വിവാഹം മൂലമുള്ള ബന്ധുക്കളുടെ യുഗപഴക്കമുള്ള കലഹം
“എനിക്കു നിങ്ങളുടെ മുഖത്തു നോക്കാനേ പ്രയാസമാണ്!” എന്ന് ഫുജിക്കോ തന്റെ അമ്മാവിയമ്മയായ റേറാമിക്കോയോടു ആക്രോശിച്ചു. ഫുജിക്കോയോട് അതുമിതുമെല്ലാം ചെയ്യാൻ കല്പിക്കുന്നതിൽ അവൾക്കു മടുപ്പുതോന്നി. പുറമെ ശാന്തത പാലിക്കാൻ അവൾക്കു കഴിഞ്ഞിരുന്നെങ്കിലും അവൾ വേദനപ്പെട്ടാണ് ജീവിച്ചിരുന്നത്. “എന്റെ ഉള്ളിൽ ഞാൻ കയ്പനുഭവിച്ചിരുന്നു, എന്റെ സ്വഭാവമേ മാറിപ്പോയിരുന്നു. എനിക്ക് ആ രീതിയിൽ എല്ലാ ദിവസവും ജീവിക്കാൻ കഴിയുകയില്ലായിരുന്നു” എന്ന് അവൾ പറയുന്നു.
ജപ്പാനിൽ ഒററക്കു താമസിക്കുന്ന ഒരു പ്രായമുള്ള സ്ത്രീ ഇപ്രകാരം പ്രസ്താവിക്കുന്നു: “ഞാൻ എന്റെ മകനാലും അവന്റെ ഭാര്യയാലും ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ എനിക്ക് മററുള്ളവരേസംബന്ധിച്ച് ഉത്ക്കണ്ഠപ്പെടേണ്ട കാര്യമില്ല, ഞാൻ എനിക്കു തോന്നിയതുപോലെ ജീവിക്കുകയാണ്, എന്നാൽ സൂര്യൻ അസ്തമിക്കുന്നതോടെ എനിക്ക് ഏകാന്തത അനുഭവപ്പെടുന്നു.”
അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള യുഗപഴക്കമുള്ള കലഹം സാർവലൗകികമാണ്. “ദുഃഖകരമായി, ചില സ്ത്രീകൾ തങ്ങളുടെ പുത്രഭാര്യമാരോട് എല്ലായ്പോഴും അസൂയാലുക്കളായിരിക്കും. . . . നിങ്ങൾക്ക് അതിനെ വെറുപ്പോടെ സഹിക്കാനല്ലാതെ ഒന്നും ചെയ്യാൻ സാധ്യമല്ല” എന്ന് ആസ്ത്രേലിയായിലെ ഒരു മാസികയുടെ പത്രാധിപരായ ഡൽസി ബോളിംഗ് അഭിപ്രായപ്പെടുന്നു. കിഴക്കൻ രാജ്യങ്ങളിൽ പ്രായംചെന്ന സ്ത്രീകൾ തങ്ങളുടെ പുത്രഭാര്യമാരുടെ പ്രേരണനിമിത്തം പർവതങ്ങളിൽ ഉപേക്ഷിക്കപ്പെട്ടതായുള്ള ഐതിഹ്യങ്ങൾപോലുമുണ്ട്.
ഇന്ന് ഈ കലഹം മുമ്പെന്നത്തേതിലും അധികമായി സങ്കീർണ്ണമാണ്. കണക്കുകളനുസരിച്ച് ആയുർദൈർഘ്യം വർദ്ധിക്കുകയും കുടുംബങ്ങൾ ചെറുതാകുകയും പുരുഷൻമാരും സ്ത്രീകളും തമ്മിലുള്ള മരണനിരക്കിന്റെ വിടവ് വർദ്ധിക്കുകയും ചെയ്യുന്നു. ഫലമെന്തു കൈവരുത്തിയിരിക്കുന്നു? കൂടുതൽ സ്ത്രീകൾ തങ്ങളുടെ 70കളിലും 80കളിലും ജീവിക്കുമ്പോൾ അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള കലഹം കഠിനമായ മാരത്തോൺ ആയിത്തീർന്നിരിക്കുന്നു, പതിവുപോലെയുള്ള 100-വാര ഓട്ടമല്ല.
പ്രായമുള്ളവർ എന്താഗ്രഹിക്കുന്നു?
