ഏക്കീ ജമെയ്ക്കയുടെ ദേശീയ വിഭവം
ജമെയ്ക്കയിലെ ഉണരുക! ലേഖകൻ
ജമെയ്ക്കയിലെ കരീബിയൻ ദ്വീപിൽ ഞായറാഴ്ച പുലർകാലം. “പ്രാതൽ വിളമ്പിയിരിക്കുന്നു,” വിദേശിയായ തന്റെ അതിഥിയോടു പ്രസന്നവദനയായ ആതിഥേയ പറയുന്നു.
“പ്രാതലിന് മുട്ട ചിക്കിപ്പൊരിച്ചതാണല്ലോ,” അതിഥി പറയുന്നു.
“അയ്യോ അല്ല, അത് ഏക്കീയും ഉപ്പിട്ടുണക്കിയ കോഡ് മത്സ്യവുമാണ്. അതൊന്നു രുചിച്ചുനോക്കൂ.”
“രുചികരം,” അവരുടെ അതിഥി പ്രതികരിക്കുന്നു. “പക്ഷേ ഇതു ശരിക്കും മുട്ട ചിക്കിപ്പൊരിച്ചതുപോലിരിക്കുന്നു! ഈ ഏക്കീ എന്താണ്? അതൊരു പഴമാണോ അതോ പച്ചക്കറിയാണോ?”
“ഇതു കേട്ടു തഴമ്പിച്ച ഒരു ചോദ്യമാണ്,” വീട്ടമ്മ പ്രതിവചിക്കുന്നു. “സസ്യശാസ്ത്രപരമായി ഏക്കീ ഒരു പഴമായി കരുതപ്പെടുന്നു. എന്നാൽ തീൻമേശയിൽ വിളമ്പുമ്പോൾ അത് ഒരു പച്ചക്കറിയായി പലരും കരുതുന്നു.”
ഏക്കീയെക്കുറിച്ചു ഞങ്ങൾ കൂടുതൽ കാര്യങ്ങൾ നിങ്ങളോടു പറയട്ടെ.
വിലമതിക്കപ്പെടുന്ന ഒരു വൃക്ഷം
ഏക്കീ വൃക്ഷത്തിന്റെ ഉത്ഭവം പശ്ചിമാഫ്രിക്കയിലാണ്. ഒലിവ് സീനിയറിന്റെ എ റ്റു ഇസഡ് ഓഫ് ജമെയ്ക്കൻ ഹെറിറ്റേജ് എന്ന പുസ്തകം പറയുന്നപ്രകാരം, 18-ാം നൂറ്റാണ്ടിൽ ഒരു അടിമക്കപ്പലിലെ കപ്പിത്താന്റെ പക്കൽനിന്ന് അവ വാങ്ങിയപ്പോഴാണ് ആദ്യത്തെ ചെടികൾ ജമെയ്ക്കയിൽ എത്തിയത്. ഏക്കീ എന്ന നാമം ഘാനയിലെ റ്റ്വി ഭാഷയിലെ ഏങ്ക്യീ എന്ന പദത്തിൽനിന്ന് ഉത്ഭവിച്ചതാണ് എന്നു ചിലർ വിശ്വസിക്കുന്നു.
ഏക്കീ വൃക്ഷങ്ങൾ വലിയതാണ്. അവ 15 മീറ്ററോ അല്ലെങ്കിൽ അതിനടുത്തോ ഉയരം വെക്കും. അവ ജമെയ്ക്കയിലുടനീളം കാണാവുന്നതാണ്. എല്ലാത്തരം ആളുകളും അതിന്റെ ഫലം ഭക്ഷിക്കുന്നു. ഏക്കീ ഉപയോഗിച്ചു തയ്യാറാക്കുന്ന വിഭവം ജമെയ്ക്കയുടെ ദേശീയ ഭക്ഷണം എന്നു പ്രിയത്തോടെ വിളിക്കപ്പെടുന്നു. സാധാരണ, ഇറക്കുമതി ചെയ്യപ്പെട്ട ഉപ്പിട്ടുണക്കിയ കോഡ് മത്സ്യത്തോടൊപ്പം ഉള്ളി, കുരുമുളക്, മറ്റു രസവർധിനികൾ എന്നിവ കൊണ്ടുള്ള ഒരു സോസുമായി ഏക്കീ കൂട്ടിയിളക്കുന്നു. ഉപ്പിട്ടുണക്കിയ കോഡ് ലഭ്യമല്ലെങ്കിൽ മറ്റ് മത്സ്യത്തോടോ മാംസത്തോടോ ഒപ്പം ഏക്കീ ഭക്ഷിക്കുന്നു. അല്ലെങ്കിൽ അത് തനിയേയും ഭക്ഷിക്കാറുണ്ട്.
