അത്രയധികം ആഴത്തിൽ കുഴിക്കുന്നതെന്തിന്?
ജർമനിയിലെ ഉണരുക! ലേഖകൻ
നിങ്ങളുടെ വീട്ടിൽനിന്നു വെറും ഒമ്പതു കിലോമീറ്റർ അകലെ ഊഷ്മാവ് പൊള്ളിക്കുന്ന 300° ഡിഗ്രി സെൻറിഗ്രേഡ് ആണെന്നു നിങ്ങൾ അറിഞ്ഞിരുന്നോ? എന്നാൽ പേടിക്കണ്ട. ആ ചൂട് നിങ്ങൾക്കു വളരെ താഴെ 9,000 മീറ്റർ ആഴത്തിലാണ്! നിങ്ങളുടെ കാലു പൊള്ളുകയില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ഭൂപടലം എന്നറിയപ്പെടുന്ന ഒരു സംരക്ഷണ കവചം നിങ്ങളെ കാക്കുന്നു.
ചെച്ചിയായുടെ അതിർത്തിയിൽനിന്ന് വളരെ അകലെയല്ലാത്ത വിൻഡിഷെഷിൻബാക് എന്ന ജർമൻ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആഴത്തിൽ കുഴിക്കുന്നതിനുള്ള യൂറോപ്യൻ പദ്ധതിയുടെ ശ്രദ്ധാകേന്ദ്രം ഈ ഭൂപടലമാണ്. ഈ പദ്ധതിയുടെ ലക്ഷ്യം ആ സംരക്ഷണകവചത്തെക്കുറിച്ചു പഠിക്കുന്നതിനു പത്തു കിലോമീറ്ററിലധികം ആഴത്തിൽ ഒരു തുരങ്കം ഉണ്ടാക്കുക എന്നതായിരുന്നു. എന്നിരുന്നാലും, നാം കാണാൻ പോകുന്ന പ്രകാരം ഒമ്പതു കിലോമീറ്റർ ചെന്നപ്പോൾ ചൂടുനിമിത്തം കുഴിക്കൽ നിർത്തേണ്ടിവന്നു. എന്നാൽ അത്ര അഗാധമായ ഒരു തുരങ്കം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്തിന്?
അഗാധമായ കുഴിക്കൽ പുതുതല്ല. ചൈനാക്കാർ ഉപ്പുവെള്ളം തേടി പൊ.യു.മു. 600-ൽ 500 മീറ്ററിലധികം ആഴത്തിൽ കുഴിച്ചതായി റിപ്പോർട്ടുണ്ട്. വ്യവസായ വിപ്ലവത്തിനുശേഷം പാശ്ചാത്യലോകത്തിൽ അസംസ്കൃത പദാർഥങ്ങൾക്കുവേണ്ടിയുള്ള ഭ്രാന്തൻ ആർത്തി കുഴിക്കൽ വിദ്യ അതിവേഗം പുരോഗമിക്കുന്നതിനിടയാക്കി. എന്നിരുന്നാലും, ഈയിടെ കുഴിക്കലിനു പ്രചോദിപ്പിച്ചിരിക്കുന്നതു വ്യാവസായിക താത്പര്യത്തെക്കാൾ കൂടുതൽ അടിയന്തിരമായ ഒരു സംഗതിയാണ്: മനുഷ്യ ജീവൻ അപകടത്തിലാണ്. അതെങ്ങനെ? ഭൂമിക്കടിയിലേക്കുള്ള ഈ കുഴിക്കലിന് എങ്ങനെ സഹായിക്കാൻ കഴിയും?
ആഴത്തിൽ കുഴിക്കൽ എന്തുകൊണ്ടു പ്രധാനം?
ഒന്നാമതായി, ഭൂമിയിലെ ചില ധാതുവിഭവങ്ങൾ വളരെ പെട്ടെന്ന് ഉപയോഗിച്ചു തീർക്കുകയാണ്, അവ ഇല്ലാതായേക്കാം. ഇതേ ധാതുക്കൾ ഭൂമിയിൽ കൂടുതൽ ആഴത്തിൽ ഒരുപക്ഷേ അവയുടെ വികാസ ദശയിൽ കണ്ടെത്താൻ കഴിഞ്ഞേക്കുമോ? ആഴത്തിൽ കുഴിക്കൽ ഉത്തരം നൽകിയേക്കാവുന്ന ഒരു ചോദ്യമാണത്.
