അതു മേലാൽ രഹസ്യമല്ല
“ദയവായി ഈ രഹസ്യം സൂക്ഷിക്കുക, അപരിചിതരെ ആരെയും അതു വായിച്ചു കേൾപ്പിക്കരുത്”
ആധുനിക അക്ഷരവിന്യാസത്തിന്റെയും ചിഹ്നനത്തിന്റെയും അഴകൊന്നും കൂടാതെ 1863-ൽ, അമേരിക്കൻ ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്ത്, വില്യം എച്ച്. മോറെ വെർജീനിയായിലെ അക്വിവാ ക്രീക്കിൽനിന്നു പെൻസിൽവേനിയായിലുള്ള തന്റെ യുവ ഭാര്യ ഇലൈസാ ആനിന് ഈ ആമുഖ മുന്നറിയിപ്പ് എഴുതി. അയാൾ 24 വയസ്സുള്ള, ആയിടക്കു വിവാഹം ചെയ്ത, പെൻസിൽവേനിയായിലെ ഹാനോവർ പട്ടണത്തിൽനിന്നുള്ള ഒരു പടയാളി ആയിരുന്നു. അയാൾ വടക്കൻ സംസ്ഥാനങ്ങളുടെ, യൂണിയന്റെ പക്ഷത്തുനിന്നു പോരാടുകയായിരുന്നു. അയാളുടെ ശത്രുക്കളോ? തെക്കൻ സംസ്ഥാനങ്ങളുടെ കോൺഫെഡറസിയെ പിന്താങ്ങിയ മറ്റ് അമേരിക്കക്കാർ. തങ്ങളുടെ സാമ്പത്തിക കാര്യാദികളിൽ വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള ഫെഡറൽ (വടക്കൻ) ഇടപെടൽ ആരോപിച്ചുകൊണ്ട് യൂണിയനിൽനിന്നു പിരിഞ്ഞുപോന്നവയായിരുന്നു ആ സംസ്ഥാനങ്ങൾ. മോറെ രഹസ്യമായി സൂക്ഷിക്കാനാഗ്രഹിച്ചത് എന്തായിരുന്നു? നാം പെട്ടെന്നുതന്നെ അതു മനസ്സിലാക്കും, എന്നാൽ ആദ്യം ചില പശ്ചാത്തല വിവരങ്ങൾ നോക്കാം.
ഏഴു തെക്കൻ സംസ്ഥാനങ്ങൾ യൂണിയനിൽനിന്നു പിരിഞ്ഞുപോയശേഷം 1861-ൽ അമേരിക്കൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു, പെട്ടെന്നുതന്നെ മറ്റു നാലെണ്ണംകൂടെ അവരുടെ പാത പിൻപറ്റി. ഈ 11 സംസ്ഥാനങ്ങൾ കോൺഫെഡറസി രൂപീകരിച്ചു. വടക്കും തെക്കും തമ്മിലുള്ള ഒരു പ്രധാന തർക്കവിഷയം അടിമത്വത്തിന്റെ തുടർച്ചയായിരുന്നു. വടക്കൻ സംസ്ഥാനങ്ങളുടെ സമ്പദ്ഘടന നിലനിർത്തുന്നത് ആയിരക്കണക്കിനു യൂറോപ്യൻ കുടിയേറ്റക്കാർ ആയതുകൊണ്ട് അതിന് അടിമത്വത്തിന്റെ നിർമാർജനം വഹിക്കാൻ കഴിയുമെന്ന് ധനികരായ തെക്കൻ തോട്ടമുടമകൾ വാദിച്ചു. എന്നിരുന്നാലും, പരുത്തിയിൽ അടിസ്ഥാനപ്പെട്ട തെക്കൻ സമ്പദ്ഘടന അഭിവൃദ്ധി പ്രാപിക്കുന്നതിന് അവിടത്തെ 40 ലക്ഷത്തോളം വരുന്ന അടിമകൾ ആവശ്യമായിരുന്നു. ചുരുങ്ങിയ പക്ഷം, അങ്ങനെയാണ് അവർ കരുതിയത്.
