മററുളളവരോടൊപ്പം പ്രവർത്തിക്കുന്നതിൽനിന്നു വരുന്ന അനുഗ്രഹങ്ങൾ
1 ശുശ്രൂഷയിൽ മററുളളവരോടാപ്പം പ്രവർത്തിക്കുന്നതിനാൽ അനുഗ്രഹങ്ങൾ ആസ്വദിക്കാമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? യേശുവിന് അങ്ങനെ തോന്നി. കൊയ്ത്തു വളരെയും വേലക്കാർ ചുരുക്കവുമായിരുന്നെങ്കിലും അവൻ 70 ശിഷ്യൻമാരെ “ഈരണ്ടായി” വയലിലേക്കയച്ചു. ‘അവൻ ചെല്ലുവാനുളള ഓരോ പട്ടണത്തിലും സ്ഥലത്തും’ പ്രസംഗിച്ചുകൊണ്ട് അവർ എത്ര പ്രതിഫലദായകമായ ഒരു സമയമാണ് ആസ്വദിച്ചത്!—ലൂക്കൊ. 10:1, 17; മത്താ. 9:37.
2 മററുളളവരോടൊപ്പം പ്രവർത്തിക്കുന്നതു പ്രേരണാത്മകമാണ്. നമ്മിൽ ചിലർ നാണംകുണുങ്ങികളാണ്, അതിനാൽ അപരിചിതരെ അഭിമുഖീകരിക്കുന്നതു ബുദ്ധിമുട്ടുളളതായി കണ്ടെത്തുന്നു. നമ്മുടെ അരികിൽ ആരെങ്കിലും ഒരാൾ ഉണ്ടായിരിക്കുന്നത് ദൈവത്തിന്റെ വചനം ധൈര്യത്തോടെ സംസാരിക്കുന്നതിനു നമുക്ക് ആത്മവിശ്വാസം തരുന്നു. ആരെങ്കിലും നമ്മോടൊപ്പം ഉളളപ്പോൾ നാം പരിശീലിപ്പിക്കപ്പെട്ട വിധത്തിൽ വേല നിർവഹിക്കുന്നതിന് എളുപ്പമായിരിക്കും. (സദൃ. 27:17) ജ്ഞാനിയായ മനുഷ്യൻ പറഞ്ഞു: “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു.”—സഭാ. 4:9.
3 വ്യത്യസ്തതരത്തിലുളള പ്രസാധകരോടും പയനിയർമാരോടുമൊപ്പം പ്രവർത്തിക്കുന്നതു നല്ലതാണ്. അപ്പോസ്തലനായ പൗലോസിന്റെ സേവന കൂട്ടാളികളിൽ ബർന്നബാസ്, ശീലാസ്, തിമോത്തി, യോഹന്നാൻ മർക്കോസ് എന്നിവർ ഉൾപ്പെട്ടിരുന്നു, ഒരുമിച്ചു പ്രസംഗിച്ചപ്പോൾ അവർ അനേകം അനുഗ്രഹങ്ങൾ ആസ്വദിച്ചു. അതുതന്നെ ഇന്നും സത്യമായിരിക്കാൻ കഴിയും. ദീർഘനാളായി സത്യത്തിലുളള ആരോടെങ്കിലുമൊപ്പം നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ? സാക്ഷ്യം കൊടുക്കുന്നതിനുളള അദ്ദേഹത്തിന്റെ വൈദഗ്ധ്യം നിരീക്ഷിച്ച ശേഷം നിങ്ങളെ മെച്ചപ്പെടാൻ സഹായിച്ച ചില ആശയങ്ങൾ സാധ്യതയനുസരിച്ചു നിങ്ങൾ നേടിയെടുത്തിട്ടുണ്ട്. താരതമ്യേന പുതിയ പ്രസാധകരോടൊപ്പം നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങൾ പഠിച്ച കാര്യങ്ങളിൽ ചിലത് അവരുമായി പങ്കുവെക്കുകയും അങ്ങനെ കൂടുതൽ ഫലപ്രദരായിത്തീരുന്നതിനും ശുശ്രൂഷയിൽ വർധിച്ച സന്തോഷം കണ്ടെത്തുന്നതിനും അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.
4 നിങ്ങൾ നിലവിൽ ഒരു ബൈബിളധ്യയനം നടത്തുന്നുവോ? എങ്കിൽ, മൂപ്പൻമാരിലൊരാളെയോ സർക്കിട്ട് മേൽവിചാരകനെയോ നിങ്ങളോടൊപ്പം പോരുന്നതിന് എന്തുകൊണ്ടു ക്ഷണിച്ചുകൂടാ? മേൽവിചാരകൻമാരുമായി പരിചയത്തിലാകുന്നതു നമ്മുടെ ബൈബിൾ വിദ്യാർഥികൾക്കു പ്രയോജനകരമാണ്. ഒരു മൂപ്പന്റെ സാന്നിധ്യത്തിൽ അധ്യയനം നടത്താൻ നിങ്ങൾക്കു മടിയാണെങ്കിൽ, നിങ്ങളെ നിരീക്ഷിക്കാൻ അനുവദിച്ചുകൊണ്ട് അധ്യയനം നടത്താൻ അദ്ദേഹം ഒരുപക്ഷേ മനസ്സൊരുക്കമുളളവനായിരിക്കും. അതിനുശേഷം, കൂടുതൽ വേഗത്തിൽ പുരോഗമിക്കാൻ വിദ്യാർഥിയെ സഹായിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും എന്നതിനുളള നിർദേശങ്ങൾ അദ്ദേഹത്തോടു ചോദിക്കാൻ മടിക്കരുത്.
5 മററുളളവരോടൊപ്പം പ്രവർത്തിക്കുമ്പോൾ പ്രോത്സാഹജനകനായ ഒരു തുണയായിരിക്കുക. പ്രദേശത്തെ സംബന്ധിച്ചുളള നിങ്ങളുടെ അഭിപ്രായങ്ങളിൽ ക്രിയാത്മക വീക്ഷണം പുലർത്തുക. ഒരിക്കലും മററുളളവരെ സംബന്ധിച്ചു കുശുകുശുക്കയോ അല്ലെങ്കിൽ സഭാ ക്രമീകരണങ്ങൾ സംബന്ധിച്ചു പരാതിപ്പെടുകയോ ചെയ്യരുത്. നിങ്ങളുടെ മനസ്സ് ശുശ്രൂഷയിലും യഹോവയിൽനിന്നുളള അനുഗ്രഹങ്ങളിലും കേന്ദ്രീകരിക്കുക. അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ആത്മീയ നവോൻമേഷത്തോടെയായിരിക്കും വീട്ടിൽ തിരിച്ചെത്തുക.
6 നിങ്ങളുടെ സാഹചര്യങ്ങൾ ഒരുപക്ഷേ മററു സഹോദരൻമാരോടും സഹോദരിമാരോടുമൊപ്പം ക്രമമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുളളതാക്കിത്തീർത്തേക്കാം. എന്നിരുന്നാലും, സാധ്യമെങ്കിൽ മറെറാരു പ്രസാധകനോടൊപ്പം പ്രവർത്തിക്കുന്നതിന് എന്തുകൊണ്ടു കുറച്ചു സമയം ക്രമീകരിച്ചുകൂടാ? നിങ്ങൾ ഇരുവരും അനുഗ്രഹിക്കപ്പെടും!—റോമ. 1:11, 12.