ജലപ്രതിസന്ധി—യഥാർത്ഥത്തിൽ വെള്ളം വറ്റിപ്പോകുകയാണോ?
തുടക്കത്തിൽത്തന്നെ പറയട്ടെ, ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനം വെള്ളം മൂടിക്കിടക്കുന്നുവെങ്കിലും അതെല്ലാം കുടിക്കാൻ കൊള്ളുന്നതല്ല. ദൃഷ്ടാന്തമായി, ഈ വെള്ളത്തിന്റെ ഏതാണ്ട് 97 ശതമാനം സമുദ്രങ്ങളാണ്. ഇത് ശുദ്ധജലമായി തരംതിരിക്കപ്പെടുന്നത് 3 ശതമാനമായി അവശേഷിപ്പിക്കുന്നു.
എന്നിരുന്നാലും, ഈ വെള്ളത്തിന്റെ നാലിൽ മൂന്നിൽ കൂടുതൽ ഭൂമിയിലെ ഹിമസംഹതികളിലും ധ്രുവ ഹിമൂടികളിലും ഉറഞ്ഞുകിടക്കുകയാണ്. മറ്റൊരു 14 ശതമാനം ജലവാഹിസ്തരങ്ങളിലെ (വെള്ളത്തെ ഉൾക്കൊള്ളുവാനും അതിനു ചലിക്കുവാനും ഇടം നൽകുന്ന പാറക്കെട്ടുകൾ) ഭൂഗർഭജലമാണ്, അതു വളരെ ആഴത്തിലാകയാൽ വലിച്ചെടുക്കാൻ പ്രയാസമാണ്. 0.027 ശതമാനമെന്നു കണക്കാക്കപ്പെടുന്ന ശേഷിച്ച വെള്ളം ശുദ്ധജല നദികളിലൂടെയും തടാകങ്ങളിലൂടെയും അരുവികളിലൂടെയും വലിച്ചെടുക്കാൻ കഴിയുന്ന ജലവാഹിസ്തരങ്ങളിലൂടെയും ഒഴുകുന്നു. ഉപരിതലത്തിലെ ശുദ്ധജലം മഴയാലും മറ്റ് ഊറലുകളാലും പുനഃപൂരിതമാകുന്നു. എന്നാൽ ചില ജലവാഹിസ്തരങ്ങളുടെ വലിയ ആഴം നിമിത്തം അവ പുനഃപൂരിതമാക്കപ്പെടാൻ കഴികയില്ല.
ഭവനത്തിലെയും വ്യവസായത്തിലെയും ഉപയോഗത്തിന് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയുന്ന ഭീമാകാര റ്റേർബൈനുകളിൽനിന്ന് വ്യത്യസ്തമായി, പുതിയ വെള്ളം നിർമ്മിക്കാൻ കഴികയില്ല. അതുകൊണ്ട് സ്പെഷ്യൽ ചായക്കോ കാപ്പിക്കോ വേണ്ടി, അല്ലെങ്കിൽ ഊർജ്ജസ്വലത നൽകുന്ന ചൂടുവെള്ള റ്റബ്ബിനോ ഷവറിനോ വേണ്ടി വീട്ടിൽ വാട്ടർറ്റാപ്പ് ഓൺ ചെയ്യുമ്പോഴും വ്യാവസായിക സ്ഥാപനങ്ങളിൽ അല്ലെങ്കിൽ നീന്തൽ കുളങ്ങളിൽ വീണ്ടും വെള്ളം നിറയ്ക്കുന്നതിന് വലിയ വാൽവുകൾ തുറക്കുമ്പോഴും അടുത്തുള്ള നദികളിൽ നിന്നോ തടാകങ്ങളിൽനിന്നോ ജലവാഹിസ്തരങ്ങളിൽനിന്ന് വലിച്ചെടുക്കുന്ന കിണറുകളിൽനിന്നോ വെള്ളം വരേണ്ടിയിരിക്കുന്നു. ഭൂമിയിലെ വാർഷിക മഴവീഴ്ച സമൃദ്ധമാണെങ്കിലും അതു ഭൂമിയുടെ എല്ലാഭാഗങ്ങളിലും തുല്യഅളവുകളിൽ പതിക്കുന്നില്ല. ഭൂമിയുടെ ചില ഭാഗങ്ങളിൽ വർഷപാതം സമൃദ്ധിയിലും കവിഞ്ഞതായിരിക്കാം. അതേസമയം മറ്റു ചിലടങ്ങളിൽ വർഷങ്ങളായി മഴവീഴ്ച ഇല്ലായിരിക്കാം. മഴ ദുർല്ലഭമായിരിക്കുന്ന സ്ഥലങ്ങളിൽ കൃഷിക്ക് വലിയ ജലസേചന പദ്ധതികൾ ആവശ്യമാണ്. ഈ വെള്ളം പമ്പുചെയ്യുന്നത് പുനഃപൂരണം ഇല്ലാത്തതോ അപര്യാപ്തമോ ആയ ജലവാഹിസ്തരങ്ങളിൽനിന്നാണ്. ഇത് കിണറുകൾ വറ്റിപ്പോകുന്നതിൽ കലാശിച്ചിട്ടുണ്ട്.
ജലവാഹിസ്തരങ്ങൾ വറ്റിപ്പോകുന്നു
ഈ ജലവാഹിസ്തരങ്ങളിൽ ലോകത്തിലേക്കും ഏറ്റവും വലുത് ഓഗല്ലാല ആണ്. അത് മദ്ധ്യപശ്ചിമ ഐക്യനാടുകളിലെ ആറു സംസ്ഥാനങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. ഭവനവും വ്യവസായവും ജലസേചനവും മർമ്മപ്രധാനമായി അതിനെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ അത് കോടിക്കണക്കിനാളുകളെ ജീവൽ പ്രധാനമായി ബാധിക്കുന്ന ഒരു പ്രതിസന്ധിയോടടുക്കുകയാണ്. ഇപ്പോൾ ഓഗല്ലാലയിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന 200000 കിണറുകളുണ്ട്. 60000 ചതുരശ്രമൈൽa വിസ്തീർണ്ണം വരുന്ന ഒരു പ്രദേശത്ത് അതിലെ ജല വിതാനം 10 മുതൽ 15 വരെ അടി താണുപോയിരിക്കുന്നു. ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുകയുണ്ടായി: “ഒരു ഐസ്ക്രീം സോഡായിൽ തങ്ങളുടെ സ്ട്രോകൾ ഞെരുക്കിക്കടത്തിയിരിക്കുന്ന ഒരു കൂട്ടം ബാലൻമാരെപ്പോലെ അവർ പെട്ടെന്ന് അത് ഈമ്പിക്കുടിച്ചു വറ്റിക്കുകയാണ്.”
ഈ ആസന്നമായ പ്രതിസന്ധിയുടെ ആരംഭം ചിലർക്ക് ഇപ്പോൾത്തന്നെ അനുഭവപ്പെടുന്നുണ്ട്. “എന്റെ 11 കിണറുകളുടെ അടിത്തട്ടുകളിൽനിന്ന് ഏതാനും അടിവരെ പമ്പിംഗ് നിരപ്പ് താണുപോയിരിക്കുന്നു, അഞ്ചു വർഷമായി അങ്ങനെതന്നെയാണ്. ഞാൻ വളരെ വേഗം പമ്പു ചെയ്യുകയാണെങ്കിൽ എന്റെ വെള്ളം വറ്റിപ്പോകുന്നു” എന്ന് ഒരു കൃഷിക്കാരൻ പറയുകയുണ്ടായി. “ഒടുവിൽ വെള്ളം പൊയ്പ്പോകും, ചില പ്രദേശങ്ങളിൽ ആ സമയം ഈ തലമുറയിൽതന്നെ വന്നേക്കാം” എന്ന് ഒരു എഴുത്തുകാരൻ പറയുകയുണ്ടായി. ഓഗല്ലാല 40 വർഷം കൊണ്ടു വറ്റിപ്പോകുമെന്ന് ചില വിദഗ്ദ്ധൻമാർ കണക്കാക്കുന്നു.
