ലളിതമായ അവതരണം ഫലപ്രദം
1 രാജ്യസന്ദേശം പങ്കുവെക്കുമ്പോൾ യുവപ്രസാധകർക്ക് മിക്കപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുനിറുത്താൻ കഴിയുന്നത് എന്തുകൊണ്ടാണ്? അവരുടെ അവതരണം ലളിതമാണ് എന്നതാണ് ഒരു കാരണം. ചില പ്രസാധകർ വിചാരിക്കുന്നത് ഫലപ്രദമായി സാക്ഷീകരിക്കണമെങ്കിൽ വാചാലതയോടെ വിവരങ്ങൾ അവതരിപ്പിക്കണമെന്നാണ്. എന്നിരുന്നാലും, ലളിതവും വ്യക്തവുമായ അവതരണം ഏറ്റവും ഫലം ചെയ്യുന്നുവെന്ന് അനുഭവങ്ങൾ കാണിക്കുന്നു.
2 യേശു ദൈവരാജ്യം പ്രസംഗിച്ചത് ലളിതവും വളച്ചുകെട്ടില്ലാത്തതുമായ രീതിയിലാണ്. അപ്രകാരം ചെയ്യാൻ അവൻ ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു. (മത്താ. 4:17; 10:5-7; ലൂക്കൊ. 10:1, 9) ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനും അവരുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവൻ ലളിതമായ മുഖവുരകൾ, ചോദ്യങ്ങൾ, ഉപമകൾ എന്നിവയൊക്കെ ഉപയോഗിച്ചു. (യോഹ. 4:7-14) യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന അവതരണങ്ങൾ നമുക്കും ഉപയോഗിക്കാവുന്നതാണ്.
3 നമുക്കു പ്രസംഗിക്കാനുള്ളത് ‘രാജ്യത്തിന്റെ സുവാർത്ത’ ആണ്. (മത്താ. 24:14) ദൈവരാജ്യത്തെ അടിസ്ഥാന വിഷയമായി ഉപയോഗിക്കുന്നത് നിങ്ങളുടെ അവതരണം ലളിതമാക്കാൻ സഹായിക്കും. ശ്രോതാക്കളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വിഷയങ്ങളെക്കാൾ താത്പര്യം കുടുംബ കാര്യങ്ങളിൽ ആയിരിക്കും. ഒരു പിതാവിനാണെങ്കിൽ തന്റെ തൊഴിലിനോടും കുടുംബ സുരക്ഷിതത്വത്തോടും ബന്ധപ്പെട്ട കാര്യങ്ങളിലായിരിക്കും താത്പര്യം. യുവജനങ്ങൾ ഭാവിയെക്കുറിച്ചും പ്രായം ചെന്നവർ മെച്ചപ്പെട്ട ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും കുറിച്ചും ആയിരിക്കും ഏറെ താത്പര്യം കാട്ടുക. വിദൂരദേശങ്ങളിലെ സംഭവങ്ങളെക്കാൾ പ്രാദേശിക സംഭവങ്ങളിലാണ് ആളുകൾക്കു കൂടുതൽ താത്പര്യം. പൊതു താത്പര്യമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചശേഷം, അനുസരണമുള്ള മനുഷ്യവർഗം ദൈവരാജ്യഭരണത്തിൻ കീഴിൽ ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കുക. ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ലളിതമായ ഏതാനും വാക്കുകൾ ഉപയോഗിച്ച് ഒരു തിരുവെഴുത്ത് അവതരിപ്പിക്കുക എന്നതാണ് ശ്രോതാവിന്റെ താത്പര്യം ഉണർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.
4 ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾക്കു സംഭാഷണം ആരംഭിക്കാവുന്നതാണ്:
▪ “സുഖപ്പെടുത്താനാവാത്ത അനേകം രോഗങ്ങൾ മനുഷ്യരെ ബാധിച്ചിരിക്കുന്നു എന്നതിനോട് നിങ്ങൾ യോജിക്കും എന്നതിനു സംശയമില്ല. എന്നാൽ, പെട്ടെന്നുതന്നെ സകലതരം രോഗങ്ങളെയും, മരണത്തെപ്പോലും തുടച്ചുനീക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതായി നിങ്ങൾക്ക് അറിയാമായിരുന്നോ?” മറുപടി പറയാൻ അനുവദിച്ചശേഷം വെളിപ്പാടു 21:3-5എ വായിക്കുക.
5 വ്യക്തവും ലളിതവുമായ അവതരണങ്ങളിലൂടെ യഹോവയെയും നിത്യജീവന്റെ പ്രത്യാശയെയും കുറിച്ച് പഠിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് നിങ്ങളുടെ പ്രദേശത്തുള്ള കൂടുതൽ ആളുകളുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ഇറങ്ങിച്ചെല്ലാൻ നിങ്ങൾക്കു കഴിയും.—യോഹ. 17:3.