വർദ്ധിച്ച പ്രവർത്തനത്തിനുളള ഒരു സമയം
1 ഇപ്പോഴത്തെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം അടുത്തടുത്തു വരുമ്പോഴും യഹോവ നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിക്കുന്നതായി നാം കാണുമ്പോഴും ‘പ്രവർത്തനത്തിനായി നമ്മുടെ മനസ്സുകളെ ഉറപ്പിക്കാനുളള’ അപ്പോസ്തലനായ പത്രോസിന്റെ ബുദ്ധിയുപദേശം നാം അനുസരിക്കുന്നത് അത്യാവശ്യമാണ്.—1 പത്രോസ് 1:13; യെശ. 60:22.
2 പത്രോസ് മേൽപറഞ്ഞ ബുദ്ധിയുപദേശം നൽകിയപ്പോൾ അവൻ യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തം മുഖേന നമുക്ക് ലഭിക്കാൻ കഴിയുന്ന രക്ഷയെക്കുറിച്ച് എഴുതുകയായിരുന്നു. നാം രാജ്യസുവാർത്ത ഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുന്നതിനും തന്റെ പുത്രനെ ദാനം ചെയ്തതിൽ പ്രകടിതമായ യഹോവയുടെ സ്നേഹം നിമിത്തം നമുക്കു ലഭിക്കുന്ന പ്രയോജനങ്ങളോടുളള നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കുന്നതിനുമുളള ഒരു പ്രധാന മാർഗ്ഗമാണ്. (യോഹന്നാൻ 3:16) ഈ ദൈവനിയമിതവേലയിൽ കൂടുതൽ സജീവമായി ഏർപ്പെടുന്നതിനുളള ഒരു സമയമാണ് സ്മാരകകാലം.
സ്മാരകാഘോഷം
3 ഈ വർഷത്തെ സ്മാരകാഘോഷം ഏപ്രിൽ 10-ലെ സൂര്യാസ്തമയശേഷം നടത്തപ്പെടും. ഈ പ്രത്യേക അവസരത്തിന്റെ വീക്ഷണത്തിൽ നമുക്ക് യഹോവയാം ദൈവത്തോടുളള നമ്മുടെ ബന്ധത്തെയും യേശുവിന്റെ ബലിയെ നാം അനുസ്മരിക്കുന്ന രീതിയെയും നമുക്കു പരിശോധിക്കാം. നമ്മുടെ ചിന്തയിലും സംസാരത്തിലും നടത്തയിലും യഹോവയുടെ നീതിയുളള പ്രമാണങ്ങളോട് കർശനമായി പററിനിന്നുകൊണ്ട് നാം ദൈനംദിനം നമ്മുടെ വിശ്വാസം പ്രകടമാക്കുന്നുവോ? നാം രാജ്യത്തെക്കുറിച്ചുളള പ്രസംഗത്തിലും ശിഷ്യരാക്കലിലും തീവ്രയത്നം ചെയ്തുകൊണ്ട് മററുളളവരോടുളള നമ്മുടെ സ്നേഹം പ്രകടമാക്കുന്നുവോ? ഓരോ വർഷവും സ്മാരകാഘോഷവേളയിൽ നാം യഹോവയാം ദൈവവും യേശുവും നമുക്കുവേണ്ടി ചെയ്തതിനെ ഒരു പ്രത്യേകവിധത്തിൽ അനുസ്മരിക്കുന്നു. (ലൂക്കോ. 22:19; 1 കൊരി. 11:23, 24) അങ്ങനെയുളള ധ്യാനാത്മകമായ അനുസ്മരണം നമ്മുടെ വ്യക്തിപരമായ പ്രാപ്തികൾക്കും സാഹചര്യങ്ങൾക്കും അനുസരണമായി ക്രിയാത്മകമായ പ്രവർത്തനത്തിനു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
4 മാർച്ച് 25-ാം തീയതി ലോകമാസകലമുളള യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളും “യഥാർത്ഥ ജീവനെ എത്തിപ്പിടിക്കുക!” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രത്യേക പ്രസംഗം അവതരിപ്പിച്ചു. ഇത് സഭയോടു സഹവസിച്ചു തുടങ്ങാൻ പുതിയവർക്ക് എത്ര വിശിഷ്ടമായ അവസരം നൽകി! പ്രത്യേക പ്രസംഗത്തിനു ഹാജരായവർ യഹോവയുടെ ജനവുമായുളള തങ്ങളുടെ സഹവാസം തുടരാൻ പ്രോത്സാഹിപ്പിക്കപ്പെടണം.
