ലോകത്തെ വീക്ഷിക്കൽ
സാക്ഷരതയും ആരോഗ്യവും
യുനെസ്കോ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന) ഉദ്ധരിച്ച സ്ഥിതിവിവരക്കണക്കുകളനുസരിച്ച് ഉയർന്ന അളവിലുള്ള സാക്ഷരത ദീർഘിച്ച ആയുർപ്രതീക്ഷക്ക് ഇടയാക്കിയേക്കാം. “എഴുതാനും വായിക്കാനും പഠിച്ചിട്ടുള്ള ആളുകൾ ശുചിത്വവും ആരോഗ്യ സംരക്ഷണവും സംബന്ധിച്ചു കൂടുതൽ ശ്രദ്ധയുള്ളവരാണ്; അവർ വിധിയിലത്ര കണ്ടു വിശ്വസിക്കാൻ പ്രവണത കാട്ടുന്നില്ല, രോഗം വരുമ്പോൾ ഒരു ഡോക്ടറെ കാണാൻ അവർ കൂടുതൽ ചായ്വുള്ളവരാണ്” എന്ന് യുനെസ്കോ സോർസസ് എന്ന മാസിക അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ആയുർപ്രതീക്ഷയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഒന്നു മാത്രമാണു സാക്ഷരത. “വൈദ്യചികിത്സയ്ക്കുള്ള സൗകര്യം, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, സാമൂഹിക പരിതഃസ്ഥിതി എന്നിവ”യും നിർണായക പങ്കുകൾ വഹിക്കുന്നു.
ഫലശൂന്യമായ ഉച്ചകോടി
“സാമൂഹിക വികസനത്തിനുവേണ്ടിയുള്ള ലോക ഉച്ചകോടി” എന്ന തലക്കെട്ടിൽ ഐക്യരാഷ്ട്രങ്ങൾ സ്പോൺസർ ചെയ്ത ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ 1995, മാർച്ച് 6-12 വരെയുള്ള തീയതികളിൽ ലോകത്തിനു ചുറ്റുംനിന്ന് ഏതാണ്ട് 20,000 പ്രതിനിധികൾ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ ഒന്നിച്ചുകൂടി. അവരുടെ കൂടിവരവിന്റെ ഉദ്ദേശ്യമോ? വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യം, തൊഴിൽ രാഹിത്യം, വർഗീയ ഒറ്റപ്പെടുത്തൽ എന്നിവയ്ക്ക് അന്തം കുറിക്കാനുള്ള മാർഗങ്ങൾ ചർച്ചചെയ്യുക എന്നതുതന്നെ. എന്നാൽ ഒരു വലിയ തടസ്സം തിരിച്ചറിയുന്നതിനു ദീർഘനേരം വേണ്ടിവന്നില്ല—ഫണ്ടുകളുടെ അഭാവം. തുകകളുടെ പലിശപോലും അടച്ചുതീർക്കാൻ കഴിയാത്തവിധം അത്രമാത്രം ഭാരിച്ച തുകകൾ ദരിദ്ര രാജ്യങ്ങൾ ധനിക രാഷ്ട്രങ്ങൾക്കു കടപ്പെട്ടിരിക്കുന്നതായി കാണുന്നു. ധനിക രാഷ്ട്രങ്ങൾ തങ്ങളുടെ മാതൃക പിൻപറ്റി ഏറ്റവും ദരിദ്രമായ രാഷ്ട്രങ്ങളുടെ കടങ്ങൾ റദ്ദു ചെയ്തു കൊടുക്കണമെന്നുമുള്ള ആലോചന ആതിഥേയ രാഷ്ട്രമായ ഡെൻമാർക്ക് കൊണ്ടുവന്നു. എങ്കിലും ഒരു പ്രശ്നമുണ്ട്. പല ദരിദ്ര രാഷ്ട്രങ്ങളുടെയും കടം തോക്കുകൾ വാങ്ങിയതുകൊണ്ട് ഉണ്ടായതാണ്. അതുകൊണ്ട് ഒരു യുഎൻ ഉപദേശകൻ വിശദീകരിച്ചതുപോലെ, കടം റദ്ദുചെയ്താൽ അവർ ആ അവസരം ഉപയോഗിച്ചു കൂടുതൽ തോക്കുകൾ വാങ്ങുകയേ ഉള്ളൂ.