മറ്റനേകം അമേരിക്കൻ ജലവാഹിസ്തരങ്ങളും ഗുരുതരമായ ദുരുപയോഗത്തിന് വിധേയമാകുന്നുണ്ട്. ഏറ്റവും ഗുരുതരമായ കേസുകളിൽ പെട്ടതാണ് ആരിസോണാ, റ്റക്ക്സൻ നഗരത്തിനടിയിൽ സ്ഥിതിചെയ്യുന്ന ഒന്ന്—ഭൂഗർഭപദ്ധതിയെ പൂർണ്ണമായും ആശ്രയിക്കുന്ന ഐക്യനാടുകളിലെ ഏറ്റവും വലിയ നഗരമാണിത്. ഭവനവും വ്യവസായവും കൃഷിക്കളങ്ങളും ചെമ്പുഖനികളും ഇതിനെ ആശ്രയിക്കുന്നു. ഫലം 1960-കൾ മുതൽ ജലവിതാനത്തിൽ ഞെട്ടിക്കുന്ന 150 അടിയുടെ താഴ്ച അനുഭവപ്പെട്ടിരിക്കുന്നുവെന്നതാണ്. ഈ ജലവാഹിസ്തരത്തിൽനിന്ന് പമ്പുചെയ്യുന്ന വെള്ളത്തിന്റെ 35 ശതമാനം മാത്രമേ വാർഷികമായി പുനഃപൂരിതമാകുന്നുള്ളു.
ചില പ്രദേശങ്ങളിൽ ഈ ഭൂഗർഭ റിസർവോയറുകൾ 160-ൽപരം അടി താണുപോയിരിക്കുന്നു. ദൃഷ്ടാന്തമായി റ്റെക്സാസിലെ എൽപാസോയിലും മെക്സിക്കോയിലെ കിയുഡാഡ് ജ്വാരസിലും അമിത പമ്പിംഗ് നിമിത്തം ഭൂഗർഭ ജലനിരപ്പുകൾ ഗണ്യമായി താണിട്ടുണ്ട്. ഡാല്ലസ്—ഫോർട്ട് വേർത്ത് മെട്രോപ്പോലീറ്റൻ പ്രദേശത്ത് കഴിഞ്ഞ 25 വർഷംകൊണ്ട് ജലവിതാനങ്ങൾ 390-ൽപരം അടി താണിരിക്കുന്നു. ഈ തുടർച്ചയായ ജലബാദ്ധ്യത ഭൂഗർഭ പാപ്പരത്വത്തിലേക്കു മാത്രമേ നയിക്കുകയുള്ളു.
ആ രാഷ്ട്രത്തിലെ ജലവാഹിസ്തരങ്ങളിൽനിന്നുള്ള അമിതപമ്പിംഗ്, ജലവിതാനങ്ങൾ അപകടകരമായി താണ് ക്ഷയിക്കലിലേക്കു നീങ്ങുന്നതു കൂടാതെ, ഗുരുതരമായ പാർശ്വ ഫലങ്ങളിലും കലാശിക്കുന്നുണ്ട്. ദൃഷ്ടാന്തമായി, റ്റെക്സാസിലെ മുഴു ഹൂസ്റ്റൺ നഗരവും മണലും കളിമണ്ണും നിറഞ്ഞ അതിന്റെ അടിത്തറയിലേക്ക് താഴുകയാണെന്ന് 1982 സെപ്റ്റംബർ 26-ലെ ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. “കാരണം വെള്ളമാണ്. നഗരത്തിനടിയിലെ വിസ്തൃതമായ ജലവാഹിസ്തരങ്ങളിൽ നിന്ന് അമിത പമ്പിംഗ് നടത്തി കഴിഞ്ഞ ദശാബ്ദത്തിലെ കഴുത്തൊടിക്കുന്ന വികസനത്തെ പോഷിപ്പിച്ചിരിക്കുന്നു. ഭാവി ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിന് ഭൗമജലം മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ അത് 2020 എന്ന വർഷമാകുമ്പോഴേക്ക് 14 അടികൂടെ താണേക്കാം” എന്ന് ആ പത്രം റിപ്പോർട്ടു ചെയ്തു.