അത്തരം കലഹങ്ങൾ ഉണ്ടെന്നിരുന്നാലും പ്രായമായ മാതാപിതാക്കൾക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമുണ്ടെങ്കിൽ തങ്ങൾ എങ്ങനെ സംരക്ഷിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്? “കഴിഞ്ഞ രണ്ടു ദശകങ്ങളിലധികമായി സ്ത്രീകളും പുരുഷൻമാരും തങ്ങൾക്ക് ഭർത്താവോ ഭാര്യയോ ഇല്ലെങ്കിൽ അവർ മററാളുകളോടൊത്ത് ജീവിക്കാൻ ഏറെ ചായ്വുകാണിക്കുന്നില്ല” എന്ന് ജനസംഖ്യാശാസ്ത്രഗവേഷകരായ ജേക്കബ് എസ് സീഗലും സിൻഡ്യാ എം താബോറും പറയുന്നു. ഹ്യൂമൻ സെർവീസസ് ഡിപ്പാർട്ടുമെൻറിന്റെ മുൻ ഡയറക്ടറായിരുന്ന എലെയ്ൻ എം ബ്രോഡി ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: ഐക്യനാടുകളിൽ “പ്രായമായവർക്ക് തങ്ങളുടെ ബന്ധുക്കളിൽനിന്ന് വേറിട്ട് ജീവിക്കുന്നതാണ് ഇഷ്ടപ്പെട്ട ക്രമീകരണം.” മിക്കപ്പോഴും അവരുടെ കുട്ടികൾ അടുത്ത് താമസിക്കുകയും അവരെ സന്ദർശിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.
പൗരസ്ത്യർ മറെറാരു വിധമാണ് ഇഷ്ടപ്പെടുന്നത്. ജപ്പാനിലെ മാനേജ്മെൻറ് ആൻഡ് കോ-ഓർഡിനേഷൻ കമ്മിററി നടത്തിയ ഒരു അന്തർദ്ദേശീയ സർവേ അനുസരിച്ച് ജപ്പാനിലെയും തായ്ലണ്ടിലെയും പ്രായമായവരിൽ ഭൂരിപക്ഷവും തങ്ങളുടെ ബന്ധുക്കളോടൊത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു. ആ സർവേ, തായ്ലണ്ടിലെ പ്രായമായവരിൽ 61 ശതമാനവും ജപ്പാനിലെ പ്രായമായവരിൽ 51 ശതമാനവും യഥാർത്ഥത്തിൽ അങ്ങനെ ചെയ്യുകയും ചെയ്യുന്നു എന്നു കണ്ടെത്തുന്നു.
തീർച്ചയായും പാശ്ചാത്യനാടുകളിലും ഈ ഐച്ഛിക തീരുമാനം സാധാരണമാണ്. വളരെ പ്രായമുള്ള അല്ലെങ്കിൽ കിടപ്പിലായ മാതാപിതാക്കൾ മിക്കപ്പോഴും തങ്ങളുടെ മക്കളോടുകൂടെ താമസിക്കുകതന്നെ ചെയ്യുന്നു. ഫ്രാൻസിൽ തങ്ങളുടെ ഇണയുടെ മരണത്തെ അതിജീവിക്കുന്ന 75-നുമേൽ പ്രായമുള്ളവർ തങ്ങളുടെ മക്കളിൽ ഒരാളുടെ കൂടെ ജീവിക്കുന്നത് സാധാരണമാണ്.
അനുകൂലവും പ്രതികൂലവുമായ ന്യായങ്ങൾ സ്വീകരിക്കുക
രണ്ടോ മൂന്നോ തലമുറകൾ ഒററ മേൽക്കൂരക്കു കീഴിൽ ജീവിക്കാൻ തീരുമാനിക്കുമ്പോൾ തീർച്ചയായും അതിന് ചില നേട്ടങ്ങളുണ്ട്. പ്രായമായവർക്ക് കൂടുതൽ സുരക്ഷിതത്വവും കുറഞ്ഞ ഏകാന്തതയും അനുഭവപ്പെടും. ഇളംതലമുറക്ക് പ്രായമുള്ളവരുടെ അനുഭവപരിചയത്തിൽനിന്ന് പഠിക്കാൻ കഴിയും, അതുപോലെ സാമ്പത്തിക നേട്ടങ്ങളുമുണ്ട്.
