൈവത്തിനെതിരെ ഗുരുതരമായ പാപം ചെയ്തിരിക്കുന്നു. അങ്ങനെ അവൻ, കെണിയിൽ അകപ്പെടുന്ന ഒരു പക്ഷിയെപ്പോലെ മരണത്തിന്റെ പിടിയിലേക്കു ധൃതിപ്പെടുന്നു.
ആത്മീയരത്നങ്ങൾ
‘എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്കുക’
“നിന്റെ വിരലിന്മേൽ അവയെ [എന്റെ കൽപ്പനകളെ] കെട്ടുക; ഹൃദയത്തിന്റെ പലകയിൽ [അവയെ] എഴുതുക” എന്നു ശലോമോൻ തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 7:3) കൈവിരലുകൾ നമുക്ക് എളുപ്പം കാണാൻ കഴിയുന്ന സ്ഥാനത്താണ്. നാം ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. അതുപോലെ, തിരുവെഴുത്തു പരിശീലനത്തിൽനിന്നും ബൈബിൾ ഗ്രാഹ്യത്തിൽനിന്നും ലഭിക്കുന്ന പാഠങ്ങൾ ഒരു നിരന്തര മുന്നറിയിപ്പായും നാം ചെയ്യുന്ന സകലത്തിലും ഒരു വഴികാട്ടിയായും ഉതകണം. നാം അവയെ നമ്മുടെ ഹൃദയപ്പലകയിൽ എഴുതുകയും വ്യക്തിത്വത്തിന്റെ ഭാഗമാക്കുകയും വേണം.
ഏപ്രിൽ 7-13
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 8
ജ്ഞാനത്തിന്റെ ആൾരൂപത്തിനു ശ്രദ്ധകൊടുക്കുക
“ഞാൻ പിതാവിനെ സ്നേഹിക്കുന്നു”
7 “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി” എന്ന് 22-ാം വാക്യത്തിൽ ജ്ഞാനം പറയുന്നു. കേവലം ജ്ഞാനത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്; ജ്ഞാനത്തെക്കുറിച്ചാണെങ്കിൽ “ഉളവാക്കി” എന്നു പറയാനാവില്ലല്ലോ. കാരണം, ജ്ഞാനിയായ നമ്മുടെ ദൈവത്തിന് ആരംഭമില്ലാത്തതുകൊണ്ട് ജ്ഞാനത്തിനും ആരംഭമില്ല. (സങ്കീർത്തനം 90:2) പക്ഷേ, ദൈവപുത്രൻ, ‘സകല സൃഷ്ടികൾക്കും ആദ്യജാതനാണെന്ന്’ ബൈബിൾ പറയുന്നു. അതെ, യേശുവിന് ആരംഭമുണ്ട്. അവനെ ദൈവം സൃഷ്ടിച്ചതാണ്, മറ്റെല്ലാം സൃഷ്ടിക്കുന്നതിനുമുമ്പ്. (കൊലോസ്യർ 1:15) ആകാശവും ഭൂമിയും ഉണ്ടാകുന്നതിനുമുമ്പേ പുത്രൻ ഉണ്ടായിരുന്നു എന്ന് സദൃശവാക്യങ്ങൾ പറയുന്നു. വചനം അഥവാ ദൈവത്തിന്റെ വക്താവ് എന്നനിലയിൽ വർത്തിച്ച അവൻ യഹോവയുടെ ജ്ഞാനം അതേപടി പ്രതിഫലിപ്പിച്ചു.—യോഹന്നാൻ 1:1.
“ഞാൻ പിതാവിനെ സ്നേഹിക്കുന്നു”
8 ഭൂമിയിൽ വരുന്നതിനുമുമ്പുള്ള കാലമത്രയും യേശു എന്തു ചെയ്യുകയായിരുന്നു? ഒരു വിദഗ്ധ ജോലിക്കാരനായി അവൻ ദൈവത്തോടുകൂടെ ഉണ്ടായിരുന്നു എന്ന് 30-ാം വാക്യം സൂചിപ്പിക്കുന്നു. എന്താണ് അതിന്റെ അർഥം? കൊലോസ്യർ 1:16 നൽകുന്ന വിശദീകരണം ഇതാണ്: “സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റെല്ലാം അവൻ മുഖാന്തരമത്രേ സൃഷ്ടിക്കപ്പെട്ടത്; . . . എല്ലാം, അവനിലൂടെയും അവനായിട്ടും സൃഷ്ടിക്കപ്പെട്ടു.” അതെ, യഹോവ പുത്രൻ മുഖാന്തരമാണ് എല്ലാം സൃഷ്ടിച്ചത്. സ്വർഗത്തിലെ ദൂതന്മാർ, ബൃഹത്തായ ഈ പ്രപഞ്ചം, സസ്യലതാദികളും ജന്തുജാലങ്ങളും നിറഞ്ഞ നമ്മുടെ ഭൂമി, ഭൗമിക സൃഷ്ടിക്കു മകുടംചാർത്തുന്ന മനുഷ്യൻ, അങ്ങനെ എല്ലാം! സഹകരണത്തോടെ ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ആർക്കിടെക്റ്റും അദ്ദേഹത്തിന്റെ മനസ്സിലുള്ള ഡിസൈൻ യാഥാർഥ്യമാക്കുന്ന ഒരു കോൺട്രാക്ടറും ഇപ്പോൾ നിങ്ങളുടെ മനസ്സിലേക്കു വന്നേക്കാം. പിതാവിനും പുത്രനും ഇടയിലുള്ള സഹകരണം ഏതാണ്ട് അങ്ങനെയായിരുന്നു എന്നു പറയാം. സൃഷ്ടിയിലെ ഒരു വിസ്മയം കണ്ട് അത്ഭുതംകൂറുമ്പോൾ മഹാശിൽപ്പിയായ നമ്മുടെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണ് നാം. (സങ്കീർത്തനം 19:1) സ്രഷ്ടാവായ യഹോവയും അവന്റെ വിദഗ്ധ ജോലിക്കാരനായ യേശുവും ഒരുമിച്ചു പ്രവർത്തിച്ച ആ നല്ല നാളുകളും അപ്പോൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം.