പ്രസിഡന്റ് എബ്രഹാം ലിങ്കൺ കരുതിയത് എന്താണ്? അദ്ദേഹം 1862 ആഗസ്റ്റിൽ ഇപ്രകാരം എഴുതി: “ഈ പോരാട്ടത്തിൽ എന്റെ പ്രധാന ലക്ഷ്യം യൂണിയനെ രക്ഷിക്കുക എന്നതാണ്, അടിമത്വത്തെ രക്ഷിക്കുകയോ നശിപ്പിക്കുകയോ എന്നതല്ല. ഒരു അടിമയെയും സ്വതന്ത്രനാക്കാതെ യൂണിയനെ രക്ഷിക്കാൻ കഴിഞ്ഞാൽ, ഞാനതു ചെയ്യും. എല്ലാ അടിമകളെയും സ്വതന്ത്രരാക്കിക്കൊണ്ട് എനിക്ക് അതിനെ രക്ഷിക്കാൻ കഴിഞ്ഞാൽ ഞാനതു ചെയ്യും.” അധികം താമസിയാതെ 1863 ജനുവരി 1-ന് ലിങ്കൺ റിബൽ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന എല്ലാ അടിമകൾക്കും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇത് തെക്കൻ അടിമ മുതലാളിമാർക്ക് വമ്പിച്ച ഒരു സാമ്പത്തിക പ്രഹരമേൽപ്പിച്ചു. അവരുടെ വീക്ഷണത്തിൽ, ഒരു നഷ്ടപരിഹാരവും കൂടാതെ അവർക്ക് “നിരവധി കോടി ഡോളർ വിലയുള്ള അടിമ സമ്പത്ത്” നഷ്ടപ്പെട്ടു.
ഭീതിജനകമായ ആ ആഭ്യന്തരയുദ്ധം 1861-65 വർഷങ്ങളിൽ 6,18,000 യുവ അമേരിക്കൻ ജീവൻ അപഹരിച്ചു, അതിനുപുറമേ മുറിവേറ്റ അതിലുമധികം ആളുകളും—മറ്റേതു യുദ്ധത്തിൽ സംഭവിച്ചതിനെക്കാൾ കൂടുതൽ അമേരിക്കൻ മരണങ്ങൾ. വില്ല്യം മോറെ തന്റെ ഡയറിയും 1863 ജനുവരി 25-ലെ തന്റെ രഹസ്യകത്തും എഴുതിയപ്പോൾ ഈ പോരാട്ടത്തിൽ അസ്വസ്ഥനായി സ്വയം കണ്ടെത്തി. ഒരു സാധാരണ പടയാളി എന്നനിലയിൽ യുദ്ധം സംബന്ധിച്ച അയാളുടെ നിഗമനങ്ങൾ എന്തായിരുന്നു?
ദുഃഖിപ്പിച്ച ഒരു കത്ത്
തന്റെ ഭാര്യ അയച്ചുകൊടുത്ത “പുകയിലക്കും മറ്റു സാധനങ്ങൾക്കും” നന്ദി പറഞ്ഞുകൊണ്ട് അയാൾ തന്റെ കത്തു തുടങ്ങുന്നു. അതിനുശേഷം അയാൾ എഴുതുന്നു: “ഇതു തികച്ചും ഒരു വഞ്ചനയും പണമുണ്ടാക്കാനുള്ള ഒരു യുദ്ധവും ആണെന്നു ഞാൻ കരുതുന്നു. സകലരും കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നു. ഈ യുദ്ധം തുടരാൻ ഇടയാക്കുന്നത് അതാണ്. ഇപ്പോൾ ഈ യുദ്ധം വികസിക്കുന്നതെങ്ങനെയെന്നു നാം മനസ്സിലാക്കുന്നു. ഞാൻ വീട്ടിൽ തിരിച്ചെത്തിയാൽ, വീണ്ടും പട്ടാളത്തിൽ ചേരാൻ പറഞ്ഞുവരുന്നവനെ ഞാൻ അടിച്ചുവീഴ്ത്തും. ഞങ്ങളോട് നായ്ക്കളോടെന്നപോലെയാണ് ഇവിടെ പെരുമാറുന്നത്. പല നായ്ക്കളും ഞങ്ങളെക്കാൾ നല്ല നിലയിൽ പരിപാലിക്കപ്പെടുന്നു. ഈ നാലു മാസത്തെ എന്റെ വേതനം ലഭിച്ചെങ്കിൽ ഞാൻ ഒളിച്ചോടിപ്പോകാൻ ശ്രമിക്കുമായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും ഞങ്ങളോടു കൂടുതൽ മോശമായി പെരുമാറുന്നു.”
അവർ എവിടെയായിരുന്നെന്ന് അയാൾ വിശദീകരിച്ചു: “ഇതു വളരെ നല്ല, രമണീയമായ ഒരു സ്ഥലമാണ്, പോട്ടോമാക് [നദി]യിലൂടെ ബോട്ടുകൾ വരുന്നതു കാണാം . . . ഇവിടെ ചില ദിവസങ്ങളിൽ [റെയിൽ]വെ വാഗണിൽ സാധനങ്ങൾ കയറ്റിക്കൊണ്ട് ഞങ്ങൾ കഠിനവേല ചെയ്യുന്നു, അതും അർധപട്ടിണിയിൽ. വേതനം കിട്ടിക്കഴിഞ്ഞാൽ ഒളിച്ചോടുമെന്നാണ് പിള്ളാരിൽ അധികവും പറയുന്നത് . . . എല്ലാസമയത്തും ഞങ്ങൾ മാർച്ചുചെയ്യുകയും കഠിന ജോലികൾ നിർവഹിക്കുകയുമാണ്.”
