ചോദ്യപ്പെട്ടി
◼ സഭാനിയമനങ്ങൾ നാം എങ്ങനെ നിർവഹിക്കണം?
യഹോവയുടെ ജനത്തിന്റെ ഒരു സഭയിൽ കാര്യങ്ങൾ ഉചിതവും ക്രമവുമായി നടക്കുന്നത് കൂട്ടായ ശ്രമത്തിന്റെ ഫലമായാണ്. (1 കൊരി. 14:33, 40) ഒരു സഭായോഗത്തോട് അനുബന്ധിച്ചുതന്നെ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു ചിന്തിച്ചുനോക്കുക. യോഗപരിപാടികൾക്കു പുറമേ, യോഗത്തിനു മുമ്പും പിമ്പും വ്യത്യസ്ത നിയമനങ്ങളോടു ബന്ധപ്പെട്ട് സഹോദരങ്ങൾ നിരവധി കാര്യങ്ങൾ ചെയ്യുന്നു. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്ത മറ്റ് ഉത്തരവാദിത്വങ്ങളുമുണ്ട്, അവയും പ്രധാനപ്പെട്ടവയാണ്. ഈ ക്രമീകരണത്തെ നമുക്കോരോരുത്തർക്കും എങ്ങനെ പിന്തുണയ്ക്കാം?
നിങ്ങളെത്തന്നെ ലഭ്യമാക്കുക. മനസ്സൊരുക്കമുള്ളവർ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്നു കണ്ടെത്തും. (സങ്കീ. 110:3) രോഗികളിലും പ്രായംചെന്നവരിലും താത്പര്യമെടുക്കുക. രാജ്യഹാൾ ശുചീകരണത്തിൽ സഹായിക്കുക. ആരും പറയാതെതന്നെ പ്രയോജനകരമായ പല കാര്യങ്ങളും നമുക്കു ചെയ്യാൻ കഴിയും. സഹായിക്കാനുള്ള ആഗ്രഹം ഉണ്ടായിരിക്കണമെന്നു മാത്രം.
വിനയത്തോടെ സേവിക്കുക. വിനയമുള്ളവർ മറ്റുള്ളവരെ സേവിക്കുന്നതിൽ സന്തോഷിക്കുന്നു. (ലൂക്കൊ. 9:48) ചെയ്യാവുന്നതിലധികം കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കാൻ വിനയം നമ്മെ സഹായിക്കുന്നു. കൂടാതെ, നമ്മുടെ അധികാര പരിധിക്കപ്പുറം പോകുന്നതിൽനിന്നും അതു നമ്മെ തടയും.—സദൃ. 11:2, NW.
ആശ്രയയോഗ്യനായിരിക്കുക. പുരാതന ഇസ്രായേലിൽ, ഉത്തരവാദിത്വ സ്ഥാനങ്ങളേൽക്കാൻ ‘സത്യവാന്മാരായ’ അഥവാ ആശ്രയയോഗ്യരായ “പുരുഷന്മാരെ” തിരഞ്ഞെടുക്കാൻ മോശെയ്ക്ക് പ്രോത്സാഹനം ലഭിച്ചു. (പുറ. 18:21) അതേ ഗുണം ഇക്കാലത്തും ആവശ്യമാണ്. ലഭിക്കുന്ന ഏതു നിയമനവും മനസ്സാക്ഷിപൂർവം നിറവേറ്റുക. (ലൂക്കൊ. 16:10) ഒരു നിയമനം നിറവേറ്റാൻ നിങ്ങൾക്കു സാധിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ അഭാവത്തിൽ വേറൊരാൾ അതു കൈകാര്യം ചെയ്യുന്നതിനുള്ള ഉചിതമായ ക്രമീകരണങ്ങൾ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ ഏറ്റവും നല്ലതു നൽകുക. ലൗകിക കാര്യങ്ങളിൽപ്പോലും മുഴു മനസ്സോടെ ജോലി ചെയ്യാൻ ക്രിസ്ത്യാനികൾ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (കൊലൊ. 3:22-24) സത്യാരാധനയുടെ ഉന്നമനാർഥം വേല ചെയ്യുമ്പോൾ അപ്രകാരം ചെയ്യാൻ കൂടുതലായ കാരണമുണ്ട്. ഒരു ജോലി തരംതാഴ്ന്നതോ അപ്രധാനമോ ആണെന്നു തോന്നിയാൽപ്പോലും, നല്ല രീതിയിൽ ചെയ്തുകഴിയുമ്പോൾ അതു സഭയ്ക്ക് ഒരു അനുഗ്രഹമായിത്തീരുന്നു.
ഓരോ നിയമനവും യഹോവയോടും നമ്മുടെ സഹോദരങ്ങളോടും സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരം നമുക്കു പ്രദാനം ചെയ്യുന്നു. (മത്താ. 22:37-39) നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം എന്തായിരുന്നാലും അതു നമുക്കു വിശ്വസ്തതയോടെ നിറവേറ്റാം.