പരിഹാരം എന്ത്?
മനുഷ്യവർഗം നേരിടുന്ന ജലസംബന്ധമായ സങ്കീർണ പ്രശ്നങ്ങളെച്ചൊല്ലി വിദഗ്ധരുടെ ഇടയിൽ ചൂടുപിടിച്ച തർക്കം നടക്കുകയാണ്. അടുത്ത പത്തു വർഷത്തേക്ക് ശുചിത്വ-ജല പദ്ധതികൾക്കായി 60,000 കോടി ഡോളർ മുടക്കണമെന്നു ലോക ബാങ്ക് ആവശ്യപ്പെടുന്നു. പണം മുടക്കാതിരുന്നാലുള്ള നഷ്ടം അതിലും വലുതായിരുന്നേക്കാം. ഉദാഹരണത്തിന്, പെറുവിൽ മലിന ജലം സൃഷ്ടിച്ച, പത്ത് ആഴ്ച നീണ്ടുനിന്ന ഒരു അതിസാര പകർച്ചവ്യാധിക്കായി അടുത്ത കാലത്ത് ചെലവഴിച്ചത് 100 കോടി ഡോളറാണ്. 1980-കളിലുടനീളം ആ രാജ്യത്ത് ജലവിതരണത്തിനായി നിക്ഷേപിക്കപ്പെട്ട തുകയുടെ മൂന്നിരട്ടിയാണത്.
ജലവിതരണ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നവർക്ക് എത്രതന്നെ ഉദ്ദേശ്യശുദ്ധിയുണ്ടായിരുന്നാലും, അത്തരം പദ്ധതികൾ മിക്കപ്പോഴും തീരെ ദരിദ്രരായ ആളുകളെ സഹായിക്കാൻ ഉതകുന്നില്ല. വികസ്വര രാഷ്ട്രങ്ങളിലെ വൻനഗരങ്ങളുടെ വ്യാപനവും അവിടങ്ങളിലെ ജനസംഖ്യാവർധനവും നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണ്. പൈപ്പുവെള്ളമോ ശുചിത്വ സംവിധാനങ്ങളോ ഇല്ലാത്ത, ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ പരിതാപകരമായ അവസ്ഥയിലുള്ള കുടിലുകളിലാണ് അവർ താമസിക്കുന്നത്. ഗവൺമെൻറ് വിതരണം ചെയ്യുന്ന ജലം ലഭ്യമല്ലാത്തതുകൊണ്ട് സ്വകാര്യ വിൽപ്പനക്കാരിൽനിന്ന് വലിയ വില കൊടുത്ത് അവർക്കു വെള്ളം വാങ്ങേണ്ടിവരും. അതാകട്ടെ, മിക്കപ്പോഴും മലിനജലമായിരിക്കും.
ആഗോള ജല പ്രതിസന്ധി സങ്കീർണമാണെന്നതും അതിൽ പരസ്പരബന്ധിത ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നതും വ്യക്തമാണ്: ജല ദൗർലഭ്യം, മലിനീകരണം, ദാരിദ്ര്യം, രോഗം, പെരുകുന്ന ജനസംഖ്യയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ എന്നിവ. മനുഷ്യർക്ക് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നതും അതുപോലെതന്നെ വ്യക്തമാണ്.
ശുഭാപ്തിവിശ്വാസത്തിനുള്ള അടിസ്ഥാനം
എങ്കിലും ഭാവി, പലരും മുൻകൂട്ടിപ്പറയുന്നതുപോലെ ഇരുളടഞ്ഞ ഒന്നല്ല. കാരണം? ലോകത്തിലെ ജല പ്രതിസന്ധിക്കുള്ള പരിഹാരം മനുഷ്യരുടെ പക്കലല്ല, ദൈവത്തിന്റെ പക്കലാണ്. ജലസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള പ്രാപ്തിയും ആഗ്രഹവും ഉള്ളത് അവനു മാത്രമാണ്.