അതേ വർഷം ആരിസോണാ സംസ്ഥാനത്തെ സമാനമായ ഒരു സാഹചര്യത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഭൂമിയിൽ ചില പ്രദേശങ്ങളിൽ 400 അടി ആഴവും ഏഴുമൈൽ ദൈർഘ്യവുമുള്ള വലിയ പിളർപ്പുകൾ കണ്ടതായി റിപ്പോട്ടു ചെയ്യപ്പെട്ടു.b ഈ പിളർപ്പുകൾ കൃഷിയിടങ്ങളിലെയും നഗരങ്ങളിലെയും ഉപയോക്താക്കൾക്കുവേണ്ടി ജലവാഹിസ്തരങ്ങളിൽനിന്ന് വൻതോതിൽ വെള്ളം പമ്പു ചെയ്തതിന്റെ നേരിട്ടുള്ള ഒരു ഫലമായിരുന്നു. ജലവിതാനം ഗണ്യമായി കുറയുമ്പോൾ അതിന്റെ മുകളിലെ ഉപരിതലം ഇടിയുന്നു, ചില സ്ഥലങ്ങളിൽ അടിയിലെ പാറത്തറ വരെ 400 അടി ആഴം വരുന്ന വമ്പിച്ച വിള്ളലുകൾ രൂപംകൊള്ളുന്നു. കൂടാതെ, ഫ്ളോറിഡാ സംസ്ഥാനത്ത് ജലവാഹിസ്തരങ്ങളിൽനിന്നുള്ള അമിത പമ്പിംഗ് നിലത്തിന് തുരങ്കംവെച്ചിരിക്കുന്നു, ഭവനങ്ങളെയും മോട്ടോർ വാഹനങ്ങളെയും വിഴുങ്ങിയ ചാലുകൾ സൃഷ്ടിച്ചിരിക്കുന്നു.
അമേരിക്കൻ ഐക്യനാടുകളിലെ ഭൂഗർഭ ജലപ്രതിസന്ധിയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വാർത്താമാദ്ധ്യമത്തിലൂടെ മിക്കവാറും തുടർച്ചയായി വരുന്നുണ്ട്. അത് ഒരു ദേശീയ ഉൽക്കണ്ഠയാണ്. “ജലവാഹിസ്തരത്തിന്റെ നിരന്തര ശുഷ്ക്കിപ്പിക്കൽ രാജ്യത്തിനും നമ്മുടെ സാമ്പത്തിക വളർച്ചക്കും നമ്മുടെ ജീവിതഗുണനിലവാരത്തിനും ഭീഷണിയായി അംഗീകരിക്കപ്പെടുന്നു” എന്ന് യു. എസ്. പ്രതിനിധിസഭയിലെ ജോൺ പി. ഹാമർഷ്മിത്ത് പറയുകയുണ്ടായി. “സമൃദ്ധിയുടെ ദേശം വെള്ളം ഒട്ടുമില്ലാത്തടത്ത് അതിനുവേണ്ടി ഒടുങ്ങാത്ത ആവശ്യം സൃഷ്ടിച്ചിരിക്കുന്നു”വെന്ന് ഒരു യു. എസ്. സെനറ്റർ പറഞ്ഞു. “നമ്മുടെ ഭൗമ ജലവാഹിസ്തരങ്ങൾ നഷ്ടപ്പെട്ടാൽ, അത് അവസാനമാണ്. അത് പുനരുദ്ധരിക്കുന്നതിന് ഒരു ആയിരം വർഷം എടുത്തേക്കാം” എന്ന് കോൺഗ്രസ്മേൻ റോബർട്ട് റോ പ്രസ്താവിച്ചു.
