ലോകത്തെ വീക്ഷിക്കൽ
വൈദ്യശാസ്ത്രത്തിൽ “നിത്യയൗവനത്തിന്റെ നീരുറവ” ഇല്ല
ഒരു വാർധക്യരോഗ ചികിത്സാവിദഗ്ധയായ ആൻഡ്രേയ പ്രാറ്റെസിന്റെ അഭിപ്രായമനുസരിച്ച്, യുവത്വം നിലനിർത്താനുള്ള ഭ്രമം നിമിത്തം ചില ഹോർമോണുകൾ പോലുള്ള മരുന്നുകൾ കഴിക്കുന്നത് “ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ എന്തെങ്കിലുമൊക്കെ പ്രയോജനം കൈവരുത്തിയേക്കാമെങ്കിലും അതു നിങ്ങളുടെ ആരോഗ്യത്തിന് വളരെയേറെ ഹാനികരമായിരുന്നേക്കാം.” വാർധക്യത്തിനെതിരെയുള്ള പോരാട്ടത്തിൽ, “പുതിയ മരുന്നുകളെക്കാൾ ഫലപ്രദം പുതിയ ശീലങ്ങളാണ്” എന്ന് ഡോ. പ്രാറ്റെസ് ബുദ്ധ്യുപദേശിക്കുന്നു. ആയുസ്സു വർധിപ്പിച്ചേക്കാവുന്ന നല്ല ശീലങ്ങളിൽ വേണ്ടത്ര ഉറക്കം, ശാന്തമായ മനോനില, നീണ്ടുനിവരലും മിതമായ വ്യായാമവും, മാനസിക അധ്വാനം, കൊഴുപ്പ് ഒഴിവാക്കൽ എന്നിവ ഉൾപ്പെടുന്നുവെന്ന് ബ്രസീലിലെ സൂപ്പറിന്ററസ്സാന്റേ അഭിപ്രായപ്പെടുന്നു. പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന തരത്തിലുള്ള ജീവകങ്ങളും ധാതുക്കളും ഭക്ഷണത്തിലുൾപ്പെടുത്തുന്നതും പ്രധാനമാണ്. വാർധക്യം പ്രാപിക്കലിൽ എല്ലാ ശരീരകോശങ്ങളും ഉൾപ്പെടുന്നതിനാൽ ഒരൊറ്റ വസ്തുവിന് ഒരേസമയം ശരീരത്തിലെ വ്യത്യസ്ത അവയവങ്ങൾക്കു പ്രയോജനം ചെയ്യാനാവില്ല.
ഒരു പൂർണവളർച്ചയെത്തിയ സസ്തനിയുടെ ആദ്യത്തെ ക്ലോൺപതിപ്പ്
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്കോട്ട്ലൻഡിലെ ഗവേഷകർ, തങ്ങൾ ഒരു പൂർണവളർച്ചയെത്തിയ ചെമ്മരിയാടിന്റെ ഡിഎൻഎ-യിൽനിന്ന് ഒരു ക്ലോൺ ചെയ്ത ആടിനെ ഉത്പാദിപ്പിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചു. ഭ്രൂണകോശങ്ങളുടെ ക്ലോണിങ് വർഷങ്ങളായി നടത്തിവന്നിരുന്നെങ്കിലും പൂർണവളർച്ചയെത്തിയ ഒരു സസ്തനിയുടെ ജനിതക പകർപ്പ് ഉണ്ടാക്കുക എന്നത് അസാധ്യമാണെന്നായിരുന്നു ഇതുവരെ മിക്ക ശാസ്ത്രജ്ഞന്മാരും കരുതിയിരുന്നത്. സൈദ്ധാന്തികമായി ഇതേ വിദ്യതന്നെ മനുഷ്യരിലും പ്രയോഗിക്കുക സാധ്യമാണെന്ന് ഗവേഷകർ പറഞ്ഞു—അതായത്, പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ ശരീരകോശത്തിൽനിന്നും എടുക്കുന്ന ഡിഎൻഎ, ചെറുപ്പമെങ്കിലും ജനിതകപരമായി സമാനത പുലർത്തുന്ന ഒരു പകർപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കാമെന്ന്. എങ്കിലും, ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ പറയുന്നതനുസരിച്ച് മേൽപ്പറഞ്ഞ പദ്ധതിക്കു നേതൃത്വം നൽകിയ ഇയാൻ വിൽമുട്ട് എന്ന ശാസ്ത്രജ്ഞൻ ധാർമികമായി ഇത് അംഗീകാരയോഗ്യമല്ലെന്നു കരുതുന്നു. ലോകാരോഗ്യ സംഘടനയും ഇതിനോടു യോജിക്കുന്നു. മനുഷ്യ ക്ലോണിങ് ‘അതിരുകടന്ന ഒരു പരീക്ഷണ’മായിരിക്കും എന്നതിനാലാണ് അവരതിനെ എതിർക്കുന്നതെന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ടു ചെയ്യുന്നു.
