പഠനലേഖനം 39
ഗീതം 54 ‘വഴി ഇതാണ്’
‘യോഗ്യരായവരെ’ എത്രയും പെട്ടെന്ന് സഹായിക്കുക
“നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവരെല്ലാം വിശ്വാസികളായിത്തീർന്നു.”—പ്രവൃ. 13:48.
ഉദ്ദേശ്യം
ബൈബിൾപഠനത്തെക്കുറിച്ച് എപ്പോൾ പറയണമെന്നും ആളുകളെ എപ്പോൾ മീറ്റിങ്ങിന് ക്ഷണിക്കണമെന്നും നമ്മൾ കാണും.
1. സന്തോഷവാർത്തയോട് ആളുകൾ പ്രതികരിക്കുന്ന വിധം വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? (പ്രവൃത്തികൾ 13:47, 48; 16:14, 15)
ഒന്നാം നൂറ്റാണ്ടിൽ ധാരാളം പേർ യേശുവിനെക്കുറിച്ചുള്ള സന്ദേശം കേട്ട ഉടനെ ക്രിസ്ത്യാനിത്വം സ്വീകരിച്ചു. (പ്രവൃത്തികൾ 13:47, 48; 16:14, 15 വായിക്കുക.) അതുപോലെ ഇന്നും സന്തോഷവാർത്ത ആദ്യമായി കേൾക്കുമ്പോൾത്തന്നെ ചിലർ നന്നായി പ്രതികരിക്കാറുണ്ട്. എന്നാൽ ആദ്യമൊന്നും അധികം താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് സത്യം പഠിക്കാൻ മനസ്സു കാണിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ ശുശ്രൂഷയിൽ കണ്ടുമുട്ടിയാൽ നമ്മൾ എന്തു ചെയ്യണം?
2. ശിഷ്യരാക്കൽ പ്രവർത്തനത്തെ ഒരു കൃഷിക്കാരന്റെ ജോലിയോട് ഉപമിക്കാനാകുന്നത് എങ്ങനെ?
2 ഒരു ഉദാഹരണം നോക്കാം. ശിഷ്യരാക്കൽ പ്രവർത്തനത്തെ ഒരു കൃഷിക്കാരന്റെ പണിയോട് ഉപമിക്കാനാകും. അദ്ദേഹം തോട്ടത്തിലുള്ള ഒരു ചെടിയിലെ പഴങ്ങൾ പഴുത്ത് പാകമായെന്നു കണ്ടാൽ ഉടൻതന്നെ അതു പറിക്കും. അതേസമയം മറ്റു ചെടികൾക്കു വെള്ളമൊഴിക്കുന്നതും അതിനെ പരിപാലിക്കുന്നതും തുടരുകയും ചെയ്യും. ഇതുപോലെ, ശുശ്രൂഷയിൽ നമ്മുടെ സന്ദേശത്തോട് ഒരാൾ പെട്ടെന്നുതന്നെ താത്പര്യം കാണിക്കുമ്പോൾ ക്രിസ്തുവിന്റെ ശിഷ്യനാകാൻ അയാളെ എത്രയും വേഗം സഹായിക്കാൻ നമ്മൾ ശ്രമിക്കും. അതേസമയം മറ്റു ചിലരുടെ കാര്യത്തിൽ അവരുടെ താത്പര്യം വളർത്താൻ നമ്മൾ ശ്രമം തുടരേണ്ടിവന്നേക്കാം. കാരണം നമ്മൾ പറയുന്ന സത്യത്തിന്റെ മൂല്യം മനസ്സിലാക്കാൻ അവർക്ക് സമയം വേണ്ടിവരും. (യോഹ. 4:35, 36) കണ്ടുമുട്ടുന്നവരെ ഏതു രീതിയിൽ സമീപിക്കുന്നതാണ് ഏറ്റവും നല്ലതെന്നു മനസ്സിലാക്കാൻ വകതിരിവ് സഹായിക്കും. നമ്മുടെ സന്ദേശത്തോട് താത്പര്യം കാണിക്കുന്ന ആളുകളോട് ആദ്യസന്ദർശനത്തിൽ എന്ത് പറയാനാകുമെന്ന് ഇപ്പോൾ നോക്കാം. അതുപോലെ പുരോഗമിക്കാൻ അവരെ സഹായിക്കുന്നതിന് എന്തു ചെയ്യാനാകുമെന്നും നമ്മൾ പഠിക്കും.