രണ്ടാമത്, ലോകജനസംഖ്യ വർധിക്കുന്നതനുസരിച്ച് ഭൂകമ്പങ്ങൾ കൂടുതൽ കൂടുതൽ ആളുകളെ കൊന്നൊടുക്കുന്നു. ലോകത്തിലെ ജനങ്ങളിൽ പകുതിയോളവും ഭൂകമ്പഭീഷണിയുള്ള പ്രദേശങ്ങളിലാണു താമസിക്കുന്നത്. ഭൂമിയിലെ വൻനഗരങ്ങളിൽ മൂന്നിലൊന്നിലധികത്തിലെ നിവാസികൾ അതിൽ ഉൾപ്പെടുന്നു. കുഴിക്കലും ഭൂകമ്പങ്ങളും തമ്മിൽ എന്തു ബന്ധം? ലിത്തോസ്ഫിയറിന്റെ [ഭൂമിയുടെ ബാഹ്യകവചം] പഠനം പ്രവചനം കൂടുതൽ കൃത്യതയുള്ളതാക്കേണ്ടതാണ്” എന്നു ദാസ് ലോക് (തുരങ്കം) എന്ന ചെറുപുസ്തകം റിപ്പോർട്ടു ചെയ്യുന്നു. അതേ, മനുഷ്യനു ഭൂമിയുടെ രഹസ്യങ്ങൾ അറിയാൻ ശ്രമിക്കുന്നതിനു സകല ന്യായവുമുണ്ട്.
എങ്കിലും, ആഴത്തിൽ കുഴിക്കുന്നതിന്റെ ചെലവ് ഭാരിച്ചതാണ്. ജർമൻ പദ്ധതിയുടെ ചെലവ് 35 കോടി ഡോളറാണ്, നമ്മുടെ ഗ്രഹത്തിന്റെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലേ? ഉണ്ടെന്നും ഇല്ലെന്നും പറയാം. ഭൂമിയുടെ ഘടന സംബന്ധിച്ച പല കാര്യങ്ങളും ഉപരിതലത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ശാസ്ത്രം അനുമാനിക്കുന്നത്. എന്നാൽ അത്യഗാധത്തിലേക്കുള്ള ഒരു തുരങ്കമാണ് ആ അനുമാനങ്ങൾ തെളിയിക്കാനും വളരെ കൂടിയ സമ്മർദത്തിലും താപനിലയിലും ഇന്നുവരെ സ്ഥിതി ചെയ്തിരിക്കുന്ന പാറകൾ പരിശോധിക്കാനുമുള്ള ഏകമാർഗം. ആഴത്തിൽ കുഴിക്കുന്നതു മുഖാന്തരം കാര്യങ്ങളുടെ അടിത്തട്ടിലേക്കു ചെല്ലാൻ ശ്രമിക്കുന്നു എന്നു നിങ്ങൾക്കു പറയാൻ കഴിയും.
കുഴിക്കൽ സംബന്ധിച്ച് പൊതുവായി വേണ്ടത്ര പറഞ്ഞുകഴിഞ്ഞു. വിൻഡിഷെഷിൻബാകിലെ ആ സ്ഥലം നമുക്കൊന്നു സന്ദർശിക്കാം, എന്താ? ശാസ്ത്രീയ പദപ്രയോഗങ്ങൾ നിങ്ങൾക്കു മനസ്സിലാവില്ലെന്നു തോന്നുന്നുണ്ടോ? പേടിക്കേണ്ട. ഭൂഗർഭശാസ്ത്രജ്ഞനായ ഒരു വഴികാട്ടി എല്ലാം ലളിതമായി പറയാമെന്നു സമ്മതിച്ചിട്ടുണ്ട്.