സമ്മർദം സംബന്ധിച്ചു ജാഗ്രത പുലർത്തുക!
“ദശലക്ഷക്കണക്കിനു ബ്രസീലുകാർ നിരന്തരം സമ്മർദത്തോടു പൊരുതിയാണു ജീവിക്കുന്ന”തെന്ന് വേഴാ എന്ന മാസിക റിപ്പോർട്ടു ചെയ്യുന്നു. വളരെയേറെ സമയം ഏറ്റവും നന്നായി ജോലിചെയ്യുന്നത് തങ്ങളുടെ പ്രാപ്തിയുടെ തെളിവാണെന്ന് ഇവരിൽ മിക്കവരും വിശ്വസിച്ചേക്കാം. എന്നാൽ ഈ മനോഭാവം വിനാശകമായിരുന്നേക്കാം. “ന്യായമായ തോതിൽ സമ്മർദം നേരിടുമ്പോൾ ഒരു ജോലിക്കാരൻ നന്നായി ജോലിചെയ്യുന്നു. എങ്കിലും, പരമാവധി ഉത്പാദനക്ഷമത നേടിയെടുക്കുമ്പോഴേക്കും അയാൾ അറിയാതെതന്നെ തന്റെ ശരീരത്തിനു താങ്ങാനാകുന്ന പരിധി കടന്നിരിക്കും,” പോൺടിഫിക്കൽ കാത്തലിക്ക് യൂണിവേഴ്സിറ്റിയിൽനിന്നുള്ള ഡോ. മാരിൽഡ ലിപ് വിശദീകരിക്കുന്നു. “കടുത്ത പിരിമുറുക്കമനുഭവിക്കുമ്പോൾ ഒരു വ്യക്തി അൽപ്പസമയത്തേക്ക് വിസ്മയിപ്പിക്കുംവിധം പ്രവർത്തനക്ഷമത കാട്ടുന്നു. പക്ഷേ അതുകഴിഞ്ഞ് അയാൾ തളർന്നുപോകുന്നു.” ഉത്തരവാദിത്വങ്ങൾ പങ്കുവെക്കാൻ ബുദ്ധിമുട്ടുള്ളവർ വളരെയേറെ സമ്മർദമനുഭവിക്കുന്നുവെന്ന് പ്രസ്തുത റിപ്പോർട്ട് പറയുന്നു. ഡോ. ലിപ്പിന്റെ വാക്കുകളിൽ പറഞ്ഞാൽ ഏറ്റവുമധികം സമ്മർദമനുഭവിക്കുന്നവർ “തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവരാണ്. അവർ പിരിമുറുക്കമനുഭവിക്കുന്ന അവസരങ്ങളിൽ പൊട്ടിത്തെറിക്കാൻ ചായ്വു കാണിക്കുകയും അതുകഴിഞ്ഞ് സൗമ്യതയും നല്ല പെരുമാറ്റവും കാണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.”