സമാനുഭാവം പഠിക്കൽ
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവു പഠിച്ചെടുക്കുന്നതാണെന്ന് കുട്ടികളിലെ സമാനുഭാവത്തെക്കുറിച്ചു പഠിക്കുന്ന ഗവേഷകർ കരുതുന്നു. “ദുഷ്പെരുമാറ്റത്തിനു വിധേയരായ കുട്ടികൾ മറ്റു കുട്ടികളുടെ ദുഃഖത്തോടു സമാനുഭാവത്തോടെ പ്രതികരിക്കാത്തതായി കാണപ്പെട്ടിരിക്കുന്നു. അവർ ദുഃഖിതനായ കുട്ടിയെ നോക്കുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്തേക്കാം. അല്ലെങ്കിൽ അവർ അങ്ങോട്ടുചെന്ന് ആ കുട്ടിയുടെനേരെ ആക്രോശിക്കുകയോ അവനെ ഉന്തുകയോ ചെയ്തേക്കാം” എന്ന് മാൻഹട്ടനിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള ഒരു പ്രൊഫസറായ ഡോ. മാർക്ക് എ. ബർനെറ്റ് പറയുന്നതായി ദ ന്യൂയോർക്ക് ടൈംസ് ഉദ്ധരിക്കുന്നു. നേരേമറിച്ച്, “സ്വന്തം വൈകാരിക ആവശ്യങ്ങൾക്കു ശ്രദ്ധ ലഭിക്കുന്ന ഒരു കുട്ടി മറ്റുള്ളവരുടെ വികാരങ്ങളോടു കൂടുതൽ പ്രതികരിക്കുന്നതാണ്” എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ വൈകാരിക ഭദ്രത പ്രദാനം ചെയ്യുന്നതിനു പുറമേ, സമാനുഭാവമുള്ളവരായിരിക്കേണ്ടത് എങ്ങനെയെന്നു മാതാപിതാക്കൾ കുട്ടികൾക്കു കാണിച്ചുകൊടുക്കേണ്ടതുണ്ട്. ഡോ. ബർനെറ്റ് പറയുന്നതനുസരിച്ച്, സമാനുഭാവമുള്ള മാതാപിതാക്കൾ പൊതുവേ സമാനുഭാവമുള്ള കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നു.
സ്ത്രീകളോ പുരുഷൻമാരോ—ആരാണ് ഏറെ സമയം ജോലിചെയ്യുന്നത്?