അമ്പരപ്പിക്കുന്ന കുഴിക്കൽ സജ്ജീകരണം
തുരങ്കത്തിനു മുകളിൽ 20 നില കെട്ടിടത്തിന്റെ ഉയരത്തിൽ കുഴിക്കൽ സജ്ജീകരണം ഉയർന്നു നിൽക്കുന്ന കാഴ്ചയിൽ ഞങ്ങൾ അമ്പരന്നുപോയി. വിദഗ്ധരല്ലാത്തവർക്കുപോലും ഈ പദ്ധതിയിലേക്കു പ്രത്യേക ആകർഷണം നൽകുന്ന ഒരു വശം ഈ സജ്ജീകരണമാണ്. ഇനിയും മനസ്സിലാക്കാനുണ്ട്.
ഉദാഹരണത്തിന് സ്ഥാനത്തിന്റെ കാര്യമെടുക്കുക. അത്യഗാധമായ തുരങ്കം കുഴിക്കാൻ പദ്ധതിയിട്ടപ്പോൾ ശാസ്ത്രജ്ഞർ എവിടെയെങ്കിലും കുഴിക്കാൻ തീരുമാനിച്ചില്ല. പദ്ധതിയെക്കുറിച്ച് ഡീസൈറ്റ് പത്രം ഇപ്രകാരം എഴുതി: “ഭൂകമ്പങ്ങൾ ഉണ്ടാകുന്നതെങ്ങനെയെന്നു കണ്ടുപിടിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ [ഭൂഗർഭ] തട്ടുകൾ പരസ്പരം കൂട്ടിമുട്ടുകയോ തമ്മിൽ അകലുകയോ ചെയ്യുന്ന സ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.” വിൻഡിഷെഷിൻബാക് അത്തരം ഒരു സ്ഥാനമാണ്, കാരണം അത് ഭൂമിക്കടിയിലുള്ള രണ്ടു ഭൂഖണ്ഡ തട്ടുകളുടെ അല്ലെങ്കിൽ സാവധാനം നീങ്ങുന്ന ഭൂപടലത്തിന്റെ രണ്ടു ഭാഗങ്ങളുടെ അതിരിനു നേരേ മുകളിൽ സ്ഥിതിചെയ്യുന്നു.
മുമ്പൊരിക്കൽ, ഈ രണ്ടുതട്ടുകൾ ഊക്കോടെ തമ്മിൽ അടുത്തുവെന്നും അടിയിലുള്ള ഭൂപടലത്തിന്റെ ഭാഗങ്ങളെ ഉപരിതലത്തിനുനേർക്കു തള്ളി ഉയർത്തിയെന്നും കരുതപ്പെടുന്നു, ആധുനിക സാങ്കേതിക വിദ്യക്കു ചെന്നെത്താവുന്ന സ്ഥാനത്തേക്കുതന്നെ. പാറയുടെ വിവിധ അടുക്കുകളിലൂടെ കുഴിക്കുന്നത്, ഞങ്ങളുടെ വഴികാട്ടി വിളിക്കുന്നപ്രകാരം ഭൂമിശാസ്ത്രപരമായ ഒരു ഷിഷ് കെബാബ് ഉത്പാദിപ്പിക്കുന്നു. തുരങ്കം എത്ര ആഴമുള്ളതാണ്?
1994 ഒക്ടോബർ 12-ന് വിവരങ്ങൾ അറിയിക്കുന്ന മന്ദിരത്തിലെ മിന്നിമറഞ്ഞ ഒരു ഫലകം കൂടിയ ആഴം എത്രയെന്നു വിളിച്ചറിയിച്ചു: “9,101 മീറ്റർ” (29,859 അടി). അത് എത്ര അഗാധമാണ്? അടിയിലേക്കു നമ്മെ വഹിച്ചുകൊണ്ടുപോകാൻ ഒരു ലിഫ്റ്റുണ്ടെങ്കിൽ, അടിയിലെത്താൻ മിക്കവാറും ഒന്നര മണിക്കൂർ എടുക്കും. എങ്കിലും അത് നാം ഒരിക്കലും മറക്കുകയില്ലാത്ത ഒരു യാത്രയായിരിക്കും. എന്തുകൊണ്ട്? എന്തെന്നാൽ നാം താഴേക്കിറങ്ങുമ്പോൾ ഓരോ ആയിരം മീറ്റർ കഴിയുമ്പോഴും താപനില 25-നും 30-നും ഇടയ്ക്കു ഡിഗ്രി സെൻറിഗ്രേഡ് ഉയരുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. അതുകൊണ്ട് ഇപ്പോഴത്തെ അടിത്തട്ടിൽ നാം ചുട്ടുപൊള്ളുന്ന 300 ഡിഗ്രി സെൻറിഗ്രേഡ് അനുഭവിക്കും. ഞങ്ങളുടെ സന്ദർശനത്തിൽ അടിത്തട്ടിലേക്കുള്ള ഒരു യാത്ര ഉൾപ്പെടാത്തതിൽ ഞങ്ങൾ എത്ര സന്തോഷമുള്ളവരാണ്! എന്നാൽ താപനിലയുടെ പ്രശ്നം ഈ പദ്ധതിയുടെ രസകരമായ മറ്റൊരുവശം നമ്മുടെ ശ്രദ്ധയിൽ വരുത്തുന്നു.
