പഠനലേഖനം 21
ഗീതം 21 എപ്പോഴും ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കുക
നിലനിൽക്കുന്ന നഗരത്തിനായി കാത്തിരിക്കുക
“വരാനുള്ള ഒരു നഗരത്തിനുവേണ്ടിയാണല്ലോ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.”—എബ്രാ. 13:14.
ഉദ്ദേശ്യം
എബ്രായർ 13-ാം അധ്യായം ഇപ്പോഴും ഭാവിയിലും നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയെന്നു കാണാം.
1. യരുശലേമിന് എന്തു സംഭവിക്കുമെന്നാണു യേശു മുൻകൂട്ടിപ്പറഞ്ഞത്?
മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് യേശു തന്റെ അനുഗാമികളോട് ഒരു പ്രവചനം നടത്തി. അത് ആദ്യം നിവൃത്തിയേറിയത് യരുശലേമും അതിലെ ആലയവും നശിപ്പിക്കപ്പെട്ട സമയത്തായിരുന്നു. ‘സൈന്യങ്ങൾ യരുശലേമിനു ചുറ്റും പാളയമടിക്കും’ എന്നതായിരുന്നു ആ പ്രവചനം. (ലൂക്കോ. 21:20) യേശു പറഞ്ഞത്, അങ്ങനെയൊരു സൈന്യത്തെ കാണുമ്പോൾ ഉടൻതന്നെ തന്റെ അനുഗാമികൾ അവിടം വിട്ടുപോകണം എന്നാണ്. പിന്നീടു റോമൻ സൈന്യം യരുശലേമിനെ വളഞ്ഞപ്പോൾ യേശു പറഞ്ഞതു സത്യമാണെന്നു തെളിഞ്ഞു.—ലൂക്കോ. 21:21, 22.
2. യഹൂദ്യയിലെയും യരുശലേമിലെയും എബ്രായക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ എന്തു മുന്നറിയിപ്പാണു നൽകിയത്?
2 റോമൻ പടയാളികൾ യരുശലേമിനെ വളയുന്നതിനു കുറച്ച് വർഷങ്ങൾക്കു മുമ്പ് അപ്പോസ്തലനായ പൗലോസ് യഹൂദ്യയിലും യരുശലേമിലും ഉള്ള ക്രിസ്ത്യാനികൾക്ക് ഒരു കത്തെഴുതി. ആ കത്താണ് ബൈബിളിലെ എബ്രായർ എന്ന പുസ്തകം. വരാൻപോകുന്ന സംഭവങ്ങൾക്കായി ക്രിസ്ത്യാനികളെ ഒരുക്കുന്നതിനായിരുന്നു അത് എഴുതിയത്. എന്തായിരുന്നു ആ സംഭവം? യരുശലേം നശിപ്പിക്കപ്പെടാൻ പോകുന്നു. അവിടെയുള്ള ക്രിസ്ത്യാനികൾക്കു രക്ഷപ്പെടണമെങ്കിൽ അവർ തങ്ങളുടെ വീടും വ്യാപാരവും ഒക്കെ ഉപേക്ഷിച്ചുപോകണം. യരുശലേമിനെക്കുറിച്ച് പൗലോസ് ഇങ്ങനെയാണ് എഴുതിയത്: “ഇവിടെ നമുക്കു നിലനിൽക്കുന്ന ഒരു നഗരമില്ല. വരാനുള്ള ഒരു നഗരത്തിനുവേണ്ടിയാണല്ലോ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.”—എബ്രാ. 13:14.
3. നമ്മൾ എന്തിനുവേണ്ടിയാണു കാത്തിരിക്കുന്നത്, എന്തുകൊണ്ട്?