ഇലക്ട്രോണിക് കോഴിക്കുഞ്ഞുങ്ങൾ
ഇലക്ട്രോണിക് കോഴിക്കുഞ്ഞുങ്ങൾ ജപ്പാന്റെ ദേശീയ ഭ്രമമായിത്തീർന്നിരിക്കുന്നുവെന്ന് ഈ വർഷം ആദ്യം ആസാഹി ഈവനിങ് ന്യൂസ് റിപ്പോർട്ടു ചെയ്തു. മുട്ടയുടെ ആകൃതിയിലുള്ള ഈ കളിപ്പാട്ടത്തിന് ഒരു സ്ക്രീനുണ്ട്. അതിൽ കോഴിക്കുഞ്ഞിന്റെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലുള്ള ചിത്രങ്ങൾ കാണിക്കുന്നു. ഒരു ബട്ടൺ അമർത്തുക, അഞ്ചു മിനിറ്റു കഴിഞ്ഞ് ഒരു കോഴിക്കുഞ്ഞ് തോടു പൊട്ടിച്ചു പുറത്തുവരുന്നതു സ്ക്രീനിൽ കാണാം. അതു കഴിഞ്ഞ് “കോഴിക്കുഞ്ഞ്” അതിന്റെ ഉടമസ്ഥനോട് “തീറ്റ” കൊടുക്കാനും മറ്റ് ആവശ്യങ്ങൾ സാധിച്ചുകൊടുക്കാനും വേണ്ടി ബീപ് ശബ്ദത്തിൽ ആവശ്യപ്പെടും. അയാൾ വ്യത്യസ്ത ബട്ടണുകൾ അമർത്തി അതു ചെയ്യണം. അത് ഏതു സമയത്തും ബീപ് ശബ്ദം കേൾപ്പിക്കാം, രാത്രിയിൽപ്പോലും. പ്രതികരിക്കാതിരുന്നാൽ കോഴിക്കുഞ്ഞു നേരത്തേ “ചത്തുപോകും.” എന്തായാലും ഒരാഴ്ച കഴിയുമ്പോഴേക്കും കോഴിക്കുഞ്ഞു ചത്തുപോകും. അപ്പോൾ, കളിപ്പാട്ടം വീണ്ടും പ്രോഗ്രാം ചെയ്യാൻ കഴിയും, വ്യത്യസ്ത സ്വഭാവത്തോടുകൂടിയ ഒരു പുതിയ കോഴിക്കുഞ്ഞ് വീണ്ടും “ജനിക്കാൻ.” റിപ്പോർട്ടുകളനുസരിച്ച്, ചിലർക്ക് തങ്ങളുടെ ഈ ഇലക്ട്രോണിക് കോഴിക്കുഞ്ഞിനോട് ഒരു കുട്ടിയോടെന്നപോലെയുള്ള അടുപ്പമുണ്ട്. ഒരു ഡോക്ടർ തന്റെ കോഴിക്കുഞ്ഞിനെപ്പറ്റി ഇങ്ങനെപോലും പറഞ്ഞു: “എന്റെ ഒരു രോഗി മരിച്ചതിനെക്കാൾ സങ്കടം അതു ചത്തുപോയപ്പോഴായിരുന്നു.”
കുട്ടികളെ ചൂഷണം ചെയ്യൽ
“ലോകവ്യാപകമായി ഏകദേശം 20 ലക്ഷം കുട്ടികൾ ലൈംഗിക വ്യാപാരത്തിന് ഇരകളാണെന്നു വിശ്വസിക്കപ്പെടുന്നു,” ഇഎൻഐ ബുള്ളറ്റിൻ പറയുന്നു. ഏഷ്യയിൽ വ്യാപകമായ തോതിൽ നടക്കുന്ന ഇത്തരം സംഘടിത ബാലപീഡനം ഇപ്പോൾ അമേരിക്കകളിലും വർധിച്ചു വരുന്നു. ലാറ്റിനമേരിക്കയിൽ കഴിഞ്ഞ ദശകത്തിൽ ഈ പ്രശ്നം അസാധാരണമായി വർധിച്ചതായി കുട്ടികൾക്കായുള്ള ഇന്റർ-അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിദഗ്ധനായ റോഡ്രിഗോ കിന്റാന പ്രസ്താവിച്ചു. കിന്റാന ചൂണ്ടിക്കാട്ടിയ സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുടനീളം ആയിരക്കണക്കിനു കുട്ടികളെ വേശ്യാവൃത്തിക്കായി ആക്കിയിരിക്കുന്നു എന്നാണ്.
