ദിവ്യാധിപത്യ സഹവാസം ആസ്വദിക്കുക
1 യഹോവയുടെ സാക്ഷികൾ അന്യോന്യം “സഹോദരൻ” എന്നും “സഹോദരി” എന്നും വിളിക്കുന്നു. ഇത് യഹോവയാം ദൈവത്തിന്റെ എല്ലാ ദാസൻമാരുടെയുമിടയിൽ സ്ഥിതിചെയ്യേണ്ട അടുത്ത ബന്ധത്തെ കുറിക്കുന്നു.
2 “സഹോദരൻ” എന്ന പദത്തിന്റെ അക്ഷരീയമായ അർത്ഥം “ഒരേ മാതാപിതാക്കളുടെ പുത്രൻ” എന്നാണ്. നിങ്ങൾക്ക് യഹോവയുടെ സമർപ്പിതരായ എല്ലാ ദാസൻമാരോടും ഊഷ്മളമായ ആത്മീയ ബന്ധത്തിന്റെ കെട്ടുപാടുകൾ തോന്നുന്നുണ്ടോ? നമ്മുടെ ക്രിസ്തീയ സഹകാരികളോട് നാം ഒരു സഹോദരനോ സഹോദരിയോ ആണെന്ന് തെളിയിക്കുന്നതരത്തിലുളള സ്നേഹം നമുക്ക് എങ്ങനെ കൂടുതലായി വളർത്തിയെടുക്കാൻ കഴിയും?
യോഗങ്ങളിൽ
3 യേശുവിന്റെ ശിഷ്യൻമാർ ഒരുമിച്ചുകൂടുന്നതിന്റെ പ്രാധാന്യം വിലമതിച്ചു. (പ്രവൃത്തികൾ 2:42, 46; 20:7, 8) നാമും ഊഷ്മളമായ ക്രിസ്തീയ കൂട്ടായ്മയുടെ പദവിയെ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. (റോമ. 16:3, 5) എന്നാൽ നാം യോഗങ്ങളിൽ പറയുന്ന അഭിപ്രായങ്ങൾ നാം നമ്മുടെ സഹോദരീസഹോദരൻമാരുടെ ആത്മീയ ക്ഷേമത്തിൽ യഥാർത്ഥത്തിൽ തൽപ്പരരാണെന്ന് വെളിപ്പെടുത്തുന്നുണ്ടോ? മീററിംഗുകളിലെ നമ്മുടെ അഭിപ്രായങ്ങളാൽ നമുക്ക് സ്നേഹവും മററുളളവരുടെ ക്ഷേമത്തിലുളള നിസ്വാർത്ഥമായ താൽപ്പര്യവും പുരോഗമിപ്പിക്കാൻ കഴിയും. നാം നമ്മുടെ സഹോദരൻമാർ സുവാർത്തയുടെ പ്രസംഗത്തിൽ തീക്ഷ്ണതയുളളവരായിരിക്കുന്നതിനും ദൈനംദിനജീവിതത്തിന്റെ എല്ലാവശങ്ങളിലും മാതൃകായോഗ്യരായിരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിന് ആഗ്രഹിക്കുന്നു.—എബ്രാ. 10:24, 25.
4 യോഗങ്ങൾക്കുമുൻപും അവയ്ക്കുശേഷവും ദിവ്യാധിപത്യ സഹവാസത്തിനുളള അനേകം സന്ദർഭങ്ങൾ ഉണ്ട്. നാം ഈ സമയം പുതിയവരെ സ്വാഗതം ചെയ്തുകൊണ്ടും നമ്മാൽ കഴിയുന്നിടത്തോളംപേരെ പരിചയപ്പെട്ടുകൊണ്ടും നമ്മുടെ സഹവാസം വിശാലമാക്കാൻ ഉപയോഗിക്കണം. വയൽസേവന അനുഭവങ്ങൾ പങ്കുവെക്കുന്നതും കെട്ടുപണിചെയ്യുന്ന മററു സംഭാഷണങ്ങളിൽ ഏർപ്പെടുന്നതും മററുളളവരുടെ പ്രോത്സാഹനത്തിന് സംഭാവന ചെയ്യും.—1 തെസ്സ. 5:11, 15.
