-
യേശു ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നുബൈബിൾ നൽകുന്ന സന്ദേശം
-
-
ഭാഗം 17
യേശു ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നു
യേശു ശിഷ്യന്മാരെ ഒട്ടനവധി കാര്യങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ അവൻ മുഖ്യമായും പഠിപ്പിച്ചത് ദൈവരാജ്യം എന്ന വിഷയത്തെക്കുറിച്ചാണ്
ഭൂമിയിൽ യേശുവിന്റെ ദൗത്യം എന്തായിരുന്നു? യേശുതന്നെ അതു വെളിപ്പെടുത്തി: “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.” (ലൂക്കോസ് 4:43) യേശു മുഖ്യമായും പഠിപ്പിച്ചത് ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. ആ രാജ്യത്തെക്കുറിച്ച് യേശു പഠിപ്പിച്ച നാലുകാര്യങ്ങൾ നമുക്കിപ്പോൾ നോക്കാം.
1. യേശുവായിരിക്കും അതിന്റെ രാജാവ്. വാഗ്ദത്ത മിശിഹാ താനാണെന്ന് യേശുതന്നെ പറഞ്ഞു. (യോഹന്നാൻ 4:25, 26) പ്രവാചകനായ ദാനീയേൽ ദർശനത്തിൽ കണ്ട രാജാവ് താൻതന്നെയാണെന്നും യേശു വ്യക്തമാക്കി. താൻ ഒരുനാൾ, “മഹത്ത്വമാർന്ന സിംഹാസനത്തിൽ” ഇരിക്കുമെന്ന് അവൻ അപ്പൊസ്തലന്മാരോടു പറഞ്ഞു. അന്ന് അവരും തന്നോടൊപ്പം സിംഹാസനങ്ങളിൽ ഇരിക്കുമെന്ന് അവൻ വാഗ്ദാനംചെയ്തു. (മത്തായി 19:28) ഈ സഹഭരണാധിപന്മാരുടെ കൂട്ടത്തെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണ് അവൻ വിശേഷിപ്പിച്ചത്. ഇവരിൽ ഉൾപ്പെടാത്ത ‘വേറെ ആടുകളും’ തനിക്കുണ്ടെന്ന് യേശു പറയുകയുണ്ടായി.—ലൂക്കോസ് 12:32; യോഹന്നാൻ 10:16.
2. ദൈവരാജ്യം ശരിയായ അർഥത്തിൽ നീതി സ്ഥാപിക്കും. ദൈവരാജ്യം യഹോവയാംദൈവത്തിന്റെ നാമത്തെ വിശുദ്ധീകരിക്കുമെന്നും ഏദെൻതോട്ടത്തിൽനിന്നുതുടങ്ങി ഇന്നോളം ദൈവനാമത്തിന്മേൽ സാത്താൻ വരുത്തിക്കൂട്ടിയിരിക്കുന്ന എല്ലാ കളങ്കവും മായിച്ചുകളയുമെന്നും യേശു സൂചിപ്പിച്ചു. (മത്തായി 6:9, 10) അങ്ങനെ, ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും ഘോരമായ അനീതിക്ക് ആ രാജ്യം തീർപ്പുകൽപ്പിക്കുമെന്ന് അവൻ വ്യക്തമാക്കി. ലിംഗഭേദമെന്യേ, സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, യേശു ആളുകളെ പഠിപ്പിച്ചു. അതുവഴി താൻ മുഖപക്ഷം ഇല്ലാത്തവനാണെന്ന് അവൻ തെളിയിച്ചു. അവന്റെ പ്രധാന നിയോഗം ഇസ്രായേല്യരെ അഥവാ യഹൂദന്മാരെ പഠിപ്പിക്കുക എന്നതായിരുന്നെങ്കിലും യഹൂദരല്ലാത്തവരെയും, ശമര്യക്കാരെയും വിജാതീയരെയും, അവൻ സഹായിച്ചിരുന്നു. അന്നത്തെ മതനേതാക്കന്മാരെപ്പോലെ ആയിരുന്നില്ല അവൻ; മുൻവിധിയുടെയോ പക്ഷപാതത്തിന്റെയോ ഒരു കണികപോലും അവനിലില്ലായിരുന്നു.
