യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കെങ്ങനെ ഉല്ലസിക്കാൻ കഴിയും?
“ഉല്ലാസം പകരുന്ന ധാരാളം സംഗതികൾ ചെയ്യാൻ തീർച്ചയായും ഞങ്ങൾക്കുണ്ടെന്ന് എനിക്കു തോന്നുന്നു. ഞങ്ങളുടെ സഭയിൽ ഒരുമിച്ചു കൂടിവരുന്നതിനു ഞങ്ങൾ ഒരു നല്ല ശ്രമംതന്നെ നടത്തുന്നു. ആരോഗ്യാവഹമായ ഉല്ലാസം ഞങ്ങൾക്കു ലഭിക്കുന്നുണ്ട്. ലോകക്കാരായ മിക്ക കുട്ടികൾക്കും അങ്ങനെ പറയാൻ കഴിയില്ല.”—ജെന്നിഫെർ.
വിനോദം—എല്ലാവർക്കും ഇടക്കിടയ്ക്ക് അതാവശ്യമാണ്. “ഒരു വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഒരു പ്രധാനപ്പെട്ട സംഭാവന” നൽകാൻ പോലും വിനോദത്തിനു കഴിയുമെന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. എന്തിന്, ബൈബിൾതന്നെ “ചിരിപ്പാൻ ഒരു കാലം” അതായത്, സ്വയം സന്തോഷിക്കാൻ ഒരു സമയം ഉണ്ട് എന്നു പറയുന്നു!—സഭാപ്രസംഗി 3:1, 4.a
“വിഹരിക്കുക, ഉല്ലസിക്കുക, രസിക്കുക” എന്നിങ്ങനെ അർഥം വരുന്ന ഒരു സംസ്കൃത പദത്തിൽനിന്നാണു “വിനോദം” എന്ന വാക്കിന്റെ ഉത്ഭവം. (എ സാൻസ്ക്രിറ്റ് ഇംഗ്ളീഷ് ഡിക്ഷ്നറി) സങ്കടകരമെന്നു പറയട്ടെ, യുവജനങ്ങൾ ഉല്ലാസത്തിനു വേണ്ടി ചെയ്യുന്ന മിക്ക സംഗതികളും—വന്യമായ പാർട്ടി നടത്തൽ, മയക്കുമരുന്നും മദ്യവും ദുരുപയോഗം ചെയ്യൽ, അല്ലെങ്കിൽ നിയമവിരുദ്ധ ലൈംഗികതയിലേർപ്പെടൽ പോലുള്ളവ—വാസ്തവത്തിൽ നവോന്മേഷദായകമേ അല്ല, പകരം വിനാശകരമാണ്. അതുകൊണ്ടുതന്നെ ആസ്വാദ്യവും അതേസമയം ആരോഗ്യപ്രദവുമായ വിനോദ പ്രവർത്തനങ്ങൾ കണ്ടെത്തുക എന്നത് ഒരു യഥാർഥ വെല്ലുവിളിയാണ്. എന്നാൽ തുടക്കത്തിൽ ഉദ്ധരിച്ച ജെന്നിഫെർ ചൂണ്ടിക്കാട്ടുന്നതുപോലെ, അതു സാധ്യമാണ്!
ഒത്തൊരുമിച്ചു കാര്യങ്ങൾ ചെയ്യൽ
അടുത്തകാലത്ത് ഉണരുക! ഈ വിഷയം സംബന്ധിച്ച് അനവധി യുവജനങ്ങളുമായി അഭിമുഖം നടത്തി. മറ്റു യുവജനങ്ങളോടൊപ്പം കൂടിവരുന്നതു തങ്ങൾ ആസ്വദിക്കുന്നതായി മിക്കവരും പറഞ്ഞു. നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടാറുണ്ടോ—മിക്കപ്പോഴും ഒരു ക്ഷണം ലഭിക്കാതിരിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നുവോ? അങ്ങനെയെങ്കിൽ, എന്തുകൊണ്ടു മുൻകൈ എടുത്തുകൂടാ? ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ ലീ എന്നു പേരുള്ള ഒരു പെൺകുട്ടി ഇപ്രകാരം പറയുന്നു: “എനിക്ക് ഒരു പ്രത്യേക സിനിമ കാണാൻ ആകാംക്ഷയുള്ളപ്പോൾ ഞാൻ എന്റെ കൂട്ടുകാരിലൊരാൾക്കു ഫോൺ ചെയ്യുന്നു, പിന്നീട് ഞങ്ങൾ ഈ വിവരം ഞങ്ങളുടെ മറ്റു കൂട്ടുകാരെയും അറിയിക്കും.” സാധാരണമായി, അവർ നേരത്തേയുള്ള ഏതെങ്കിലും സിനിമാപ്രദർശനം കാണുന്നു. പിന്നീട് അവരുടെ മാതാപിതാക്കൾ വന്ന് അവരെയും കൂട്ടി പുറത്തുപോയി, ഒരു പ്രാദേശിക റെസ്റ്ററൻറിൽനിന്ന് ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു.