ഏക്കീ വൃക്ഷത്തിന്റെ പാകമാകാത്ത പഴത്തിനു പച്ചകലർന്ന നിറമാണ്. പക്ഷേ പാകമാകുന്തോറും അതു കടുംചെമപ്പുകലർന്ന നിറമാകുന്നു. തികച്ചും പാകമാകുമ്പോൾ പഴം പൊട്ടുന്നു. അപ്പോൾ അതു പറിക്കാൻ പാകമായി. പഴം പൊട്ടുമ്പോൾ മൂന്നു ബീജാവരണവിശേഷങ്ങൾ പുറത്തുവരുന്നു. ഓരോന്നിനും മുകളിൽ ഓരോ കറുത്ത വിത്തുകൾ പതിഞ്ഞിരിപ്പുണ്ടായിരിക്കും. കറുത്ത വിത്തുകളും ബീജാവരണവിശേഷങ്ങളുടെ മധ്യത്തിലുള്ള ചെമന്ന വസ്തുവും നീക്കം ചെയ്തതിനുശേഷം ഇളംമഞ്ഞ നിറത്തിലുള്ള ബീജാവരണവിശേഷങ്ങളാണ് വാസ്തവത്തിൽ ഭക്ഷിക്കുന്നത്.
അപകടത്തിന്റെ ഉറവിടമായിരിക്കുന്ന സമയം
ഏക്കീ ഭക്ഷിച്ചതിനോടു ബന്ധപ്പെട്ട് ചിലപ്പോൾ ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളും—വിശേഷിച്ചു കുട്ടികളിൽ—ഉണ്ടായിട്ടുണ്ട്. പാകമാകാത്ത പഴം ഭക്ഷിക്കുന്നതാണു കാരണമെന്ന് അന്വേഷകർ ഉറപ്പിച്ചിരിക്കുന്നു. പഴം പൊട്ടുന്നതിനു മുമ്പ് അതിൽ ഒരു അമിനോ അമ്ലമായ ഹൈപ്പോഗ്ലൈസിൻ അടങ്ങിയിരിക്കുന്നതായി ഗവേഷണങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നു.
ഹൈപ്പോഗ്ലൈസിൻ ഫാറ്റി അമ്ലത്തിന്റെ വിഭജനത്തിനു തടസ്സം സൃഷ്ടിക്കുന്നതായി ജീവരസതന്ത്രജ്ഞന്മാർ കണ്ടെത്തിയിരിക്കുന്നു. വിവിധതരത്തിലുള്ള ഹ്രസ്വശൃംഖലാ അമ്ലങ്ങൾ രക്തത്തിൽ കുമിഞ്ഞുകൂടുന്നതിന് ഇടയാക്കാൻ ഇതിനു കഴിയും. ഇത് മാന്ദ്യവും ബോധക്ഷയവും വരുത്തിത്തീർക്കുന്നു. ശരീരപോഷണത്തിന് അത്യന്താപേക്ഷിതമായ രക്തത്തിലെ ഗ്ലൂക്കോസ് ഉത്പാദനത്തെയും ഹൈപ്പോഗ്ലൈസിൻ തടസ്സപ്പെടുത്തുന്നു.