ആളുകൾ താത്പര്യം കാണിക്കുമ്പോൾ
3. താത്പര്യമുള്ളവരെ ശുശ്രൂഷയിൽ കണ്ടുമുട്ടുമ്പോൾ നമുക്ക് എന്തു ചെയ്യാം? (1 കൊരിന്ത്യർ 9:26)
3 താത്പര്യമുള്ളവരെ കണ്ടുമുട്ടുമ്പോൾ, നിത്യജീവന്റെ പാതയിലേക്ക് കടക്കാൻ അവരെ എത്രയും പെട്ടെന്നു സഹായിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. അങ്ങനെയുള്ളവരോട് ആദ്യസംഭാഷണത്തിൽത്തന്നെ ബൈബിൾപഠനത്തെക്കുറിച്ച് പറയാനും അവരെ മീറ്റിങ്ങുകൾക്ക് ക്ഷണിക്കാനും മടിക്കരുത്.—1 കൊരിന്ത്യർ 9:26 വായിക്കുക.
4. പെട്ടെന്നുതന്നെ ബൈബിൾപഠനത്തിന് സമ്മതിച്ച ഒരാളുടെ അനുഭവം പറയുക.
4 ബൈബിൾപഠനത്തെക്കുറിച്ച് പറയുക. ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ചിലർ പെട്ടെന്നുതന്നെ ബൈബിൾപഠനം സ്വീകരിച്ചേക്കാം. ഒരു അനുഭവം നോക്കാം. കാനഡയിൽ താമസിക്കുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീ ഒരു വ്യാഴാഴ്ച നമ്മുടെ കാർട്ടിന്റെ അടുത്തുവന്ന് ജീവിതം ആസ്വദിക്കാം ലഘുപത്രിക എടുത്തു. കാർട്ടിന്റെ അടുത്ത് നിന്നിരുന്ന സഹോദരി ഈ ലഘുപത്രിക ഉപയോഗിച്ചുള്ള ബൈബിൾപഠനത്തെക്കുറിച്ച് അവരോടു പറഞ്ഞു. ആ സ്ത്രീക്ക് അത് ഇഷ്ടമായി. അവർ ഫോൺ നമ്പറുകൾ കൈമാറി. അന്നുതന്നെ ആ സ്ത്രീ സഹോദരിക്ക് ബൈബിൾപഠനത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് മെസ്സേജ് അയച്ചു. ശനിയാഴ്ച പഠിക്കുന്നതിനെക്കുറിച്ച് സഹോദരി പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരി ഇങ്ങനെ ചോദിച്ചു: “നാളെ പറ്റുമോ, ഞാൻ ഫ്രീ ആണ്.” അങ്ങനെ ആ വെള്ളിയാഴ്ചതന്നെ അവർ ബൈബിൾപഠനം തുടങ്ങി. ആ ഞായറാഴ്ചത്തെ മീറ്റിങ്ങിനും ആ സ്ത്രീ പങ്കെടുത്തു. അവർ പെട്ടെന്നുതന്നെ പുരോഗമിക്കാനും തുടങ്ങി.
5. ഒരു ബൈബിൾപഠനത്തെക്കുറിച്ച് പറയുന്ന കാര്യത്തിൽ നമുക്ക് വകതിരിവ് കാണിക്കാനാകുന്നത് എങ്ങനെയാണ്? (ചിത്രങ്ങളും കാണുക.)
5 എല്ലാ ആളുകളും ഈ സ്ത്രീയെപ്പോലെ നമ്മുടെ സന്ദേശത്തോട് പെട്ടെന്ന് താത്പര്യം കാണിക്കില്ലെന്നു നമുക്കറിയാം. ചിലരുടെ കാര്യത്തിൽ കുറച്ച് സമയം വേണ്ടിവന്നേക്കാം. അങ്ങനെയുള്ളവരോട് സംസാരിക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് പറഞ്ഞുതുടങ്ങാനാകും. എന്നിട്ട് അവർ നന്നായി പ്രതികരിക്കുമെന്ന പ്രതീക്ഷയോടെ അവരിൽ തുടർന്നും താത്പര്യം കാണിക്കുന്നെങ്കിൽ അധികം വൈകാതെ നിങ്ങൾക്ക് ഒരു ബൈബിൾപഠനം തുടങ്ങാനായേക്കും. അങ്ങനെയെങ്കിൽ ബൈബിൾപഠനം വാഗ്ദാനം ചെയ്യുന്ന സമയത്ത് നിങ്ങൾക്ക് എന്തൊക്കെ പറയാനാകും? ഈ ചോദ്യം ബൈബിൾപഠനം തുടങ്ങുന്നതിൽ വിദഗ്ധരായ ചില സഹോദരങ്ങളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ ചില നിർദേശങ്ങൾ നോക്കാം.