9 അപൂർണരായ രണ്ടു മനുഷ്യർ ഒരുമിച്ചു ജോലിചെയ്യുമ്പോൾ ചിലപ്പോഴൊക്കെ പൊരുത്തപ്പെട്ടുപോകാൻ ബുദ്ധിമുട്ടുതോന്നും. എന്നാൽ യഹോവയുടെയും യേശുവിന്റെയും കാര്യത്തിൽ അങ്ങനെയല്ലായിരുന്നു. പുത്രൻ യുഗങ്ങളോളം പിതാവിനോടൊപ്പം പ്രവർത്തിച്ചു. എന്നിട്ടും അവൻ “ദിനമ്പ്രതി [യഹോവയുടെ] പ്രമോദമായിരുന്നു” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (സദൃശവാക്യങ്ങൾ 8:30) അതെ, യഹോവയുമായുള്ള സഖിത്വം യേശു നന്നായി ആസ്വദിച്ചു. യഹോവയും അത് ആസ്വദിച്ചു. യേശു പിതാവിനെപ്പോലെ ആയിത്തീർന്നതിൽ, അവന്റെ ഗുണങ്ങൾ അതേപടി അനുകരിച്ചതിൽ അത്ഭുതപ്പെടാനില്ല. അത് അവരുടെ ബന്ധം കൂടുതൽ ദൃഢമാക്കി! ഇത്രത്തോളം നീണ്ടുനിന്ന, ഇത്രയേറെ ശക്തമായ മറ്റൊരു ബന്ധം വേറെയില്ല!
യേശു—വലിയ ദാവീദും വലിയ ശലോമോനും
14 ശലോമോനെക്കാൾ ജ്ഞാനിയായിരുന്ന ഒരേയൊരു മനുഷ്യനേ ഉണ്ടായിരുന്നുള്ളൂ; അത് യേശുക്രിസ്തു ആയിരുന്നു. “ശലോമോനിലും വലിയവൻ” എന്ന് അവൻ തന്നെക്കുറിച്ചുതന്നെ പറയുകയുണ്ടായി. (മത്താ. 12:42) “നിത്യജീവന്റെ വചനങ്ങ”ളാണ് യേശു സംസാരിച്ചത്. (യോഹ. 6:68) തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പല തത്ത്വങ്ങളും പഠിപ്പിച്ചു; ശലോമോൻ പറഞ്ഞ സദൃശവാക്യങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ അടങ്ങുന്നതും അവയെക്കുറിച്ച് ആഴമായ ഗ്രാഹ്യം പ്രദാനം ചെയ്യുന്നവയുമായിരുന്നു അവ. യഹോവയുടെ ആരാധകരെ ‘ഭാഗ്യവാന്മാരാക്കുന്ന’ അതായത്, അവർക്കു സന്തോഷം കൈവരുത്തുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് ശലോമോൻ പറഞ്ഞു. (സദൃ. 3:13; 8:32, 33; 14:21; 16:20) യഹോവയുടെ ആരാധനയോടും അവന്റെ വാഗ്ദാന നിവൃത്തിയോടും ബന്ധപ്പെട്ട കാര്യങ്ങളിൽനിന്നു മാത്രമേ യഥാർഥ സന്തുഷ്ടി കരഗതമാകൂ എന്ന് യേശു വ്യക്തമാക്കി. അവൻ പറഞ്ഞു: “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” അതായത്, സന്തുഷ്ടർ; “സ്വർഗ്ഗരാജ്യം അവർക്കുള്ളത്.” (മത്താ. 5:3) യേശു പഠിപ്പിച്ച തത്ത്വങ്ങൾ പിൻപറ്റുന്നവർക്ക് ‘ജീവന്റെ ഉറവായ’ യഹോവയിലേക്ക് അടുത്തുചെല്ലാനാകും. (സങ്കീ. 36:9; സദൃ. 22:11; മത്താ. 5:8) “ദൈവജ്ഞാന”മാണ് ക്രിസ്തു. (1 കൊരി. 1:24, 30) മിശിഹൈക രാജാവെന്ന നിലയിൽ യേശുക്രിസ്തുവിന് ‘ജ്ഞാനത്തിന്റെ ആത്മാവ്’ ഉണ്ട്.—യെശ. 11:2.
ആത്മീയരത്നങ്ങൾ
‘ജ്ഞാനം വിളിച്ചുപറയുന്നു’ നിങ്ങൾക്ക് കേൾക്കാനാകുന്നുണ്ടോ?
