പൊള്ളുന്ന വില—എന്തു ചെയ്യും?
യാഥാർഥ്യത്തെ അംഗീകരിക്കുക
സാധനങ്ങളുടെ വില പതിയെപ്പതിയെ കൂടുന്നതു നമ്മുടെ ശ്രദ്ധയിൽപ്പെടാതെപോയേക്കാം; പ്രത്യേകിച്ചും നമ്മുടെ ശമ്പളം കൂടുന്നുണ്ടെങ്കിൽ. എന്നാൽ സാധനങ്ങളുടെ വില കുതിച്ചുയരുകയും ശമ്പളത്തിൽ വർധനവൊന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു വല്ലാതെ ടെൻഷൻ തോന്നും. കുടുംബത്തിനുവേണ്ടി കരുതേണ്ട ഒരാളുടെ കാര്യം പറയേണ്ടതില്ലല്ലോ.
വിലക്കയറ്റത്തെ തടയാൻ നമുക്കു കഴിയില്ല. എന്നാൽ അതൊരു യാഥാർഥ്യമാണെന്നു തിരിച്ചറിയുന്നതു നമുക്കു പ്രയോജനം ചെയ്യും.
അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
വിലക്കയറ്റത്തെ യാഥാർഥ്യബോധത്തോടെ കാണുകയാണെങ്കിൽ. . .
നമുക്കു ശാന്തരായി നിൽക്കാൻ കഴിയും. അങ്ങനെയാകുമ്പോൾ ശരിയായ വിധത്തിൽ ചിന്തിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും സാധിക്കും.
ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്നത് ഒഴിവാക്കാനാകും. ഉദാഹരണത്തിന്, ബില്ലുകൾ അടയ്ക്കാതിരിക്കുക, അനാവശ്യമായി പണം ചെലവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ.
പണത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കാൻ കഴിയും.
അനാവശ്യമായി സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാനും അവശ്യസാധനങ്ങൾ ഏതാണെന്നു തീരുമാനിക്കാനും കഴിയും.
നമുക്ക് എന്തു ചെയ്യാനാകും?
സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുക. വിലക്കയറ്റത്തിന്റെ സമയത്ത് സാധിക്കുമെങ്കിൽ ചെലവുകൾ കുറയ്ക്കുന്നതാണു ബുദ്ധി. ചില ആളുകൾ ഉള്ളതിനെക്കാൾ കൂടുതൽ പണം ചെലവാക്കാൻ ശ്രമിക്കുന്നു. അത് അവരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടാക്കിത്തീർക്കും. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തി, കുത്തിയൊഴുകുന്ന ഒരു നദിയുടെ ഒഴുക്കിന് എതിരെ നീന്താൻ ശ്രമിക്കുന്നതുപോലെയായിരിക്കും. അവസാനം ആ വ്യക്തി തളർന്നുപോകും. നിങ്ങൾക്ക് ഒരു കുടുംബമുണ്ടെങ്കിൽ, അവർക്കുവേണ്ടി കരുതണം എന്നതു ശരിയാണ്. അപ്പോഴും ഒരു കാര്യം ഓർക്കുക, മറ്റെന്തിനെക്കാളും നിങ്ങളുടെ കുടുംബത്തിനു വേണ്ടതു നിങ്ങളുടെ സ്നേഹവും സമയവും ശ്രദ്ധയും ആണ്.
യാഥാർഥ്യബോധമില്ലാതെ ആഡംബര ജീവിതരീതി നിലനിറുത്താൻ ശ്രമിക്കുന്നതു കുത്തിയൊഴുകുന്ന ഒരു നദിയുടെ ഒഴുക്കിന് എതിരെ നീന്താൻ ശ്രമിക്കുന്നതുപോലെയായിരിക്കും