വടക്കേ അമേരിക്കയിലും ഓസ്ട്രേലിയയിലുമൊഴിച്ചു ബാക്കിയെല്ലായിടത്തും സ്ത്രീകൾ പുരുഷൻമാരെക്കാൾ കൂടുതൽ മണിക്കൂറുകൾ ജോലിചെയ്യുന്നതായി യുഎൻഎഫ്പിഎ-യുടെ (ഐക്യരാഷ്ട്ര ജനസംഖ്യാ ഫണ്ട്) മാസികയായ പോപ്പുലൈ റിപ്പോർട്ടു ചെയ്യുന്നു. ഏറ്റവും വലിയ അന്തരമുള്ളത് ആഫ്രിക്കയിലും ഏഷ്യാ-പസഫിക് മേഖലയിലുമാണ്. അവിടങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ ആഴ്ചതോറും ശരാശരി ഏതാണ്ടു 12 മണിക്കൂർ പുരുഷൻമാരെക്കാളധികമായി ജോലി ചെയ്യുന്നു. “പല വികസ്വര രാജ്യങ്ങളിലും സ്ത്രീകൾ, ഒരു പതിറ്റാണ്ടു മുമ്പുണ്ടായിരുന്ന തുച്ഛമായ ജീവിത നിലവാരങ്ങൾ നിലനിർത്താൻ മാത്രമായി ഓരോ ആഴ്ചയും 60-90 മണിക്കൂറുകൾ ജോലിചെയ്യുന്നു” എന്ന് ആ മാസിക സൂചിപ്പിക്കുന്നു. അതേസമയം വ്യവസായവത്കൃത ലോകത്തിൽ ഗാർഹിക ജോലിയിലുള്ള പുരുഷൻമാരുടെ പങ്കു വർധിച്ചുവരുകയാണ്. “എന്നാൽ” ഈ വർധനവ് “പാചകം, ശുചീകരണം, തുണിയലക്കൽ തുടങ്ങിയ ദൈനംദിന ജോലികളുടെ തുല്യ വിഭജനം നിമിത്തമല്ല. പിന്നെയോ കടയിൽപോക്കു പോലുള്ള ജോലികൾക്കു പുരുഷൻമാർ കൂടുതൽ സമയം എടുക്കുന്നതുകൊണ്ടാണ്” എന്നു പോപ്പുലൈ വിശദീകരിക്കുന്നു.
ചൈനയുടെ ജനസംഖ്യ 120 കോടിയെത്തുന്നു
ഈ വർഷത്തിന്റെ ആദ്യഭാഗത്തു ചൈനയുടെ ജനസംഖ്യ 120 കോടിയെത്തിയെന്ന് ചൈനാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. 1970-കളിൽ ദേശീയ കുടുംബാസൂത്രണ പദ്ധതി ഏർപ്പെടുത്തിയില്ലായിരുന്നെങ്കിൽ ജനസംഖ്യ, ഒൻപതു വർഷം മുമ്പ് ഈ അളവിൽ എത്തിച്ചേരുമായിരുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ വളർച്ചാ നിരക്കിൽ, ചൈനയുടെ ജനസംഖ്യ അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തോടെ 130 കോടിയിലെത്തും. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ ചൈന, ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നാണെങ്കിലും, ധാന്യം, മാംസം, മുട്ട എന്നിവയുടെ കാര്യത്തിൽ ചൈനയുടെ ആളോഹരി ഉത്പാദനം കൂടുതൽ വികസിതമായ രാജ്യങ്ങളുടെ ഉത്പാദനത്തെക്കാളും കുറവാണ്. മാത്രമല്ല, മലിനീകരണവും ഭൂമിയുടെ കൂടുതലായ കയ്യേറ്റവും കാരണം മൊത്തത്തിലുള്ള കൃഷിസ്ഥലത്തിന്റെയളവു കുറഞ്ഞുവരുകയാണ് എന്ന് ചൈനാ ടുഡേ പറഞ്ഞു.
