അധ്യായം മൂന്ന്
‘ഞാൻ താഴ്മയുള്ളവനാണ്’
“ഇതാ, നിന്റെ രാജാവ് വരുന്നു”
1-3. (എ) യേശു ഏതു വിധത്തിലാണ് യരുശലേമിൽ പ്രവേശിച്ചത്? (ബി) കാഴ്ചക്കാരിൽ ചിലർ അമ്പരന്നുപോയിരിക്കാവുന്നത് എന്തുകൊണ്ട്?
യരുശലേമിൽ ആകെയൊരു ആഘോഷത്തിന്റെ പ്രതീതിയാണ്. ഒരു വിശിഷ്ട വ്യക്തിയാണ് നഗരത്തിലേക്ക് എഴുന്നള്ളുന്നത്. അദ്ദേഹത്തെ വരവേൽക്കാനായി നഗരത്തിനു പുറത്ത്, വഴിയരികിൽ ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. അദ്ദേഹം ദാവീദ് രാജാവിന്റെ പിൻഗാമിയാണെന്നും ഇസ്രായേലിനെ ഭരിക്കാൻ എന്തുകൊണ്ടും യോഗ്യനാണെന്നും ചിലർ അടക്കം പറയുന്നു. പലരുടെയും കൈയിൽ ഈന്തപ്പനയുടെ ഓലകളുണ്ട്. ചിലർ വഴിയിൽ പുറങ്കുപ്പായങ്ങൾ വിരിക്കുന്നു, മറ്റു ചിലർ മരച്ചില്ലകൾ നിരത്തുന്നു. (മത്തായി 21:7, 8; യോഹന്നാൻ 12:12, 13) അദ്ദേഹത്തിന്റെ എഴുന്നള്ളത്ത് വളരെ ഗംഭീരമായിരിക്കും എന്നാണ് പലരും ചിന്തിക്കുന്നത്.
2 രാജകീയ പ്രൗഢിയോടെയുള്ള ഒരു കാഴ്ചയായിരിക്കാം ചിലരെങ്കിലും പ്രതീക്ഷിക്കുന്നത്. അലങ്കാരബഹുലമായ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള പലരെയും ആ നഗരവാസികൾക്ക് അറിയാം. ദാവീദിന്റെ മകനായ അബ്ശാലോം തന്റെ എഴുന്നള്ളത്തിന്റെ സമയത്ത് രഥത്തിനു മുമ്പിലായി ഓടുവാൻ 50 പുരുഷന്മാരെ നിയമിച്ചിരുന്നു. (2 ശമുവേൽ 15:1, 10) അതിലും ഗംഭീരമായിരുന്നു റോമൻ ചക്രവർത്തിയായ ജൂലിയസ് സീസറിന്റെ എഴുന്നള്ളത്ത്. ഒരിക്കൽ റോമൻ കാപ്പിറ്റോളിലേക്കുള്ള ജയോത്സവയാത്രയിൽ ദീപങ്ങളുമായി 40 ആനകൾ അദ്ദേഹത്തിന് അകമ്പടിയായുണ്ടായിരുന്നു. എന്നാൽ ഇവരെക്കാളൊക്കെ വിശിഷ്ടനായ ഒരാളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ യരുശലേം നഗരം. തങ്ങൾ പ്രതീക്ഷിക്കുന്ന വ്യക്തി മിശിഹയാണെന്ന് ഈ ജനക്കൂട്ടം അറിയുന്നുണ്ടോ ആവോ? അതെന്തായാലും, ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച് ഏറ്റവും മഹാനായ മനുഷ്യൻ, യേശുവാണ് ആഗതനാകുന്നത്. യേശു വരുമ്പോൾ അവരിൽ ചിലരെങ്കിലും അമ്പരന്നുപോകും, തീർച്ച.
3 അതാ യേശു വരുന്നു! പക്ഷേ അകമ്പടിയായി കുതിരകളോ ആനകളോ രഥങ്ങളോ ഒന്നുമില്ല. ഒരു കഴുതക്കുട്ടിയുടെ, ഒരു ചുമട്ടുമൃഗത്തിന്റെ,a പുറത്തിരുന്നാണ് യേശു വരുന്നത്. ആ മൃഗത്തിനോ അതിന്റെ പുറത്തിരിക്കുന്ന ആൾക്കോ ചമയങ്ങളൊന്നുമില്ല. കഴുതക്കുട്ടിയുടെ പുറത്തിട്ടിരിക്കുന്നത് വിലകൂടിയ ജീനിയല്ല; യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ നൽകിയ വസ്ത്രങ്ങളാണ്. യേശുവിനെക്കാൾ താഴ്ന്നവരായ മനുഷ്യർ വലിയ ആഡംബരത്തോടും പ്രൗഢിയോടുംകൂടെ എഴുന്നള്ളത്ത് നടത്തിയിട്ടുണ്ടെന്നിരിക്കെ, ഇങ്ങനെ എളിയൊരു വിധത്തിൽ യേശു യരുശലേമിലേക്കു പ്രവേശിച്ചത് എന്തുകൊണ്ടാണ്?
4. മിശിഹൈക രാജാവ് യരുശലേമിലേക്കു പ്രവേശിക്കുന്നതു സംബന്ധിച്ച് ബൈബിൾ എന്തു മുൻകൂട്ടിപ്പറഞ്ഞു?