▪ “ചരിത്രത്തിലുടനീളം ഏറ്റവും വ്യാപകമായി വിതരണം ചെയ്തിരിക്കുന്ന ഒരു പുസ്തകമാണ്” ബൈബിൾ എന്ന് ഒരു സർവവിജ്ഞാനകോശം പറയുന്നു. “അത് മറ്റേതൊരു പുസ്തകത്തെക്കാളും അധികം തവണയും അനേകം ഭാഷകളിലേക്കും പരിഭാഷ ചെയ്തിരിക്കുന്നു.” മുഴുവനായോ ഭാഗികമായോ ബൈബിൾ ഇപ്പോൾ 2,600-ഓളം ഭാഷകളിലുള്ളതിനാൽ മനുഷ്യകുടുംബത്തിൽ 90 ശതമാനത്തിലധികം ആളുകൾക്കും അതു ലഭ്യമാണ്.
▪ അക്ഷരീയമായും ജ്ഞാനം ‘ഘോഷിക്കുന്നു.’ മത്തായി 24:14-ൽ നാം ഇങ്ങനെ വായിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ (ഈ ലോകത്തിന്റെ) അന്ത്യം വരും.”
ഏപ്രിൽ 14-20
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 9
ജ്ഞാനിയായിരിക്കുക, പരിഹാസിയാകരുത്
“ജ്ഞാനികളുടെ വാക്കുകൾ . . . കേൾക്കുക”
4 പലപ്പോഴും നേരിട്ടുള്ള ഉപദേശം സ്വീകരിക്കാൻ നമുക്കു കൂടുതൽ ബുദ്ധിമുട്ടു തോന്നിയേക്കാം. ചിലപ്പോൾ നമുക്കു നീരസംപോലും തോന്നാം. നമ്മൾ അപൂർണരാണെന്നൊക്കെ സമ്മതിക്കുമെങ്കിലും ആരെങ്കിലും ഒരു തെറ്റു ചൂണ്ടിക്കാണിച്ച് ഉപദേശം തരുമ്പോൾ അതു സ്വീകരിക്കാൻ അത്ര എളുപ്പമല്ല. (സഭാപ്രസംഗകൻ 7:9 വായിക്കുക.) ന്യായീകരിക്കാനായിരിക്കാം ഉടനെ നമ്മുടെ ശ്രമം. അതു തന്ന ആളിന്റെ ഉദ്ദേശ്യശുദ്ധിയെ നമ്മൾ സംശയിച്ചേക്കാം. അല്ലെങ്കിൽ തന്ന രീതി ശരിയല്ലെന്നു പറഞ്ഞേക്കാം. ‘അയാൾ ആരാ എന്നെ ഉപദേശിക്കാൻ? അയാൾ പലതും ശരിയായിട്ടല്ലല്ലോ ചെയ്യുന്നേ’ എന്നൊക്കെ പറഞ്ഞ്, ഉപദേശം തന്ന വ്യക്തിയുടെ കുറ്റം കണ്ടുപിടിക്കാനും ഇടയുണ്ട്. കിട്ടിയ ഉപദേശം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് അവഗണിച്ചുകളയാനോ നമ്മൾ ആഗ്രഹിക്കുന്ന ഉപദേശം തേടിപ്പോകാനോ സാധ്യതയുണ്ട്.
“ജ്ഞാനികളുടെ വാക്കുകൾ . . . കേൾക്കുക”
12 ഉപദേശം സ്വീകരിക്കാൻ നമ്മളെ എന്തു സഹായിക്കും? നമ്മളെല്ലാം എത്ര അപൂർണരാണെന്നും നമുക്കൊക്കെ അബദ്ധങ്ങൾ പറ്റാൻ സാധ്യതയുണ്ടെന്നും ഓർത്തുകൊണ്ട് നമ്മൾ താഴ്മയുള്ളവരായിരിക്കേണ്ടതുണ്ട്. നമ്മൾ ഇയ്യോബിന്റെ കാര്യം കണ്ടല്ലോ. അദ്ദേഹത്തിന്റെ ചിന്തയിലും ഇടയ്ക്കൊക്കെ ചില കുഴപ്പങ്ങളുണ്ടായി. പക്ഷേ പിന്നീട് അദ്ദേഹം തന്റെ ചിന്തയ്ക്കു മാറ്റം വരുത്തി, യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. കാരണം ഇയ്യോബ് താഴ്മയുള്ളവനായിരുന്നു. അദ്ദേഹം എലീഹുവിന്റെ ഉപദേശം സ്വീകരിക്കാൻ തയ്യാറായത് അതിന്റെ തെളിവാണ്, അതും എലീഹുവിന് ഇയ്യോബിനെക്കാൾ വളരെ പ്രായം കുറവായിരുന്നിട്ടും. (ഇയ്യോ. 32:6, 7) ഒരു ഉപദേശം കിട്ടുമ്പോൾ, തനിക്ക് ഇപ്പോൾ ഈ ഉപദേശത്തിന്റെ ആവശ്യമില്ലെന്നോ അതു തരുന്ന വ്യക്തിക്കു തന്റെ അത്ര പ്രായമോ അനുഭവപരിചയമോ ഇല്ലെന്നോ ഒക്കെ ചിലപ്പോൾ നമുക്കു തോന്നിയേക്കാം. അങ്ങനെ തോന്നുമ്പോൾപ്പോലും ആ ഉപദേശം സ്വീകരിക്കാൻ താഴ്മ സഹായിക്കും. കാനഡയിൽനിന്നുള്ള ഒരു മൂപ്പൻ പറയുന്നു: “നമ്മുടെ കുറവുകൾ നമ്മളെക്കാൾ നന്നായി മറ്റുള്ളവർക്കാണല്ലോ കാണാനാകുന്നത്. അവർ അതു പറഞ്ഞുതന്നില്ലെങ്കിൽ നമ്മൾ എങ്ങനെ മാറ്റം വരുത്തും?” ആളുകളെ സന്തോഷവാർത്ത അറിയിക്കുകയും പഠിപ്പിക്കുകയും അതുപോലെ ദൈവാത്മാവിന്റെ ഗുണം വളർത്തിയെടുക്കുകയും ഒക്കെ ചെയ്യുന്ന കാര്യത്തിൽ പുരോഗമിക്കേണ്ട ആവശ്യമില്ലാത്ത ആരാണുള്ളത്?—സങ്കീർത്തനം 141:5 വായിക്കുക.
