സ്മാരകം—ഒരു സുപ്രധാന സംഭവം!
1 മാർച്ച് 23 ഞായറാഴ്ച സൂര്യാസ്തമയ ശേഷം നാം യേശുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കും. (ലൂക്കൊ. 22:19) തീർച്ചയായും ഇത് ഒരു സുപ്രധാന സംഭവമാണ്! കഠിനമായ സമ്മർദത്തിൻ കീഴിലും പൂർണമായ ദൈവിക ഭക്തി നിലനിർത്തുന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം സാധ്യമാണെന്ന്, യഹോവയോടുള്ള തന്റെ നിർമലത മരണംവരെ കാത്തുസൂക്ഷിച്ചുകൊണ്ട് യേശു തെളിയിച്ചു. അങ്ങനെ അവൻ യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തെ ഉയർത്തിപ്പിടിച്ചു. (എബ്രാ. 5:8) അതിനുപുറമേ, വിശ്വാസമർപ്പിക്കുന്നവർക്കു നിത്യമായ ജീവിതം സാധ്യമാക്കിക്കൊണ്ട്, ക്രിസ്തുവിന്റെ മരണം മനുഷ്യവർഗത്തിനു മറുവിലയായി ഉതകുമായിരുന്ന പൂർണ മാനുഷ ബലി പ്രദാനം ചെയ്തു. (യോഹ. 3:16) സ്മാരകത്തിനു സന്നിഹിതരായിരിക്കുന്നതിനാൽ, നമ്മോടുള്ള യഹോവയുടെ സ്നേഹത്തോടും യേശുവിന്റെ യാഗത്തോടുമുള്ള ഹൃദയംഗമമായ വിലമതിപ്പു നമുക്കു പ്രകടിപ്പിക്കാൻ കഴിയും.
2 യഹോവയുടെ സാക്ഷികളുടെ കലണ്ടർ—1997-ൽ കൊടുത്തിരിക്കുന്ന പ്രകാരം, മാർച്ച് 18-23 പട്ടികപ്പെടുത്തിയിരിക്കുന്ന ബൈബിൾ വായനാ പരിപാടി പിൻപറ്റാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 112-16 അധ്യായങ്ങളുടെ ഒരു കുടുംബ ചർച്ച, മനുഷ്യവർഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയിൽ നമ്മുടെ ശ്രദ്ധകേന്ദ്രീകരിക്കാൻ സഹായിക്കും.
3 വയൽശുശ്രൂഷയിൽ നിങ്ങൾ ചെലവഴിക്കുന്ന സമയം സ്മാരക കാലത്തു നിങ്ങൾക്കു വർധിപ്പിക്കാനാകുമോ? സഹായ പയനിയർമാരായി സേവിച്ചുകൊണ്ട് അനേകം പ്രസാധകർ മാർച്ചിലെ അഞ്ചു വാരാന്ത്യങ്ങളെ പൂർണമായി പ്രയോജനപ്പെടുത്തും. നിങ്ങൾക്കും അവരിലൊരാളായിരുന്നുകൂടേ? സ്മാരകത്തിനു ഹാജരാകുന്നതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നതിൽ നമുക്കെല്ലാവർക്കും പൂർണമായ പങ്കുണ്ടായിരിക്കാൻ കഴിയും. അതു ഞായറാഴ്ചയായതിനാൽ ഹാജരാകുന്നത് അനേകർക്കും എളുപ്പമായിരിക്കും. നമ്മോടൊപ്പം ചേരാൻ എല്ലാ ബൈബിൾ വിദ്യാർഥികളെയും മറ്റു താത്പര്യക്കാരെയും ക്ഷണിക്കാൻ ഉറപ്പുള്ളവരായിരിക്കുക. വിശേഷാൽ ആചരിക്കേണ്ട, വർഷത്തിലെ ഏക ദിനത്തെക്കുറിച്ചു പരിജ്ഞാനം പുസ്തകത്തിന്റെ 127-ാം പേജിലെ 18-ാം ഖണ്ഡികയിൽ പ്രസ്താവിച്ചിരിക്കുന്ന വിവരം അവരോടൊപ്പം പങ്കുവെക്കുക.
4 യേശുവിന്റെ മരണം നമുക്കുവേണ്ടി അർഥമാക്കുന്ന എല്ലാറ്റിനോടുമുള്ള ആഴമായ വിലമതിപ്പോടെ 1997-ലെ ഈ ഏറ്റവും വലിയ സംഭവത്തെ സമീപിക്കുക. മാർച്ച് 23 വൈകുന്നേരം എല്ലായിടത്തുമുള്ള സത്യക്രിസ്ത്യാനികൾ വിശ്വസ്തതയോടെ സ്മാരകം ആചരിക്കുമ്പോൾ അവിടെ ഹാജരായിരിക്കുക.