ബൈബിൾ പഠിക്കാനുള്ള താത്പര്യം ഉണർത്തുന്നതിന് ഈ ചിത്രത്തിൽ കാണുന്ന ആളുകളോടു നിങ്ങൾ എന്തു പറയും? (5-ാം ഖണ്ഡിക കാണുക)a
6. ബൈബിൾപഠനം പ്രയോജനം ചെയ്യുമെന്ന് വ്യക്തിക്കു മനസ്സിലാക്കിക്കൊടുക്കാൻ നിങ്ങൾക്ക് എന്തു പറയാനാകും?
6 ഒരു ബൈബിൾപഠനത്തെക്കുറിച്ച് പറയുമ്പോൾ “ബൈബിൾ കോഴ്സ്,” “പഠനം,” “നിങ്ങളെ പഠിപ്പിക്കാം” എന്നതുപോലുള്ള പദപ്രയോഗങ്ങൾ ഒഴിവാക്കുന്നത് നല്ലതാണെന്ന് പല നാടുകളിലെയും പ്രചാരകർക്കും മുൻനിരസേവകർക്കും തോന്നിയിട്ടുണ്ട്. പകരം “സംസാരിക്കാം,” “ചർച്ച ചെയ്യാം,” “ബൈബിളിനെക്കുറിച്ച് കൂടുതൽ അറിയാം” തുടങ്ങിയ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യുന്നതായി അവർ മനസ്സിലാക്കിയിരിക്കുന്നു. അടുത്ത തവണ സംസാരിക്കാനുള്ള താത്പര്യം ഉണർത്തുന്നതിനു നിങ്ങൾക്കു ചിലപ്പോൾ ഇങ്ങനെ പറയാനാകും: “ജീവിതത്തിലെ പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കുള്ള ഉത്തരം ബൈബിളിലുണ്ട്;” അല്ലെങ്കിൽ “ബൈബിൾ വെറുമൊരു മതഗ്രന്ഥമല്ല, നമുക്ക് ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന ഒരുപാടു കാര്യങ്ങൾ അതിലുണ്ട്.” അതോടൊപ്പം ഇങ്ങനെയും പറയാം: “ബൈബിളിൽനിന്ന് വിലയേറിയ ഒരു ആശയം മനസ്സിലാക്കാൻ ഒരുപാടു സമയമൊന്നും വേണ്ടിവരില്ല. 10-ഓ 15-ഓ മിനിട്ട് മതിയാകും.” എന്നാൽ “എല്ലാ ആഴ്ചയും പഠിക്കാം,” “എല്ലാ ആഴ്ചയും ഇതേ സമയത്തുതന്നെ പഠിക്കാം” എന്നൊക്കെ പറയുന്നത് വേണമെങ്കിൽ നമുക്ക് ഒഴിവാക്കാം. കാരണം അങ്ങനെ കേൾക്കുമ്പോൾ തങ്ങൾ ഒരു കടപ്പാടിൽ ആയിപ്പോകുന്നതായി അവർക്കു തോന്നാനിടയുണ്ട്.
7. ചില ആളുകൾ ബൈബിൾസത്യം തിരിച്ചറിഞ്ഞിരിക്കുന്നത് എപ്പോഴാണ്? (1 കൊരിന്ത്യർ 14:23-25)
7 മീറ്റിങ്ങിന് ക്ഷണിക്കുക. സാധ്യതയനുസരിച്ച് പൗലോസ് അപ്പോസ്തലന്റെ കാലത്ത് ചില ആളുകൾ ബൈബിൾസത്യം തിരിച്ചറിഞ്ഞത് ആദ്യമായി ക്രിസ്തീയയോഗത്തിനു വന്നപ്പോഴാണ്. (1 കൊരിന്ത്യർ 14:23-25 വായിക്കുക.) ഇന്നും അതു സത്യമാണ്. പുതിയവരായ ആളുകൾ മിക്കപ്പോഴും പെട്ടെന്ന് പുരോഗമിക്കുന്നത് അവർ മീറ്റിങ്ങിനു വന്നുതുടങ്ങുമ്പോഴാണ്. അങ്ങനെയെങ്കിൽ ആളുകളെ നമുക്ക് എപ്പോൾ മീറ്റിങ്ങിന് ക്ഷണിക്കാനാകും? ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 10-ാം പാഠത്തിൽ ആ കാര്യം പറയുന്നുണ്ട്. പക്ഷേ അത് പഠിക്കുന്നതുവരെ കാത്തുനിൽക്കേണ്ടതില്ല. ആദ്യസംഭാഷണത്തിൽത്തന്നെ നിങ്ങൾക്കു വീട്ടുകാരനെ വാരാന്തയോഗത്തിന് ക്ഷണിക്കാനാകും. ആ ആഴ്ചത്തെ പൊതുപ്രസംഗത്തിന്റെ വിഷയമോ വീക്ഷാഗോപുരപഠനത്തിലെ ഏതെങ്കിലും ഒരു പോയിന്റോ പറഞ്ഞുകൊണ്ട് അവരുടെ താത്പര്യം ഉണർത്താനായേക്കും.