13 ഉപദേശത്തെ ദൈവസ്നേഹത്തിന്റെ തെളിവായി കാണുക. നമുക്ക് ഏറ്റവും നല്ലതു വരാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സുഭാ. 4:20-22) ബൈബിളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും അനുഭവപരിചയമുള്ള സഹോദരങ്ങളിലൂടെയും നമുക്ക് ഉപദേശങ്ങൾ തരുമ്പോൾ യഹോവ നമ്മളെ സ്നേഹിക്കുന്നെന്നു കാണിക്കുകയാണ്. ‘നമുക്കു നല്ലതു വരാനാണ്’ ദൈവം അങ്ങനെ ചെയ്യുന്നതെന്ന് എബ്രായർ 12:9, 10 പറയുന്നു.
14 പറയുന്ന കാര്യത്തിൽ ശ്രദ്ധിക്കുക, പറഞ്ഞ വിധത്തിലല്ല. ആരെങ്കിലും നമുക്ക് ഒരു ഉപദേശം തരുമ്പോൾ അതു തന്ന രീതി ശരിയായില്ല എന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. ഒരു ഉപദേശം കൊടുക്കുമ്പോൾ ആ വ്യക്തിക്ക് അതു സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അതു കൊടുക്കണമെന്നതു ശരിയാണ്. (ഗലാ. 6:1) എന്നാൽ നമുക്ക് ഒരു ഉപദേശം കിട്ടുമ്പോൾ പറയുന്ന കാര്യത്തിലാണു നമ്മൾ ശ്രദ്ധിക്കേണ്ടത്, അതു പറഞ്ഞ രീതി അത്ര ശരിയായില്ലെന്നു തോന്നിയാൽപ്പോലും. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘ഉപദേശം തന്ന വിധം എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ആ പറഞ്ഞതിൽ അല്പം കാര്യമില്ലേ? ഉപദേശം തന്ന വ്യക്തിയുടെ കുറവുകളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം ആ ഉപദേശത്തിൽനിന്ന് എനിക്ക് എന്തു പഠിക്കാം എന്നു ചിന്തിച്ചുകൂടേ?’ നമുക്കു കിട്ടുന്ന ഓരോ ഉപദേശത്തിൽനിന്നും എങ്ങനെ പ്രയോജനം നേടാമെന്നു ചിന്തിക്കുന്നതു ജ്ഞാനമായിരിക്കും.—സുഭാ. 15:31.
‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’
ശാസന ലഭിക്കുമ്പോൾ ജ്ഞാനിയായ ഒരുവന്റെ പ്രതികരണം ഒരു പരിഹാസിയുടേതിനു നേർവിപരീതമായിരിക്കും. ശലോമോൻ ഇങ്ങനെ പറയുന്നു: “ജ്ഞാനിയെ ശാസിക്ക; അവൻ നിന്നെ സ്നേഹിക്കും. ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്റെ ജ്ഞാനം വർദ്ധിക്കും.” (സദൃശവാക്യങ്ങൾ 9:8ബി, 9എ) “യാതൊരു ശിക്ഷണവും തത്കാലം സന്തോഷകരമല്ല, മറിച്ചു ദുഃഖകരമാണ് എന്നു തോന്നും; എന്നുവരികിലും അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം കൈവരുത്തും” എന്ന കാര്യം ജ്ഞാനിയായ ഒരു വ്യക്തിക്കറിയാം. (എബ്രായർ 12:11, NW) ഒരു ബുദ്ധിയുപദേശം ലഭിക്കുമ്പോൾ അതു വേദനാജനകമായി തോന്നിയേക്കാമെങ്കിലും, അതു സ്വീകരിക്കുന്നതു നമ്മെ കൂടുതൽ ജ്ഞാനിയാക്കുമെങ്കിൽ പിന്നെ എന്തിന് നാമതിനെ എതിർക്കുകയോ നിരാകരിക്കുകയോ ചെയ്യണം?
“നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും,” ജ്ഞാനിയായ രാജാവ് തുടർന്നു പറയുന്നു. (സദൃശവാക്യങ്ങൾ 9:9ബി) പഠിക്കേണ്ട ആവശ്യമില്ലാത്ത വിധം ആരും വളരെയേറെ ജ്ഞാനമുള്ളവരോ പ്രായം കടന്നുപോയവരോ അല്ല. തങ്ങളുടെ ജീവിതസായാഹ്നത്തിൽ ആയിരിക്കുന്നവർപോലും സത്യം സ്വീകരിക്കുകയും യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കുകയും ചെയ്യുന്നതു കാണുന്നത് എത്ര പുളകപ്രദമാണ്! പഠിക്കാനും അങ്ങനെ നമ്മുടെ മനസ്സിനെ കർമനിരതമാക്കി നിറുത്താനും നമുക്കു സ്ഥിരപരിശ്രമം ചെയ്യാം.
‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’
ജ്ഞാനം സമ്പാദിക്കാൻ ശ്രമിക്കുന്നത് നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വമാണ്. ഈ വസ്തുതയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ശലോമോൻ ഇങ്ങനെ പറയുന്നു: “നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നേ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നു എങ്കിലോ, നീ തന്നേ സഹിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 9:12) ഒരുവൻ ജ്ഞാനിയാകുന്നെങ്കിൽ അതുകൊണ്ടുള്ള പ്രയോജനം അവനു തന്നെയാണ്. അതുപോലെ പരിഹാസിക്കുണ്ടാകുന്ന കഷ്ടപ്പാടുകൾക്ക് അവൻ തന്നെയാണ് ഉത്തരവാദി. വാസ്തവത്തിൽ, നാം വിതയ്ക്കുന്നതു തന്നേ കൊയ്യും. അതുകൊണ്ട് നമുക്കു ‘ജ്ഞാനത്തിനു ശ്രദ്ധ’ കൊടുക്കാം.—സദൃശവാക്യങ്ങൾ 2:1, NW.
ആത്മീയരത്നങ്ങൾ
സദൃശവാക്യങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
9:17— “മോഷ്ടിച്ച വെള്ളം” എന്തിനെ അർഥമാക്കുന്നു, അവ “മധുര”മായിരിക്കുന്നത് എന്തുകൊണ്ട്? ബൈബിൾ വിവാഹിതർക്കിടയിലെ ലൈംഗിക ആസ്വാദനത്തെ ഒരു കിണറ്റിൽനിന്നു കോരിയെടുത്ത നവോന്മേഷദായകമായ വെള്ളം കുടിക്കുന്നതിനോട് ഉപമിച്ചിരിക്കുന്ന സ്ഥിതിക്ക്, മോഷ്ടിച്ച വെള്ളം അർഥമാക്കുന്നത് രഹസ്യത്തിലുള്ള അധാർമിക ലൈംഗികബന്ധത്തെയാണ്. (സദൃശവാക്യങ്ങൾ 5:15-17) പിടികൊടുക്കാതെ രഹസ്യത്തിൽ ചെയ്യുന്നു എന്നതുകൊണ്ടാണ് ആ വെള്ളത്തിന് മധുരമുള്ളതായി തോന്നുന്നത്.
ഏപ്രിൽ 21-27
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 10
നിങ്ങളെ യഥാർഥത്തിൽ സമ്പന്നനാക്കുന്നത് എന്താണ്?
‘നീതിമാന് അനുഗ്രഹങ്ങൾ ലഭിക്കും’
നീതിമാൻ മറ്റൊരു വിധത്തിലും അനുഗ്രഹിക്കപ്പെടുന്നു. “മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു. വേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാൻ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവൻ.”—സദൃശവാക്യങ്ങൾ 10:4, 5.
കൊയ്ത്തുകാലത്തെ ജോലിക്കാരെ സംബന്ധിച്ചിടത്തോളം രാജാവിന്റെ വാക്കുകൾ വിശേഷിച്ചും അർഥവത്താണ്. ഉറങ്ങുന്നതിനുള്ള സമയമല്ല കൊയ്ത്തുകാലം. മണിക്കൂറുകളോളം ഉത്സാഹപൂർവം പണിയെടുക്കേണ്ട സമയമാണ് അത്. അതേ, അടിയന്തിര ബോധത്തോടെ പ്രവർത്തിക്കേണ്ട സമയമാണത്.
ധാന്യത്തിന്റെയല്ല മറിച്ച് ആളുകളുടെ കൊയ്ത്തിനെ കുറിച്ച് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു [യഹോവയാം ദൈവത്തോട്] കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:35-38) 2000-ാമാണ്ടിൽ 1 കോടി 40 ലക്ഷത്തിലധികം—യഹോവയുടെ സാക്ഷികളുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം—ആളുകൾ യേശുവിന്റെ മരണത്തിന്റെ സ്മാരകത്തിനായി കൂടിവന്നു. അപ്പോൾ, ‘നിലങ്ങൾ കൊയ്ത്തിന്നു വെളുത്തിരിക്കുന്നു’ എന്ന വസ്തുതയെ ആർക്കാണു നിഷേധിക്കാൻ കഴിയുക? (യോഹന്നാൻ 4:35) യജമാനനോട് കൂടുതൽ വേലക്കാർക്കായി അപേക്ഷിക്കുമ്പോൾത്തന്നെ സത്യാരാധകർ തങ്ങളുടെ പ്രാർഥനകൾക്കു ചേർച്ചയിൽ ശിഷ്യരാക്കൽ വേലയിൽ തീക്ഷ്ണതയോടെ കഠിനാധ്വാനം ചെയ്യുന്നു. (മത്തായി 28:19, 20) അവരുടെ ശ്രമങ്ങളെ യഹോവ എത്ര സമൃദ്ധമായാണ് അനുഗ്രഹിച്ചിരിക്കുന്നത്! സേവനവർഷം 2000-ത്തിൽ പുതുതായി 2,80,000-ത്തിലധികം പേർ സ്നാപനമേറ്റു. ഇവരും ദൈവവചനം പഠിപ്പിക്കുന്നവർ ആയിരിക്കാൻ കഠിനശ്രമം ചെയ്യുന്നു. ശിഷ്യരാക്കൽ വേലയിൽ പൂർണമായി പങ്കുപറ്റിക്കൊണ്ട് ഈ കൊയ്ത്തുകാലത്ത് നമുക്ക് സന്തോഷവും സംതൃപ്തിയും ആസ്വദിക്കാം.