3 ക്രിസ്ത്യാനികൾ യരുശലേമും യഹൂദ്യയും വിട്ടുപോകാൻ തീരുമാനിച്ചപ്പോൾ ചുറ്റുമുണ്ടായിരുന്ന ആളുകൾ സാധ്യതയനുസരിച്ച് അവരെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ഒക്കെ ചെയ്തിരിക്കാം. എന്നാൽ ആ തീരുമാനമാണ് അവരുടെ ജീവൻ രക്ഷിച്ചത്. ഇന്നു നമ്മളെയും ആളുകൾ കളിയാക്കുന്നു. കാരണം ഇന്നത്തെ പ്രശ്നങ്ങളുടെ പരിഹാരത്തിനായി നമ്മൾ മനുഷ്യരിലേക്കു നോക്കുന്നില്ല. അതുപോലെ ഈ ലോകത്തിൽ നല്ല ചുറ്റുപാടും സുരക്ഷിതത്വവും ഉള്ള ജീവിതം ഉണ്ടാക്കാൻ ശ്രമിക്കുന്നുമില്ല. നമ്മൾ എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കുന്നത്? കാരണം ഈ ലോകം അധികം നാൾ മുന്നോട്ടു പോകില്ലെന്നു നമുക്ക് അറിയാം. വരാനുള്ള ‘ഉറച്ച അടിസ്ഥാനമുള്ള ഒരു നഗരത്തിനുവേണ്ടി,’ അതായത് ദൈവരാജ്യത്തിനുവേണ്ടിയാണ്a നമ്മൾ കാത്തിരിക്കുന്നത്. (എബ്രാ. 11:10; മത്താ. 6:33) പിൻവരുന്ന കാര്യങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും: (1) ‘വരാനുള്ള ഒരു നഗരത്തിനായി’ കാത്തിരിക്കാൻ പൗലോസിന്റെ കത്ത് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സഹായിച്ചത് എങ്ങനെയാണ്? (2) യരുശലേമിന്റെ നാശത്തിനായി ഒരുങ്ങാൻ പൗലോസ് അവരെ സഹായിച്ചത് എങ്ങനെ? (3) ആ നിർദേശങ്ങൾ ഇന്നു നമ്മളെ സഹായിക്കുന്നത് എങ്ങനെ?
നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കാത്ത യഹോവയിൽ ആശ്രയിക്കുക
4. യരുശലേം ക്രിസ്ത്യാനികൾക്ക് ഒരു പ്രധാനപ്പെട്ട സ്ഥലമായിരുന്നത് എന്തുകൊണ്ട്?
4 ക്രിസ്ത്യാനികൾക്കു വളരെ പ്രധാനപ്പെട്ട സ്ഥലമായിരുന്നു യരുശലേം. കാരണം എ.ഡി. 33-ൽ ആദ്യത്തെ ക്രിസ്തീയസഭ സ്ഥാപിതമായത് അവിടെയാണ്. അതുപോലെ ആ നഗരത്തിലായിരുന്നു ഭരണസംഘത്തിലെ സഹോദരങ്ങൾ താമസിച്ചിരുന്നത്. ഇനി പല ക്രിസ്ത്യാനികളുടെയും വീടും വസ്തുവകകളും ഒക്കെ യരുശലേമിലായിരുന്നു. എന്നിട്ടും യേശു തന്റെ അനുഗാമികളോട് അവിടം വിട്ടുപോകാൻ പറഞ്ഞു. യരുശലേമിൽനിന്ന് മാത്രമല്ല ആ യഹൂദ്യ പ്രദേശത്തുനിന്നുപോലും ഓടിപ്പോകാനാണു യേശു പറഞ്ഞത്.—മത്താ. 24:16.
5. യരുശലേമിന് എന്തു സംഭവിക്കുമായിരുന്നു?