സ്പോർട്സ് പ്രവർത്തനങ്ങളും ആരോഗ്യകരമായ വ്യായാമത്തിനും നല്ല സഹവാസത്തിനുമുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നു. (1 തിമൊഥെയൊസ് 4:8) യുവതിയായ റോളീൻ പറയുന്നു: “എനിക്കു പോകേണ്ടതെവിടെയാണെന്ന് ആദ്യം എന്റെ കുടുംബവുമായി ഞാൻ ചർച്ച ചെയ്യുന്നു, പിന്നെ ഞങ്ങൾ ഒരു ചെറിയ കൂട്ടത്തെ ഞങ്ങളോടൊപ്പം ചേരാൻ ക്ഷണിക്കുന്നു.” നിശ്ചയമായും, തങ്ങൾക്കു മറ്റുള്ളവരോടൊപ്പം പങ്കെടുക്കാവുന്ന ആരോഗ്യാവഹമായ ധാരാളം കായികവിനോദ രൂപങ്ങൾ ക്രിസ്തീയ യുവജനങ്ങൾ കണ്ടെത്തിയിരിക്കുന്നു: സ്കേറ്റിങ്, സൈക്ലിങ്, ജോഗ്ഗിങ്, എന്നിവ കൂടാതെ ടെന്നിസ്, ബെയിസ്ബോൾ, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കളികളും ഇവയിൽ പേരെടുത്തുപറയാവുന്ന ചിലതാണ്.
വാസ്തവത്തിൽ, ഉല്ലാസം കണ്ടെത്തുന്നതിനു നിങ്ങൾ ധാരാളം പണം ചെലവഴിക്കുകയോ പകിട്ടേറിയ സജ്ജീകരണങ്ങൾക്കായി പണം മുടക്കുകയോ ചെയ്യണമെന്നില്ല. “എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ഞാനും ഒരുമിച്ച് ഉല്ലാസപ്രദമായ നിരവധി മണിക്കൂറുകൾ അടുത്തുള്ള മലകളിലൂടെയും വനാന്തരങ്ങളിലൂടെയും നടക്കാൻ ചെലവഴിച്ചിട്ടുണ്ട്,” ഒരു ക്രിസ്തീയ കൗമാരപ്രായക്കാരി പറഞ്ഞു. “ശുദ്ധവായു ശ്വസിച്ചുകൊണ്ടു നല്ല സുഹൃത്തുക്കളോടൊപ്പം വെറുതെ പുറത്തുപോകുന്നതുതന്നെ വളരെ ഉല്ലാസകരമാണ്!”