‘ചൊവ്വുള്ള പാതയിൽ’ നടക്കുവിൻ
ശലോമോൻ നീതിയുടെ പ്രാധാന്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അവൻ പറയുന്നു: “ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ. നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.”—സദൃശവാക്യങ്ങൾ 10:15, 16.
പട്ടണമതിൽ ഒരു പട്ടണത്തിലെ നിവാസികൾക്ക് ഒരളവുവരെ സംരക്ഷണം പ്രദാനം ചെയ്യുന്നതുപോലെ, സമ്പത്ത് ജീവിതത്തിലെ ചില അനിശ്ചിതാവസ്ഥകൾക്കെതിരെ സംരക്ഷണമായി ഉതകിയേക്കാം. അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോൾ ദാരിദ്ര്യം വിപത്കരമായേക്കാം. (സഭാപ്രസംഗി 7:12) എന്നാൽ സമ്പത്തും ദാരിദ്ര്യവുമായി ഒരുപോലെ ബന്ധപ്പെട്ടിരിക്കുന്ന ഒരു അപകടത്തെ കുറിച്ചായിരിക്കാം ജ്ഞാനിയായ രാജാവ് ഇവിടെ സൂചിപ്പിക്കുന്നത്. സമ്പന്നനായ ഒരു മനുഷ്യൻ പൂർണമായി തന്റെ സമ്പത്തിൽ ആശ്രയിക്കാൻ ചായ്വു കാട്ടിക്കൊണ്ട്, തന്റെ വിലപിടിപ്പുള്ള വസ്തുക്കൾ “ഉയർന്ന മതിൽ” പോലെ സംരക്ഷണം നൽകുമെന്ന് കരുതിയേക്കാം. (സദൃശവാക്യങ്ങൾ 18:11) ഇനി, ദാരിദ്ര്യം തന്റെ ഭാവിയെ ആശയറ്റതാക്കുന്നു എന്ന് ഒരു ദരിദ്ര മനുഷ്യൻ തെറ്റിദ്ധരിച്ചേക്കാം. അങ്ങനെ ഇരുകൂട്ടരും ദൈവമുമ്പാകെ ഒരു നല്ല പേര് സമ്പാദിക്കുന്നതിൽ പരാജയപ്പെടുന്നു.
നേരെ മറിച്ച്, ഒരു നീതിമാന് ഭൗതികമായി വളരെയധികം ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാളുടെ നീതിപ്രവൃത്തികൾ അയാളെ ജീവനിലേക്കു നയിക്കുന്നു. എങ്ങനെ? അയാൾ തനിക്ക് ഉള്ളതുകൊണ്ട് തൃപ്തിയടയുന്നു. തന്റെ സാമ്പത്തികസ്ഥിതി ദൈവമുമ്പാകെ തനിക്കുള്ള നല്ല നിലയ്ക്ക് ഒരു വിലങ്ങുതടിയാകാൻ അയാൾ അനുവദിക്കുകയില്ല. സമ്പന്നനാണെങ്കിലും ദരിദ്രനാണെങ്കിലും ഒരു നീതിമാന്റെ ജീവിതഗതി അയാൾക്ക് ഇപ്പോൾ സന്തോഷവും ഭാവിയിൽ നിത്യജീവന്റെ പ്രത്യാശയും കൈവരുത്തുന്നു. (ഇയ്യോബ് 42:10-13) ദുഷ്ടനെ സംബന്ധിച്ചിടത്തോളം അയാൾ സമ്പത്ത് വാരിക്കൂട്ടിയാലും അയാൾക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. തന്റെ സമ്പത്തിന്റെ സംരക്ഷണാത്മക മൂല്യത്തെ വിലമതിച്ചുകൊണ്ട് ദൈവഹിതത്തിനു ചേർച്ചയിൽ ജീവിക്കുന്നതിനു പകരം അയാൾ പാപപൂർണമായ ജീവിതം നയിക്കാൻ തന്റെ സമ്പത്ത് ഉപയോഗിക്കുന്നു.
it-1-E 340
അനുഗ്രഹം
യഹോവ മനുഷ്യരെ അനുഗ്രഹിക്കുന്നു. “യഹോവയുടെ അനുഗ്രഹമാണ് ഒരാളെ സമ്പന്നനാക്കുന്നത്; ദൈവം അതോടൊപ്പം വേദന നൽകുന്നില്ല.” (സുഭ 10:22) താൻ അംഗീകരിക്കുന്നവരെയാണ് യഹോവ അനുഗ്രഹിക്കുന്നത്. യഹോവ അവരെ സംരക്ഷിക്കുകയും വഴിനയിക്കുകയും വിജയിക്കാൻ സഹായിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയും ചെയ്യുന്നു. ഇതെല്ലാം അവർക്ക് വളരെയധികം പ്രയോജനം ചെയ്യും.