ആരോഗ്യാവഹമായ സഹവാസം
5 ഒരുവന് ദൈവം വെറുക്കുന്ന എല്ലാം അംഗീകരിക്കുന്ന ദുഷ്ടവും രോഗഗ്രസ്തവുമായ സമൂഹത്തോടു സഹവസിച്ചുകൊണ്ട് ദൈവത്തോടൊത്ത് നടക്കാൻ സാധ്യമല്ല. ബൈബിൾ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരി. 15:33) സഭയിലുളള ചിലർ സത്യത്തിൽ താൽപ്പര്യമില്ലാത്തവരായ ലോകപരിചയക്കാരെയും അവിശ്വാസികളായ ബന്ധുക്കളെയും അവർ സത്യം സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടേക്കുമെന്ന് കരുതി സാമൂഹ്യ കൂട്ടങ്ങൾക്ക് ക്ഷണിക്കാൻ ചായ്വു കാണിച്ചേക്കാം. എന്നാൽ ഇത് ബുദ്ധിപൂർവകവും തിരുവെഴുത്തുകളോട് യോജിപ്പിലുമാണോ?
6 ജനതകളിലെ ആളുകളോടും അവിശ്വാസികളോടും സാധാരണ ആളുകളോടും ഉളള നമ്മുടെ ഇടപെടലുകളിൽ നാം ജാഗ്രതയുളളവരായിരിക്കണമെന്ന് ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. (1988 നവംബർ 15 വാച്ച്ടവറിന്റെ 15-16 പേജുകൾ കാണുക.) നമുക്ക് ഇപ്പോഴും ലോകഗതി പിൻതുടരുന്നവരും യഹോവയുടെ ആരാധകരായിത്തീരാത്തവരുമായി അനാവശ്യമായ സാമൂഹ്യ ബന്ധം എന്തിനാണ്? (2 കൊരി. 6:14, 15) ആത്മീയമായി അശ്രദ്ധരായ ചിലർ തങ്ങളെ വിശ്വാസത്തിൽ ബലിഷ്ഠരായിരിക്കുന്നതിന് സഹായിക്കാൻ കഴിയുന്ന പക്വതയുളള ക്രിസ്ത്യാനികളുടെ സഹവാസം അന്വേഷിക്കുന്നതിനു പകരം ലോകത്തിന്റെ ചിന്തയും ഗതിയും പിടിച്ചുകൊളളുന്നവരെ തേടിയേക്കാം. അവർ ലൗകികരും തത്വമില്ലാത്തവരുമായ ആളുകളോടൊത്തുളള സാമൂഹ്യക്കൂട്ടങ്ങളിൽ ഹാജരാകുന്നത് തങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ കഴിയുമെന്ന് വിലമതിക്കുന്നതിൽ പരാജയപ്പെടുന്നു.—2 തെസ്സ. 3:14, 15 താരതമ്യപ്പെടുത്തുക.
7 സത്യം പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തരും യഹോവക്ക് സമർപ്പിതരും തങ്ങളെ സത്യത്തിൽ നടക്കാൻ സഹായിക്കുന്നവരും ദൈവത്തെ സേവിക്കുന്നതിലുളള തങ്ങളുടെ പുരോഗതിക്ക് സംഭാവനചെയ്യുന്നവരും ആയ സഹകാരികളെ തേടണം. നമ്മുടെ സ്നേഹിതർക്കും സഹകാരികൾക്കും നമ്മിൽ ഒരു അഗാധമായ ഫലം ഉളവാക്കാൻ കഴിയും. അതുകൊണ്ട് യഹോവയോട് ഒരു അടുത്ത ബന്ധം വെച്ചുപുലർത്തുന്ന ദൈവഭക്തിയുളളവരുടെ സഹവാസം തേടുന്നത് എത്ര ബുദ്ധിയായിരിക്കും!