5 വരാൻപോകുന്ന കാര്യങ്ങൾക്കുവേണ്ടി പൗലോസ് ക്രിസ്ത്യാനികളെ ഒരുക്കി. അതിനായി യരുശലേമിനെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണെന്നു പൗലോസ് അവർക്കു വിശദീകരിച്ചുകൊടുത്തു. യരുശലേമിലെ ആലയത്തിനോ പുരോഹിതന്മാർക്കോ അവിടെ അർപ്പിക്കുന്ന യാഗങ്ങൾക്കോ ഇനി യഹോവയുടെ കണ്ണിൽ ഒരു മൂല്യവുമില്ലെന്ന് അദ്ദേഹം അവരെ ഓർമിപ്പിച്ചു. (എബ്രാ. 8:13) അതു മാത്രമല്ല ആ നഗരത്തിലെ മിക്കയാളുകളും മിശിഹയെ തള്ളിക്കളഞ്ഞവരായിരുന്നു. അതെ, യഹോവയെ ആരാധിക്കാനായി ഇനി ആളുകൾ യരുശലേമിലെ ആലയത്തിലേക്കു പോകേണ്ടതില്ലായിരുന്നു. അത് ഉടനെ നശിപ്പിക്കപ്പെടും.—ലൂക്കോ. 13:34, 35.
6. എബ്രായർ 13:5, 6-ലെ ഉപദേശം പൗലോസ് എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾക്കു കൊടുത്തത്?
6 യരുശലേം സാമ്പത്തികമായി നല്ലൊരു അവസ്ഥയിലായിരുന്ന സമയത്താണു പൗലോസ് എബ്രായർക്ക് ഈ കത്ത് എഴുതുന്നത്. അന്നുള്ള ഒരു റോമൻ എഴുത്തുകാരന്റെ അഭിപ്രായത്തിൽ, ലോകത്തിന്റെ കിഴക്കൻ ഭാഗത്തെ ഏറ്റവും പ്രശസ്തമായ ഒരു നഗരമായിരുന്നു യരുശലേം. പല സ്ഥലങ്ങളിൽനിന്നുള്ള ജൂതന്മാർ വാർഷികോത്സവം ആചരിക്കാനായി യരുശലേമിൽ എത്തുക പതിവായിരുന്നു. അത് യരുശലേമിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തി. ഈ സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് അവിടെയുള്ള ചില ക്രിസ്ത്യാനികൾ നന്നായി പണം സമ്പാദിച്ചുകാണും. അതുകൊണ്ടായിരിക്കാം പൗലോസ് അവരോട് ഇങ്ങനെ പറഞ്ഞത്: “നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.” എന്നാൽ ഉത്കണ്ഠപ്പെടാതിരിക്കാൻ യഹോവയുടെ ശക്തമായ ഈ ഉറപ്പും പൗലോസ് കൊടുത്തു: “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല.” (എബ്രായർ 13:5, 6 വായിക്കുക; ആവ. 31:6; സങ്കീ. 118:6) യരുശലേമിലെയും യഹൂദ്യയിലെയും ക്രിസ്ത്യാനികൾക്ക് ഈ ഉറപ്പ് ആവശ്യമായിരുന്നു. എന്തുകൊണ്ട്? ഈ കത്ത് കിട്ടി അധികം താമസിക്കാതെ അവർ തങ്ങളുടെ വീടുകളും വസ്തുവകകളിൽ പലതും വ്യാപാരങ്ങളും എല്ലാം ഉപേക്ഷിച്ച് പോകണമായിരുന്നു. അവരുടെ ജീവിതം വീണ്ടും ഒന്നേന്നു തുടങ്ങണം.