നേരെമറിച്ച്, ഒരുമിച്ച് പാർക്കുന്നത് നേരത്തെതന്നെ കുഴപ്പത്തിലാക്കിയ ഒരു ബന്ധുത്വത്തെ കൂടുതൽ കുരുക്കിലാക്കാൻ കഴിയും. ദൃഷ്ടാന്തത്തിന്, പ്രായമായ മാതാപിതാക്കൾ പരമ്പരാഗതമായി മൂത്ത മകന്റെയും കുടുംബത്തിന്റെയും കൂടെ ജീവിക്കുന്ന ജപ്പാനിൽ അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള കലഹം കുപ്രസിദ്ധമാണ്.
നിങ്ങൾ അതുപോലൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അമേരിക്കാസ ഓൾഡ പോപ്പുലേഷൻ എന്ന തന്റെ പുസ്തകത്തിൽ ഗിൽഫോർഡ് കോളജിലെ സോഷ്യോളജിയുടെ ജൂണിയർ പ്രൊഫസറായ പോൾ ഇ. സോഫ് ഇപ്രകാരം പറയുന്നു: “കുടുംബം കലഹവും, കലഹം കൈകാര്യംചെയ്യാനുള്ള അവസരവും ഉണ്ടാക്കുന്നു. കലഹം നിയന്ത്രിക്കുന്നതിനും പ്രായമായ അംഗങ്ങളുമൊത്ത് ഫലപ്രദമായി പരസ്പരം യോജിച്ചു പ്രവർത്തിക്കാനുമുള്ള കഴിവ് മററു ബന്ധങ്ങളിലേക്ക് വ്യാപിക്കുന്ന ഒരു നൈപുണ്യമായിരുന്നേക്കാം.”
അതുകൊണ്ട് സംഗതിസംബന്ധിച്ച് ഒരു ക്രിയാത്മക മനോഭാവം കൈക്കൊള്ളുക. നിങ്ങൾ കുടുംബ കലഹങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നെങ്കിൽ സാധ്യതയനുസരിച്ച് നിങ്ങൾ വിഷമംപിടിച്ച മററു സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ സാമർത്ഥ്യമുള്ളവരായിത്തീരും. ഒരു വെല്ലുവിളിയായി ഇതിനെ സ്വീകരിക്കുക, നിങ്ങൾ അതുനിമിത്തം ഒരു മെച്ചപ്പെട്ട വ്യക്തിയായിത്തീരും. നമുക്ക് വിവാഹം മൂലമുണ്ടാകുന്ന ബന്ധുക്കളോടുകൂടി പാർക്കുന്നതിന്റെ പ്രശ്നങ്ങളെ പരിശോധിക്കുകയും അത്തരം പ്രശ്നങ്ങളെ വിജയപ്രദമായി എങ്ങനെ കൈകാര്യംചെയ്യാമെന്നു കാണുകയും ചെയ്യാം. നിങ്ങൾ ഇപ്പോൾ വ്യക്തിപരമായി അത്തരം ഒരു ക്രമീകരണത്തിൻകീഴിലല്ല ജീവിക്കുന്നതെങ്കിലും, നിങ്ങൾക്ക് ഉൾപ്പെട്ടിരിക്കുന്ന തത്വങ്ങൾ പരിചിന്തിക്കുന്നതിൽനിന്ന് പ്രയോജനം അനുഭവിക്കാൻ കഴിയും. (g90 2⁄22)
[4-ാം പേജിലെ ചതുരം]
കുട്ടികളേക്കാൾ കൂടുതൽ മാതാപിതാക്കൾ
നരവംശ ശാസ്ത്രജ്ഞനായ സാമുവൽ പ്രെസ്ററൺ പറയുന്നതനുസരിച്ച് ഇപ്പോൾ ചരിത്രത്തിലാദ്യമായി ശരാശരി വിവാഹിതദമ്പതികൾക്ക് കുട്ടികളേക്കാൾ കൂടുതൽ മാതാപിതാക്കളുണ്ട്. ഇന്നത്തെ അനേകം ഇണകളെ അഭിമുഖീകരിക്കുന്ന പ്രശ്നം രണ്ടു സെററ് മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങളെ എങ്ങനെ സമനിലയിൽ നിർത്തണമെന്നുള്ളതാണ്.