3. ദൈവരാജ്യം ഈ ലോകത്തിന്റെ ഭാഗമായിരിക്കില്ല. യേശുവിന്റെ കാലത്ത് യെഹൂദയിലെ രാഷ്ട്രീയരംഗം പ്രക്ഷുബ്ധമായിരുന്നു. ആ ദേശം അന്ന് ഒരു വിദേശശക്തിയുടെ അധീനതയിലായിരുന്നു. അന്നത്തെ രാഷ്ട്രീയകാര്യങ്ങളിൽ യേശുവിനെ ഉൾപ്പെടുത്താൻ ആളുകൾ ശ്രമിച്ചപ്പോൾ അവൻ മാറിക്കളഞ്ഞു. (യോഹന്നാൻ 6:14, 15) “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന് അവൻ ഒരു ഭരണാധികാരിയുടെ മുമ്പാകെ വ്യക്തമാക്കി. (യോഹന്നാൻ 18:36) ‘നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല’ എന്ന് അവൻ തന്റെ അനുഗാമികളോടും പറഞ്ഞു. (യോഹന്നാൻ 15:19) യുദ്ധായുധങ്ങൾ ഉപയോഗിക്കാൻ അവൻ അവരെ അനുവദിച്ചില്ല, തനിക്ക് അപകട ഭീഷണി ഉണ്ടായ സാഹചര്യത്തിൽപ്പോലും.—മത്തായി 26:51, 52.
“അനന്തരം അവൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ഘോഷിച്ചുംകൊണ്ട് . . . പട്ടണന്തോറും ഗ്രാമന്തോറും സഞ്ചരിച്ചു.”—ലൂക്കോസ് 8:1
4. യേശുവിന്റെ ഭരണം സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കും. താൻ ആളുകൾക്ക് ആശ്വാസം പകരുമെന്നും അവരുടെ ചുമടിന്റെ ഭാരം കുറയ്ക്കുമെന്നും യേശു വാഗ്ദാനംചെയ്തു. (മത്തായി 11:28-30) അവൻ തന്റെ വാക്കിനൊത്തു പ്രവർത്തിക്കുകയും ചെയ്തു. ഉത്കണ്ഠകൾ തരണംചെയ്യാനും ഉലഞ്ഞ ബന്ധങ്ങൾ നേരെയാക്കാനും ധനമോഹത്തെ ഇല്ലായ്മചെയ്യാനും യഥാർഥ സന്തോഷം കണ്ടെത്താനും ഉള്ള പ്രായോഗിക വഴികൾ യേശു സ്നേഹപൂർവം ആളുകൾക്കു കാണിച്ചുകൊടുത്തു. (മത്തായി 5-7 അധ്യായങ്ങൾ) യേശു ആളുകളെ സ്നേഹിച്ചിരുന്നതുകൊണ്ട് അവന്റെ അടുക്കൽ വരാൻ അവർക്കു സന്തോഷമായിരുന്നു. നാനാതുറകളിൽനിന്നുള്ള ആളുകൾ, താഴേക്കിടയിലുള്ളവർപോലും, അവന്റെ അടുക്കൽ വന്നുകൂടുമായിരുന്നു; അവൻ തങ്ങളെ ആദരിക്കുമെന്നും തങ്ങളോട് ദയാവായ്പോടെ ഇടപെടുമെന്നും അവർക്ക് ഉറപ്പായിരുന്നു. എത്ര ശ്രേഷ്ഠനായ ഒരു ഭരണാധിപനായിരിക്കും യേശു!
ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാൻ ശക്തമായ മറ്റൊരു മാർഗവും യേശു അവലംബിച്ചു. അവൻ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്തുകൊണ്ട്? നമുക്കു നോക്കാം.
—മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ പുസ്തകങ്ങളെ ആധാരമാക്കിയുള്ളത്.
-
-
യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുബൈബിൾ നൽകുന്ന സന്ദേശം
-
-
ഭാഗം 18
യേശു അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു
യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ അവൻ രാജാവാകുമ്പോൾ എന്തെല്ലാം ചെയ്യുമെന്നതിനുള്ള തെളിവായിരുന്നു
മറ്റു മനുഷ്യർക്കു ചെയ്യാനാകാത്ത കാര്യങ്ങൾ ചെയ്യാൻ ദൈവം യേശുവിനെ പ്രാപ്തനാക്കി. യേശു ഒട്ടേറെ അത്ഭുതങ്ങൾ പ്രവർത്തിച്ചു, പലപ്പോഴും വലിയ ജനാവലിയുടെ മുന്നിൽവെച്ചുതന്നെ. അപൂർണ മനുഷ്യരെക്കൊണ്ടു കീഴടക്കാൻ സാധിക്കാത്ത പ്രതിബന്ധങ്ങളെയും പ്രതിയോഗികളെയും കീഴ്പെടുത്താൻ യേശുവിനാകുമെന്ന് ആ അത്ഭുതങ്ങൾ തെളിയിച്ചു. ചില ഉദാഹരണങ്ങൾ കാണുക.