ഒച്ചുകൾ ആക്രമണം നടത്തുന്നു
ആറു വർഷം മുമ്പ് ജീവനുള്ള ദക്ഷിണ അമേരിക്കൻ സ്വർണ ഒച്ചുകളെ ഭക്ഷണയിനമായി വിയറ്റ്നാമിലേക്കു കയറ്റിയയയ്ക്കുന്നതിനു മുമ്പുതന്നെ, അവ എന്നെങ്കിലും രക്ഷപ്പെട്ടാൽ വമ്പിച്ച കുഴപ്പമുണ്ടാക്കുമെന്നു ശാസ്ത്രജ്ഞൻമാർ മുന്നറിയിപ്പു നൽകിയതാണ്. ശാസ്ത്രജ്ഞൻമാരുടെ വാദം ശരിയാണെന്നു സമയം തെളിയിച്ചതായി തോന്നുന്നു. കുറെ ഒച്ചുകൾ രക്ഷപ്പെടുക തന്നെ ചെയ്യുകയും നെല്ലു തിന്നാനുള്ള ശക്തമായ ആഗ്രഹം പെട്ടെന്നു പ്രകടിപ്പിക്കുകയും ചെയ്തു. തൻമൂലം ഗവൺമെൻറ് ഒച്ചുകളെ നിരോധിച്ചു. എങ്കിലും അനേകം ചെറിയ സ്ഥാപനങ്ങൾ തുടർന്നും അവയെ വളർത്തുകയും ഭക്ഷണത്തിനായി വിൽക്കുകയും ചെയ്തു. ഈ ചെറു ജീവികളിൽ വെറും എട്ടെണ്ണത്തിന് ഒരു ദിവസംകൊണ്ട് 11 ചതുരശ്ര അടി നെൽകൃഷി തിന്നുനശിപ്പിക്കാൻ കഴിയുമെന്ന് ഔദ്യോഗിക വിയറ്റ്നാം ന്യൂസ് പറയുന്നതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു! റിപ്പോർട്ടനുസരിച്ച് ഒച്ചുകൾ ഇപ്പോൾത്തന്നെ 77,000 ഏക്കർ നെല്ലു നശിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തെ ഏറ്റവും ഉത്പാദനക്ഷമതയുള്ള നെല്ലു വളർത്തൽ പ്രദേശത്തേക്ക് അവ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഒറ്റയൊരു പെൺ ഒച്ചിന് ഒരു വർഷംകൊണ്ട് ഏതാണ്ട് നാലു കോടി മുട്ടകളിടാൻ കഴിയും.
ഒരു രണ്ടാം ലോകമഹായുദ്ധ അനുബന്ധ സംഭവം
50 വർഷംമുമ്പ് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ ശത്രുവിന്റെ ആക്രമണത്തിൽനിന്നു താൻ താരതമ്യേന സുരക്ഷിതനാണെന്ന് യു.എസ്.എ.-യിലെ കൊളറാഡോയിലുള്ള ഒരു ഗ്രാമീണ കർഷകൻ വിചാരിച്ചിരിക്കണം. എന്നാൽ ബോംബു സ്ഫോടനം മൂലമുണ്ടായ ഒരു ചെറിയ കുഴിയിലേക്ക് തന്റെ ട്രാക്ടർ പൊടുന്നനെ വീണപ്പോൾ അത്തരക്കാരനായ ഒരു കർഷകൻ എത്ര അമ്പരന്നുപോയിരിക്കണം! ബലൂൺ മാർഗം പസഫിക് സമുദ്രത്തിന്റെ മറുവശത്തുനിന്നായിരുന്നു ബോംബു വിക്ഷേപിച്ചത്. ഒരു ആഗോള യുദ്ധത്തിന്റെ ആകാംക്ഷാപൂർവകമായ അനുബന്ധ സംഭവമെന്നനിലയിൽ, തീ ബോംബുകളും സൈനികർക്കെതിരെയുള്ള ബോംബുകളും വഹിക്കുന്ന 9,000-ത്തിലധികം ഹൈഡ്രജൻ ബലൂണുകൾ വിട്ടുകൊണ്ട്, 1942-ലെ യു.എസ്.-ന്റെ ആകാശത്തുനിന്നുള്ള ആക്രമണങ്ങൾക്കു തിരിച്ചടി നടത്താൻ ജപ്പാൻകാർ തീരുമാനിച്ചു. സ്ക്രിപ്സ് ഹൊവാർഡ് ന്യൂസ് സർവിസ് പറയുന്നതനുസരിച്ച് ഐക്യനാടുകളിൽ ഏതാണ്ട് 10,000 കിലോമീറ്റർ ദൂരത്തിൽ കാട്ടുതീയും പരിഭ്രാന്തിയും ഇളക്കിവിടുകയെന്നതായിരുന്നു ഉദ്ദേശ്യം. അനേകമാളുകൾ കൊല്ലപ്പെട്ടെങ്കിലും നാശം താരതമ്യേന ലഘുതരമായിരുന്നു. ബലൂണുമായി ബന്ധപ്പെട്ട 285 സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഗവൺമെൻറിന്റെ ആജ്ഞപ്രകാരം, പരിഭ്രാന്തി ഒഴിവാക്കുന്നതിനായി വാർത്താമാധ്യമങ്ങൾ ഈ വാർത്തകൾ സംബന്ധിച്ചു മൗനം പാലിച്ചു.