പ്രതിദ്രവ്യപടലം കണ്ടെത്തിയിരിക്കുന്നു
ജ്യോതിർഭൗതികശാസ്ത്രജ്ഞർ അടുത്തയിടെ 3,500 പ്രകാശവർഷം ദൈർഘ്യമുള്ള പ്രതിദ്രവ്യത്തിന്റെ ഒരു പടലമായിരിക്കാൻ സാധ്യതയുള്ള ഒന്ന് നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ കാമ്പിൽനിന്നു പുറത്തേക്ക് പ്രവഹിക്കുന്നുവെന്നു കണ്ടെത്തിയതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പ്രതിദ്രവ്യത്തിൽ സാധാരണ ദ്രവ്യത്തിലേതുപോലെതന്നെ ആണവകണങ്ങൾ അടങ്ങിയിരിക്കുന്നു. അവയ്ക്ക് വിപരീത വൈദ്യുത ചാർജാണുള്ളത് എന്ന വ്യത്യാസം മാത്രമേയുള്ളൂ. സാധാരണ ദ്രവ്യവുമായി ഇവ സമ്പർക്കത്തിൽ വരുമ്പോൾ അവ പരസ്പരം ഉന്മൂലനം ചെയ്യുകയും നിശ്ചിത അളവിൽ ഊർജമുള്ള ശക്തിയേറിയ ഗാമാ കിരണങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. കോംപ്ടൺ ഗാമാ-കിരണ നിരീക്ഷണ ഉപഗ്രഹം ആ പ്രത്യേക ഊർജപരിധിയിൽ എത്തത്തക്കവിധം കൃത്യമായി ക്രമീകരിച്ചതിലൂടെയാണ് ശാസ്ത്രജ്ഞർക്ക് ഈ പടലം പ്രതിദ്രവ്യമാണെന്നു തിരിച്ചറിയാൻ സാധിച്ചത്. പടലം ഉളവാക്കുന്ന ഫലങ്ങളെപ്പറ്റിയാണെങ്കിൽ, “അതു ഭൂമിക്കു ഭീഷണി വരുത്തിയില്ല, മറിച്ച് തങ്ങൾക്കു ലഭിച്ച താരാപംക്തിയുടെ ദൃശ്യത്തിനേ തകരാറു വരുത്തിയുള്ളുവെന്നും ജ്യോതിർഭൗതികശാസ്ത്രജ്ഞർ പറഞ്ഞു.”
ആനയകറ്റി
“ഏഷ്യയിൽ ആനകൾ ആയിരക്കണക്കിനു ഡോളർ മൂല്യമുള്ള വിളകൾ ഓരോ വർഷവും നശിപ്പിക്കുന്നു,” കേംബ്രിഡ്ജ് സർവകലാശാലയിലെ ജന്തുശാസ്ത്രജ്ഞനായ ലോകീ ഓസ്ബോൺ പറയുന്നു. ന്യൂ സയൻറിസ്റ്റ് മാഗസിൻ റിപ്പോർട്ടു ചെയ്ത പ്രകാരം, ആഫ്രിക്കയിലെ ആനകളും ഇപ്പോൾ കൂടെക്കൂടെ ഈ ഭക്ഷണ ഉറവിലേക്ക് ആകർഷിക്കപ്പെടുന്നു. പരമ്പരാഗതമായി, കർഷകർ ചെണ്ട കൊട്ടിയോ കല്ലെറിഞ്ഞോ ഇവയെ ഓടിക്കാൻ ശ്രമിച്ചിരുന്നു. കടന്നുകയറ്റക്കാരായ അനേകം ആനകളെ വെടിവെച്ചു കൊന്നിട്ടുമുണ്ട്, ഓസ്ബോൺ പറയുന്നു, “പക്ഷേ വിള നശിപ്പിക്കുന്നതു കുറയ്ക്കാൻ ഇതുകൊണ്ടൊന്നും സാധിച്ചില്ല.” ഓസ്ബോണും ഒരു ഉപജ്ഞാതാവും തങ്ങൾ ഒരു മെച്ചപ്പെട്ട ആയുധം കണ്ടെത്തിയതായി വിശ്വസിക്കുന്നു: നല്ല എരിവുള്ള ഒരു കിലോഗ്രാം കുരുമുളകുപൊടിയും എണ്ണയും കൂട്ടിക്കലർത്തി ഒരു സ്പ്രേ ക്യാൻ ഉപയോഗിച്ച് ആന നിൽക്കുന്ന സ്ഥലത്തേക്ക് വായുമർദമുപയോഗിച്ചു ശക്തിയായി ചീറ്റിക്കാവുന്നതാണ്. ജന്തുലോകത്തിൽവെച്ച് ഏറ്റവും ക്ഷിപ്രസംവേദകത്വമുള്ളതാണ് ആനയുടെ നീണ്ട മൂക്കെന്ന് അദ്ദേഹം പറയുന്നു. സിംബാബ്വേയിൽവെച്ചു നടത്തിയ പരീക്ഷണങ്ങളിൽ “ആനകൾ ആദ്യം ഒന്ന് അന്തംവിട്ടു നിന്നു, പിന്നെ ശക്തിയായി മൂക്കുചീറ്റിയിട്ട് സ്ഥലംവിട്ടു.” കുരുമുളക് സ്ഥായിയായ ദോഷങ്ങളൊന്നും വരുത്തുന്നില്ലെന്നും റിപ്പോർട്ടു പറയുന്നു.
