നിങ്ങളുടെ ശുശ്രൂഷയിൽ മാസികകൾ വിശേഷവത്കരിക്കുക
1 ‘രസാവഹവും കാലോചിതവും കെട്ടുപണിചെയ്യുന്നതും.’ ‘ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും പ്രോത്സാഹജനകമായ പത്രികകൾ.’ വീക്ഷാഗോപുരത്തെയും ഉണരുക!യെയും കുറിച്ച് ലോകമെമ്പാടുമുള്ള വായനക്കാർക്ക് എന്ത് അഭിപ്രായമാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് ഇവ. “സകലമനുഷ്യരു”ടെയും പക്കൽ, അവർ ഏതുതരം ആളുകളായിരുന്നാലും ശരി, സുവാർത്ത എത്തിക്കുന്നതിൽ നമ്മുടെ മാസികകൾ വിലതീരാത്ത ഉപകരണങ്ങൾ തന്നെയാണെന്നു തെളിഞ്ഞിരിക്കുന്നു.—1 തിമൊ. 2:4.
2 തൊഴിലിനു വളരെ പ്രാധാന്യം കൊടുത്തിരുന്ന ഒരു ബിസിനസ്സുകാരൻ, തനിക്കു താത്പര്യം തോന്നിയ ഒരു വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഉണരുക! മാസിക സ്വീകരിച്ചു. പിന്നീട്, അദ്ദേഹം അതോടൊപ്പം ലഭിച്ച വീക്ഷാഗോപുരം മാസികയും വായിച്ചു. താൻ അന്നോളം വിശ്വസിച്ചുപോന്ന ത്രിത്വോപദേശത്തെക്കുറിച്ച് ഒരു സൂക്ഷ്മ പരിശോധന നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ലേഖനം ആ മാസികയിൽ ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ താത്പര്യമുണർത്തി. ആറു മാസത്തിനുശേഷം അദ്ദേഹം സ്നാപനമേറ്റു. മറ്റൊരാൾ സാക്ഷികളിൽനിന്നു ക്രമമായി മാസികകൾ സ്വീകരിച്ചിരുന്നെങ്കിലും അവ ഒരിക്കലും വായിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയാകട്ടെ, സാക്ഷികളെ ഒഴിവാക്കുമായിരുന്നെങ്കിലും തന്റെ ഭർത്താവിന് അവർ കൊടുത്തിട്ടുപോകുന്ന മാസികകൾ വായിക്കുമായിരുന്നു. നീതിനിഷ്ഠരായ ആളുകളെക്കൊണ്ടു നിറഞ്ഞ ഒരു ഭൗമിക പറുദീസയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്ദാനം അവരുടെ ഹൃദയത്തെ സ്പർശിച്ചു. കാലക്രമത്തിൽ, അവരും മകനും അവരുടെ സഹോദരിയും യഹോവയുടെ ദാസരായിത്തീർന്നു.
3 ഒന്നിലധികം മാസികകൾ സമർപ്പിക്കുക: മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ കാണിക്കുന്നതുപോലെ, നമ്മുടെ മാസികകൾ ആരാണു വായിക്കുകയെന്നോ എന്താണ് അവരുടെ താത്പര്യം ഉണർത്തുകയെന്നോ നമുക്ക് കൃത്യമായി പറയാനാവില്ല. (സഭാ. 11:6) അതുകൊണ്ട്, അവതരണത്തിൽ നാം ഒരു മാസികയേ സാധാരണഗതിയിൽ വിശേഷവത്കരിക്കുകയുള്ളുവെങ്കിലും വീക്ഷാഗോപുരവും ഉണരുക!യും ജോഡിയായി സമർപ്പിക്കുന്നതു നല്ലതാണ്. ചില സാഹചര്യങ്ങളിൽ, നമ്മുടെ മാസികകളുടെ പല ലക്കങ്ങൾ ഒരു സന്ദർശനത്തിൽ സമർപ്പിക്കുന്നത് ഉചിതമായിരുന്നേക്കാം.
