നിത്യജീവന്റെ പ്രത്യാശ നൽകുന്ന മരണം ആഘോഷിക്കൽ
1 ആയിരത്തിത്തൊളളായിരത്തി തൊണ്ണൂററിമൂന്ന് ഏപ്രിൽ 6-ന് സൂര്യാസ്തമയശേഷം ജീവന്റെ മുഖ്യകാര്യസ്ഥന്റെ മരണം നാം ആഘോഷിക്കും. (പ്രവൃ. 3:15) നിശ്ചയമായും, യേശുക്രിസ്തുവിന്റെ ജീവിതത്തെയും മരണത്തെയും അനുസ്മരിക്കുന്നത് ഏററവും ഉചിതമാണ്. എന്നേക്കും ജീവിക്കാനുളള നമ്മുടെ പ്രത്യാശതന്നെ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ നിലകൊളളുന്നു.
2 യഹോവയുടെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ ക്രിസ്തുവിന്റെ മരണത്തിനുളള പ്രാധാന്യത്തിനു സ്മാരകം അടിവരയിടുന്നു. ശതകോടികൾ വിശ്വാസം പ്രകടമാക്കാനും ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനും സാധ്യമാക്കിത്തീർത്തുകൊണ്ട്, ആദാമിന്റെ സന്തതികളെ വീണ്ടെടുക്കുന്നതിനാവശ്യമായ പൂർണ്ണതയുളള മാനുഷജീവൻ നൽകുന്നത് ആ ഉദ്ദേശ്യത്തിൽപ്പെടുന്നു.—യോഹ. 3:16.
3 സത്യത്തെയും ജീവനെയും സ്നേഹിക്കുന്ന എല്ലാവരും യേശുവിന്റെ കല്പനയോടുളള അനുസരണത്തിൽ കർത്താവിന്റെ സന്ധ്യാഭക്ഷണം ആഘോഷിക്കാനായി നോക്കിപ്പാർത്തിരിക്കുന്നു. (ലൂക്കൊ. 22:19) ക്രിസ്തുവിന്റെ മറുവിലയാഗമെന്ന കരുതലിനോടുളള നമ്മുടെ വിലമതിപ്പു പ്രകടമാക്കാൻ വ്യക്തിപരമായി നമുക്ക് എന്തുചെയ്യാൻ കഴിയും? ഈ ആഘോഷത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിൽ നല്ല സംഘാടനം വളരെ പ്രധാനമാണ്. ഈ പ്രത്യേക സംഭവത്തിനുവേണ്ടി നിങ്ങൾ എന്ത് ഒരുക്കങ്ങളാണു ചെയ്യുന്നത്?
4 മുൻകൂട്ടിയുളള ഒരുക്കം ആവശ്യമാണ്: തീർച്ചയായും, കുടുംബത്തിലെ ഓരോ അംഗവും ഹാജരായിരിക്കുന്നുവെന്നു നാം ഉറപ്പുവരുത്തും. 1993 കലണ്ടറിൽ ഏപ്രിൽ 1-6വരെ കൊടുത്തിരിക്കുന്ന ബൈബിൾ ഭാഗങ്ങൾ വായിച്ചുകൊണ്ടും ധ്യാനിച്ചുകൊണ്ടും നാം മാനസ്സികമായും ഒരുങ്ങണം. ഏപ്രിൽ 6-നു തൊട്ടുമുമ്പ് നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ പഠനത്തിൽ സ്മാരകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുളള വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കും. ഒരുപക്ഷേ ആദ്യമായി ഹാജരാകുന്നവരെ സ്വാഗതം ചെയ്യാൻ നിങ്ങൾ ഉണ്ടായിരിക്കത്തക്കവണ്ണം നേരത്തെ എത്തുന്നതിനും സ്മാരകാഘോഷം കഴിഞ്ഞ് അല്പസമയം തങ്ങുന്നതിനും ആസൂത്രണം ചെയ്യുക.