എന്നുവരികിലും, യുദ്ധരംഗത്തു പോരാടുന്നവർ അനുഭവിക്കുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ ഈ പരാധീനത ഒന്നുമല്ലായിരുന്നു. ഒരു യുദ്ധത്തിൽ തെക്കൻ ജനറലായ ഡി. എച്ച്. ഹില്ലറിന് തന്റെ 6,500 ആളുകളിൽ 2,000 പേർ നഷ്ടപ്പെട്ടു. അയാൾ എഴുതി: “അതു യുദ്ധമല്ലായിരുന്നു, അത് നരഹത്യയായിരുന്നു.” (ബർക് ഡേവിസ് രചിച്ച, ഗ്രേ ഫോക്സ്) പണമുള്ളവർക്കു സൈനിക സേവനത്തിൽനിന്ന് ഒഴിവു നേടാൻ കഴിയുന്ന വിധത്തിലായിരുന്നു വടക്കും തെക്കും നിർബന്ധിത സൈനിക സേവനത്തിന്റെ വ്യവസ്ഥകൾ. തെക്കുള്ള ചില ദരിദ്രർ “ഇതു ധനവാന്റെ യുദ്ധവും ദരിദ്രന്റെ പോരാട്ടവും” ആയിരുന്നതായി പരാതി പറഞ്ഞു. കോർപ്പറൽ മോറെയ്ക്കു യുദ്ധസേവനം അനുഷ്ഠിക്കാൻ ഒരു പ്രോത്സാഹന സമ്മാനം കൊടുത്തു, അതുകൊണ്ട് അയാൾ ഒരു ബേക്കറി തുടങ്ങി.
ജോർജിയായിലെ ആൻഡേഴ്സൻവിൽ പോലുള്ള ജയിൽ പാളയങ്ങളിൽ ചെന്നുപെട്ടവർ മിക്കപ്പോഴും ശോചനീയമായ അവസ്ഥകൾ അനുഭവിച്ചു. “അതിലൂടെ ഒരു അഴുക്കുചാൽ ഒഴുകിയിരുന്നു. അനാരോഗ്യകരമായ അവസ്ഥകൾക്കിടയാക്കുന്ന ശുചിത്വക്കുറവും തിങ്ങിപ്പാർക്കലും പാർപ്പിടമില്ലായ്മയും ആഹാരക്കുറവും നിമിത്തം രോഗവും മരണനിരക്കും വളരെ ഉയർന്നതായിരുന്നു.” (ഒരു ലഘുപത്രികയായ ആൻഡേഴ്സൻവിൽ) റെയ്ഡർമാർ എന്നു വിളിക്കപ്പെടുന്ന ചെറു കുറ്റപ്പുള്ളികളുടെ സംഘങ്ങൾ തടവുകാരോടു കാണിച്ച നിഷ്ഠൂരമായ പെരുമാറ്റവും പിടിച്ചുപറിയും അതിലും ഹീനമായിരുന്നു, അവരും തടവുകാർ തന്നെയായിരുന്നു. അവർ “പിടിച്ചുപറിയുടെയും അക്രമത്തിന്റെയും മദിരോത്സവം” ആരംഭിച്ചു. വിവിധ കാരണങ്ങളാൽ 12,920 പടയാളികളെങ്കിലും ആൻഡേഴ്സൻവിലിൽ മൃതിയടഞ്ഞു.
1995-ൽ മനുഷ്യവർഗം എന്തെങ്കിലും പുരോഗതി വരുത്തിയിട്ടുണ്ടോ? ചരിത്രത്തിന്റെ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ? റുവാണ്ടയിലെയും ലൈബീരിയയിലെയും ബാൾക്കൻസിലെയും പോരാട്ടം നടക്കുന്ന മറ്റു സ്ഥലങ്ങളിലെയും കൂട്ടക്കൊലകൾ മനുഷ്യരോടുള്ള നിഷ്ഠൂരതയുടെ അടുത്തകാലത്തെ ദൃഷ്ടാന്തങ്ങളാണ്. കത്തോലിക്കാ, ഓർത്തഡോക്സ് വിശ്വാസികൾ ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുമ്പോൾത്തന്നെ ക്രിസ്തുയേശുവിന്റെ സ്നേഹനിർഭരമായ ദൃഷ്ടാന്തത്തിനു ചേർച്ചയിൽ ജീവിക്കുന്നതിൽ പരാജയമടഞ്ഞിരിക്കുന്നു. യഹോവയുടെ സാക്ഷികൾ മാത്രമാണ് തങ്ങളുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കുകയും യുദ്ധം ചെയ്യാനും മേലിൽ അത് അഭ്യസിക്കാനും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നത്. അത് ഒരു രഹസ്യമല്ലതാനും.—യെശയ്യാവു 2:4; മീഖാ 4:3.
[അടിക്കുറിപ്പുകൾ]
This footnotes is missing IN MY