ഊതിവിടുന്ന പുക മാരകം
“ഹൃദയത്തെയും മഹാധമനിയെയും ബാധിക്കുന്ന രോഗങ്ങൾ നിമിത്തം ഓരോ വർഷവുമുണ്ടാകുന്ന 50,000-ത്തിലേറെ മരണങ്ങൾക്കു കാരണം ഊതിവിടുന്ന പുക,” അതായത് മറ്റുള്ളവർ വലിച്ചു പുറത്തേക്കുവിടുന്ന പുക ശ്വസിക്കുന്നതാണെന്ന് യു.എസ്. മാസികയായ നല്ല ഗൃഹപരിപാലനം (ഇംഗ്ലീഷ്) പറയുന്നു. കൂടാതെ, പുകവലിക്കാരുള്ള ചുറ്റുപാടുകളിൽ പതിവായി സമയം ചെലവഴിക്കുന്ന പുകവലിക്കാത്തവർക്ക് ശ്വാസനാളവീക്കവും ന്യുമോണിയയും പിടിപെടാൻ പ്രത്യേകിച്ചും സാധ്യത കൂടുതലുണ്ട്. മാത്രമല്ല, വ്യത്യസ്ത തരത്തിലുള്ള അർബുദബാധയുടെ വർധിച്ച സാധ്യതയും അവർക്കുണ്ട്. ഒരാൾ പുകവലിച്ച ഒരു മുറിയിൽ ദിവസങ്ങൾക്കു ശേഷവുമുണ്ടായിരിക്കാവുന്ന ആ അസുഖകരമായ മണം അത്ര അപകടകരമല്ല. എങ്കിലും, “പുക നിറഞ്ഞ മുറികൾക്കുള്ളിൽ തിരക്കേറിയ ഒരു ഹൈവേയിലുള്ളതിനെക്കാൾ ആറിരട്ടിയിലധികം വിഷവായുവുണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന്” ആ ലേഖനം പറഞ്ഞു. അതിങ്ങനെയും കൂട്ടിച്ചേർത്തു: “പുകവലി നിമിത്തമുണ്ടാകുന്ന മരണങ്ങളിൽ എട്ടിലൊന്നിനു കാരണം ഊതിവിടുന്ന പുക ശ്വസിക്കുന്നതാണ്.”
ഭാവിയുടെ വാഗ്ദാനമായ സസ്യമോ?
