ഹിമമനുഷ്യന്റെ മനസ്സും ലോകവും സംബന്ധിച്ച ഉൾക്കാഴ്ച
നമുക്ക് ഓട്സിയിലേക്കു തിരിച്ചുപോകാം. അയാൾ അപരിഷ്കൃതനും മണ്ടനും സൗന്ദര്യാവബോധം ഇല്ലാത്തവനും ആയിരുന്നോ? അയാളുടെ സാധനസാമഗ്രികളും ആയുധങ്ങളും വസ്ത്രങ്ങളും എന്തു വെളിപ്പെടുത്തുന്നു?
ഓട്സിക്ക് അമ്പ് എയ്യുന്നതിൽ മികച്ച പരിജ്ഞാനമുണ്ടായിരുന്നുവെന്ന് അയാളുടെ ആയുധങ്ങൾ വെളിപ്പെടുത്തുന്നു. പണിതീർത്ത രണ്ട് അമ്പുകൾക്ക് അതിന്റെ പിൻ അഗ്രത്തിൽ വിശേഷപ്പെട്ട ചിറകുകൾ പിടിപ്പിച്ചിരുന്നു. അമ്പ് പാഞ്ഞുപോകുന്നതിനു ചിറകുകൾ ചെരിച്ച് ഒട്ടിച്ചിരുന്നു, അവ 30 മീറ്റർവരെ അകലത്തിൽ മിക്കവാറും കൃത്യതയോടെ പതിക്കുമായിരുന്നു. അയാളുടെ തുകൽ വസ്ത്രങ്ങൾ (വിവിധ മൃഗചർമങ്ങൾ) ആ കാലഘട്ടത്തിലെ അഭിരുചികൾ സംബന്ധിച്ച് നമ്മെ അറിയിക്കുന്നു. ഇന്ന്, ഒരു വസ്ത്രം ശരീരം മറയ്ക്കാൻ മാത്രമല്ല, ചില സൗന്ദര്യാവബോധങ്ങളെ തൃപ്തിപ്പെടുത്താൻ കൂടെയാണ്. ഓട്സിയുടെ നാളിനെ സംബന്ധിച്ചെന്ത്? കണ്ടെത്തലുകൾ വിശദീകരിച്ചുകൊണ്ട് ടൈം മാസിക പറയുന്നു: “ദശനാരുകൾകൊണ്ടോ ചെടികളുടെ നാരുകൾകൊണ്ടോ മൊസെയ്ക് സമാന ആകാരം തോന്നിക്കത്തക്കവണ്ണം അങ്കി വിദഗ്ധമായി തയ്ച്ചുചേർത്തിരുന്നു.” കഷണങ്ങളും അവ മനഃപൂർവം തയ്ച്ചുചേർത്ത രീതിയും ഒരു “കണ്ടം വച്ചതിന്റെ ഫലം” ഉളവാക്കുന്നതിന് ഇടയാക്കിയെന്ന് ഡെർ മാൻ ഇം ഐസ് (മഞ്ഞിലെ മനുഷ്യൻ) എന്ന പുസ്തകം പറയുന്നു. അടിക്കുപ്പായത്തിനു മുകളിൽ “തണുപ്പിൽനിന്നുള്ള സംരക്ഷണത്തിനു യോജിച്ച പുല്ലുകൊണ്ട് നെയ്തെടുത്ത ഒരു മേലങ്കി” ഹിമമനുഷ്യൻ ധരിച്ചിരുന്നു. “അതു വിശ്രമസമയത്തു കിടക്കാൻ ഒരു ‘പായ്’ എന്നനിലയിലും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു.”—ഫോക്കസ്.
അയാളുടെ സാമഗ്രികളിൽ “ഒരു അപ്രതീക്ഷിത അളവിലുള്ള സങ്കീർണത”യും കുറിക്കൊള്ളുകയുണ്ടായി എന്ന് ടൈം അഭിപ്രായപ്പെടുന്നു. ദൃഷ്ടാന്തത്തിന്, കഠാര “നെയ്തെടുത്ത സസ്യങ്ങളിൽനിന്ന് ഉണ്ടാക്കിയ ഒരു മേത്തരം ഉറ” സഹിതം പൂർണമായിരുന്നു. അപ്പോൾ ഹിമമനുഷ്യൻ, ജോവനി മാറിയ പാച്ചെ ലീ ഇറ്റാല്യാനി ഡെലേറ്റാ ഡെലാ പിയേട്രാ (ശിലായുഗത്തിലെ ഇറ്റലിക്കാർ) എന്ന തന്റെ പുസ്തകത്തിൽ നിർവചിക്കുന്നതുപോലെ, പ്രത്യക്ഷത്തിൽ സത്യമായും “ശ്രേഷ്ഠ ഗുണങ്ങളും സാംസ്കാരിക തീവ്രതയും” ഉള്ള ഒരു യുഗത്തിൽ ജീവിച്ചിരുന്നു.