4 മാസികാവേലയിൽ പങ്കെടുക്കുന്നതിന് ഓരോ ആഴ്ചയിലും ഒരു ദിവസം പട്ടികപ്പെടുത്തുന്നതു പ്രയോജനപ്രദമാണ്. യഹോവയുടെ സാക്ഷികളുടെ കലണ്ടർ—2005-ൽ എല്ലാ ശനിയാഴ്ചയും “മാസികാ ദിനം” ആയി വേർതിരിച്ചിരിക്കുന്നു. പ്രാദേശികവും വ്യക്തിപരവുമായ സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ മാസികാ സമർപ്പണത്തിന് വിശേഷ ശ്രദ്ധ നൽകാനായി ചിലർ മറ്റൊരു ദിവസം മാറ്റിവെച്ചേക്കാം. മാസികാവേലയിൽ പങ്കെടുക്കുകയെന്നത് നിങ്ങളുടെ പ്രതിവാര പട്ടികയുടെ ഭാഗമാണോ?
5 വ്യക്തിപരമായ ലാക്കു വെക്കുക: ഒരു മാസം ഒരു നിശ്ചിത എണ്ണം മാസികകൾ സമർപ്പിക്കുമെന്ന് വ്യക്തിപരമായി ലക്ഷ്യംവെക്കുന്നത് മാസികാ സമർപ്പണത്തിൽ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. നിങ്ങൾക്ക് ഒരു മാസികാറൂട്ട് ഉണ്ടോ? ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവർക്ക് നിങ്ങൾ മാസികകൾ കൊടുക്കാറുണ്ടോ? തെരുവു സാക്ഷീകരണത്തിൽ ഏർപ്പെടുമ്പോഴും ബിസിനസ്സ് പ്രദേശത്തും പൊതുസ്ഥലങ്ങളിലും നിങ്ങൾക്ക് മാസികകൾ കൊടുക്കാനാകുമോ? യാത്രചെയ്യുമ്പോഴും കടയിൽ പോകുമ്പോഴും ഡോക്ടറുടെ അടുത്തും മറ്റും പോകുമ്പോഴും നിങ്ങൾ മാസികകൾ കരുതാറുണ്ടോ? വീക്ഷാഗോപുരത്തിൽനിന്നും ഉണരുക!യിൽനിന്നും പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കാനുള്ള ഉചിതമായ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുക.
6 നമ്മുടെ പക്കലുള്ള പഴയ ലക്കങ്ങൾ സമർപ്പിക്കാനും നമുക്ക് ലക്ഷ്യമിടാവുന്നതാണ്. മാസികകൾ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽപ്പോലും അവയിലെ വിവരങ്ങളുടെ മൂല്യത്തിന് ഒട്ടും കുറവു സംഭവിക്കുന്നില്ല. താത്പര്യമുള്ളവർക്ക് അവ സമർപ്പിക്കുക. ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം വീക്ഷാഗോപുരം, ഉണരുക! മാസികകൾ ‘തക്കസമയത്തെ വാക്ക്’ ആണെന്നു തെളിഞ്ഞിരിക്കുന്നു. (സദൃ. 25:11) യഹോവയെ അറിയാനും സേവിക്കാനും ഇനിയും ദശലക്ഷങ്ങളെ സഹായിക്കുന്നതിന് നമുക്ക് അവ ഉപയോഗിക്കാം.
[അധ്യയന ചോദ്യങ്ങൾ]
1, 2. വീക്ഷാഗോപുരവും ഉണരുക!യും ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെ?
3. ഒന്നിലധികം മാസികകൾ സമർപ്പിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്?
4. മാസികാവേലയ്ക്കായി നമുക്ക് എങ്ങനെ സമയം പട്ടികപ്പെടുത്താൻ കഴിയും?
5. മാസികകൾ സമർപ്പിക്കാനുള്ള ഏത് അവസരങ്ങൾ സംബന്ധിച്ച് നാം ബോധവാന്മാരായിരിക്കണം, അതിന് നമ്മെ എന്തു സഹായിക്കും?
6. മാസികകളുടെ പഴയ ലക്കങ്ങൾ നമുക്കു നല്ല രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താം?