4 യേശു പിൻവരുന്ന പ്രവചനം നിവർത്തിക്കുകയാണിവിടെ: “സന്തോഷിച്ചാർക്കുക. യരുശലേംപുത്രീ, ജയഘോഷം മുഴക്കുക. ഇതാ, നിന്റെ രാജാവ് വരുന്നു. അവൻ നീതിമാൻ, അവൻ രക്ഷ നൽകുന്നു; അവൻ താഴ്മയോടെ കഴുതപ്പുറത്ത് വരുന്നു.” (സെഖര്യ 9:9) ദൈവത്തിന്റെ അഭിഷിക്തനായ മിശിഹ, ദൈവത്തിന്റെ നിയുക്ത രാജാവായി ഒരിക്കൽ യരുശലേംനിവാസികൾക്കു തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുമെന്ന് ഈ പ്രവചനം സൂചിപ്പിച്ചു. മിശിഹ അതു വെളിപ്പെടുത്തുന്ന വിധം—വിശേഷിച്ചും ഒരു എളിയ മൃഗത്തിന്റെ പുറത്തേറിവരുന്നത്—മിശിഹയുടെ താഴ്മയെന്ന ഗുണത്തെ എടുത്തുകാട്ടുമായിരുന്നു.
5. (എ) യേശു കാണിച്ച താഴ്മയെക്കുറിച്ച് ചിന്തിക്കുന്തോറും അതു നമ്മെ ആഴത്തിൽ സ്വാധീനിക്കും എന്ന് പറയാവുന്നത് എന്തുകൊണ്ട്? (ബി) ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 യേശുവിന്റെ ഏറ്റവും ആകർഷകമായ ഗുണങ്ങളിലൊന്നാണ് താഴ്മ. യേശുവിന്റെ ഈ ഉത്കൃഷ്ട ഗുണത്തെക്കുറിച്ച് നാം ചിന്തിക്കുന്തോറും അതു നമ്മെ ആഴത്തിൽ സ്വാധീനിക്കും. മുൻ അധ്യായത്തിൽ കണ്ടുകഴിഞ്ഞതുപോലെ യേശു മാത്രമാണ് “വഴിയും സത്യവും ജീവനും.” (യോഹന്നാൻ 14:6) ദൈവത്തിന്റെ ഈ പുത്രനോളം ഔന്നത്യം ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ള വേറെ ഒരാൾക്കും ഉണ്ടായിരുന്നിട്ടില്ല. എങ്കിലും അപൂർണ മനുഷ്യരിൽ ഒട്ടുമിക്കവരെയും പിടികൂടിയിട്ടുള്ള അഹങ്കാരത്തിന്റെ ഒരു കണികപോലും യേശുവിലില്ലായിരുന്നു. ക്രിസ്തുവിന്റെ അനുഗാമികളാകണമെങ്കിൽ അഹങ്കാരത്തിന്റെ കെണിയിലകപ്പെടാതെ നാം സൂക്ഷിക്കണം. (യാക്കോബ് 4:6) അഹങ്കാരം യഹോവ വെറുക്കുന്നു എന്ന കാര്യം ഓർക്കുക. അതിനാൽ യേശുവിനെ അനുകരിച്ചുകൊണ്ട് താഴ്മയുള്ളവരായിരിക്കാൻ നാം പഠിക്കണം.
താഴ്മയുടെ ഉത്തമ മാതൃക
6. (എ) താഴ്മയുള്ള ഒരാൾ എങ്ങനെയുള്ളവനായിരിക്കും? (ബി) മിശിഹ താഴ്മയുള്ളവനായിരിക്കുമെന്ന് യഹോവയ്ക്ക് അറിയാമായിരുന്നത് എങ്ങനെ?
6 താഴ്മയുള്ള ഒരാൾക്ക് താൻ എളിയവനാണെന്ന ചിന്തയുണ്ടായിരിക്കും. അയാൾ അഹംഭാവിയോ ദുരഭിമാനിയോ ആയിരിക്കില്ല. താഴ്മ ഒരു ആന്തരിക സവിശേഷതയാണ്. ഒരു വ്യക്തിയുടെ സംസാരത്തിലും സ്വഭാവത്തിലും മറ്റുള്ളവരോടുള്ള ഇടപെടലുകളിലുമെല്ലാം ഈ ഗുണം പ്രകടമായിരിക്കും. മിശിഹ താഴ്മയുള്ളവനായിരിക്കുമെന്ന് യഹോവ എങ്ങനെയാണ് മനസ്സിലാക്കിയത്? താഴ്മയുടെ കാര്യത്തിൽ, തന്റെ പുത്രൻ തന്നെ അതേപടി അനുകരിക്കുന്നവനാണെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. (യോഹന്നാൻ 10:15) തന്റെ പുത്രൻ താഴ്മയോടെ പ്രവർത്തിക്കുന്നതും യഹോവ നിരീക്ഷിച്ചിട്ടുണ്ട്. ഏതു വിധത്തിൽ?
7-9. (എ) സാത്താനുമായി വിയോജിപ്പുണ്ടായ സാഹചര്യത്തിൽ മീഖായേൽ താഴ്മ പ്രകടമാക്കിയത് എങ്ങനെ? (ബി) മീഖായേലിനെ അനുകരിച്ചുകൊണ്ട് ക്രിസ്ത്യാനികൾക്ക് എങ്ങനെ താഴ്മ കാണിക്കാനാകും?