ഓട്സിയുടെ അടുത്തു കണ്ടെത്തിയ കൂണുകളെയും പരാമർശിക്കാൻ കഴിയും. തീ പിടിപ്പിക്കുന്നതിന് അത് ഉപകരിച്ചിരിക്കാം. എന്നാൽ അതിന്റെ അണുനശീകരണ ഗുണങ്ങളും ചികിത്സാപരമായ ഗുണങ്ങളും നിമിത്തം ഹിമമനുഷ്യൻ അവ കൈവശം വെച്ചിരിക്കാനാണു കൂടുതൽ സാധ്യതയെന്നു വിദഗ്ധർ പറയുന്നു, കൊണ്ടുനടക്കാവുന്ന ഒരുതരം “പ്രഥമശുശ്രൂഷാ സഞ്ചി”യുടെ ഭാഗംതന്നെ.
സൗന്ദര്യാവബോധവും ബുദ്ധിപരമായ പ്രാപ്തിയും ചികിത്സാപരിജ്ഞാനവും ലോഹപ്പണിയുടെയും കൃഷിയുടെയും കലയുടെയും മണ്ഡലങ്ങളിലെ പൊതുവിജ്ഞാനവും—ഇവയെല്ലാം ഹിമമനുഷ്യന്റെ സമകാലികർ വിവിധ മണ്ഡലങ്ങളിൽ അറിവും സാമർഥ്യവും ഉള്ളവരായിരുന്നുവെന്നു സൂചിപ്പിക്കുന്നു. ഇതു മിക്കപ്പോഴും അവതരിപ്പിക്കപ്പെടുന്ന ധാരണകൾക്കു നേർവിപരീതമാണ്. ബ്രിട്ടീഷ് പുരാവസ്തുശാസ്ത്രജ്ഞനായ ഡോ. ലോറൻസ് ബാർ ഫീൽഡ് ഇപ്രകാരം പ്രസ്താവിച്ചു: “[പൊ.യു.മു.] നാലാം സഹസ്രാബ്ദത്തിൽ മിക്കയാളുകൾക്കും ഉണ്ടായിരുന്ന വൈദഗ്ധ്യങ്ങളിൽ ഏതെങ്കിലും ഇന്നു നമ്മിൽ മിക്കവർക്കും ഇല്ല.” ഉദാഹരണത്തിന്, അവരുടെ പ്രബുദ്ധമായ അഭിരുചികൾ കലാരൂപങ്ങളിലും കല്ലറകളിൽനിന്നു കണ്ടെടുത്ത ലോഹംകൊണ്ടും മണ്ണുകൊണ്ടുമുള്ള ശിൽപ്പങ്ങളിലും പ്രത്യക്ഷമായിത്തീരുന്നു.
മതപരമായ അന്തരീക്ഷം
“പണ്ഡിതൻമാർ കണ്ടെത്തിയിട്ടുള്ളിടത്തോളം, ഏതെങ്കിലും വിധത്തിൽ മതപരമല്ലാത്ത ഏതെങ്കിലും ജനം ഒരിടത്തും ഒരുകാലത്തും സ്ഥിതി ചെയ്തിരുന്നിട്ടില്ല” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. പുരാതനകാലത്തു മതം നിർവഹിച്ചിരുന്ന പ്രമുഖ പങ്കിനെക്കുറിച്ചു സംസാരിച്ചുകൊണ്ട്, “അനുദിനജീവിതത്തിൽ ഉപയോഗപ്പെടുത്തിയിരുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ വസ്തുവകകളുടെയും ഊർജത്തിന്റെയും അനുപാതരഹിതമായ അളവ് മതപരമായ പദ്ധതികളിൽ ഉപയോഗിച്ചിരുന്നു,” എന്ന് ഡീസിയോനാറിയോ ഡെലെ റെലീജോനി (മതനിഘണ്ടു) പറയുന്നു.
ഓട്സിയുടെ കാലത്തെ മതബോധം പ്രത്യക്ഷത്തിൽ വളരെ പ്രബലമായിരുന്നു. അനേകം സ്ഥലങ്ങളിൽ ശവസംസ്കാര ചടങ്ങുകളുടെ വൈവിധ്യവും മോടിയും സാക്ഷ്യപ്പെടുത്തുന്ന പുരാതന ശ്മശാനസ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുരാതന ദേവഗണത്തിൽപ്പെട്ട ദിവ്യന്മാരെ ചിത്രീകരിക്കുന്ന ഡസൻകണക്കിനു കളിമൺപ്രതിമകളും കണ്ടെടുത്തിട്ടുണ്ട്.
പുരാതന മനുഷ്യചരിത്രവും ബൈബിളും
പുരാതന കാലങ്ങളിലേക്ക് അന്വേഷണം നടത്തുമ്പോൾ വെളിപ്പെട്ടുകിട്ടുന്ന സംസ്കാരങ്ങൾ വളരെ സങ്കീർണമായിരുന്നു. പൂർണമായി വികസിതമായ ഒരു സമുദായത്തിന്റെ ലക്ഷ്യത്തിൽ മിക്കവാറും അഗമ്യമായ പുരോഗതി നേടാൻ ഒരായിരം വൈഷമ്യങ്ങളുടെ മധ്യേ പോരാട്ടം നടത്തുന്ന ഒരു അപരിഷ്കൃത സംസ്കാരത്തിന്റെ ചിത്രമല്ല ലഭിക്കുന്നത്. ചരിത്രകാരൻമാർ പറയുന്നപ്രകാരം സമുദായങ്ങൾ വിവിധ വലിപ്പത്തിലുള്ളവ ആയിരുന്നെങ്കിലും പൂർണമായി വികസിതമായിരുന്നു.