ആത്മീയരത്നങ്ങൾ
നിർമലതയോടെ ജീവിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
18 ‘യഹോവയുടെ അനുഗ്രഹം’—അതാണ് അവന്റെ ജനത്തിന്റെ ആത്മീയ സമൃദ്ധിക്കു കാരണമായിരിക്കുന്നത്. “അതിനോട് കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല” എന്ന് അവൻ ഉറപ്പു നൽകിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 10:22, NIBV) അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് യഹോവയുടെ പല വിശ്വസ്ത ദാസന്മാർക്കും വളരെയേറെ വേദനയ്ക്കും കഷ്ടപ്പാടിനും ഇടയാക്കുന്ന പരീക്ഷകളും പരിശോധനകളും സഹിക്കേണ്ടിവരുന്നത്? അതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. (1) പാപം ചെയ്യാനുള്ള നമ്മുടെതന്നെ പ്രവണത. (ഉല്പത്തി 6:5; 8:21; യാക്കോബ് 1:14, 15) (2) സാത്താനും അവന്റെ ഭൂതങ്ങളും. (എഫെസ്യർ 6:11, 12) (3) ദുഷ്ടലോകം. (യോഹന്നാൻ 15:19) വേദനാജനകമായ കാര്യങ്ങൾ സംഭവിക്കാൻ യഹോവ അനുവദിക്കുന്നെങ്കിലും അതിന്റെ കാരണക്കാരൻ അവനല്ല. വാസ്തവത്തിൽ “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു” എന്നു ബൈബിൾ പറയുന്നു. (യാക്കോബ് 1:17) യഹോവ തന്റെ അനുഗ്രഹങ്ങളോടൊപ്പം കഷ്ടപ്പാട് കൂട്ടിച്ചേർക്കുകയില്ല.
ഏപ്രിൽ 28–മേയ് 4
ദൈവവചനത്തിലെ നിധികൾ | സുഭാഷിതങ്ങൾ 11
അതു പറയരുത്!
നേരുള്ളവരെ നിർമലത വഴിനടത്തും
നേരുള്ളവരുടെ നിർമലതയും ദുഷ്പ്രവൃത്തിക്കാരുടെ ദുഷ്ടതയും മറ്റുള്ളവരെയും ബാധിക്കുന്നു. ഇസ്രായേലിന്റെ രാജാവു പറയുന്നു: “വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.” (സദൃശവാക്യങ്ങൾ 11:9) ഏഷണി, ദോഷകരമായ കുശുകുശുപ്പ്, അശ്ലീലസംസാരം, വ്യർഥസംസാരം എന്നിവയെല്ലാം മറ്റുള്ളവർക്കു ദ്രോഹം ചെയ്യുന്നു എന്നതിനെ ആരാണു നിഷേധിക്കുക? ഇതിൽനിന്നു വ്യത്യസ്തമായി നീതിമാനായ ഒരു വ്യക്തി നന്നായി ചിന്തിച്ച് മറ്റുള്ളവരോടു പരിഗണന കാട്ടുന്ന വിധത്തിലായിരിക്കും സംസാരിക്കുക. അശുദ്ധമായ യാതൊന്നും അയാളുടെ വായിൽനിന്നു വരികയില്ല. അയാൾ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു, കാരണം അയാളുടെ നിർമലഗതി തനിക്കു നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഭോഷ്കു പറയുകയാണെന്നു കാണിക്കുന്നതിനു വേണ്ട തെളിവുകൾ നൽകുന്നു.
നേരുള്ളവരെ നിർമലത വഴിനടത്തും
നേരുള്ള ഒരു ഗതി പിൻപറ്റുന്ന പട്ടണവാസികൾ സമാധാനവും നന്മയും വർധിപ്പിക്കുകയും സമൂഹത്തിലെ മറ്റുള്ളവരെ കെട്ടുപണി ചെയ്യുകയും ചെയ്യും. അങ്ങനെ പട്ടണം അഭ്യുദയം പ്രാപിക്കുന്നു അഥവാ അഭിവൃദ്ധി കൈവരിക്കുന്നു. ഏഷണി പറഞ്ഞു പരത്തുകയോ അസത്യമായതും മുറിപ്പെടുത്തുന്നതുമായ കാര്യങ്ങൾ പറയുകയോ ചെയ്യുന്നവർ പ്രക്ഷുബ്ധത, അസന്തുഷ്ടി, അനൈക്യം, അസ്വസ്ഥത എന്നിവയ്ക്ക് ഇടയാക്കുന്നു. ഈ വ്യക്തികൾ അധികാര സ്ഥാനത്ത് ഉള്ളവരാണെങ്കിൽ ഇതു വിശേഷിച്ചും സത്യമാണ്. അത്തരമൊരു പട്ടണത്തിൽ ക്രമരാഹിത്യവും അഴിമതിയും നടമാടുകയും അവിടെ ധാർമികവും ചിലപ്പോൾ സാമ്പത്തികവുമായ അധഃപതനം ഉണ്ടാകുകയും ചെയ്തേക്കാം.
സദൃശവാക്യങ്ങൾ 11:11-ലെ തത്ത്വം യഹോവയുടെ ജനത്തിനും ബാധകമാണ്. കാരണം അവർ പട്ടണസമാന സഭകളിൽ അന്യോന്യം സഹവസിക്കുന്നു. ആത്മീയരായ വ്യക്തികളുള്ള—നിർമലതയാൽ വഴിനയിക്കപ്പെടുന്ന നേരുള്ളവർ—ഒരു സഭ സന്തുഷ്ടരും പ്രവർത്തനനിരതരും സഹായമനസ്കരുമായ ആളുകളുടെ കൂട്ടമായിരിക്കും, അവർ ദൈവത്തിനു മഹത്ത്വം കൈവരുത്തും. യഹോവ സഭയെ അനുഗ്രഹിക്കും, അത് ആത്മീയമായി അഭിവൃദ്ധി പ്രാപിക്കും. അസന്തുഷ്ടരും അസംതൃപ്തരും കാര്യങ്ങൾ ചെയ്യപ്പെടുന്ന വിധത്തെ വിമർശിക്കുകയും കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരായ ഏതാനും വ്യക്തികൾ ഉണ്ടെങ്കിൽ അവർ ‘വിഷമുള്ള വേര്’ പോലെയാണ്. ഇത്തരക്കാർ അവരുടെ വിഷം മറ്റുള്ളവരിലും കുത്തിവെച്ചേക്കാം. (എബ്രായർ 12:15, NW) ഇങ്ങനെയുള്ളവർ പലപ്പോഴും കൂടുതൽ അധികാരവും പ്രാമുഖ്യതയും ആഗ്രഹിക്കുന്നു. സഭ അല്ലെങ്കിൽ മൂപ്പന്മാർ അനീതിയും വംശീയ മുൻവിധിയും പ്രകടമാക്കുന്നുവെന്നും മറ്റും അവർ പറഞ്ഞു പരത്തുന്നു. അവരുടെ വായ് സഭയിൽ പിളർപ്പ് ഉണ്ടാകുന്നതിന് ഇടയാക്കിയേക്കാം. അത്തരം സംസാരത്തിനു നേരെ ചെവിയടച്ചുകളഞ്ഞുകൊണ്ട് സഭയുടെ സമാധാനവും ഐക്യവും ഉന്നമിപ്പിക്കുന്ന ആത്മീയരായ വ്യക്തികൾ ആയിരിക്കാൻ നാം ശ്രമിക്കേണ്ടതല്ലേ?