കെട്ടുപണിചെയ്യുന്ന സാമൂഹിക കൂടിവരവുകൾ
എന്നിരുന്നാലും, മിക്ക യുവജനങ്ങൾക്കും, ഉല്ലാസമെന്നാൽ സാമൂഹിക കൂടിവരവുകളിൽ സംബന്ധിക്കുക എന്നാണർഥം. “ഭക്ഷണം കഴിക്കാനും സംഗീതം ശ്രദ്ധിക്കാനും സുഹൃത്തുക്കളെ വിളിക്കുന്നതു ഞങ്ങൾക്കിഷ്ടമാണ്,” എന്നു യുവതിയായ ആവേദ പറയുന്നു. സാമൂഹികകൂടിവരവുകൾക്കു ക്രിസ്ത്യാനികളുടെ ഇടയിൽ അവയുടേതായ സ്ഥാനമുണ്ട്. യേശുക്രിസ്തുതന്നെ പ്രത്യേക വിരുന്നുകളിലും വിവാഹങ്ങളിലും മറ്റു സാമൂഹികകൂടിവരവുകളിലും സംബന്ധിച്ചു. (ലൂക്കൊസ് 5:27-29; യോഹന്നാൻ 2:1-10) അതുപോലെ ആദിമ ക്രിസ്ത്യാനികൾ ഭക്ഷണത്തിനും കെട്ടുപണിചെയ്യുന്ന സഹവാസത്തിനും വേണ്ടി ഒരുമിച്ചു കൂടിവന്ന അവസരങ്ങൾ ആസ്വദിച്ചിരുന്നു.—യൂദാ 12 താരതമ്യം ചെയ്യുക.
നിങ്ങളുടെ മാതാപിതാക്കൾ ഒരു കൂടിവരവിന് ആതിഥേയത്വം വഹിക്കാൻ നിങ്ങളെ അനുവദിക്കുന്നെങ്കിൽ, പ്രശ്നങ്ങൾ ഒഴിവാക്കാനും എല്ലാവർക്കും ഉല്ലാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ശ്രദ്ധാപൂർവകമായ ആസൂത്രണമാണു മുഖ്യ സംഗതി. (സദൃശവാക്യങ്ങൾ 21:5) ഒരു ഉദാഹരണമെടുക്കാം: നിങ്ങളുടെ സുഹൃത്തുക്കളിൽ എത്ര പേർ വന്നാൽ ശരിയായ മേൽനോട്ടം നടത്താൻ സാധിക്കുമോ അത്രയും പേരെ മാത്രം ക്ഷണിക്കുന്നതാണു വിവേകം. ചെറിയ കൂട്ടങ്ങൾ “കുടിച്ചുകൂത്താട്ടങ്ങ”ളോ “വന്യമായ പാർട്ടിക”ളോ ആയിത്തീരാൻ സാധ്യത കുറവാണ്.—ഗലാത്യർ 5:21; ബയിങ്ടൺ.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക്, “ക്രമം കെട്ടുനടക്കുന്ന” ആളുകളുമായി സാമൂഹിക കൂടിവരവു നടത്തരുതെന്ന മുന്നറിയിപ്പു ലഭിച്ചിരുന്നു. (2 തെസ്സലൊനീക്യർ 3:11-15) ഇന്ന് ഒരു കൂടിവരവു താറുമാറാക്കുന്നതിനുള്ള ഒരു ഉറപ്പായ മാർഗമാണു കലഹക്കാരും നിയന്ത്രിക്കാൻ സാധിക്കാത്തവരുമെന്ന് അറിയപ്പെടുന്ന യുവജനങ്ങളെ ക്ഷണിക്കുന്നത്. നിങ്ങൾ ആരെ ക്ഷണിക്കുന്നു എന്നതു സംബന്ധിച്ചു ശ്രദ്ധാലുക്കളായിരിക്കവേ, നിങ്ങളെത്തന്നെ ഒരേ സുഹൃദ്വലയത്തിന്റെ പരിധിക്കുള്ളിൽ തളയ്ക്കാതിരിക്കുകയും വേണം. “വിശാലതയുള്ളവരായി,” പ്രായമായവരുൾപ്പെടെ, സഭയിലെ മറ്റുള്ളവരെയും അറിയാൻ ശ്രമിക്കണം.—2 കൊരിന്ത്യർ 6:13.
നിങ്ങൾ എന്തെങ്കിലും ലഘുഭക്ഷണം ഒരുക്കുമോ? അങ്ങനെയെങ്കിൽ, നിങ്ങളുടെ അതിഥികൾക്ക് അതൊരു സന്തോഷവേളയായിരിക്കാൻ അവ ധാരാളിത്തം കാട്ടുന്നതോ ചെലവേറിയതോ ആയിരിക്കണമെന്നില്ല. (ലൂക്കൊസ് 10:38-42) “ചിലപ്പോൾ ഞങ്ങൾക്കു രാത്രിവിരുന്നുകൾക്കു പിറ്റ്സ ആയിരിക്കും ഉള്ളത്,” ഒരു ദക്ഷിണാഫ്രിക്കൻ പെൺകുട്ടിയായ സാൻചെ പറയുന്നു. മിക്കപ്പോഴും അതിഥികൾ തന്നെ ഏതാനും ഇനങ്ങൾ കൊണ്ടുവരാൻ സന്നദ്ധത കാണിക്കും.