7 അതിന്റെ ശ്രദ്ധേയമായ ഒരു ഉദാഹരണം യൂദയുടെ പുസ്തകത്തിൽ കാണാം. ‘മുഖ്യദൂതനായ മീഖായേൽ മോശയുടെ ശരീരത്തെക്കുറിച്ച് പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിക്കുമ്പോൾ പിശാചിനെ അധിക്ഷേപിക്കാനോ കുറ്റം വിധിക്കാനോ മുതിർന്നില്ല. പകരം, “യഹോവ നിന്നെ ശകാരിക്കട്ടെ” എന്നു പറഞ്ഞതേ ഉള്ളൂ’ എന്ന് യൂദ 9 പറയുന്നു. മുഖ്യദൂതൻ എന്ന നിലയിൽ അഥവാ യഹോവയുടെ സ്വർഗീയ ദൂതസേനയുടെ അധിപൻ എന്ന നിലയിൽ മീഖായേൽ എന്ന പേര് യേശുവിനു ബാധകമാകുന്നു.b (1 തെസ്സലോനിക്യർ 4:16) ഭൂമിയിലേക്കു വരുന്നതിനു മുമ്പും അതിനു ശേഷവും യേശുവിനെ ഈ പേരിനാൽ ബൈബിൾ വിശേഷിപ്പിക്കുന്നുണ്ട്. സാത്താനുമായുള്ള വിയോജിപ്പ് മീഖായേൽ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നു ശ്രദ്ധിക്കുക.
8 മോശയുടെ ശരീരംകൊണ്ട് എന്തു ചെയ്യാനാണ് സാത്താൻ ആഗ്രഹിച്ചത് എന്ന് യൂദയുടെ വിവരണം പറയുന്നില്ല. എന്നാൽ പിശാചിന് നീചമായ എന്തോ ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് വ്യക്തം. വിശ്വസ്തനായ ആ മനുഷ്യന്റെ ഭൗതികാവശിഷ്ടങ്ങൾ, വ്യാജാരാധന ഊട്ടിവളർത്തുന്നതിനുള്ള ഒരുപാധിയാക്കാമെന്ന് ഒരുപക്ഷേ സാത്താൻ കണക്കുകൂട്ടിയിരിക്കാം. സാത്താന്റെ ആ കുടില നീക്കത്തെ എതിർത്തെങ്കിലും മീഖായേൽ ആ അവസരത്തിൽ അസാമാന്യ ആത്മനിയന്ത്രണം പാലിച്ചു. സാത്താൻ കടുത്ത ശാസന അർഹിച്ചെങ്കിലും അത് നൽകാൻ മീഖായേൽ അപ്പോൾ തുനിഞ്ഞില്ല. കാരണം ന്യായവിധിക്കുള്ള പൂർണ അധികാരം മീഖായേലിന് അപ്പോൾ ലഭിച്ചിട്ടില്ലായിരുന്നു. സാത്താനെ ശകാരിക്കാനുള്ള അധികാരം യഹോവയ്ക്കു മാത്രമേയുള്ളൂവെന്ന് മീഖായേലിന് അറിയാമായിരുന്നു. (യോഹന്നാൻ 5:22) മുഖ്യദൂതൻ എന്ന നിലയിൽ മീഖായേലിന് വലിയ അധികാരമുണ്ടായിരുന്നു. എന്നിരുന്നാലും കൂടുതലായ അധികാരം കയ്യാളാൻ ശ്രമിക്കാതെ മീഖായേൽ താഴ്മയോടെ യഹോവയ്ക്കു കീഴ്പെട്ടിരുന്നു. താഴ്മയ്ക്കു പുറമേ മീഖായേലിന് എളിമയും ഉണ്ടായിരുന്നു. അതെ, മീഖായേൽ തന്റെ പരിമിതികളെക്കുറിച്ച് ബോധവാനായിരുന്നു.
9 ഈ വിവരണം രേഖപ്പെടുത്താൻ ദൈവം യൂദയെ പ്രചോദിപ്പിച്ചത് ഒരു ഉദ്ദേശ്യത്തോടെയായിരുന്നു. യൂദയുടെ നാളിലെ ചില ക്രിസ്ത്യാനികൾ താഴ്മയുള്ളവരായിരുന്നില്ല. അവർ അഹങ്കാരത്തോടെ ‘തങ്ങൾക്കു മനസ്സിലാകാത്ത എല്ലാത്തിനെയും അധിക്ഷേപിച്ച്’ സംസാരിച്ചിരുന്നു. (യൂദ 10) അപൂർണമനുഷ്യരായ നമ്മെ എത്ര എളുപ്പത്തിലാണ് അഹങ്കാരം പിടികൂടുന്നത്! ക്രിസ്തീയസഭയിൽ, മൂപ്പന്മാരുടെ സംഘം എടുക്കുന്ന ഒരു തീരുമാനമോ മറ്റോ നമുക്കു മനസ്സിലാകാതെ വന്നാൽ നാം എങ്ങനെയായിരിക്കും പ്രതികരിക്കുന്നത്? അത്തരമൊരു തീരുമാനത്തിനു പിന്നിലെ എല്ലാ വസ്തുതകളും അറിയില്ലെന്നിരിക്കെ, നാം അതിനെ വിമർശിച്ച് സംസാരിക്കുകയാണെങ്കിൽ നമുക്ക് താഴ്മയുണ്ടെന്നു പറയാനാകുമോ? അതുകൊണ്ട് നമുക്ക് മീഖായേലിനെ അഥവാ യേശുവിനെ അനുകരിച്ചുകൊണ്ട് ദൈവം നമ്മെ അധികാരപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളെ വിധിക്കാതിരിക്കാം.