7. യഹോവയിലുള്ള ആശ്രയം നമ്മൾ ഇപ്പോൾത്തന്നെ ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
7 നമുക്കുള്ള പാഠം: നമ്മളും ‘മഹാകഷ്ടതയ്ക്കും’ ഈ വ്യവസ്ഥിതിയുടെ അവസാനത്തിനും ആയി കാത്തിരിക്കുകയാണ്. (മത്താ. 24:21) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ നമ്മളും ഉണർന്നും ഒരുങ്ങിയും ഇരിക്കേണ്ടതുണ്ട്. (ലൂക്കോ. 21:34-36) മഹാകഷ്ടതയുടെ സമയത്ത് നമുക്കു ചിലപ്പോൾ വീടും വസ്തുവകകളും എല്ലാം നഷ്ടമായേക്കാം. ആ സമയത്ത് നമ്മൾ ഓർക്കേണ്ട ഒരു സംഗതി, യഹോവ നമ്മളെ ഒരിക്കലും ഉപേക്ഷിക്കില്ല എന്നതാണ്. എന്നാൽ മഹാകഷ്ടത തുടങ്ങുന്നതിനു മുമ്പ്, ഇപ്പോൾത്തന്നെ, നമ്മുടെ ആശ്രയം ആരിലാണ് എന്നു തെളിയിക്കാനുള്ള അവസരം നമുക്കുണ്ട്. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്റെ പ്രവൃത്തികളും ലക്ഷ്യങ്ങളും കാണിക്കുന്നത്, ഞാൻ ആശ്രയിക്കുന്നതു ദൈവത്തിലാണെന്നാണോ അതോ പണത്തിലാണെന്നാണോ?’ (1 തിമൊ. 6:17) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു സംഭവിച്ചതിൽനിന്ന് നമുക്കു പല പാഠങ്ങളും പഠിക്കാനുണ്ട്. എങ്കിലും വരാനിരിക്കുന്ന “മഹാകഷ്ടത” ക്രിസ്ത്യാനികൾ ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയൊരു പരിശോധനയായിരിക്കും. ആ സമയത്ത് നമ്മൾ എന്തൊക്കെ ചെയ്യണമെന്നു നമുക്ക് എങ്ങനെ അറിയാൻ കഴിയും?
നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക
8. യേശു ശിഷ്യന്മാർക്ക് ഏതു നിർദേശമാണു കൊടുത്തത്?
8 പൗലോസിന്റെ കത്ത് കിട്ടി കുറച്ച് വർഷങ്ങൾക്കു ശേഷം റോമൻ സൈന്യം യരുശലേമിനെ വളഞ്ഞു. ക്രിസ്ത്യാനികൾ യരുശലേം വിട്ടുപോകാനുള്ള ഒരു അടയാളമായിരുന്നു ഇത്. കാരണം യരുശലേം നശിപ്പിക്കപ്പെടാൻ പോകുകയായിരുന്നു. (മത്താ. 24:3; ലൂക്കോ. 21:20, 24) എന്നാൽ അവർ എങ്ങോട്ട് ഓടിപ്പോകും? യേശു അവരോട് “യഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ” എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. (ലൂക്കോ. 21:21) ആ പ്രദേശത്താണെങ്കിൽ ഒരുപാടു മലകളുണ്ട്. അപ്പോൾ അവർ ഏതു മലയിലേക്ക് ഓടിപ്പോകുമായിരുന്നു?
9. ഏതു മലയിലേക്കാണ് ഓടിപ്പോകേണ്ടതെന്ന് ക്രിസ്ത്യാനികൾക്കു സംശയം തോന്നിയിരിക്കാവുന്നത് എന്തുകൊണ്ട്? (ഭൂപടവും കാണുക.)