വിശപ്പകറ്റുന്നു. വെള്ളം വീഞ്ഞാക്കിയതായിരുന്നു യേശു ചെയ്ത ആദ്യത്തെ അത്ഭുതം. ഏതാനും അപ്പവും മീനും കൊണ്ട് അവൻ രണ്ടുപ്രാവശ്യം ആയിരങ്ങളുടെ വിശപ്പകറ്റി. ഈ രണ്ടു സന്ദർഭങ്ങളിലും, എല്ലാവർക്കും ഭക്ഷിക്കാൻ വേണ്ടതിലധികം ആഹാരം അവൻ ലഭ്യമാക്കി.
രോഗങ്ങൾ സുഖപ്പെടുത്തുന്നു. യേശു “സകലതരം രോഗങ്ങളും വ്യാധികളും സൗഖ്യ”മാക്കി. (മത്തായി 4:23) കുഷ്ഠരോഗികൾക്കും അപസ്മാരരോഗികൾക്കും അവൻ രോഗശാന്തി നൽകി. അന്ധരെയും ബധിരരെയും മുടന്തരെയും അംഗഹീനരെയും അവൻ സുഖപ്പെടുത്തി. അവനു സുഖപ്പെടുത്താൻ കഴിയാത്ത രോഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
പ്രകൃതിക്ഷോഭം ശമിപ്പിക്കുന്നു. യേശുവും ശിഷ്യന്മാരും ഗലീലത്തടാകത്തിലൂടെ സഞ്ചരിക്കവെ, പെട്ടെന്ന് ഒരു കൊടുങ്കാറ്റുണ്ടായി. ശിഷ്യന്മാർ ഭയന്നു. യേശു കൊടുങ്കാറ്റിനോട്, “അടങ്ങുക! ശാന്തമാകുക” എന്നു പറഞ്ഞതേയുള്ളൂ; പ്രകൃതി ശാന്തമായി. (മർക്കോസ് 4:37-39) മറ്റൊരവസരത്തിൽ, ശിഷ്യന്മാർ സഞ്ചരിച്ചുകൊണ്ടിരുന്ന വള്ളം ഒരു കൊടുങ്കാറ്റിൽപ്പെട്ടപ്പോൾ യേശു വെള്ളത്തിൻമീതെ നടന്ന് അവരുടെ അടുത്തേക്കു ചെന്നു.—മത്തായി 14:24-33.
ദുഷ്ടരായ ആത്മസ്വരൂപികളെ കീഴ്പെടുത്തുന്നു. ദൈവത്തോടു മത്സരിച്ച് സാത്താന്റെ പക്ഷംചേർന്ന ദൈവദൂതന്മാരാണിവർ. ഇവർ മനുഷ്യരെക്കാൾ വളരെ ശക്തരാണ്. ദൈവത്തിന്റെ പ്രതിയോഗികളായ ഈ ദുഷ്ടാത്മാക്കളുടെ പിടിയിൽനിന്നു രക്ഷപ്പെടാനുള്ള കഴിവ് പലർക്കുമില്ല. ഈ ആത്മാക്കൾ ആവേശിച്ചിട്ടുള്ള ഒട്ടനവധി ആളുകളെ യേശു സുഖപ്പെടുത്തിയിട്ടുണ്ട്. അവന് ഈ ദുഷ്ടാത്മാക്കളെ ഭയമില്ലായിരുന്നു. എന്നാൽ, ഇവർക്ക് യേശുവിനെ ഭയമായിരുന്നു. യേശുവിന്റെ അധികാരം തിരിച്ചറിഞ്ഞിരുന്ന അവർ അവന്റെ ആജ്ഞ അനുസരിച്ചുകൊണ്ട് മനുഷ്യരെവിട്ട് പോകുമായിരുന്നു.