ടെന്നീസിന് ആരെങ്കിലുമുണ്ടോ?
ഓസ്ട്രേലിയയിലെ ജയിലുകളിൽ നിയമവിരുദ്ധ മയക്കുമരുന്നുകൾക്കുവേണ്ടിയുള്ള ആവശ്യം ചില നവീകരണ രീതികളിലുള്ള മയക്കുമരുന്നു കള്ളക്കടത്തിന് ഇടയാക്കിയിരിക്കുന്നു. “ആളുകൾ നിയമവിരുദ്ധ മയക്കുമരുന്നുകൾ ടെന്നീസ് പന്തുകളിൽ നിറയ്ക്കുകയും ബാറ്റുപയോഗിച്ച് അവ ഓസ്ട്രേലിയയിലെ ജയിലുകളിലേക്ക് അടിച്ചുവീഴ്ത്തുകയും ചെയ്യുന്നു”വെന്ന് റൊയ്റ്റഴ്സ് ന്യൂസ് സർവിസ് റിപ്പോർട്ടു ചെയ്യുന്നു. ജയിൽ വക്താവായ കീത്ത് ബ്ലൈത്ത് ഇപ്രകാരം പറയുന്നു: “അവർ മയക്കുമരുന്നു പായ്ക്കുചെയ്ത് (പ്ലാസ്റ്റിക്കിന്റെ നേർത്ത പാളികൊണ്ട്) പൊതിയുന്നു.” എന്നിട്ട് അതൊരു ടെന്നീസ് പന്തിലാക്കി അക്ഷരാർഥത്തിൽ വേലിക്കു മുകളിലൂടെ എറിയുകയോ അടിച്ചുവീഴ്ത്തുകയോ ചെയ്യുന്നു. ഈ മയക്കുമരുന്നു പ്രവാഹം നിർത്താനുള്ള ശ്രമമായി ദക്ഷിണ ഓസ്ട്രേലിയൻ ഗവൺമെൻറ് മറ്റു കാര്യങ്ങൾ പരിചിന്തിച്ച കൂട്ടത്തിൽ, “സംശയാസ്പദമായ ടെന്നീസ് പന്തുകൾ ഉള്ള ആളുകളെ” കണ്ടുപിടിക്കുന്നതിനായി “മയക്കുമരുന്നിന്റെ മണം പിടിക്കാൻ കഴിവുള്ള നായ്ക്കളെക്കൊണ്ട്” സ്റ്റേറ്റിലെ ജയിലുകളുടെ വെളിയിലൂടെ റോന്തുചുറ്റിക്കുന്ന സംഗതിയും പരിഗണനയിലെടുത്തിട്ടുണ്ടെന്ന് ബ്ളൈത്ത് വിശദീകരിച്ചു. സാഹസികനായ മറ്റൊരു കള്ളക്കടത്തുകാരൻ ഒരു ചുണ്ടുവില്ലുപയോഗിച്ച് ജയിൽ ഭിത്തിയുടെ മുകളിലൂടെ മയക്കുമരുന്നുകൾ പായിച്ചു. എങ്കിലും, “കേക്കുകളിൽ ഒളിച്ചുവെച്ച് മയക്കുമരുന്നുകൾ” ജയിലിലേക്കു കൊണ്ടുപോകുന്ന “കൂടുതൽ പരമ്പരാഗതമായ രീതി” ഇപ്പോഴും സാധാരണമാണെന്നു റിപ്പോർട്ടു പറഞ്ഞു.