ബൈബിൾ പഠിക്കുന്ന ഏതൊരാൾക്കും ഇത് അർഥവത്താണ്. മനുഷ്യചരിത്രത്തിൽ ആദ്യകാലം മുതൽ—വിശേഷിച്ച് മനുഷ്യവർഗം ‘ഭൂതലത്തിലെങ്ങും ചിതറിപ്പോയ’ കാലം മുതൽ—സങ്കീർണവും പൂർണവികസിതവുമായ സംസ്കാരങ്ങൾ പ്രത്യക്ഷപ്പെട്ടതായി ഉല്പത്തിപുസ്തകം സൂചിപ്പിക്കുന്നു. ഈ സംസ്കാരങ്ങളിലെ ആളുകൾക്കു ബുദ്ധിപരവും ആത്മീയവുമായ പ്രാപ്തികൾ ഉണ്ടായിരുന്നു.—ഉല്പത്തി 11:8, 9.
അതിപുരാതനകാലത്തു പോലും മനുഷ്യവർഗം സാങ്കേതികവും കലാപരവുമായ പ്രാപ്തികൾ സമ്പാദിച്ചിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. “ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ” ഉണ്ടാക്കുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. (ഉല്പത്തി 4:20-22) ബൈബിൾ രേഖയനുസരിച്ച്, മനുഷ്യർക്ക് എല്ലാക്കാലത്തും ഏതെങ്കിലും ദൈവത്തെ ആരാധിക്കാനുള്ള ബോധപൂർവകമായ ആഗ്രഹം ഉണ്ടായിരുന്നിട്ടുണ്ട്. (ഉല്പത്തി 4:3, 4; 5:21-24; 6:8, 9; 8:20; എബ്രായർ 11:27) കാലം കടന്നുപോയപ്പോൾ അവന്റെ മതബോധം അധഃപതിച്ചെങ്കിലും, മനുഷ്യൻ “മാറാതെ മതഭക്തനായി” നിലകൊള്ളുന്നു എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു.
ഉറവിടത്തിനായുള്ള അന്വേഷണം
ഓട്സിയുടെ കണ്ടുപിടിത്തം ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ പുരാവസ്തുശാസ്ത്രപരമായ ഗവേഷണത്തിനു കഴിയുന്നില്ലെങ്കിലും, അയാൾ ജീവിച്ചിരുന്ന ലോകത്തെ സംബന്ധിച്ച് കുറെ ഉൾക്കാഴ്ച നേടാൻ അതു നമ്മെ പ്രാപ്തരാക്കുകയുണ്ടായി. അതു ചരിത്രാതീതകാലം എന്ന് അറിയപ്പെടുന്നതിനെക്കുറിച്ചുള്ള സാധാരണ സങ്കൽപ്പത്തിൽനിന്നു വളരെ ഭിന്നമായ ഒരു സങ്കീർണ ലോകമായിരുന്നു. അതു പലരും വിചാരിക്കുന്നതിനെക്കാൾ വളരെ കൂടുതൽ പരിഷ്കൃതമായിരുന്നു.
ഉപസംഹാരമായി, ഹിമമനുഷ്യന്റെ ആകാരത്തിൽനിന്നും വസ്തുവകകളിൽനിന്നും നിഗമനം ചെയ്ത വസ്തുതകൾക്കു പുറമേ “അയാളെക്കുറിച്ചുള്ള മറ്റു മിക്ക കാര്യങ്ങളും കുറെ രഹസ്യവും കുറെ സങ്കൽപ്പവും ആണ്,” നാഷണൽ ജിയോഗ്രഫിക് പ്രസ്താവിച്ചു. അതേസമയം, മഞ്ഞിൽനിന്നു കിട്ടിയ ഹിമമനുഷ്യന്റെ കൂടുതൽ രഹസ്യങ്ങൾ കണ്ടെത്താൻ വിവിധ ശാസ്ത്രശാഖകളിൽനിന്നുള്ള 140-ലധികം പ്രാമാണികർ കിണഞ്ഞുശ്രമിക്കുമ്പോൾ ഓട്സി ഓസ്ട്രിയയിലെ ഇൻസ്ബ്രക്കിലുള്ള ഒരു ശീതീകരിച്ച പേടകത്തിൽ വിശ്രമം കൊള്ളുന്നു.
[8-ാം പേജിലെ ചിത്രം]
ഫൊറൻസിക് വിദഗ്ധർ ഇൻസ്ബ്രക്കിൽ ഹിമമനുഷ്യന്റെ ശരീരം പരിശോധിക്കുന്നു
[കടപ്പാട്]
Foto: Archiv Österreichischer Alpenverein/Innsbruck, S.N.S. Pressebild GmbH