“50 വർഷം കൊണ്ട് ഫീനിക്സ് കാണുകയില്ല”
സെനറ്റർ ഡാനിയൽ മൊയ്നിഹാൻ ഇങ്ങനെ പ്രസ്താവിച്ചു: “എണ്ണ കൂടാതെ നിങ്ങൾക്ക് ജീവിക്കാം, സ്നേഹം കൂടാതെപോലും നിങ്ങൾക്കു ജീവിക്കാം, എന്നാൽ വെള്ളം കൂടാതെ നിങ്ങൾക്ക് ജീവിക്കാവതല്ല എന്ന് ഞാൻ ഒരിക്കൽ സെനറ്റിൽവച്ചു പറഞ്ഞതാണ് . . . സൗത്ത് വെസ്റ്റിന്റെ അടിയിലെ ജലവാഹിസ്തരങ്ങൾ വറ്റിയാൽ 50 വർഷം കൊണ്ട് ഫീനിക്സ് [ആരിസോണാ] കാണുകയില്ല; സുഹൃത്തേ, ഖേദിക്കുന്നു, വെള്ളം പൊയ്പ്പോയിരിക്കുന്നു. അത് യഥാർത്ഥമായ—പിമ്പോട്ടടിക്കാൻ കഴിയാത്ത—ഒരു പ്രതിസന്ധിയാണ്.” 1985 മാർച്ച് 18-ലെ യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് മാസിക ഒരു അന്തിമ പ്രസ്താവന കൂട്ടിച്ചേർക്കുന്നു: “വെള്ളം വറ്റിപ്പോകുകയെന്ന ആശയം മിക്ക അമേരിക്കക്കാർക്കും ഭാവനാപൂർണ്ണമെന്നു തോന്നിയേക്കാം. എന്നാൽ ‘സമൃദ്ധിയുടെ ദേശ’ത്തെ വെള്ളത്തെക്കുറിച്ചുള്ള ആത്മവിശ്വാസം അവസാനിക്കുകയാണെന്ന് ഒട്ടേറെ ജലശാസ്ത്രജ്ഞൻമാരും എൻജിനിയർമാരും പരി:സ്ഥിതി ശാസ്ത്രജ്ഞൻമാരും ശഠിക്കുന്നു.”
ലോകത്തിനു ചുറ്റുമുള്ള മറ്റു രാഷ്ട്രങ്ങളും തങ്ങളുടെ ഭൂഗർഭ ജല പദ്ധതികളുടെ സത്വര ശോഷണത്തെക്കുറിച്ച് കഠിന വിലാപം നടത്തുന്നുണ്ട്. 70-കളുടെ ദശാബ്ദത്തിൽ ജലസേചനത്തിനായുള്ള അമിത പമ്പിംഗ് നിമിത്തം തങ്ങളുടെ ജലനിരപ്പുകൾ നൂറടിയോളം താണതായി ദക്ഷിണേന്ത്യയിലെ ചില പ്രദേശങ്ങൾ കണ്ടെത്തി. ചൈനയുടെ ഉത്തര പ്രവിശ്യകളിൽ അടിസ്ഥാനപരമായി ജലവാഹിസ്തരങ്ങളിൽനിന്ന് ജലവിതരണം നടത്തുന്ന പത്തു വൻനഗരങ്ങൾ അമിത പമ്പിംഗ് നിമിത്തമുള്ള നിരപ്പുതാഴ്ചയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. അവയുടെ ജലവാഹിസ്തരങ്ങളുടെ ശോഷണവും സമ്മർദ്ദനവും നിമിത്തം ഈ നഗരങ്ങളിൽ ചിലത് 1950 മുതൽ വർഷംതോറും 8 മുതൽ 12 ഇഞ്ചുവരെ താണുകൊണ്ടാണിരിക്കുന്നത്.c മെക്സിക്കോ നഗരത്തിനും താഴ്ച നിമിത്തം കരപ്രദേശത്തിനു തകരാറുണ്ടാകുമെന്നുള്ള ഭീഷണിയുണ്ട്.