വെറുതെ ടിവി കാണുന്നതിനോ സംഗീതം ശ്രവിക്കുന്നതിനോ സംസാരിക്കുന്നതിനോ പുറമേ, ഒരു കൂടിവരവിൽ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന മറ്റുചില കാര്യങ്ങൾ എന്തെല്ലാമാണ്? “സാധാരണമായി ഞങ്ങൾ ആ വൈകുന്നേരം ചെയ്യേണ്ടവയെപ്പറ്റി മുൻകൂട്ടി ആസൂത്രണം ചെയ്യുന്നു,” സാൻചെ പറയുന്നു. “ഞങ്ങൾ കളികളിലേർപ്പെടുകയോ ഞങ്ങൾക്ക് ഒരുമിച്ചു പാട്ടു പാടത്തക്കവിധം ആരെക്കൊണ്ടെങ്കിലും പിയാനോ വായിപ്പിക്കുകയോ ചെയ്തു.” ഒരു ആഫ്രിക്കൻ യുവാവായ മാസേൻ പറയുന്നു: “ഞങ്ങൾ ചിലപ്പോഴൊക്കെ ചീട്ടോ ചതുരംഗമോ ചെസ്സോ കളിക്കുന്നു.”
മുമ്പ് ഉദ്ധരിച്ച ജെന്നിഫെർ ഉണരുക!യോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ സഭയിൽ, ബൈബിൾ കളികളിലേർപ്പെടാൻ ഞങ്ങളെ ക്ഷണിക്കുന്ന ഒരു മൂപ്പനുണ്ട്. നന്നായി കളിക്കാൻ നല്ല ബൈബിൾ പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതുണ്ട്. ഉണരുക!യുടെ പ്രതിനിധി മറ്റു യുവജനങ്ങളോടു ചോദിച്ചു: “ബൈബിൾ കളികളിലേർപ്പെടുന്നതു പഴഞ്ചനാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?” “ഇല്ല!” അവർ ഉച്ചത്തിൽ പ്രതിവചിച്ചു.
“അതു വെല്ലുവിളി നിറഞ്ഞതാണ്,” ഒരു കൗമാരപ്രായക്കാരി പറഞ്ഞു. “അതു രസമാണ്!” മറ്റൊരുവൾ പറഞ്ഞു. മത്സരാത്മാവിനെ നിയന്ത്രിച്ചുകൊണ്ട് ഉല്ലാസത്തിനുവേണ്ടി ബൈബിൾ കളികളിലേർപ്പെടുമ്പോൾ, അവ ആഹ്ലാദപ്രദവും വിദ്യാഭ്യാസപരവും ആയിരിക്കാൻ കഴിയും!—1972 ജൂൺ 22 ലക്കം ഉണരുക!യിലെ (ഇംഗ്ളീഷ്) “കൂടിവരവുകൾ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കിത്തീർക്കൽ” എന്ന ലേഖനം കാണുക.
കുടുംബ ഉല്ലാസം
ബൈബിൾ കാലങ്ങളിൽ കുടുംബങ്ങൾ ഒത്തൊരുമിച്ചു ചില വിനോദരൂപങ്ങൾ ആസ്വദിക്കുന്നത് അസാധാരണമല്ലായിരുന്നു. (ലൂക്കൊസ് 15:25) എങ്കിലും, മാതാപിതാക്കളെക്കുറിച്ചുള്ള കുട്ടികളുടെ ഗ്രന്ഥത്തിന്റെ (ഇംഗ്ലീഷ്) യുവ രചയിതാക്കൾ ഇപ്രകാരം നിരീക്ഷിക്കുന്നു: “പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ആർക്കും സമയമില്ലാത്തവണ്ണം ഇക്കാലത്തു മാതാപിതാക്കളും കുട്ടികളും അത്ര തിരക്കുള്ളവരാണ് . . . തീർത്തും ഉല്ലാസകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനുവേണ്ടി മാത്രം മാതാപിതാക്കളും കുട്ടികളും ഓരോ ആഴ്ചയിലും അൽപസമയം ഒരുമിച്ചു ചെലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതു സുപ്രധാനമാണെന്നു ഞങ്ങൾ കരുതുന്നു.”