10, 11. (എ) ഭൂമിയിലേക്കു വരാൻ ദൈവപുത്രൻ കാണിച്ച മനസ്സൊരുക്കം ഏറെ ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ട്? (ബി) യേശുവിന്റെ താഴ്മ നമുക്ക് എങ്ങനെ പകർത്താം?
10 ഭൂമിയിലേക്കു വരാനുള്ള നിയമനം സ്വീകരിച്ചുകൊണ്ടും ദൈവപുത്രൻ താഴ്മ കാണിച്ചു. യേശുവിന് അതിനായി എന്തെല്ലാമാണ് ഉപേക്ഷിക്കേണ്ടിവന്നതെന്ന് ചിന്തിക്കുക. യേശു മുഖ്യദൂതനായിരുന്നു. “വചനം” അഥവാ യഹോവയുടെ വക്താവ് ആയിരിക്കാനുള്ള പദവി യേശുവിനുണ്ടായിരുന്നു. (യോഹന്നാൻ 1:1-3) “വിശുദ്ധമായ സ്വർഗത്തിൽ,” യഹോവയുടെ “ഉന്നതവും മഹത്ത്വപൂർണവും ആയ വാസസ്ഥലത്ത്,” ആണ് ഈ പുത്രൻ വസിച്ചിരുന്നത്. (യശയ്യ 63:15) എന്നിരുന്നാലും ദൈവപുത്രൻ “തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത് മനുഷ്യനായിത്തീർന്നു.” (ഫിലിപ്പിയർ 2:7) ഇനി, ഭൂമിയിലെ യേശുവിന്റെ നിയമനത്തിൽ ഉൾപ്പെട്ടിരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ദൈവം തന്റെ പുത്രന്റെ ജീവൻ ഒരു ജൂതകന്യകയുടെ ഉദരത്തിലേക്കു മാറ്റി. മറ്റേതൊരു കുഞ്ഞിന്റെയും കാര്യത്തിലെന്നപോലെ ഒൻപതു മാസം യേശു തന്റെ അമ്മയുടെ ഉദരത്തിൽ കഴിയണമായിരുന്നു. അതിനു ശേഷം യേശു നിസ്സഹായനായ ഒരു ശിശുവായി ഭൂമിയിലേക്കു പിറന്നുവീണു, അതും ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ കുടുംബത്തിൽ. പിന്നെ യേശു വളർന്ന് ഒരു ബാലനായി, ഒരു യുവാവായി. പൂർണനായിരുന്നെങ്കിലും യൗവനകാലത്തുടനീളം യേശു തന്റെ അപൂർണരായ മാതാപിതാക്കൾക്കു കീഴ്പെട്ട് ജീവിച്ചു. (ലൂക്കോസ് 2:40, 51, 52) താഴ്മയുടെ എത്ര മുന്തിയ ദൃഷ്ടാന്തം!
11 എളിയതെന്നു തോന്നുന്ന നിയമനങ്ങൾ മനസ്സോടെ സ്വീകരിച്ചുകൊണ്ട് നമുക്ക് യേശുവിനെ അനുകരിക്കാനാകുമോ? ഉദാഹരണത്തിന്, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാനുള്ള നിയമനം തികച്ചും എളിയ ഒരു വേലയാണെന്നു നമുക്കു തോന്നിയേക്കാം, വിശേഷിച്ചും ആളുകൾ നിസ്സംഗത കാട്ടുകയും പരിഹസിക്കുകയും എതിർക്കുകയുമൊക്കെ ചെയ്യുമ്പോൾ. (മത്തായി 28:19, 20) എന്നാൽ അതെല്ലാം സഹിച്ച് നാം ഈ വേലയിൽ തുടരുമ്പോൾ അനേകം ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്കാകും. ഇനി, നമുക്ക് അതിനായില്ലെങ്കിൽത്തന്നെ താഴ്മ എന്താണെന്ന് നന്നായി പഠിക്കാനുള്ള അവസരങ്ങളാണ് ഈ വേലയിലൂടെ നമുക്കു ലഭിക്കുന്നത്. അങ്ങനെ നമ്മുടെ നായകനായ യേശുക്രിസ്തുവിന്റെ കാലടികൾ അടുത്ത് പിൻപറ്റാൻ നമുക്കു കഴിയും.
മനുഷ്യരൂപത്തിലായിരിക്കുമ്പോഴും താഴ്മ കാണിച്ചു
12-14. (എ) ആളുകൾ പുകഴ്ത്തിയപ്പോൾ യേശു താഴ്മ കാണിച്ചത് എങ്ങനെ? (ബി) യേശു ആളുകളോട് താഴ്മയോടെ ഇടപെട്ടതിന് ഉദാഹരണങ്ങൾ നൽകുക. (സി) മറ്റുള്ളവരിൽ മതിപ്പുളവാക്കുക എന്ന ലക്ഷ്യത്തിലല്ല യേശു താഴ്മ പ്രകടിപ്പിച്ചത് എന്നു പറയുന്നത് എന്തുകൊണ്ട്?