പൊട്ടാത്ത പഴങ്ങൾ പാകം ചെയ്യുമ്പോൾ ഏക്കീകളിലുള്ള ഹൈപ്പോഗ്ലൈസിൻ അലിഞ്ഞുചേരുന്നതായി കണ്ടുപിടിത്തങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട്, ഏക്കീ പാകം ചെയ്ത വെള്ളം കളയേണ്ടതാണ്. മറ്റു യാതൊരു ഭക്ഷണം പാകം ചെയ്യാനും അത് ഉപയോഗിക്കാൻ പാടില്ല. പാകമാകാത്ത ഏക്കീ ഭക്ഷിക്കുന്നതിലോ പാകം ചെയ്യുന്നതിലോ ഉള്ള അപകടത്തെക്കുറിച്ചു പൊതുജനാരോഗ്യ വകുപ്പ് കൂടെക്കൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഏക്കീ പ്രേമികളിൽ മിക്കവരും, ആജീവനാന്തം തങ്ങൾ അതു ഭക്ഷിച്ചിരിക്കുന്നുവെന്നും ഒരിക്കലും ദോഷകരമായ ഫലങ്ങൾ അനുഭവിച്ചിട്ടില്ലെന്നും പറയുന്നു. അതുകൊണ്ട് ഏക്കീ അപകടകാരിയാണെന്നതു ചിലർ നിരാകരിച്ചേക്കാം.
പ്രചാരം വർധിക്കുന്നു
ഭക്ഷ്യവിഷബാധയെക്കുറിച്ചു കാലാകാലങ്ങളിൽ റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും ഏക്കീക്കും ഉപ്പിട്ടുണക്കിയ മത്സ്യത്തിനും ഒരു ജമെയ്ക്കൻ വിഭവമെന്ന നിലയിൽ പ്രചാരമേറിവരുകയാണ്. എങ്കിലും, ഇറക്കുമതി ചെയ്യപ്പെടുന്ന കോഡ് മത്സ്യത്തിന്റെ വില സമീപവർഷങ്ങളിൽ കുത്തനെ ഉയർന്നിരിക്കുന്നതു കാരണം ഈ ഭക്ഷ്യസംയോജനം ഭീഷണി നേരിടുന്നു. പക്ഷേ ഏക്കീ മറ്റു തരം മത്സ്യമാംസാദികളുടെകൂടെ തയ്യാറാക്കാമെന്നതുകൊണ്ട് ഭൂരിഭാഗം പേരും ജമെയ്ക്കയുടെ ഈ ദേശീയ വിഭവം ഉപേക്ഷിക്കാനിടയില്ല.
നിങ്ങൾക്ക് ഏക്കീയിൽ താത്പര്യം ജനിച്ചിട്ടുണ്ടെങ്കിൽ അതു രുചിച്ചുനോക്കാൻ ജമെയ്ക്ക സന്ദർശിക്കണമെന്നില്ല. കാരണം, അതു പ്രചാരമേറിയ ഒരു കയറ്റുമതി വസ്തുവായിത്തീർന്നിട്ടുണ്ട്. അതേ, ഏക്കീ ടിന്നിലാക്കി സൂക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ചു ജമെയ്ക്കക്കാർ കൂട്ടത്തോടെ കുടിയേറിപ്പാർത്തിരിക്കുന്ന പ്രദേശങ്ങളിലേക്ക്, കയറ്റി അയയ്ക്കുന്നു. അതുകൊണ്ടു ടിന്നിലാക്കി സൂക്ഷിച്ചിരിക്കുന്ന ഏക്കീ നിങ്ങളുടെ രാജ്യത്തു കാണുകയോ അല്ലെങ്കിൽ നിങ്ങൾ ജമെയ്ക്ക സന്ദർശിക്കുകയോ ചെയ്യുകയാണെങ്കിൽ അൽപ്പം ഏക്കീയും ഉപ്പിട്ടുണക്കിയ മത്സ്യവും കഴിച്ചുനോക്കുക. ആർക്കറിയാം? അതിന്റെ അസാധാരണമായ രുചിയോടു നിങ്ങൾക്കും കമ്പം തോന്നിക്കൂടായ്കയില്ലെന്ന്!
[17-ാം പേജിലെ ചിത്രം]
ഏക്കീ വൃക്ഷത്തിന്റെ പഴം