8. പുതിയ ഒരാളെ മീറ്റിങ്ങിനു ക്ഷണിക്കുമ്പോൾ നമുക്ക് എന്തൊക്കെ പറഞ്ഞുകൊടുക്കാനാകും? (യശയ്യ 54:13)
8 താത്പര്യമുള്ള ഒരാളെ മീറ്റിങ്ങിനു ക്ഷണിക്കുമ്പോൾ അദ്ദേഹത്തിനു പരിചയമുള്ള മതശുശ്രൂഷകളിൽനിന്നും നമ്മുടെ മീറ്റിങ്ങുകൾക്കുള്ള വ്യത്യാസം പറഞ്ഞുകൊടുക്കാം. ബൈബിൾ പഠിക്കുന്ന ഒരു സ്ത്രീ ആദ്യമായി വീക്ഷാഗോപുരപഠനം കൂടിയപ്പോൾ തന്റെ അധ്യാപികയോട് ചോദിച്ചു: “പരിപാടി നടത്തുന്നയാൾക്ക് എല്ലാവരുടെയും പേരുകൾ അറിയാമോ?” ഇവിടം ഒരു കുടുംബം പോലെയാണെന്നും പരസ്പരം പേരുകൾ ഓർത്തിരിക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ടെന്നും സഹോദരി പറഞ്ഞു. താൻ പൊയ്ക്കൊണ്ടിരിക്കുന്ന പള്ളിയിൽനിന്ന് ഇത് വ്യത്യസ്തമാണല്ലോ എന്ന് ബൈബിൾവിദ്യാർഥി ചിന്തിച്ചു. ഇനി നമ്മുടെ മീറ്റിങ്ങിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും പുതിയവർക്ക് പറഞ്ഞുകൊടുക്കാനാകും. (യശയ്യ 54:13 വായിക്കുക.) നമ്മൾ കൂടിവരുന്നത് യഹോവയെ ആരാധിക്കാനും യഹോവയിൽനിന്ന് പഠിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ആണ്. (എബ്രാ. 2:12; 10:24, 25) അതുകൊണ്ടുതന്നെ നമ്മുടെ മീറ്റിങ്ങുകളിൽ മതപരമായ ചടങ്ങുകളില്ല. പഠിക്കാൻ പറ്റുന്ന രീതിയിൽ വളരെ ക്രമീകൃതമായാണ് അത് നടത്തപ്പെടുന്നത്. (1 കൊരി. 14:40) അതുപോലെ നമ്മുടെ രാജ്യഹാളുകൾ വളരെ ലളിതവും പഠിക്കാൻ പറ്റുന്ന നല്ല അന്തരീക്ഷമുള്ളതും ആണ്. രാഷ്ട്രീയകാര്യങ്ങളിൽ നിഷ്പക്ഷരായതുകൊണ്ട് അതെക്കുറിച്ച് നമ്മൾ സംസാരിക്കാറില്ല. അതുപോലെതന്നെ ചൂടുപിടിച്ച ചർച്ചകളോ വാദങ്ങളോ നമ്മൾ അവിടെ നടത്തില്ല. മീറ്റിങ്ങിന് വരുന്നതിനു മുമ്പുതന്നെ രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ വിദ്യാർഥിയെ കാണിക്കുന്നെങ്കിൽ അവിടെ നടക്കുന്ന കാര്യങ്ങളുടെ ഒരു ചിത്രം വിദ്യാർഥിക്കു മുന്നമേ കിട്ടും.