9 ഉദാഹരണത്തിന്, ശമര്യയിലും ഗലീലയിലും ലബാനോനിലും മലകളുണ്ടായിരുന്നു. അതുപോലെ ഹെർമോൻ പർവതം ഉണ്ടായിരുന്നു, യോർദാൻ നദിക്ക് അക്കരെയും ചില മലകൾ ഉണ്ടായിരുന്നു. (ഭൂപടം കാണുക.) ആ മലനിരകളിലുള്ള ചില നഗരങ്ങൾ താമസിക്കാൻ സുരക്ഷിതമാണെന്ന് അവർക്കു തോന്നിയിരിക്കാം. അതിനൊരു ഉദാഹരണമാണു ഗാംലാ നഗരം. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള വളരെ ഉയർന്ന ഒരു മലയിലാണു ഗാംലാ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ട് ചില ജൂതന്മാർ ഇതാണു പറ്റിയ സ്ഥലമെന്നു ചിന്തിച്ചു. എന്നാൽ അവർക്കു തെറ്റി. കാരണം, റോമൻ സൈന്യം യരുശലേമിനെ ആക്രമിച്ചപ്പോൾ ഗാംലായിൽ താമസിച്ച അനേകം ജൂതന്മാർ അവരുടെ കൈയാൽ കൊല്ലപ്പെട്ടു.b
ഒന്നാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾക്ക് ഓടിപ്പോകാൻ പറ്റുമായിരുന്ന ഒരുപാടു മലകളുണ്ടായിരുന്നു. പക്ഷേ എല്ലാം സുരക്ഷിതമായിരുന്നില്ല (9-ാം ഖണ്ഡിക കാണുക)
10-11. (എ) എങ്ങനെയായിരിക്കാം യഹോവ ക്രിസ്ത്യാനികളെ വഴിനയിച്ചത്? (എബ്രായർ 13:7, 17) (ബി) നേതൃത്വമെടുക്കുന്നവരെ അനുസരിച്ചതുകൊണ്ട് ക്രിസ്ത്യാനികൾക്ക് എന്തു പ്രയോജനം കിട്ടി? (ചിത്രവും കാണുക.)
10 സഭയിൽ നേതൃത്വമെടുക്കുന്നവരിലൂടെ ആയിരിക്കാം യഹോവ ആ ക്രിസ്ത്യാനികളെ വഴിനയിച്ചത്. ചരിത്രകാരനായ യൂസേബിയസ് പറഞ്ഞതനുസരിച്ച്: “യരുശലേമിലുള്ള ക്രിസ്ത്യാനികൾ പെരിയയിലെ പെല്ലാ നഗരത്തിലേക്ക് ഓടിപ്പോകണം എന്ന നിർദേശം യഹോവ കൊടുത്തതു നേതൃത്വമെടുക്കുന്ന പുരുഷന്മാരിലൂടെയാണ്.” ജീവൻ രക്ഷിക്കാനായി അങ്ങോട്ടു പോകുന്നതു ശരിയായ ഒരു തീരുമാനമായിരുന്നു. കാരണം അവിടെയുള്ള മിക്കയാളുകളും ജൂതന്മാരല്ലാത്തതുകൊണ്ട് അവർ റോമൻ സൈന്യത്തിന് എതിരെ പോരാടാൻ പോകില്ലായിരുന്നു. അതുപോലെ യരുശലേമിൽനിന്ന് ദൂരം കുറവായിരുന്നതുകൊണ്ട് അവിടെ എത്തിപ്പെടാൻ എളുപ്പവുമായിരുന്നു.—ഭൂപടം കാണുക.
11 ‘നേതൃത്വമെടുക്കുന്നവരെ അനുസരിച്ച’ ക്രിസ്ത്യാനികളെല്ലാം പെല്ലയിലേക്ക് ഓടിപ്പോയി. (എബ്രായർ 13:7, 17 വായിക്കുക.) അങ്ങനെ ചെയ്തവർക്കു ജീവൻ രക്ഷിക്കാനായി. “ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനുവേണ്ടി,” ദൈവരാജ്യത്തിനുവേണ്ടി, കാത്തിരിക്കുന്നവരെ ദൈവം ഒരുനാളും ഉപേക്ഷിക്കില്ലെന്നാണ് ഈ ചരിത്രവസ്തുത കാണിക്കുന്നത്.—എബ്രാ. 11:10.
ക്രിസ്ത്യാനികൾക്ക് എളുപ്പം എത്തിച്ചേരാവുന്നതും സുരക്ഷിതവും ആയ ഒരു നഗരമായിരുന്നു പെല്ല (10, 11 ഖണ്ഡികകൾ കാണുക)
12-13. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ യഹോവ എങ്ങനെയാണു തന്റെ ജനത്തെ വഴിനയിച്ചത്?