നേരുള്ളവരെ നിർമലത വഴിനടത്തും
വിവേകമില്ലാത്ത അല്ലെങ്കിൽ ‘ബുദ്ധിഹീനനായ’ ഒരു വ്യക്തി എത്ര വലിയ ദ്രോഹമാണു വരുത്തിവെക്കുക! തന്റെ വാക്കുകളെ നിയന്ത്രിക്കാത്ത അയാൾ ശകാരവർഷം നടത്തുകയും ഏഷണി പറയുകയും വരെ ചെയ്യും. ഇങ്ങനെയുള്ള അനാരോഗ്യകരമായ സ്വാധീനം അവസാനിപ്പിക്കാൻ നിയമിത മൂപ്പന്മാർ സത്വരം നടപടി കൈക്കൊള്ളേണ്ടതാണ്. ‘ബുദ്ധിഹീനനിൽനിന്നു’ വ്യത്യസ്തമായി വിവേകമുള്ള ഒരു വ്യക്തിക്ക് എപ്പോൾ മിണ്ടാതിരിക്കണമെന്ന് അറിയാം. അയാൾ മറ്റൊരു വ്യക്തിയുടെ രഹസ്യം പാട്ടാക്കുകയില്ല. നിയന്ത്രണമില്ലാത്ത നാവിന് വളരെ ദോഷം ചെയ്യാൻ കഴിയുമെന്നു മനസ്സിലാക്കുന്ന വിവേകമതി ‘വിശ്വസ്തമാനസൻ’ ആണ്. അയാൾ സഹവിശ്വാസികളോടു വിശ്വസ്തനാണ്, അവരെ അപകടപ്പെടുത്താവുന്ന രഹസ്യവിവരങ്ങൾ അയാൾ പുറത്തു പറയുകയില്ല. അത്തരം നിർമലതാപാലകർ സഭയ്ക്ക് എത്ര വലിയ അനുഗ്രഹമാണ്!
ആത്മീയരത്നങ്ങൾ
g20.1 11, ചതുരം
ടെൻഷനെ എങ്ങനെ നേരിടാം?
‘ദയകൊണ്ട് ടെൻഷനെ തോൽപ്പിക്കാം’
“ദയ കാട്ടുന്നവൻ തനിക്കുതന്നെ ഗുണം ചെയ്യുന്നു; എന്നാൽ ക്രൂരത കാട്ടുന്നവൻ സ്വയം കഷ്ടങ്ങൾ വരുത്തിവെക്കുന്നു.”—സുഭാഷിതങ്ങൾ 11:17.
ടെൻഷൻ മറികടക്കാൻ (ഇംഗ്ലീഷ്) എന്ന ഡോ. ടിം ക്യാന്റഫറിന്റെ പുസ്തകത്തിൽ ‘ദയകൊണ്ട് ടെൻഷനെ തോൽപ്പിക്കാം’ എന്നൊരു പാഠമുണ്ട്. മറ്റുള്ളവരോടു ദയയോടെ ഇടപെടുമ്പോൾ നമ്മുടെ ആരോഗ്യവും സന്തോഷവും വർധിക്കുമെന്ന് അതിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു. മറുവശത്ത് ക്രൂരമായി പെരുമാറുന്ന ഒരു വ്യക്തിക്ക് ഒട്ടും സന്തോഷമുണ്ടാകില്ല. കാരണം, അദ്ദേഹം മറ്റുള്ളവരിൽനിന്ന് തന്നെത്തന്നെ ഒറ്റപ്പെടുത്തുകയാണ്.
നമ്മളോടുതന്നെ ദയയോടെ ഇടപെട്ടുകൊണ്ട് നമുക്ക് ടെൻഷൻ കുറയ്ക്കാൻ കഴിഞ്ഞേക്കും. ഉദാഹരണത്തിന്, നമ്മൾ നമ്മളിൽത്തന്നെ യാഥാർഥ്യബോധമില്ലാത്തതോ അതിരുകവിഞ്ഞതോ ആയ പ്രതീക്ഷകൾ വെക്കരുത്. എന്നാൽ നമ്മൾ നമ്മളെത്തന്നെ വിലകുറച്ച് കാണാനും പാടില്ല. കാരണം “നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്നാണ് യേശുക്രിസ്തു പറഞ്ഞത്.—മർക്കോസ് 12:31.