ആ യഹോവയാം ദൈവത്തിന് ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും എന്നത് നിസ്തർക്കമായ കാര്യമാണ്. ഭൂമിയുടെയും അതിലുള്ള ജലത്തിന്റെയും രൂപകൽപ്പിതാവും സ്രഷ്ടാവും അവനാണ്. ഭൂമിയിൽ ജീവൻ സാധ്യമാക്കിത്തീർക്കുന്ന ജല പരിവൃത്തിയും പ്രകൃതിയിൽ കാണുന്ന മറ്റു പരിവൃത്തികളും പ്രവർത്തനക്ഷമമാക്കിയത് അവനാണ്. വെളിപ്പാടു 14:7 യഹോവയെ “ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവ”നായി തിരിച്ചറിയിക്കുന്നു.
ഭൂമിയിലെ ജലത്തെ നിയന്ത്രിക്കാനുള്ള ശക്തി യഹോവയ്ക്കുണ്ട്. ‘ഭൂതലത്തിൽ മഴ പെയ്യിക്കുന്നതും വയലുകളിലേക്കു വെള്ളം വിടുന്നതും’ അവനാണ്. (ഇയ്യോബ് 5:10) അവനെക്കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.”—സങ്കീർത്തനം 107:35.
ജലം പ്രദാനം ചെയ്യാനുള്ള തന്റെ കഴിവ് കൂടെക്കൂടെ അവൻ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇസ്രായേല്യർ മരുഭൂമിയിൽ കഴിച്ചുകൂട്ടിയ 40 വർഷത്തിൽ അവൻ അവർക്കു വെള്ളം പ്രദാനം ചെയ്തു—ചിലപ്പോഴൊക്കെ അത്ഭുതകരമായിത്തന്നെ. “പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു” എന്ന് ബൈബിൾ പറയുന്നു. “അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം.”—സങ്കീർത്തനം 78:16, 20.
ദൈവം ചെയ്യാൻ പോകുന്നത്
ജല പ്രതിസന്ധി എന്നേക്കും തുടരാൻ ദൈവം അനുവദിക്കുകയില്ല. താമസിയാതെ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പോകുന്ന തന്റെ സ്വർഗീയ ഗവൺമെൻറിന്റെ സ്നേഹസമ്പന്നമായ ഭരണത്തിൻകീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള ആളുകൾക്കുവേണ്ടി അവൻ നടപടി കൈക്കൊള്ളുന്ന സമയം ആഗതമാകുമെന്നു ബൈബിൾ പ്രവചിക്കുന്നു.—മത്തായി 6:10.
ആ ഗവൺമെൻറ് അല്ലെങ്കിൽ രാജ്യം ജലജന്യ രോഗങ്ങൾ ഉൾപ്പെടെ മറ്റെല്ലാ രോഗങ്ങൾക്കും അറുതി വരുത്തും. ദൈവത്തിന്റെ വിശ്വസ്തർക്കു ബൈബിൾ ഉറപ്പു നൽകുന്നു: “[ദൈവം] നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; [അവൻ] രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകററിക്കളയും.” (പുറപ്പാടു 23:25) ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുമ്പോൾ’ ലോകത്തിലെ ജലത്തെ മലിനമാക്കുന്ന എല്ലാവരും പൊയ്പോയിരിക്കും.—വെളിപ്പാടു 11:18.
മുഴുഭൂമിയും ദൈവത്തിന്റെ സ്നേഹസമ്പന്നമായ കരുതലിൻകീഴിൽ തഴയ്ക്കും. മാലിന്യരഹിത ശുദ്ധജലം ലഭിക്കാനായി മനുഷ്യർ അനന്തമായി മല്ലടിക്കേണ്ടി വരികയില്ല. എപ്പോഴും സത്യം മാത്രം പറയുന്ന സർവശക്തനായ ദൈവം ഭാവിയെപ്പറ്റി ഇപ്രകാരം എഴുതാൻ തന്റെ പ്രവാചകനെ നിശ്വസ്തമാക്കി: ‘മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും; മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും.’—യെശയ്യാവു 35:6, 7; എബ്രായർ 6:18.
[10-ാം പേജിലെ ചിത്രം]
ദൈവം വാഗ്ദാനം ചെയ്യുന്നു: ‘മരുഭൂമിയിൽ വെള്ളം പൊട്ടിപ്പുറപ്പെടും. മരീചിക ഒരു പൊയ്കയായി [മാറും].’—യെശയ്യാവു 35:6, 7