9-10. മീറ്റിങ്ങിനു വരാൻ മടിക്കുന്ന പുതിയവരോടു നിങ്ങൾക്ക് എന്തൊക്കെ പറയാനാകും? (ചിത്രവും കാണുക.)
9 യഹോവയുടെ സാക്ഷിയാകേണ്ടിവരുമോ എന്ന പേടികൊണ്ടായിരിക്കാം ചിലർ മീറ്റിങ്ങുകൾക്ക് വരാൻ മടിക്കുന്നത്. എന്നാൽ നമ്മുടെ സഭയിൽ ചേരാനോ അവിടത്തെ പരിപാടികളിൽ പങ്കെടുക്കാനോ ഒന്നും നമ്മൾ ആരെയും നിർബന്ധിക്കുന്നില്ലെന്ന് അവരോടു പറയാനാകും. ഇനി കൊച്ചുകുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങളെ എല്ലാവരെയും നമ്മൾ സ്വാഗതം ചെയ്യുന്നുണ്ട്. മീറ്റിങ്ങുകളിൽ കുട്ടികൾക്കു മാതാപിതാക്കളോടൊപ്പം ഇരുന്ന് പഠിക്കാനാകും. കുട്ടികൾക്കു മാത്രമായി പ്രത്യേകക്ലാസ്സുകൾ ഒന്നുമില്ല. ഇത് മുന്നമേ പറയുമ്പോൾ തങ്ങളുടെ മക്കൾ ആരോടൊപ്പം ആയിരിക്കും, അവരെ എന്തെല്ലാമായിരിക്കും പഠിപ്പിക്കുന്നത് എന്നൊക്കെ ഓർത്ത് മാതാപിതാക്കൾക്ക് ടെൻഷനടിക്കേണ്ടിവരില്ല. (ആവ. 31:12) അതുപോലെ അവിടെ പണപ്പിരിവുകളില്ല. “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക” എന്ന യേശുവിന്റെ കല്പനയ്ക്കു ചേർച്ചയിലാണ് നമ്മൾ പ്രവർത്തിക്കുന്നത്. (മത്താ. 10:8) കൂടാതെ മീറ്റിങ്ങുകൾക്ക് വരാൻ വിലകൂടിയ വസ്ത്രമൊന്നും ധരിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞുകൊടുക്കാനാകും. ദൈവം നോക്കുന്നത് പുറമേ അല്ല അകമേയുള്ള വ്യക്തിയെയാണ്.—1 ശമു. 16:7.
10 പുതിയതായി മീറ്റിങ്ങിനു വരുന്ന വ്യക്തിക്ക് കുറച്ച് ടെൻഷൻ കാണും. ആ ടെൻഷൻ കുറയ്ക്കാൻ നിങ്ങളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുക. സഭയിലെ പ്രചാരകരെയും മൂപ്പന്മാരെയും അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കാനാകും. നല്ലൊരു അന്തരീക്ഷവും നല്ല കൂട്ടുകാരും ഒക്കെ ഉണ്ടെന്നു കാണുമ്പോൾ അദ്ദേഹം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. ഇനി മീറ്റിങ്ങിന്റെ സമയത്ത് അദ്ദേഹത്തിന്റെ കൈയിൽ ഒരു ബൈബിളില്ലെങ്കിൽ നിങ്ങളുടേതു കാണിച്ചുകൊടുക്കുക. അതുപോലെ, പഠിക്കുന്ന പ്രസിദ്ധീകരണങ്ങൾ നോക്കാനും അവരെ സഹായിക്കുക.
എത്ര പെട്ടെന്ന് ഒരു വ്യക്തി മീറ്റിങ്ങിനു വന്നുതുടങ്ങുന്നോ അത്ര പെട്ടെന്ന് ആ വ്യക്തി പുരോഗമിക്കും (9-10 ഖണ്ഡികകൾ കാണുക)
ഒരു ബൈബിൾപഠനം തുടങ്ങുമ്പോൾ
11. ബൈബിൾവിദ്യാർഥിയുടെ സമയത്തിനും തിരക്കിനും നിങ്ങൾ വിലകൊടുക്കുന്നുണ്ടെന്ന് എങ്ങനെ കാണിക്കാം?