“ഓർമശക്തി”യുള്ള ചെടികൾ
ആക്രമിക്കപ്പെടുമ്പോൾ പല ചെടികളും ആക്രമണകാരികളെ തടുക്കുന്നതിനായി രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. ചിലത് ആക്രമണത്തിന്റെ ‘ഓർമ’ പോലും സൂക്ഷിക്കുന്നുവെന്നും ഇത് അടുത്ത ആക്രമണമുണ്ടാകുമ്പോൾ കൂടുതൽ വേഗത്തിൽ പ്രതിരോധ വിഷങ്ങൾ ഉത്പാദിപ്പിച്ചുതുടങ്ങാൻ അവയെ സഹായിക്കുന്നുവെന്നും ന്യൂ സയൻറിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഒരു ചിത്രശലഭപ്പുഴു പുകയില തിന്നുമ്പോൾ അത് ജാസ്മൊനിക് അമ്ലത്തിന്റെ ഉത്പാദനത്തിന് ഇടയാക്കുന്നു. ആ അമ്ലം വേരുകളിലേക്കു ചെല്ലുന്നു. ഇത് നിക്കോട്ടിന്റെ ഉത്പാദനത്തിനു കാരണമാകുന്നു. അത് ഇലകളിലേക്കു തിരിച്ചു ചെന്ന് അവയെ തീറ്റിക്കാരന് അരുചിയുള്ളതാക്കിത്തീർക്കുന്നു. അമ്ലം മുമ്പും ചെന്നിട്ടുള്ള വേരുകളുള്ള സസ്യങ്ങൾ ആക്രമണത്തോടു കൂടുതൽ വേഗത്തിൽ പ്രതിപ്രവർത്തിച്ചു. “സസ്യങ്ങൾക്കു തീർച്ചയായും ഓർമശക്തിയുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു” എന്ന് ബഫലോയിലെ ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള ഇയാൻ ബൊൾഡ്വിൻ പറയുന്നു.
വൈദികരുടെ ആധിക്യം
കാനഡയിലെ പ്രൊട്ടസ്റ്റൻറ് പള്ളികളിലെ അംഗത്വം കുറഞ്ഞുവരുന്നത് “മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിൽ വൈദികരുടെ ആധിക്യത്തിന്” ഇടയാക്കിയിരിക്കുന്നുവെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ പത്തിലധികം വർഷംകൊണ്ട് ക്യുബെക്കിലെ മോൺട്രിയലിലുള്ള ആംഗ്ലിക്കൻ സഭയിലെ അംഗത്വം 67,000-ത്തിൽനിന്ന് 27,000-മായി കുത്തനെ താഴ്ന്നിരിക്കുന്നു. എന്നാൽ വൈദികരുടെ എണ്ണത്തിന് ഒരു മാറ്റവുമില്ല. കഴിഞ്ഞുകൂടാൻവേണ്ടി അംശകാല ജോലികൾ ഏറ്റെടുക്കാനോ തൊഴിലില്ലായ്മ ഇൻഷ്വറൻസ് തേടാനോ വൈദികരുടെ ആധിക്യം ചില വൈദികരെ പ്രേരിപ്പിച്ചിരിക്കുന്നു. ഒൺടേറിയോയിലെ ടൊറൊന്റോയിൽ പ്രെസ്ബിറ്റേറിയൻ സഭ സമാനമായ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ശുശ്രൂഷയുടെയും സഭാവൃത്തിയുടെയും സഹ സെക്രട്ടറിയായ ജീൻ ആംസ്ട്രോങ് ഇപ്രകാരം പറയുന്നു: “സഭകൾക്കു മുഴുസമയശുശ്രൂഷകരെ എത്രനാൾ വച്ചുകൊണ്ടിരിക്കാൻ കഴിയുമെന്നു ഞങ്ങൾക്കു നിശ്ചയമില്ല.”