ഏതാണ്ട് 9,000 മീറ്ററിൽ, തുരങ്കം നിർണായകമായ 300 ഡിഗ്രി സെൻറിഗ്രേഡ് കവാടം മുറിച്ചു കടന്നു. എന്തുകൊണ്ടു നിർണായകം? എന്തുകൊണ്ടെന്നാൽ പാറകൾ അത്രമാത്രം ചൂടിനും സമ്മർദത്തിനും വിധേയമാകുമ്പോൾ അവയുടെ കടുപ്പം പോയി വഴക്കമുള്ളതായിത്തീരുന്നു. ഈ മാറ്റം സ്വാഭാവിക പരിതസ്ഥിതിയിൽ ഒരിക്കലും നിരീക്ഷിച്ചിട്ടില്ലാത്തതാണ്.
കുഴിക്കൽ നിർവഹിക്കുന്ന സംവിധാനവും ശ്രദ്ധാർഹമാണ്. ഈ സംവിധാനം ഒരു ചെറിയ അളവിൽ ദൃഷ്ടാന്തീകരിക്കുന്നതിനു നൂറു മീറ്റർ നീളവും രണ്ടു മില്ലിമീറ്റർ വ്യാസവും അതായത് കനമുള്ള ഒരു തയ്യൽ സൂചിയുടെ വണ്ണവുമുള്ള ഒരു ദണ്ഡിന്റെ അഗ്രത്തിൽ നിങ്ങൾ പിടിച്ചിരിക്കുന്നതായി ഭാവനയിൽ കാണുക. നിങ്ങൾ അതിന്റെ മറ്റേ അഗ്രത്തിലുള്ള ഒരു ചെറിയ തമര് തിരിക്കാൻ ശ്രമിക്കുകയാണെന്നു സങ്കൽപ്പിക്കുക. അധികം വൈകാതെ, ഒന്നുകിൽ വളഞ്ഞുപുളഞ്ഞ ഒരു തുരങ്കം ലഭിക്കും, അല്ലെങ്കിൽ തമരോ ദണ്ഡോ ഒടിയും, അല്ലെങ്കിൽ അതു രണ്ടും സംഭവിക്കും.
തമരിന്റെ ഗതി സ്വമേധയാ ശരിപ്പെടുത്തിക്കൊണ്ട് അടിയിലേക്കുള്ള തുരങ്കം ശരിക്കും ലംബമായി നിലനിർത്താനുള്ള സജ്ജീകരണം വികസിപ്പിച്ചിരിക്കുന്നു. ഈ നിയന്ത്രണ സംവിധാനം വളരെ സഹായകരമെന്നു തെളിഞ്ഞു, 6,000 മീറ്ററിലധികം ആഴത്തിൽ ചെന്നപ്പോൾ തുരങ്കത്തിന്റെ അടിഭാഗം ലംബരേഖയിൽനിന്ന് എട്ടുമീറ്റർ മാത്രമേ വ്യതിചലിക്കുന്നുള്ളു. ഒരു മികച്ച നേട്ടം, ഞങ്ങളുടെ വഴികാട്ടി പറയുന്നതുപോലെ ഇതാണ് “അനുമാനമനുസരിച്ചു ലോകത്തിലെ ഏറ്റവും ചൊവ്വായ തുരങ്കം!”