11 ഒരു ബൈബിൾപഠനം ആരംഭിക്കുമ്പോൾ നമ്മൾ എന്തെല്ലാം മനസ്സിൽപ്പിടിക്കണം? വീട്ടുകാരന്റെ സമയത്തെയും തിരക്കുകളെയും മാനിക്കുക. നമ്മൾ ഒരു സമയം പറഞ്ഞിട്ടുണ്ടെങ്കിൽ ആ സമയത്തുതന്നെ ചെല്ലുക. നമ്മുടെ നാട്ടിലെ രീതിയനുസരിച്ച് അൽപ്പം വൈകിയാലൊന്നും കുഴപ്പമില്ല എന്നു തോന്നിയാലും അങ്ങനെ ചെയ്യരുത്. ഇനി ബൈബിൾപഠനം തുടങ്ങുന്ന ദിവസം, പഠനം ഒരുപാടു നീണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. ധാരാളം ബൈബിൾപഠനങ്ങൾ നടത്തുന്ന പ്രചാരകർ പറയുന്നത്, പഠിക്കുന്ന വ്യക്തിക്കു കേൾക്കാൻ കൂടുതൽ താത്പര്യമുണ്ടെങ്കിലും എപ്പോഴും പഠനം കൃത്യസമയത്തുതന്നെ നിറുത്തുന്നതാണു നല്ലത് എന്നാണ്. അതുപോലെ നിങ്ങൾ ഒരുപാടു സംസാരിക്കരുത്. ഉള്ളിലുള്ളതു പറയാൻ വീട്ടുകാരനു സമയം കൊടുക്കുക.—സുഭാ. 10:19.
12. ബൈബിൾപഠനം തുടങ്ങുമ്പോൾമുതൽ നമ്മുടെ ലക്ഷ്യം എന്തായിരിക്കണം?
12 തുടക്കംമുതലേ നമ്മുടെ ലക്ഷ്യം യഹോവയെയും യേശുവിനെയും കുറിച്ച് അറിയാനും അവരെ സ്നേഹിക്കാനും വിദ്യാർഥിയെ സഹായിക്കുക എന്നതായിരിക്കണം. അതിനായി നമുക്ക് ദൈവവചനത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കാം; അല്ലാതെ നമ്മളിലേക്കോ നമ്മുടെ ബൈബിൾ പരിജ്ഞാനത്തിലേക്കോ ആയിപ്പോകരുത്. (പ്രവൃ. 10:25, 26) അപ്പോസ്തലനായ പൗലോസ് ഇക്കാര്യത്തിൽ നല്ലൊരു മാതൃകയാണ്. അദ്ദേഹം ആരെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പഠിപ്പിച്ചത്? യഹോവയെ ഏറ്റവും മെച്ചമായി അറിയാൻ സഹായിച്ച യേശുക്രിസ്തുവിനെക്കുറിച്ച്. (1 കൊരി. 2:1, 2) പൗലോസ് അടുത്തതായി, നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ പുതിയവരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. അത്തരം ഗുണങ്ങളെ സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവയോടാണ് ഉപമിച്ചത്. (1 കൊരി. 3:11-15) വിശ്വാസം, ജ്ഞാനം, വകതിരിവ്, യഹോവയോടുള്ള ഭയം എന്നീ ഗുണങ്ങൾ അതിൽ ഉൾപ്പെടുന്നു. (സങ്കീ. 19:9, 10; സുഭാ. 3:13-15; 1 പത്രോ. 1:7) പൗലോസിന്റെ ഈ പഠിപ്പിക്കൽ രീതി നമുക്കും അനുകരിക്കാം. അങ്ങനെ ശക്തമായ വിശ്വാസവും യഹോവയുമായുള്ള ഒരു നല്ല ബന്ധവും വളർത്തിയെടുക്കാൻ വിദ്യാർഥികളെ നമുക്ക് സഹായിക്കാം.—2 കൊരി. 1:24.
13. പുതിയവരെ സഹായിക്കുമ്പോൾ എങ്ങനെ ക്ഷമയും വിവേകവും കാണിക്കാനാകും? (2 കൊരിന്ത്യർ 10:4, 5) (ചിത്രവും കാണുക.)