12 തുടക്കംമുതൽ അവസാനംവരെ യേശുവിന്റെ ശുശ്രൂഷയിൽ താഴ്മ പ്രകടമായിരുന്നു. യേശു എല്ലായ്പോഴും താഴ്മയോടെ മഹത്ത്വം തന്റെ പിതാവിലേക്കു തിരിച്ചുവിട്ടു. യേശുവിന്റെ വാക്കുകളിൽ പ്രതിഫലിച്ച ജ്ഞാനത്തെയും യേശുവിന്റെ വീര്യപ്രവൃത്തികളെയും സ്വഭാവവൈശിഷ്ട്യത്തെയുമെല്ലാം ആളുകൾ പലപ്പോഴും പുകഴ്ത്തിയിരുന്നു. എന്നാൽ അങ്ങനെയുള്ള അവസരങ്ങളിലെല്ലാം യേശു ആ മഹത്ത്വം യഹോവയ്ക്കു നൽകി.—മർക്കോസ് 10:17, 18; യോഹന്നാൻ 7:15, 16.
13 യേശു ആളുകളോട് ഇടപെട്ടതും താഴ്മയോടെയാണ്. താൻ ഭൂമിയിലേക്കു വന്നത് ശുശ്രൂഷിക്കപ്പെടാനല്ല, മറ്റുള്ളവരെ ശുശ്രൂഷിക്കാനാണെന്ന് യേശു വ്യക്തമാക്കി. (മത്തായി 20:28) ആളുകളോട് സൗമ്യതയോടും ന്യായബോധത്തോടും കൂടെ ഇടപെട്ടുകൊണ്ട് യേശു താഴ്മ കാണിച്ചു. ശിഷ്യന്മാർ തന്നെ നിരാശപ്പെടുത്തിയപ്പോഴും യേശു അവരെ ശകാരിച്ചില്ല; പകരം ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ശ്രമിച്ചു. (മത്തായി 26:39-41) യേശു വിശ്രമവും സ്വകാര്യതയും ആഗ്രഹിച്ച അവസരങ്ങളിൽ ആളുകൾ തന്നെ തേടിയെത്തിയപ്പോൾ യേശു അവരെ മടക്കി അയച്ചില്ല. സ്വന്തം കാര്യം മാറ്റിവെച്ച് “അവരെ പലതും പഠിപ്പിച്ചു.” (മർക്കോസ് 6:30-34) മറ്റൊരു അവസരത്തിൽ ജനതകളിൽപ്പെട്ട ഒരു സ്ത്രീ തന്റെ മകളെ സുഖപ്പെടുത്താൻ യാചിച്ചുകൊണ്ട് യേശുവിന്റെ അടുക്കൽ വന്നു. ആദ്യം, താൻ അതു ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് യേശു വളരെ ശാന്തമായി സൂചിപ്പിച്ചു. എങ്കിലും ആ സ്ത്രീയുടെ അസാധാരണമായ വിശ്വാസം കണ്ട് യേശു ആ സ്ത്രീയുടെ ആവശ്യം നിറവേറ്റിക്കൊടുത്തു. ഇതെക്കുറിച്ച് നാം 14-ാം അധ്യായത്തിൽ പഠിക്കുന്നതായിരിക്കും.—മത്തായി 15:22-28.
14 ‘ഞാൻ സൗമ്യനും താഴ്മയുള്ളവനും ആണ്’ എന്ന് യേശു പറഞ്ഞു. (മത്തായി 11:29) ആ പ്രസ്താവനയ്ക്കു ചേർച്ചയിലാണ് യേശു ജീവിച്ചതും. യേശുവിന്റെ താഴ്മ കേവലം ഒരു ബാഹ്യപ്രകടനമല്ലായിരുന്നു; ആളുകളിൽ മതിപ്പുളവാക്കുക എന്ന ലക്ഷ്യത്തിലല്ല യേശു വിനയത്തോടെ പെരുമാറിയത്. അത് ഉള്ളിന്റെ ഉള്ളിൽനിന്ന് വന്ന ഒരു ഗുണമായിരുന്നു. തന്റെ അനുഗാമികളെ താഴ്മയുള്ളവരായിരിക്കാൻ പഠിപ്പിക്കുന്നതിന് യേശു ഏറെ പ്രാധാന്യം നൽകിയതിൽ അതിശയിക്കാനില്ല.
താഴ്മയുള്ളവരായിരിക്കാൻ അനുഗാമികളെ പഠിപ്പിക്കുന്നു
15, 16. ലോകത്തിലെ ഭരണാധികാരികളിൽനിന്നു വ്യത്യസ്തമായി തന്റെ അനുഗാമികൾക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണമെന്നാണ് യേശു പറഞ്ഞത്?