12 നമുക്കുള്ള പാഠം: യഹോവ തന്റെ ജനത്തിനു വ്യക്തമായ നിർദേശങ്ങൾ കൊടുക്കാൻ ഇന്നും നേതൃത്വമെടുക്കുന്നവരെ ഉപയോഗിക്കുന്നു. ബുദ്ധിമുട്ടുള്ള സമയങ്ങളിൽ യഹോവ തന്റെ ജനത്തെ വഴിനയിക്കാൻ ഇടയന്മാരെ ഉപയോഗിച്ചതിന്റെ ധാരാളം തെളിവുകൾ ബൈബിളിലുണ്ട്. (ആവ. 31:23; സങ്കീ. 77:20) ഇന്നും യഹോവ ആ വിധത്തിൽ നമ്മളെ വഴിനയിക്കുന്നതിന്റെ നിരവധി തെളിവുകൾ നിങ്ങൾക്കു കാണാനാകുന്നില്ലേ?
13 ഉദാഹരണത്തിന്, കോവിഡ്-19 മഹാമാരിയുടെ സമയത്ത് “നേതൃത്വമെടുക്കുന്ന” സഹോദരങ്ങൾ സഭകൾക്കുവേണ്ട നിർദേശങ്ങൾ നൽകി. മൂപ്പന്മാർക്കു ലഭിച്ച ആ നിർദേശങ്ങൾ സഹോദരങ്ങളുടെ ആത്മീയാവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചു. ഇനി, മഹാമാരി തുടങ്ങി അധികം വൈകാതെ 500 ഭാഷകളിലായി വലിയൊരു കൺവെൻഷൻ നടത്താനും നമുക്കു കഴിഞ്ഞു. സഹോദരങ്ങൾ ഇന്റർനെറ്റിലൂടെയും ടിവിയിലൂടെയും റേഡിയോയിലൂടെയും അത് ആസ്വദിച്ചു. അങ്ങനെ ആത്മീയാഹാരം നിലയ്ക്കാതെ ഒഴുകി! അത് ഐക്യമുള്ളവരായി തുടരാൻ നമ്മളെ സഹായിച്ചു. ഭാവിയിൽ എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻവേണ്ട നിർദേശങ്ങൾ യഹോവ നേതൃത്വമെടുക്കുന്നവരിലൂടെ തരുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം. യഹോവയിൽ ആശ്രയിക്കണമെന്നും യഹോവയുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും നമ്മൾ ഇപ്പോൾ പഠിച്ചു. ശരി, മഹാകഷ്ടതയ്ക്കായി ഒരുങ്ങാനും ആ സമയത്ത് ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും മറ്റ് ഏതെല്ലാം ഗുണങ്ങൾ നമ്മളെ സഹായിക്കും?
സഹോദരസ്നേഹവും ആതിഥ്യവും കാണിക്കുക
14. എബ്രായർ 13:1-3 അനുസരിച്ച് യരുശലേമിന്റെ നാശത്തിനു മുമ്പ് ക്രിസ്ത്യാനികൾ ഏതു ഗുണങ്ങൾ കാണിക്കണമായിരുന്നു?
14 നമ്മൾ ഏറ്റവുമധികം സഹോദരസ്നേഹം കാണിക്കേണ്ട ഒരു സമയമാണ് മഹാകഷ്ടതയുടെ നാളുകൾ. സഹോദരസ്നേഹം കാണിക്കുന്ന കാര്യത്തിൽ യരുശലേമിലെയും യഹൂദ്യയിലെയും ക്രിസ്ത്യാനികൾ നമുക്കു നല്ലൊരു മാതൃകയാണ്. അവർക്ക് എല്ലായ്പ്പോഴും പരസ്പരം നല്ല സ്നേഹമുണ്ടായിരുന്നു. (എബ്രാ. 10:32-34) എന്നാൽ യരുശലേമിന്റെ നാശം അടുത്തുവന്ന ആ സമയത്ത് അവർ മുമ്പത്തേതിലും അധികമായി ‘സഹോദരസ്നേഹവും’ ‘ആതിഥ്യവും’ കാണിക്കണമായിരുന്നു.c (എബ്രായർ 13:1-3 വായിക്കുക.) ഈ വ്യവസ്ഥിതിയുടെ അവസാനം കാത്തിരിക്കുന്ന നമ്മളും അതുപോലെതന്നെ ചെയ്യണം.