കുടിയേറ്റക്കാർ കൃഷിനിലങ്ങളൊരുക്കുന്നതിന്റെ ഭാഗമായി വെട്ടിനശിപ്പിക്കാൻ തുടങ്ങിയതിനു മുമ്പ് ഭൂമധ്യരേഖാ പ്രദേശങ്ങളിൽ മുള ധാരാളമായി വളർന്നിരുന്നുവെന്ന് ദ യുനെസ്കോ കുരിയർ പറയുന്നു. ആഫ്രിക്കയിൽ മാത്രമായി 1,500 വ്യത്യസ്ത തരത്തിലുള്ള മുളകളുണ്ട്. ഈ സസ്യത്തിനു വ്യത്യസ്തമായ അനവധി ഉപയോഗങ്ങളുണ്ട്. സ്റ്റീലിനെക്കാൾ വലിവുബലമുള്ള ഇത് മികച്ച ഒരു കെട്ടിടനിർമാണ വസ്തുവാണ്. കൊളംബിയയിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള മുളകൊണ്ടുണ്ടാക്കിയ ചില മൂന്നുനിലക്കെട്ടിടങ്ങൾ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നു. പൈപ്പുകൾക്കു പകരമായും ഇന്ധനമായും മറ്റനേകം ആവശ്യങ്ങൾക്കും മുള പ്രയോജനപ്പെടും. മുളങ്കൂമ്പുകൾ ചൈനീസ്, ജാപ്പനീസ് പാചകവിധികളിൽപ്പോലും കയറിപ്പറ്റിയിരിക്കുന്നു. മുളയുടെ വിശിഷ്ടമായ ഗുണങ്ങളെ മുൻകാലങ്ങളിൽ താഴ്ത്തിമതിച്ചിരുന്നിരിക്കാം. പക്ഷേ അതിന്റെ പ്രയോജനപ്രദമായ ഗുണങ്ങളും ദ്രുതവളർച്ചയും—അഞ്ചു വർഷംകൊണ്ട് അതു പൂർണവളർച്ച പ്രാപിക്കുന്നു—ചിലരെ ഒരു നവ ദൃഷ്ടിയോടെ “ഭാവി വാഗ്ദാനമായ നവീകരിക്കാവുന്ന സസ്യ”മായി അതിനെ വീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.
ചെറുപ്പത്തിൽ ആസ്തമ, കാരണം പാറ്റകൾ
യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സിന്റെ അഞ്ചു വർഷം നീണ്ട ഒരു പഠനം, നഗരമധ്യത്തിൽ ജീവിക്കുന്ന കുട്ടികളുടെയിടയിൽ കുതിച്ചുയരുന്ന ആസ്തമയ്ക്കു കാരണം പാറ്റകളാണെന്നു പറയുന്നതായി ന്യൂയോർക്കിലെ ഡെയ്ലി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. അവർ പഠനവിധേയമാക്കിയ ഏഴു നഗരങ്ങളിൽ നിന്നുള്ള 1,528 കുട്ടികളിൽ 37 ശതമാനത്തിനും പാറ്റകൾ ശക്തമായ അലർജിയുളവാക്കിയിരുന്നു. അലർജിയുണ്ടായിരുന്നവരും കിടപ്പുമുറിയിൽ വളരെയധികം പാറ്റകളുമായി സമ്പർക്കത്തിൽ വന്നിരുന്നവരുമായ കുട്ടികളെ മറ്റ് ആസ്തമക്കാരായ കുട്ടികളെക്കാൾ സാധ്യതയനുസരിച്ച് മൂന്നുമടങ്ങ് കൂടുതൽ തവണ ആശുപത്രിയിലെത്തിക്കേണ്ടി വരുന്നു. പഠനത്തിനു നേതൃത്വം കൊടുത്ത ഡോ. ഡേവിഡ് റോസെൻട്രൈക്ക്, പാറ്റകളെ പിടിക്കുന്ന ഉപകരണങ്ങൾ, കീടനാശിനികൾ, ബോറിക്ക് അമ്ലം, നല്ല ശുചിത്വം എന്നിവയിലൂടെ പാറ്റകളോടു പൊരുതാൻ പ്രോത്സാഹിപ്പിച്ചു. വീടുമുഴുവൻ നന്നായി വാക്യുംക്ലീനർ ഉപയോഗിച്ചു വൃത്തിയാക്കുന്നത് പൊടിയിൽ അടങ്ങിയിരിക്കുന്ന പാറ്റാക്കാഷ്ഠം നീക്കംചെയ്യാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “അവയ്ക്കു ഭക്ഷണവും വെള്ളവും കിട്ടാൻ സാധ്യതയുള്ള എല്ലാ സ്രോതസ്സുകളും നീക്കം ചെയ്യണം,” ഡോ. റോസെൻട്രൈക്ക് കൂട്ടിച്ചേർക്കുന്നു, “പ്രത്യേകിച്ച് വെള്ളം ചോർന്നൊഴുകുന്നതും തുള്ളിതുള്ളിയായി വീഴുന്നതും. കാരണം പാറ്റകൾക്കു വെള്ളം കുടിക്കാതെ ജീവിക്കാനാവില്ല.”