തമരു മാറ്റിയിടാനുള്ള ഒരു ആവർത്തനജോലി
തമരു തിരിക്കുന്ന യന്ത്രം “തുരങ്കത്തിനുള്ളി”ലാണു സ്ഥിതിചെയ്യുന്നത്, ഉപരിതലത്തിലല്ല. അതുകൊണ്ട് കുഴിക്കുമ്പോൾ പൈപ്പ് മുഴുവനും തമരിനൊപ്പം കറങ്ങുന്നില്ല. എങ്കിലും, അത്ര ആഴത്തിൽ കുഴിക്കുന്നത് ക്ഷീണിപ്പിക്കുന്ന ഒരു പണിയാണ്. ഒരു മണിക്കൂറിൽ ഒന്നോ രണ്ടോ മീറ്ററാണു കുഴിക്കുന്നത്. ഓരോ തമരും ഏകദേശം 50 മീറ്റർ പാറ തുരക്കും, അതിനുശേഷം മാറ്റിയിടണം. ഞങ്ങളുടെ വഴികാട്ടി സജ്ജീകരണത്തിനടുത്തേക്കു ഞങ്ങളെ നയിക്കവേ, കുഴിക്കാനുപയോഗിക്കുന്ന കുഴൽ തുരങ്കത്തിൽനിന്നു പൊക്കിയെടുക്കുന്നതു ഞങ്ങൾ കണ്ടു, തമരു മാറ്റിയിടുക എന്ന ഉദ്ദേശ്യത്തിൽത്തന്നെ.
വലിയ യന്ത്രമനുഷ്യന്റെ കൈകൾ കുഴലിന്റെ 40 മീറ്റർ നീളമുള്ള ഓരോ ഭാഗവും വേർപെടുത്തുന്നു. കുഴൽ കൈകാര്യം ചെയ്യുന്ന ആ സംവിധാനം പദ്ധതിയുടെ വിസ്മയകരമായ മറ്റൊരു സവിശേഷതയാണ്. കുഴൽ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന ക്ലേശകരമായ പ്രക്രിയ ത്വരിതപ്പെടുത്താൻ പുതുതായി രൂപകൽപ്പന ചെയ്തതായിരുന്നു ആ സംവിധാനം. ആ പ്രക്രിയയെ ആവർത്തന ജോലിയെന്ന് കുഴിക്കൽ വിദഗ്ധർ വിളിക്കുന്നു. ഒരു കുറുക്കുവഴിയുമില്ല. ഒരു മഞ്ഞത്തൊപ്പിക്കുള്ളിൽനിന്നു പുറത്തുവന്ന പുഞ്ചിരിക്കുന്ന മുഖം വിശദമാക്കുന്നു: “ഒരു തമരു മാറ്റുന്നതിന് ഞങ്ങൾ സകലവും പുറത്തെടുക്കേണ്ടതുണ്ട്!”
സാമ്പിളുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
ഞങ്ങൾ പരീക്ഷണശാല സന്ദർശിക്കുന്നു, പാറയുടെ സാമ്പിളുകൾ നിറച്ച അലമാരകളുടെ നീണ്ട നിരകൾ കാണുന്നതു ഞങ്ങളെ വിസ്മയിപ്പിക്കുന്നു. ഭൂമിയിൽനിന്ന് സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നത് എങ്ങനെയാണ്? രണ്ടു വ്യത്യസ്ത വിധങ്ങളിൽ.
ഒരു മാർഗം കാമ്പു ശേഖരണമാണ്, അതിൽ സിലിണ്ടർ ആകൃതിയിൽ പാറ ശേഖരിക്കുന്നു. ഈ കാമ്പുകളുടെ സ്വഭാവം പരീക്ഷണശാലയിൽ നിരീക്ഷിക്കുന്നതിനു സമയം പാഴാക്കുന്നില്ല. തിടുക്കം കൂട്ടുന്നതെന്തിനാണ്? എന്തുകൊണ്ടെന്നാൽ ഭൂപടലത്തിലായിരിക്കുമ്പോൾ പാറ കടുത്ത സമ്മർദത്തിലാണ്. ഉപരിതലത്തിൽ വന്നശേഷമുള്ള ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ഓരോ കാമ്പും എങ്ങനെ “അയയുന്നു” എന്നു നോക്കി ഭൗമശാസ്ത്രജ്ഞൻമാർ ഈ സമ്മർദം സംബന്ധിച്ച് വളരെ അനുമാനം നടത്തുന്നു.