15 താഴ്മ എന്ന ഗുണം വളർത്തിയെടുക്കുന്ന കാര്യത്തിൽ യേശുവിന്റെ അപ്പോസ്തലന്മാർ വളരെ പുറകോട്ടായിരുന്നു. താഴ്മയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ യേശുവിന് പലയാവർത്തി ശ്രമിക്കേണ്ടിവന്നു. ഉദാഹരണത്തിന്, ഒരിക്കൽ യാക്കോബും യോഹന്നാനും അവരുടെ അമ്മയിലൂടെ യേശുവിനോട് ഒരു ആവശ്യം ഉണർത്തിച്ചു. ദൈവരാജ്യത്തിൽ ഉന്നതസ്ഥാനങ്ങൾ നൽകാമെന്ന ഉറപ്പായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. യേശു സവിനയം ഇങ്ങനെ മറുപടി നൽകി: “എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അവർക്കുള്ളതാണ്.” ഇതു കേട്ടിട്ട് ബാക്കി പത്ത് അപ്പോസ്തലന്മാർക്ക് അവരോട് “അമർഷം തോന്നി.” (മത്തായി 20:20-24) യേശു ഈ പ്രശ്നം എങ്ങനെയാണു കൈകാര്യം ചെയ്തത്?
16 യേശു ദയയോടെ അവരെ തിരുത്തി: “ജനതകളുടെ മേൽ അവരുടെ ഭരണാധികാരികൾ ആധിപത്യം നടത്തുന്നെന്നും ഉന്നതർ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങൾക്കിടയിൽ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനായിരിക്കണം. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ അടിമയായിരിക്കണം.” (മത്തായി 20:25-27) ‘ജനതകളുടെ ഭരണാധികാരികൾ’ എത്ര അഹങ്കാരികളും സ്ഥാനമോഹികളും സ്വാർഥരുമാണെന്ന് അപ്പോസ്തലന്മാർ നേരിട്ട് കണ്ടിരിക്കാനിടയുണ്ട്. എന്നാൽ തന്റെ അനുഗാമികൾ അധികാരക്കൊതിയന്മാരായ ഈ സ്വേച്ഛാധിപതികളിൽനിന്ന് വ്യത്യസ്തരായിരിക്കണമെന്ന് യേശു കാണിച്ചുകൊടുത്തു. അതെ, അവർ താഴ്മയുള്ളവരായിരിക്കണമായിരുന്നു. അപ്പോസ്തലന്മാർ അത് ഗ്രഹിച്ചുവോ?
17-19. (എ) തന്റെ മരണത്തിന്റെ തലേ രാത്രിയിൽ അവിസ്മരണീയമായ ഏതു വിധത്തിലാണ് താഴ്മയെപ്പറ്റി യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്? (ബി) ഏറ്റവും ശക്തമായ വിധത്തിൽ യേശു താഴ്മയെപ്പറ്റി പഠിപ്പിച്ചത് എങ്ങനെ?
17 അവരെ സംബന്ധിച്ചിടത്തോളം അത് എളുപ്പമായിരുന്നില്ല. ഈ പാഠം ഉൾക്കൊള്ളാൻ യേശു അവരെ സഹായിക്കുന്നത് ഇത് ആദ്യത്തെയോ അവസാനത്തെയോ തവണയല്ല. തങ്ങളിൽ ആരാണ് വലിയവൻ എന്ന് അവർക്കിടയിൽ ഒരു തർക്കമുണ്ടായപ്പോൾ യേശു ഒരു കൊച്ചുകുട്ടിയെ അവരുടെ ഇടയിൽ നിറുത്തിയിട്ട് അവർ കുട്ടികളെപ്പോലെയായിത്തീരണമെന്ന് ഉപദേശിച്ചിരുന്നു. മുതിർന്നവർക്കുള്ളതുപോലുള്ള ദുരഭിമാനമോ അധികാരമോഹമോ വലിയ ആളാകണമെന്ന ചിന്തയോ ഒന്നും കുട്ടികൾക്കില്ല. അതുകൊണ്ടാണ് അവർ മനംതിരിഞ്ഞ് കുട്ടികളെപ്പോലെയാകണമെന്ന് യേശു പറഞ്ഞത്. (മത്തായി 18:1-4) എന്നാൽ തന്റെ മരണത്തിന്റെ തലേ രാത്രിയിൽപ്പോലും, അഹങ്കാരത്തിന്റെ പിടിയിൽനിന്ന് ശിഷ്യന്മാർ മോചിതരായിട്ടില്ലെന്ന് യേശു മനസ്സിലാക്കി. ആ അവസരത്തിൽ യേശു അവിസ്മരണീയമായ ഒരു പാഠം അവരെ പഠിപ്പിച്ചു. യേശു ഒരു തോർത്തെടുത്ത് അരയിൽ ചുറ്റി തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകാൻതുടങ്ങി, തന്നെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിന്റേതുൾപ്പെടെ. അന്നത്തെ കാലത്ത് വീട്ടുവേലക്കാർ അതിഥികൾക്കായി ചെയ്തിരുന്ന ഒരു സേവനമായിരുന്നു അത്.—യോഹന്നാൻ 13:1-11.