“വെള്ളിയാഴ്ച ഞങ്ങളുടെ കുടുംബദിനമാണ്,” പാക്കി എന്നു പേരുള്ള ഒരു ആഫ്രിക്കൻ യുവതി പറയുന്നു. “ഞങ്ങൾ സാധാരണ ഒരുമിച്ചു കളികളിലേർപ്പെടും.” നമുക്കു കൂടപ്പിറപ്പുകളെ മറക്കാതിരിക്കാം. യുവതിയായ ബ്രോൺവിൻ പറയുന്നു: “ഞാൻ എന്റെ ഇളയ സഹോദരിയുമൊത്തു ചിത്രം വരയ്ക്കുന്നതും കലാപരമായ മറ്റു സംഗതികൾ ചെയ്യുന്നതും ആസ്വദിക്കുന്നു.” മുൻകൈ എടുത്തു കുടുംബത്തോടൊപ്പം ചെയ്യാവുന്ന എന്തെങ്കിലും രസകരമായ പ്രവർത്തനങ്ങളെപ്പറ്റി നിർദേശം വയ്ക്കാൻ നിങ്ങൾക്കു സാധിക്കുമോ?
നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ
നിങ്ങൾ ഒറ്റയ്ക്കാണെങ്കിലോ? നിങ്ങൾ വിരസനും ഏകാന്തനുമായിരിക്കണം എന്ന് അവശ്യം അതർഥമാക്കുന്നില്ല. അത്തരം സമയം ഉപയോഗിക്കുന്നതിന് ഉൽപാദനക്ഷമവും ആസ്വാദ്യവുമായ ധാരാളം വഴികളുണ്ട്. ഉദാഹരണമായി, ഹോബികൾ. ബൈബിൾ കാലങ്ങൾ മുതൽതന്നെ പുരുഷന്മാരും സ്ത്രീകളും സംഗീതം പഠിക്കുന്നതു പരിപുഷ്ടിപ്പെടുത്തുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. (ഉല്പത്തി 4:21; 1 ശമൂവേൽ 16:16, 18) “ഞാൻ പിയാനോ വായിക്കും. വിരസതയനുഭവപ്പെടുമ്പോൾ ചെയ്യാൻ കഴിയുന്ന ഒന്നാണത്,” റേയ്ച്ചൽ പറയുന്നു. നിങ്ങൾക്കു സംഗീതത്തിൽ അഭിരുചി ഇല്ലെങ്കിൽ, തയ്യലോ, പൂന്തോട്ട നിർമാണമോ, സ്റ്റാമ്പ് ശേഖരണമോ, അല്ലെങ്കിൽ ഏതെങ്കിലും വിദേശഭാഷ പഠിക്കുന്നതോ തിരഞ്ഞെടുക്കാൻ കഴിയും. ഒരു ബോണസ്സെന്ന നിലയിൽ, വരുംവർഷങ്ങളിൽ പ്രയോജനപ്പെടുന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുപോലും സാധിച്ചേക്കാം.
ഇസ്ഹാക്കിനെപ്പോലെ, വിശ്വാസമുണ്ടായിരുന്ന മനുഷ്യർ ധ്യാനിക്കുന്നതിനുവേണ്ടി ഏകാന്തവേളകൾ തേടിയിരുന്നതായി ബൈബിൾ നമ്മോടു പറയുന്നു. (ഉല്പത്തി 24:63) ഹാൻസ് എന്നു പേരുള്ള ഓസ്ട്രിയക്കാരനായ ഒരു ചെറുപ്പക്കാരൻ പറയുന്നു: “ഇടയ്ക്കൊക്കെ, ഒരു സൂര്യാസ്തമയം കാണാൻ ഞാൻ പുറത്തു പൂന്തോട്ടത്തിലെ ശാന്തമായ ഒരു സ്ഥലത്തു പോയിരിക്കാറുണ്ട്. അതെനിക്കു വളരെയധികം സന്തോഷം പകരുന്നു, മാത്രമല്ല എന്റെ ദൈവമായ യഹോവയുമായി കൂടുതൽ അടുപ്പം തോന്നാനിടയാക്കുകയും ചെയ്യുന്നു.”