സാമ്പിളുകൾ ശേഖരിക്കുന്ന കൂടുതൽ സാധാരണമായ രീതി സ്വാഭാവിക കുഴിക്കൽ നടക്കുന്ന സമയത്താണ്. തമര് തണുപ്പിക്കുന്നതിനും മുറിച്ചു മാറ്റുന്ന ഭാഗം പുറത്തേക്കു തള്ളുന്നതിനുമായി കുഴലിലൂടെ ദ്രാവകം അടിച്ചിറക്കുന്നു. സമ്മർദം ദ്രാവകവും മുറിച്ചുമാറ്റിയ ഭാഗങ്ങളും പുറത്തേക്കു തള്ളുന്നു, പിന്നീട് അത് അരിച്ചുവേർതിരിച്ചെടുക്കുന്നു. ദ്രാവകം വീണ്ടും ഉപയോഗിക്കുന്നു, കഷണങ്ങൾ പരിശോധിക്കുകയും ചെയ്യുന്നു. ഈ പരിശോധനകൾ എന്തു വെളിപ്പെടുത്തുന്നു?
പരീക്ഷണങ്ങൾ പാറയുടെ ഇനവും അതിന്റെ വൈദ്യുത, കാന്തിക ഗുണങ്ങളും നിർണയിക്കുന്നു. അയിരു നിക്ഷേപങ്ങൾ ഉള്ള സ്ഥാനം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. പാറയുടെ സാന്ദ്രത ഒരു ചലനം എത്ര പെട്ടെന്ന് ഭൂമിയിലൂടെ സഞ്ചരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു.
ഉപരിതലത്തിനും 4,000 മീറ്ററും അതിനപ്പുറവും ആഴത്തിനും ഇടയ്ക്കു രണ്ടു ദിശയിലേക്കും വെള്ളത്തിന്റെ സ്ഥിരമായ ഒരു ചലനവും പരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നു. “ഇത് ഖനികളിലും തുരങ്കങ്ങളിലും ഹാനികരമായ വസ്തുക്കൾ നിക്ഷേപിക്കുന്നതിന്റെ പ്രശ്നങ്ങൾ സംബന്ധിച്ച് തികച്ചും പുതിയ വെളിച്ചം പകർന്നു തരുന്നു” എന്നു സയൻസ് മാസികയായ നേച്ചർവിഷൻഷാഫ്റ്റ്ലികാ റുന്റഷാവു (നാച്ച്വറൽ സയൻസ് റിവ്യൂ) അഭിപ്രായപ്പെടുന്നു.
ഞങ്ങളുടെ വഴികാട്ടിയോട് ഹൃദയംഗമമായി യാത്ര പറഞ്ഞുകൊണ്ട് ഞങ്ങളുടെ പര്യടനം അവസാനിപ്പിക്കുന്നു. പദ്ധതി സംബന്ധിച്ച അദ്ദേഹത്തിന്റെ വിനീതമായ വിശദീകരണത്തിന് ഒരു വിദഗ്ധന്റെ സാക്ഷ്യപത്രമുണ്ട്, അദ്ദേഹത്തിന് അതിവിശിഷ്ടമായത് സർവസാധാരണമായിത്തീർന്നിരിക്കുന്നു. ശാസ്ത്രജ്ഞൻമാർക്കു വിൻഡിഷെഷീൻബാക് പുതുമയല്ലായിരിക്കാം, എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ സന്ദർശനം വിശിഷ്ടമായിരുന്നു.
[10-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ: തമരിൽനിന്നെടുത്ത കാമ്പുകൾ അളക്കുന്നു
ഇടത്: ഭൂപടലത്തിന്റെ മാതൃക
[കടപ്പാട്]
KTB-Neuber