13 യേശുവിന്റെ പഠിപ്പിക്കൽ രീതി അനുകരിച്ചുകൊണ്ട് ക്ഷമയും വിവേകവും കാണിക്കുക. വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കുക. ഒരു കാര്യം പഠിപ്പിക്കുമ്പോൾ അത് ആ വ്യക്തിക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെങ്കിൽ അതെക്കുറിച്ചുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതിനു പകരം പഠനം മുന്നോട്ടു കൊണ്ടുപോകുക. പിന്നീട് പതിയെ തിരിച്ചുവന്നാൽ മതിയാകും. ഒരു ബൈബിൾസത്യം അവരെക്കൊണ്ട് നിർബന്ധിച്ച് സമ്മതിപ്പിക്കാൻ ശ്രമിക്കരുത്. കാരണം സത്യം ഒരാളുടെ ഹൃദയത്തിൽ വേരുപിടിക്കാൻ സമയമെടുക്കും. (യോഹ. 16:12; കൊലോ. 2:6, 7) തെറ്റായ പഠിപ്പിക്കലുകളെ ബൈബിൾ താരതമ്യം ചെയ്തിരിക്കുന്നത് തകർത്തുകളയേണ്ട ഒരു കോട്ടയോടാണ്. (2 കൊരിന്ത്യർ 10:4, 5 വായിക്കുക.) കാലങ്ങളായി വിശ്വസിച്ചുപോരുന്ന കാര്യങ്ങൾ പെട്ടെന്നു വേണ്ടെന്നുവെക്കാൻ വിദ്യാർഥിക്കു ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ആദ്യം ഒരു പുതിയ കോട്ട പണിയാൻ അതായത്, യഹോവയിലുള്ള ആശ്രയം കൂട്ടാൻ അവരെ സഹായിക്കുക. അങ്ങനെയാകുമ്പോൾ തെറ്റായ പഠിപ്പിക്കലുകളുടെ കോട്ട തകർക്കാൻ അവർക്ക് എളുപ്പമായിരിക്കും.—സങ്കീ. 91:9.
വിദ്യാർഥിയുടെ ഹൃദയത്തിൽ സത്യം വേരുപിടിക്കാൻ സമയം അനുവദിക്കുക (13-ാം ഖണ്ഡിക കാണുക)
പുതിയവർ മീറ്റിങ്ങുകൾക്ക് വരുമ്പോൾ
14. പുതിയതായി മീറ്റിങ്ങിനു വരുന്നവരോടു നമ്മൾ എങ്ങനെ ഇടപെടണം?
14 പുതിയവർ മീറ്റിങ്ങിനു വരുമ്പോൾ അവരുടെ സംസ്കാരമോ പശ്ചാത്തലമോ സാമ്പത്തികനിലയോ ഒന്നും നോക്കാതെ നമ്മൾ അവരോടെല്ലാം സ്നേഹത്തോടെ ഇടപെടാൻ യഹോവ ആഗ്രഹിക്കുന്നു. (യാക്കോ. 2:1-4, 9) അങ്ങനെയാണെങ്കിൽ നമുക്ക് ആ സ്നേഹം എങ്ങനെ കാണിക്കാം?
15-16. മീറ്റിങ്ങിനു വരുന്ന പുതിയവരോടു നമുക്ക് എങ്ങനെ സ്നേഹം കാണിക്കാം?
15 ചിലർ മീറ്റിങ്ങുകൾക്കു വരുന്നത് അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാനോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രദേശത്തുള്ള ഒരു സാക്ഷിയോ താത്പര്യക്കാരനോ പറഞ്ഞതുകൊണ്ടോ ആയിരിക്കാം. അതുകൊണ്ട് പരിചയമില്ലാത്ത ഒരാളെ മീറ്റിങ്ങിനു കാണുമ്പോൾ അവരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുക. എന്നാൽ ഒരുപാട് ആവേശം കാണിച്ചുകൊണ്ട് അവരെ വീർപ്പുമുട്ടിക്കരുത്. മീറ്റിങ്ങിന്റെ സമയത്ത് നിങ്ങളുടെ അടുത്ത് ഇരിക്കാനായി അവരെ ക്ഷണിക്കുക. ബൈബിളും പ്രസിദ്ധീകരണങ്ങളും ഒക്കെ കാണിച്ചുകൊടുക്കാം. ആവശ്യമെങ്കിൽ അവർക്ക് സ്വന്തമായി ഒരു കോപ്പി കൊടുക്കാനുമാകും. ഇനി അവരുടെ ടെൻഷൻ കുറയ്ക്കാൻ മറ്റ് എന്തെല്ലാം ചെയ്യാനാകുമെന്നും നിങ്ങൾക്കു ചിന്തിക്കാം. ഒരിക്കൽ ആദ്യമായി രാജ്യഹാളിലേക്കു വന്ന ഒരാളെ ഒരു സഹോദരൻ സ്നേഹത്തോടെ സ്വാഗതം ചെയ്തു. അവിടെ ഉള്ളവരെപ്പോലെ അത്ര നല്ല വസ്ത്രമൊന്നും ധരിച്ചല്ല താൻ വന്നിരിക്കുന്നത് എന്ന ടെൻഷനിലായിരുന്നു ആ വ്യക്തി. എന്നാൽ യഹോവയുടെ സാക്ഷികൾ മറ്റുള്ളവരെപ്പോലെതന്നെ സാധാരണക്കാരാണെന്നു പറഞ്ഞുകൊണ്ട് സഹോദരൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം പതിയെ പുരോഗമിച്ച് സ്നാനമേറ്റു. ആ വ്യക്തിക്ക് ഒരിക്കലും അന്ന് സഹോദരൻ തന്നോടു കാണിച്ച സ്നേഹം മറക്കാനായില്ല. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്: മീറ്റിങ്ങിനു മുമ്പോ ശേഷമോ പുതിയവരോടു സംസാരിക്കുമ്പോൾ നമ്മൾ അവരോടു താത്പര്യം കാണിക്കുമെങ്കിലും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിടരുത്.—1 പത്രോ. 4:15.