യഹോവയുടെ സേവനത്തിലുള്ള “പ്രമോദം”
ക്രിസ്തു യഹോവയാം ദൈവത്തെ സേവിക്കുന്നതിൽ “പ്രമോദം” കണ്ടെത്തുമെന്നു ബൈബിൾ മുൻകൂട്ടി പ്രവചിച്ചു. (യെശയ്യാവു 11:3) ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കുന്നത് യഥാർഥത്തിൽ വിനോദമല്ലാതിരിക്കെ, അതിനു നവോന്മേഷദായകവും സംതൃപ്തികരവും ആയിരിക്കാൻ കഴിയും.—മത്തായി 11:28-30.
മുമ്പ് ഉദ്ധരിച്ച ഹാൻസ് മറ്റൊരു സന്തോഷപ്രദമായ അനുഭവം അനുസ്മരിക്കുന്നു. അവൻ പറയുന്നു: “ഞാനും എന്റെ സുഹൃത്തുക്കളും, [ആരാധനയ്ക്കുള്ള] ഒരു സമ്മേളന ഹാളിന്റെ നിർമാണസ്ഥലത്തു ജോലിചെയ്തുകൊണ്ടു ചെലവഴിച്ച വാരാന്ത്യങ്ങൾ ഓർക്കാനിഷ്ടപ്പെടുന്നു. ഞങ്ങൾ ഒരുമിച്ചു ജോലിചെയ്യാൻ പഠിക്കുകയും ഞങ്ങൾക്കു പരസ്പരം മെച്ചമായി അറിയാൻ സാധിക്കുകയും ചെയ്തു. പിന്തിരിഞ്ഞു നോക്കുമ്പോൾ, മൂല്യവത്തും അതേസമയം ഉല്ലാസകരവുമായ ചിലതു ചെയ്തു എന്ന സംതൃപ്തി ഞങ്ങൾക്കനുഭവപ്പെടുന്നു.”
ഈ ക്രിസ്തീയ യുവജനങ്ങളുടെ സാക്ഷ്യം ഒരു വസ്തുത സ്പഷ്ടമായി തെളിയിക്കുന്നു: ഉല്ലാസം ഉണ്ടായിരിക്കുന്നതിനുള്ള ഒരു അവസരം നിങ്ങൾ നഷ്ടപ്പെടുത്തേണ്ടതില്ല. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുക. കൽപ്പനാവൈഭവമുള്ളവരായിരിക്കുക! ആരോഗ്യാവഹമായി മുൻകൈ എടുക്കുക! നിങ്ങളെത്തന്നെ തകർക്കുന്നവിധമല്ല, പകരം കെട്ടുപണിചെയ്യുന്ന വിധത്തിൽ നിങ്ങൾക്ക് ആസ്വാദനം കണ്ടെത്താൻ കഴിയുമെന്നു നിങ്ങൾ തീർച്ചയായും മനസ്സിലാക്കും.
[അടിക്കുറിപ്പ്]
a ഞങ്ങളുടെ 1996 ജൂലൈ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . മറ്റു യുവജനങ്ങൾ എല്ലാ വിനോദങ്ങളും ആസ്വദിക്കുന്നതെന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[22-ാം പേജിലെ ആകർഷകവാക്യം]
“ശുദ്ധവായു ശ്വസിച്ചുകൊണ്ടു നല്ല സുഹൃത്തുക്കളോടൊപ്പം വെറുതെ പുറത്തുപോകുന്നതുതന്നെ വളരെ ഉല്ലാസകരമാണ്!”
[23-ാം പേജിലെ ചിത്രം]
സുഹൃത്തുക്കളോടൊത്ത് ഉല്ലസിക്കുന്നതിനു നിങ്ങൾ ധാരാളം പണം ചെലവഴിക്കേണ്ടതില്ല