മരണത്തെ കീഴടക്കുന്നു. മനുഷ്യനു കീഴ്പെടുത്താൻ കഴിയാത്ത ശത്രുവാണ് മരണം. അതുകൊണ്ടുതന്നെ, ബൈബിൾ മരണത്തെ ഉചിതമായും “അവസാന ശത്രു” എന്നു വിളിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 15:26) എന്നാൽ യേശു മരിച്ചവരെ ഉയിർപ്പിച്ചു. മരണമടഞ്ഞ ഒരു യുവാവിനെ ജീവിപ്പിച്ചശേഷം യേശു അവനെ വിധവയായ അവന്റെ അമ്മയെ ഏൽപ്പിച്ചു. മരിച്ചുപോയ ഒരു പെൺകുട്ടിയെയും അവൻ അവളുടെ മാതാപിതാക്കൾക്കു ജീവനോടെ തിരികെ നൽകി. മരണമടഞ്ഞ തന്റെ പ്രിയ സുഹൃത്തായ ലാസറിനെ ഉയിർപ്പിച്ചുകൊണ്ട് ശ്രദ്ധേയമായ മറ്റൊരു അത്ഭുതവും യേശു പ്രവർത്തിച്ചു. ലാസർ മരിച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു! അവന്റെ മരണത്തിൽ വിലപിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം ആളുകളുടെ മുന്നിൽവെച്ചുതന്നെ യേശു ലാസറിനെ ജീവനിലേക്കു തിരിച്ചുകൊണ്ടുവന്നു. യേശുവിനെ തകർക്കാൻ മുന്നിട്ടിറങ്ങിയ ശത്രുക്കൾപോലും അവൻ ചെയ്തതിനെ നിഷേധിച്ചില്ല.—യോഹന്നാൻ 11:38-48; 12:9-11.
എന്തിനാണ് യേശു ഈ അത്ഭുതങ്ങളെല്ലാം പ്രവർത്തിച്ചത്? യേശു ചെയ്ത അത്ഭുതങ്ങളിൽനിന്നു പ്രയോജനം നേടിയവരെല്ലാം മരിച്ചുമണ്ണടിഞ്ഞല്ലോ. അതു ശരിയാണ്. എന്നാൽ, മിശിഹായുടെ ഭരണത്തെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം നിവൃത്തിയേറുമെന്ന് ഈ അത്ഭുതങ്ങളെല്ലാം തെളിവുനൽകി. ദൈവത്താൽ നിയോഗിക്കപ്പെട്ട ഈ രാജാവ് പട്ടിണി, രോഗം, പ്രകൃതിവിപത്ത്, ദുഷ്ടാത്മാക്കൾ, മരണം എന്നിവയെയെല്ലാം ഇല്ലായ്മചെയ്യുമെന്നത് തീർച്ചയാണ്. അതെല്ലാം ചെയ്യാനുള്ള പ്രാപ്തി ദൈവം തനിക്കു നൽകിയിട്ടുണ്ടെന്ന് അവൻ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
—മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ പുസ്തകങ്ങളെ ആധാരമാക്കിയുള്ളത്.
-
-
അതീവ പ്രാധാന്യമുള്ള ഒരു പ്രവചനംബൈബിൾ നൽകുന്ന സന്ദേശം
-
-
ഭാഗം 19
അതീവ പ്രാധാന്യമുള്ള ഒരു പ്രവചനം
രാജ്യാധികാരത്തിൽ താൻ സന്നിഹിതനാകുന്ന കാലത്തിന്റെയും ഈ ലോകവ്യവസ്ഥിതിയുടെ അവസാനത്തിന്റെയും അടയാളം എന്തായിരിക്കുമെന്ന് യേശു പറയുന്നു
ഒലിവുമലയിൽനിന്നു നോക്കിയാൽ യെരുശലേം നഗരവും അവിടെയുള്ള ആലയവും ഭംഗിയായി കാണാം. ഒരിക്കൽ യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ, അവൻ പറഞ്ഞ ചില കാര്യങ്ങളുടെ പൊരുൾ ചോദിച്ചുമനസ്സിലാക്കാൻ അവന്റെ അപ്പൊസ്തലന്മാരിൽ നാലുപേർ സ്വകാര്യമായി അവനെ സമീപിച്ചു. യെരുശലേമിലെ ആലയം നശിപ്പിക്കപ്പെടുമെന്ന് അവൻ അൽപ്പംമുമ്പ് അവരോടു പറഞ്ഞിരുന്നു. മുമ്പൊരിക്കൽ, “യുഗസമാപ്തി”യെക്കുറിച്ചും അവൻ അവരോടു സംസാരിച്ചിരുന്നു. (മത്തായി 13:40, 49) എന്നാൽ ഇപ്പോൾ അപ്പൊസ്തലന്മാർ യേശുവിനോട്, “നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്തിയുടെയും അടയാളം എന്തായിരിക്കും” എന്ന് ചോദിക്കുന്നു.—മത്തായി 24:3.