5 നിങ്ങൾക്ക് അറിയാവുന്ന താത്പര്യക്കാരെയെല്ലാം സ്മാരകത്തിനുമുമ്പുളള ആഴ്ചകളിൽ ഈ ആഘോഷത്തിനു ക്ഷണിക്കുക. വാർഷികമായി സഭയിലേക്കു ഫാറങ്ങൾ അയയ്ക്കുന്ന കൂട്ടത്തിൽ അച്ചടിച്ച ക്ഷണക്കത്തുകളും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവ ഉപയോഗിക്കുമ്പോൾ, ആഘോഷം നടക്കുന്ന സ്ഥലത്തെ സമയവും വിലാസവും താത്പര്യക്കാരായ വ്യക്തികളെ അറിയിക്കാൻ ഓർമ്മിക്കുക. ക്ഷണിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്ററ് ഉണ്ടാക്കുക. ഹാജരാകാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും യാത്രാസൗകര്യമുണ്ടോ? ഇല്ലെങ്കിൽ അവരെ സഹായിക്കുന്നതിനു നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ഉദാഹരണത്തിന്, നിങ്ങളുടെ കാറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ ആർക്കെങ്കിലും യാത്രാസൗകര്യം ആവശ്യമാണോയെന്നു മൂപ്പൻമാരോട് എന്തുകൊണ്ടു ചോദിച്ചുകൂടാ?
6 വർഷത്തിലെ അതിപ്രധാന ആഘോഷം ഇതായിരിക്കുന്നതുകൊണ്ട് ഒരു വലിയ ഹാജർ പ്രതീക്ഷിക്കുന്നു. മൂപ്പൻമാർ മുൻകൂട്ടിയുളള പ്രത്യേക ഒരുക്കങ്ങൾ ചെയ്യേണ്ടയാവശ്യമുണ്ട്. (1 കൊരി. 14:40) ഏപ്രിൽ 6-ന് ഒരാഴ്ചയോ മറേറാ മുമ്പ്, ഈ ആഘോഷത്തിൽ സഹായിക്കുന്ന സഹോദരൻമാരുമൊത്തു മൂപ്പൻമാർ ഒരു പ്രത്യേക യോഗത്തിനു ക്രമീകരണം ചെയ്യും. ഇരിപ്പിടക്രമീകരണങ്ങളും ചിഹ്നങ്ങൾ എങ്ങനെ കൈമാറണമെന്നതും അവർ മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ. ഒരു സേവകനോ വിതരണക്കാരനോ ആയി നിങ്ങളെ ഈ ആഘോഷത്തിൽ നിയമിച്ചിരിക്കുന്നുവെങ്കിൽ ഈ കാര്യങ്ങൾ സംബന്ധിച്ചു മൂപ്പൻമാരുടെ നിർദ്ദേശങ്ങൾ അടുത്തു പിൻപററാൻ ഉറപ്പുളളവനായിരിക്കുക. ഏഴാം പേജിലെ ഓർമ്മിപ്പിക്കലുകൾ പരിശോധിച്ചുകൊണ്ടു സേവകർക്കും വിതരണക്കാർക്കും ചിഹ്നങ്ങൾക്കും പ്രസംഗകനും വേണ്ടിയുളള എല്ലാ ക്രമീകരണങ്ങളും മുന്നമേ ഏർപ്പെടുത്തിയിട്ടുണ്ടെന്നു മൂപ്പൻമാർക്ക് ഉറപ്പു വരുത്താൻ കഴിയും.
7 ക്രിസ്തുവിന്റെ സഹോദരൻമാരിൽ ചുരുക്കംപേർ മാത്രമേ ഇന്നു ഭൂമിയിൽ ശേഷിച്ചിട്ടുളളു. അനതിവിദൂര ഭാവിയിൽ കർത്താവിന്റെ സന്ധ്യാഭക്ഷണം അതിന്റെ പൂർത്തീകരണത്തിലേക്കു വന്നിരിക്കും. (1 കൊരി. 11:25, 26) അങ്ങനെ ചെയ്യുന്നതു നമ്മുടെ പദവിയായിരിക്കുന്നിടത്തോളം കാലം നിത്യജീവന്റെ പ്രത്യാശ നൽകുന്ന മരണം നമുക്ക് ഉചിതമായി ആഘോഷിക്കുന്നതിൽ തുടരാം.