18 “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ നിങ്ങളും ചെയ്യാൻവേണ്ടി ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നതാണ്” എന്നു പറഞ്ഞുകൊണ്ട് യേശു കാര്യം വ്യക്തമാക്കി. (യോഹന്നാൻ 13:15) എന്നാൽ ഈ പാഠം അവരുടെ ഹൃദയത്തിലെത്തിയോ? ഇല്ലെന്നു തോന്നുന്നു. ആ രാത്രിയിൽത്തന്നെ അവർ വീണ്ടും ആരാണ് തങ്ങളിൽ വലിയവൻ എന്ന തർക്കത്തിലേർപ്പെട്ടു. (ലൂക്കോസ് 22:24-27) എന്നിട്ടും യേശു ക്ഷമയോടും താഴ്മയോടും കൂടെ അവരെ വീണ്ടും തിരുത്താൻ ശ്രമിച്ചു. തുടർന്ന് യേശു ഏറ്റവും ശക്തമായ വിധത്തിൽ അവർക്ക് താഴ്മ എന്താണെന്നു മനസ്സിലാക്കിക്കൊടുത്തു: “ക്രിസ്തു തന്നെത്തന്നെ താഴ്ത്തി അനുസരണമുള്ളവനായി ജീവിച്ചു. മരണത്തോളം, ദണ്ഡനസ്തംഭത്തിലെ മരണത്തോളംപോലും, ക്രിസ്തു അനുസരണമുള്ളവനായിരുന്നു.” (ഫിലിപ്പിയർ 2:8) കുറ്റവാളിയും ദൈവനിന്ദകനുമെന്ന് മുദ്രകുത്തപ്പെട്ട് നിന്ദാകരമായ മരണത്തിന് യേശു വിധേയനായി. അങ്ങനെ ദൈവപുത്രനിൽ, യഹോവയുടെ മറ്റൊരു സൃഷ്ടിയിലും കാണപ്പെടാത്തവിധം താഴ്മ അതിന്റെ പൂർണതയിൽ ദൃശ്യമായി.
19 ഒരുപക്ഷേ താഴ്മ എന്ന ഗുണത്തോടു ബന്ധപ്പെട്ട് യേശു അവസാനമായി നൽകിയ ഈ പാഠമായിരിക്കാം വിശ്വസ്ത അപ്പോസ്തലന്മാരുടെ ഹൃദയങ്ങളിൽ പതിഞ്ഞത്. യേശു മരിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞും, താഴ്മയുടെ പ്രാധാന്യം ഈ ശിഷ്യന്മാർ വിസ്മരിച്ചില്ലെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ആകട്ടെ, നമ്മുടെ കാര്യമോ?
നിങ്ങൾ യേശുവിന്റെ മാതൃക പകർത്തുമോ?
20. താഴ്മയുള്ള ഹൃദയം നമുക്കുണ്ടോ എന്ന് എങ്ങനെ അറിയാം?
20 “ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്” എന്ന് പൗലോസ് നമ്മെ ഓരോരുത്തരെയും ഉപദേശിക്കുന്നു. (ഫിലിപ്പിയർ 2:5) യേശുവിനെപ്പോലെ താഴ്മയുള്ള ഒരു ഹൃദയം നമുക്കും ഉണ്ടായിരിക്കണം. അങ്ങനെയൊരു ഹൃദയം നമുക്കുണ്ടോയെന്ന് എങ്ങനെ അറിയാം? “വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയോ ദുരഭിമാനത്തോടെയോ ഒന്നും ചെയ്യാതെ താഴ്മയോടെ മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കാണുക” എന്ന് പൗലോസ് നമ്മെ ഓർമിപ്പിക്കുന്നു. (ഫിലിപ്പിയർ 2:3) അപ്പോൾ, നമുക്ക് താഴ്മയുണ്ടോ എന്ന് അറിയാനുള്ള പ്രധാനപ്പെട്ട വിധം ഇതാണ്: നാം മറ്റുള്ളവരെ എങ്ങനെ വീക്ഷിക്കുന്നു എന്ന് സ്വയം ചോദിക്കുക. മറ്റുള്ളവരെ നാം നമ്മെക്കാൾ ഉയർന്നവരായി കാണണം. പൗലോസിന്റെ ആ ഉപദേശം നിങ്ങൾ സ്വീകരിക്കുമോ?
21, 22. (എ) ക്രിസ്തീയ മേൽവിചാരകന്മാർ താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) നാം താഴ്മ ധരിച്ചവരാണെന്ന് എങ്ങനെ കാണിക്കാനാകും?
21 യേശു മരിച്ച് വർഷങ്ങൾ കഴിഞ്ഞും അപ്പോസ്തലനായ പത്രോസ് താഴ്മയുടെ പ്രാധാന്യം വിസ്മരിച്ചില്ല. തങ്ങളുടെ കർത്തവ്യങ്ങൾ താഴ്മയോടെ നിർവഹിക്കണമെന്നും യഹോവയുടെ ആട്ടിൻപറ്റത്തിന്മേൽ ആധിപത്യം പുലർത്തരുതെന്നും ക്രിസ്തീയ മേൽവിചാരകന്മാരെ പത്രോസ് ഉപദേശിച്ചു. (1 പത്രോസ് 5:2, 3) ഉത്തരവാദിത്വങ്ങൾ അഹങ്കരിക്കാനുള്ള ലൈസൻസല്ല. മറിച്ച് ഉത്തരവാദിത്വങ്ങൾ ഏറുന്തോറും ഒരു വ്യക്തി കൂടുതൽ താഴ്മയുള്ളവനാകേണ്ടതാണ്. (ലൂക്കോസ് 12:48) ക്രിസ്തീയ മേൽവിചാരകന്മാർക്കു മാത്രമല്ല, ഓരോ ക്രിസ്ത്യാനിക്കും ഈ ഗുണം ഉണ്ടായിരിക്കണം.