16 മീറ്റിങ്ങിനു വരുന്ന പുതിയവരോടു സ്നേഹം കാണിക്കാൻ പറ്റുന്ന മറ്റൊരു വിധം നോക്കാം. നമ്മുടെ സംഭാഷണങ്ങളിലും ഉത്തരങ്ങളിലും മീറ്റിങ്ങിലെ പരിപാടികളിലും സാക്ഷികളല്ലാത്തവരെക്കുറിച്ചോ അവരുടെ വിശ്വാസങ്ങളെക്കുറിച്ചോ പറയേണ്ടിവരുമ്പോൾ ആദരവോടെ സംസാരിക്കുക. അവരെ ഇടറിക്കുന്നതോ കളിയാക്കുന്നതോ ആയ പദപ്രയോഗങ്ങൾ ഒഴിവാക്കാനാകും. അവരുടെ വിശ്വാസങ്ങളെ പരിഹസിക്കുന്ന രീതിയിൽ ഒരിക്കലും സംസാരിക്കരുത്. (തീത്തോ. 2:8; 3:2; 2 കൊരി. 6:3) ഇക്കാര്യത്തിൽ പൊതുപ്രസംഗം നടത്തുന്ന സഹോദരന്മാർ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇനി പുതിയവർക്കു മനസ്സിലാകാത്ത പദപ്രയോഗങ്ങളോ ആശയങ്ങളോ പ്രസംഗത്തിലുണ്ടെങ്കിൽ ആ സഹോദരന്മാർ അതു വിശദീകരിച്ചുകൊടുക്കുകയും ചെയ്യും.
17. ശുശ്രൂഷയിൽ ‘യോഗ്യരായ’ ആളുകളെ കണ്ടെത്തുമ്പോൾ എന്താണ് നമ്മുടെ ലക്ഷ്യം?
17 ഓരോ ദിവസം കഴിയുന്തോറും നമ്മുടെ പ്രസംഗപ്രവർത്തനത്തിന്റെ അടിയന്തിരത കൂടിക്കൂടി വരുകയാണ്. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ നമ്മൾ തുടർന്നും കണ്ടെത്തും. (പ്രവൃ. 13:48) അവരോടു ബൈബിൾപഠനത്തെക്കുറിച്ച് പറയാനും അവരെ മീറ്റിങ്ങുകൾക്ക് ക്ഷണിക്കാനും ഒരിക്കലും മടി വിചാരിക്കരുത്. അങ്ങനെ ചെയ്യുന്നെങ്കിൽ ‘ജീവന്റെ വഴിയിലേക്കുള്ള’ ആദ്യചുവട് വെക്കാൻ നമ്മൾ അവരെ സഹായിക്കുകയായിരിക്കും.—മത്താ. 7:14.
ഗീതം 64 സന്തോഷത്തോടെ കൊയ്ത്തിൽ പങ്കുചേരാം
a ചിത്രത്തിന്റെ വിവരണം: സൈനിക സേവനത്തിൽനിന്ന് വിരമിച്ച ഒരാൾ വരാന്തയിൽ വിശ്രമിക്കുന്നു. രണ്ട് സഹോദരന്മാർ അദ്ദേഹത്തോട് സംസാരിക്കുന്നു. തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ഒരു അമ്മയോടു രണ്ട് സഹോദരിമാർ അധികം സമയമെടുക്കാതെ സാക്ഷീകരിക്കുന്നു.