പ്രമുഖ മാസികകളുടെ വർദ്ധിച്ച വിതരണം
5 വീക്ഷാഗോപുരവും ഉണരുക!യും നമുക്കെല്ലാം ആത്മീയാഹാരവും സമയോചിതമായ വായനാവിവരങ്ങളും പ്രദാനംചെയ്യവെ നമ്മുടെ പരസ്യശുശ്രൂഷയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. മെയ്, ജൂൺ മാസങ്ങളിലെ മാസികകളുടെ തയ്യാറാക്കലിന് ചെയ്ത പ്രത്യേകശ്രമത്തെ സകല രാജ്യപ്രസാധകരും വിലമതിക്കും. നാം വരിസംഖ്യകൾ സമർപ്പിക്കുമ്പോൾ ഈ ലക്കങ്ങൾ പ്രദീപ്തമാക്കുന്നതായിരിക്കും. കിട്ടിയാലുടനെ ഓരോ ലക്കവും സുപരിചിതമാക്കാൻ ശ്രമിക്കുക. ഇത് വരിസംഖ്യയൊ ഒററപ്രതികളൊ സമർപ്പിക്കുമ്പോൾ അല്ലെങ്കിൽ വരിസംഖ്യ നൽകാത്തവർക്ക് ലഘുപത്രികകളിൽ ഒന്നുസഹിതം രണ്ടു മാസികകൾ സമർപ്പിക്കുമ്പോൾ അത് അവതരിപ്പിക്കാനുളള നമ്മുടെ തീക്ഷ്ണതയെ ഉത്തേജിപ്പിക്കും.
6 മെയ്യിലും ജൂണിലും സഹായപയനിയറിംഗ് നടത്താൻ നിങ്ങളുടെ വ്യക്തിപരമായ സമയപ്പട്ടികയിൽ ഇടം ഉണ്ടാക്കാൻ കഴിയുമോ? സഭയിലെ പല പ്രസാധകർ ഒരേ സമയത്തു പയനിയറിംഗ് നടത്താൻ ക്രമീകരിക്കുന്നുവെങ്കിൽ വർദ്ധിച്ച പ്രവർത്തനത്തിന്റെ ഈ പ്രത്യേക ഘട്ടത്തിൽ അവർക്ക് അന്യോന്യം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും. ആവശ്യമുളളിടത്ത് കൂട്ടസാക്ഷീകരണത്തിന് കൂടുതലായ ക്രമീകരണങ്ങൾ ചെയ്യുന്നതിനാൽ സഹായിക്കുന്നതിന് മൂപ്പൻമാർക്ക് സന്തോഷമുണ്ടായിരിക്കും.
7 കുടുംബ ഉത്തരവാദിത്വങ്ങൾ, ശാരീരികാരോഗ്യം, ലൗകികജോലി അല്ലെങ്കിൽ സ്കൂൾപട്ടിക എന്നിവപോലുളള നിങ്ങളുടെ സ്വന്തം സാഹചര്യങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക. ഈ സമയത്ത് പയനിയറിംഗ് നടത്താൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ നിങ്ങൾക്കു വയൽ ശുശ്രൂഷയിലെ പങ്കുപററൽ എത്രത്തോളം വർദ്ധിപ്പിക്കാൻ കഴിയും? തീർച്ചയായും യഹോവയോടും അവന്റെ പുത്രനായ യേശുവിന്റെ വിലയേറിയ ദാനത്തോടുമുളള നമ്മുടെ വിലമതിപ്പും സ്നേഹവും പ്രകടമാക്കുന്ന മുഴുദേഹിയോടെയുളള സേവനത്തിൽ യഹോവ പ്രസാദിക്കുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തിൽ നാം നമ്മെത്തന്നെ പരിശോധിക്കുകയും പ്രവർത്തനത്തിനായി നമ്മുടെ മനസ്സുകളെ ഉറപ്പിക്കുകയും ചെയ്യുന്നെങ്കിൽ സ്വീകാര്യമായ സ്തുതിയാഗങ്ങൾ അർപ്പിക്കുന്നതിൽ നമ്മെ പുലർത്താൻ യഹോവയുടെ ആത്മാവു ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—എബ്രാ. 13:15.