ജലവാഹിസ്തരങ്ങൾ സമുദ്രത്തോടടുത്തായിരിക്കുന്ന പ്രദേശങ്ങളിൽ പ്രശ്നം സങ്കീർണ്ണമാകുന്നു. ജലവാഹിസ്തരങ്ങളിൽ പമ്പിംഗ് നിമിത്തം നിരപ്പുകൾ താഴുമ്പോൾ സമുദ്രത്തിൽ നിന്ന് ഉപ്പുവെള്ളം തള്ളിക്കയറുകയും ഈ നുഴഞ്ഞുകയറ്റത്താൽ ശുദ്ധജലം മലിനമായിത്തീരുകയും ചെയ്യുന്നു. യിസ്രായേൽ, സിറിയാ, അറേബ്യൻ ഗൾഫ് നാടുകൾ എന്നിവ ഭൂമിക്കടിയിലെ ഈ വെള്ളങ്ങളുടെ യുദ്ധത്തെ നേരിടേണ്ടിയിരിക്കുന്നു.
സോവ്യറ്റ് യൂണിയന്റെ ദുരവസ്ഥയും വെള്ളത്തിനായുള്ള അതിന്റെ പോരാട്ടവും മറ്റു രാജ്യങ്ങളെപ്പോലെ പ്രമാണീകൃതമല്ലെങ്കിലും അതും സമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. വിശേഷിച്ച് ജനസംഖ്യാ വളർച്ച സ്ഫോടനാത്മകമായിരിക്കുന്ന മൂന്നാം ലോകവും വെള്ളത്തിനായുള്ള ജീവൻമരണപോരാട്ടത്തെക്കുറിച്ച് അറിയാനിടയായിട്ടുണ്ട്. കുറഞ്ഞുകൊണ്ടിരിക്കുന്ന ജല ലഭ്യത ലോകത്തിനു ചുറ്റും സത്വരം ഒരു നിഗൂഢ പ്രതിസന്ധിയായിത്തീരുകയാണ്.
നിങ്ങളുടെ ജല ലഭ്യത സമൃദ്ധമാണെങ്കിൽപോലും, അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെ, നിങ്ങളും ഈ ജല പ്രതിസന്ധിയാൽ ബാധിക്കപ്പെട്ടേക്കാം. (g86 11/22)
[അടിക്കുറിപ്പുകൾ]
a 1 അടി=0.3മീ.
1 ച.മൈ.=2.6ച. കി.മീ.
b 1 മൈ.=1.6കി.മീ.
c 1 ഇ.=2.5സെ.മീ.
[6-ാം പേജിലെ ആകർഷകവാക്യം]
“എണ്ണ കൂടാതെ നിങ്ങൾക്കു ജീവിക്കാം, സ്നേഹം കൂടാതെപോലും നിങ്ങൾക്കു ജീവിക്കാം, എന്നാൽ വെള്ളം കൂടാതെ നിങ്ങൾക്കു ജീവിക്കാവതല്ല”
[7-ാം പേജിലെ ഗ്രാഫ്/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഭൂമിയിലെ വെള്ളത്തിന്റെ 97% ഉപ്പുകലർന്ന സമുദ്രങ്ങളിലാണ്
2.973% ഹിമസംഹതികളിലും ധ്രുവഹിമ മൂടികളിലും ആഴംകൂടിയ ജലവാഹിസ്തരങ്ങളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലമാണ്
0.027% കുളങ്ങളിലും നദികളിലും ആഴംകുറഞ്ഞ ജലവാഹിസ്തരങ്ങളിലും ലഭ്യമായ ശുദ്ധജലമാണ്