15. യരുശലേമിൽനിന്ന് പോയശേഷവും എബ്രായക്രിസ്ത്യാനികൾ സഹോദരസ്നേഹവും ആതിഥ്യവും കാണിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
15 യരുശലേമിനെ വളഞ്ഞിരുന്ന റോമൻ സൈന്യം പെട്ടെന്നുതന്നെ പിൻവാങ്ങി. ഇതു ക്രിസ്ത്യാനികൾക്ക് യരുശലേമിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി. ആ യാത്രയിൽ അവർക്കു വളരെ കുറച്ച് സാധനങ്ങളേ എടുക്കാൻ സാധിച്ചുള്ളൂ. (മത്താ. 24:17, 18) അതുകൊണ്ടുതന്നെ അങ്ങോട്ടുള്ള യാത്രയിലും അവിടെ ചെന്ന് പുതിയൊരു ജീവിതം തുടങ്ങുന്നതിനും അവർ പരസ്പരം സഹായിക്കണമായിരുന്നു. പല സഹോദരങ്ങൾക്കും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഒക്കെ ആവശ്യമായിരുന്നു. ഈ കാര്യങ്ങളിലെല്ലാം “അടിയന്തിരമായി സഹായം” കൊടുത്തുകൊണ്ട് യഥാർഥ സഹോദരസ്നേഹം കാണിക്കാൻ അവർക്ക് അവസരം കിട്ടി. അതുപോലെ പരസ്പരം പിന്തുണച്ചുകൊണ്ടും തങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടും ആതിഥ്യം കാണിക്കാനും അവർക്കു കഴിഞ്ഞു.—തീത്തോ. 3:14.
16. സഹായം ആവശ്യമുള്ള സഹോദരങ്ങളോടു നമുക്ക് എങ്ങനെ സ്നേഹം കാണിക്കാം? (ചിത്രവും കാണുക.)
16 നമുക്കുള്ള പാഠം: സഹോദരങ്ങളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കും. ഈ അടുത്ത കാലത്തുണ്ടായ യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അഭയാർഥികളായി പോകേണ്ടിവന്ന സഹോദരങ്ങളെ നമ്മൾ മനസ്സോടെ സഹായിച്ചു. നമ്മൾ അവരെ ആത്മീയമായും ഭൗതികമായും പിന്തുണച്ചു. യുദ്ധം കാരണം വീടുവിട്ട് പോകേണ്ടിവന്ന യുക്രെയിനിലെ ഒരു സഹോദരി പറഞ്ഞത് ഇങ്ങനെയാണ്: “സഹോദരങ്ങളിലൂടെ യഹോവ എന്നെ സഹായിക്കുന്നതും വഴിനയിക്കുന്നതും ഞാൻ അനുഭവിച്ചറിഞ്ഞു. യുക്രെയിനിലും ഹംഗറിയിലും ജർമനിയിലും ഉള്ള സഹോദരങ്ങൾ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്തു.” സഹോദരങ്ങളോട് ആതിഥ്യം കാണിക്കുകയും അവരുടെ ആവശ്യങ്ങളിൽ കരുതുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയുടെ കൈയിലെ ഉപകരണങ്ങളായി മാറുകയാണ്.—സുഭാ. 19:17; 2 കൊരി. 1:3, 4.
അഭയാർഥികളായ നമ്മുടെ സഹോദരങ്ങൾക്കു സഹായം ആവശ്യമാണ് (16-ാം ഖണ്ഡിക കാണുക)
17. നമ്മൾ ഇപ്പോൾത്തന്നെ സഹോദരസ്നേഹവും ആതിഥ്യവും വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്?