22 തന്റെ എതിർപ്പു വകവെക്കാതെ യേശു തന്റെ കാലുകൾ കഴുകിയ ആ സംഭവം പത്രോസിന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല. (യോഹന്നാൻ 13:6-10) പത്രോസ് ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “താഴ്മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ.” (1 പത്രോസ് 5:5) മൂലഭാഷയിൽ, “ധരിച്ച്” എന്ന പ്രയോഗം ഒരു ദാസനോ ദാസിയോ എളിയ ജോലികൾ ചെയ്യാനായി അരയിൽ ഒരു തുണി ചുറ്റുന്നതിനെ സൂചിപ്പിക്കുന്നു. ശിഷ്യന്മാരുടെ കാലുകൾ കഴുകുന്നതിനുമുമ്പായി യേശു ഒരു തോർത്തെടുത്ത് അരയിൽ ചുറ്റിയ രംഗം നമ്മുടെ മനസ്സിലേക്ക് ഇപ്പോൾ ഓടിയെത്തിയേക്കാം. നാം യേശുവിനെ അനുഗമിക്കുന്നവരാണെങ്കിൽ ദൈവത്തിൽനിന്നുള്ള ഏതെങ്കിലും നിയമനം നമ്മുടെ അന്തസ്സിനു ചേരാത്തതായി നമുക്കു തോന്നുമോ? നമ്മുടെ ഹൃദയത്തിലെ താഴ്മയെന്ന ഗുണം ഏവർക്കും ദൃശ്യമായിരിക്കണം, ആ ഗുണം നാം ധരിച്ചാലെന്നപോലെ.
23, 24. (എ) അഹങ്കരിക്കാനുള്ള ചായ്വിനെ നാം ചെറുത്തുതോൽപ്പിക്കേണ്ടത് എന്തുകൊണ്ട്? (ബി) താഴ്മയെക്കുറിച്ചുള്ള ഏതു തെറ്റിദ്ധാരണ മാറ്റാൻ പിൻവരുന്ന അധ്യായം സഹായിക്കും?
23 അഹങ്കാരം വിഷമാണ്. അത് നമ്മെ നാശത്തിലേക്കേ നയിക്കൂ. ധാരാളം കഴിവുകളും പ്രാപ്തികളുമുള്ള ഒരാളാണെങ്കിൽപ്പോലും അയാൾ അഹങ്കാരിയാണെങ്കിൽ ദൈവദൃഷ്ടിയിൽ അയാൾ യാതൊരു ഉപയോഗവുമില്ലാത്തവനായിരിക്കും. എന്നാൽ വലിയ കഴിവുകളൊന്നുമില്ലെങ്കിലും ഒരു വ്യക്തി താഴ്മയുള്ളവനാണെങ്കിൽ ദൈവം അയാളെ പല വിധങ്ങളിൽ ഉപയോഗിക്കും. ക്രിസ്തുവിന്റെ കാലടികൾ പിന്തുടർന്ന് നാം താഴ്മയോടെ നടക്കുകയാണെങ്കിൽ പ്രതിഫലം വലുതായിരിക്കും. “ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക” എന്ന് പത്രോസ് എഴുതി. (1 പത്രോസ് 5:6) തന്നെത്തന്നെ താഴ്ത്തിയ യേശുവിനെ യഹോവ ഉയർത്തുകതന്നെ ചെയ്തു. നാം താഴ്മ കാണിച്ചാൽ യഹോവ സന്തോഷത്തോടെ നമുക്കും പ്രതിഫലം നൽകും.
24 സങ്കടകരമെന്നു പറയട്ടെ, താഴ്മയെ ഒരു ബലഹീനതയായിട്ടാണ് ചിലർ കരുതുന്നത്. എന്നാൽ ആ ധാരണ എത്ര തെറ്റാണെന്നു മനസ്സിലാക്കാൻ യേശുവിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു. കാരണം ഏറ്റവും താഴ്മയുള്ളവനായ യേശു ഏറ്റവും ധൈര്യശാലിയുമായിരുന്നു. അടുത്ത അധ്യായത്തിൽ നാം അതെക്കുറിച്ച് ചിന്തിക്കും.
a ഈ സംഭവത്തെക്കുറിച്ച് വിവരിക്കവെ, ഒരു റഫറൻസ് പുസ്തകം പറയുന്നത് ഇവ “ഒട്ടും തലയെടുപ്പില്ലാത്ത” മൃഗങ്ങളാണെന്നാണ്. “പാവപ്പെട്ടവർ പണിയെടുക്കാൻ ഉപയോഗിക്കുന്ന ഈ മൃഗങ്ങൾ വേഗത കുറഞ്ഞ, . . . വലിയ അഴകില്ലാത്ത ജന്തുക്കളാണ്” എന്നും ഈ പുസ്തകം കൂട്ടിച്ചേർക്കുന്നു.
b മീഖായേൽ യേശുതന്നെയാണ് എന്നതിനുള്ള കൂടുതൽ തെളിവുകൾക്ക് യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്സൈറ്റായ jw.org-ലെ “ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ” എന്നതിനു കീഴിൽ “മുഖ്യദൂതനായ മീഖായേൽ ആരാണ്?” എന്ന ലേഖനം കാണുക.