അതിനു മറുപടിയായി, യെരുശലേം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് എന്തൊക്കെ സംഭവിക്കുമെന്ന് യേശു പറയുന്നു. എന്നാൽ യേശുവിന്റെ വാക്കുകൾക്ക് പിൽക്കാലത്ത് ആഗോളതലത്തിൽ അതിലും വലിയൊരു നിവൃത്തി ഉണ്ടാകുമായിരുന്നു. യേശു സ്വർഗത്തിൽ വാഴ്ച ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കുമായിരുന്നു അത്. ആ കാലത്തെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു അടയാളം യേശു അവർക്കു നൽകി: അന്ന് സംഭവിക്കാനിരിക്കുന്ന കുറെ കാര്യങ്ങൾ അവൻ മുൻകൂട്ടിപ്പറഞ്ഞു. ഇവയെല്ലാം ഇഴചേർന്ന് ഒരൊറ്റ അടയാളമായി വർത്തിക്കുമായിരുന്നു. ഈ അടയാളം കാണുന്നവർക്ക് യേശു സ്വർഗത്തിൽ രാജാവായി വാഴ്ച ആരംഭിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാനാകുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മിശിഹൈകരാജ്യത്തിന്റെ രാജാവായി ദൈവം യേശുവിനെ അവരോധിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഈ അടയാളം അവരെ സഹായിക്കുമായിരുന്നു. ദൈവരാജ്യം ഭൂമിയിൽനിന്ന് ദുഷ്ടത തുടച്ചുനീക്കി സമാധാനം ആനയിക്കുന്ന സമയം ആസന്നമാണെന്നും ഈ അടയാളം സൂചിപ്പിക്കുമായിരുന്നു. അതെ, യേശു മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ ഈ ലോകവ്യവസ്ഥിതി, അതായത് നിലവിലുള്ള മത-രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതി, അവസാനിക്കാറായിരിക്കുന്നു എന്നതിന്റെയും പുതിയ ഒരു വ്യവസ്ഥിതി ആരംഭിക്കാറായിരിക്കുന്നു എന്നതിന്റെയും സൂചനയായിരിക്കും.
താൻ രാജ്യാധികാരത്തിൽ സന്നിഹിതനായിരിക്കുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കുമെന്ന് യേശു വിശദീകരിച്ചു. ലോകയുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, വലിയ ഭൂകമ്പങ്ങൾ, മഹാവ്യാധികൾ എന്നിവ ഉണ്ടാകും; ഭൂമിയിൽ അരാജകത്വം വർധിക്കും; യേശുവിന്റെ യഥാർഥ ശിഷ്യന്മാർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ഭൂമിയിലെല്ലായിടത്തും പ്രസംഗിക്കും. ഇവയെല്ലാം മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു “മഹാകഷ്ട”ത്തിൽ പര്യവസാനിക്കും.—മത്തായി 24:21.
ആ മഹാകഷ്ടം അടുത്തെത്തിയിരിക്കുന്നുവെന്ന് യേശുവിന്റെ അനുഗാമികൾ എങ്ങനെ മനസ്സിലാക്കും? “അത്തിമരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്നു പഠിക്കുവിൻ” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 24:32) അത്തി തളിർക്കുന്നത് വേനൽ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണ്. സമാനമായി, യേശു മുൻകൂട്ടിപ്പറഞ്ഞ എല്ലാ കാര്യങ്ങളും ഒരേ കാലഘട്ടത്തിനുള്ളിൽത്തന്നെ സംഭവിക്കുന്നത് അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരിക്കും. മഹാകഷ്ടം ആരംഭിക്കുന്ന കൃത്യ ദിവസവും സമയവും പിതാവിനു മാത്രമേ അറിയാവൂ എന്ന് യേശു പറഞ്ഞു. അതെ, ‘നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്ന് അറിയില്ലാത്തതി’നാലാണ് “ഉണർന്നിരിക്കുവിൻ” എന്ന ആഹ്വാനം യേശു തന്റെ അനുഗാമികൾക്കു നൽകിയത്.—മർക്കോസ് 13:33.
—മത്തായി 24, 25 അധ്യായങ്ങൾ, മർക്കോസ് 13-ാം അധ്യായം, ലൂക്കോസ് 21-ാം അധ്യായം എന്നിവയെ ആധാരമാക്കിയുള്ളത്.
a യേശുവിന്റെ പ്രവചനത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിന്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 86-95 പേജുകൾ കാണുക.
-