17 ഇന്നു നമ്മൾ സഹോദരങ്ങളെ പല തരത്തിൽ സഹായിക്കുന്നുണ്ട്. എന്നാൽ മഹാകഷ്ടതയുടെ സമയത്ത് ഇതിലും കൂടുതൽ നമ്മൾ സഹായിക്കേണ്ടിവരും. (ഹബ. 3:16-18) ആ സമയത്ത് നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സഹോദരസ്നേഹവും ആതിഥ്യവും കാണിക്കാൻ യഹോവ ഇപ്പോൾത്തന്നെ നമ്മളെ പരിശീലിപ്പിക്കുന്നു.
ഭാവിയിൽ എന്തു സംഭവിക്കും?
18. ഒന്നാം നൂറ്റാണ്ടിലെ എബ്രായക്രിസ്ത്യാനികളെ നമുക്ക് എങ്ങനെ അനുകരിക്കാം?
18 നിർദേശങ്ങൾ അനുസരിച്ച് മലകളിലേക്ക് ഓടിപ്പോയ ക്രിസ്ത്യാനികൾക്കു ജീവൻ രക്ഷിക്കാനായി എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അവരെല്ലാം പലതും പിന്നിൽ ഉപേക്ഷിച്ചുപോയെങ്കിലും യഹോവ അവരെ ഉപേക്ഷിച്ചില്ല. ഇനി നമ്മുടെ നാളുകളെക്കുറിച്ചോ? ഭാവിയിൽ സംഭവിക്കാൻപോകുന്ന എല്ലാ കാര്യങ്ങളും നമുക്കു കൃത്യമായി അറിയില്ല. എന്നാൽ നിർദേശങ്ങൾ അനുസരിക്കാൻ എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം എന്ന മുന്നറിയിപ്പ് യേശു നമുക്കു തന്നിട്ടുണ്ട്. (ലൂക്കോ. 12:40) അതുപോലെ പൗലോസിന്റെ കത്തിൽനിന്ന് പഠിച്ച പാഠങ്ങൾ നമുക്കു ജീവിതത്തിൽ പകർത്താം. ഇനി നമ്മളെ ഓരോരുത്തരെയും ഒരിക്കലും കൈവിടില്ലെന്നും ഉപേക്ഷിക്കില്ലെന്നും ഉള്ള ഉറപ്പും യഹോവ തന്നിട്ടുണ്ട്. അതിൽ നമുക്കു പൂർണമായി വിശ്വസിക്കാം. (എബ്രാ. 13:5, 6) അതുകൊണ്ട് നിലനിൽക്കുന്ന നഗരത്തിനായി, ദൈവരാജ്യത്തിനായി, നമുക്കു കാത്തിരിക്കാം. ആ രാജ്യം കൊണ്ടുവരാൻപോകുന്ന നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കാം.—മത്താ. 25:34.
ഗീതം 157 എന്നെന്നും സമാധാനം!
a ബൈബിൾക്കാലങ്ങളിൽ നഗരങ്ങൾ ഭരിച്ചിരുന്നതു രാജാക്കന്മാരായിരുന്നു. അത്തരത്തിലുള്ള ഒരു നഗരത്തെ രാജ്യമായാണു കണക്കാക്കിയിരുന്നത്.—ഉൽപ. 14:2.
b ഇതു സംഭവിച്ചത് എ.ഡി. 67-ലാണ്. ക്രിസ്ത്യാനികൾ യഹൂദ്യയിൽനിന്നും യരുശലേമിൽനിന്നും ഓടിപ്പോയി അധികം വൈകാതെ.
c “സഹോദരസ്നേഹം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് അടുത്ത കുടുംബാംഗങ്ങൾക്കിടയിലുള്ള സ്നേഹത്തെയാണ് അർഥമാക്കുന്നത്. എന്നാൽ, പൗലോസ് ഇവിടെ ഈ പദം ഉപയോഗിച്ചതു സഭയിലെ സഹോദരങ്ങൾക്കിടയിലുള്ള ശക്തമായ സ്നേഹത്തെ കുറിക്കാനാണ്.