രണ്ടാനച്ഛനമ്മമാർക്കുള്ള നിർദേശങ്ങൾ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററഞ്ചോടെ വളർത്തു കുടുംബങ്ങളുടെ എണ്ണം പരമ്പരാഗത കുടുംബങ്ങളുടെ എണ്ണത്തെക്കാൾ കവിയുമെന്നു യു.എസ് കാനേഷുമാരി ബ്യൂറോ പ്രവചനം നടത്തുന്നു. അപ്പോഴേക്കും ഓരോ 100 കുട്ടികളിൽ 59 പേർ 18 വയസ്സാകുന്നതിനു മുമ്പു “സമ്മിശ്ര കുടുംബങ്ങ”ളിൽ (ഒരു രണ്ടാനച്ഛനോ രണ്ടാനമ്മയോ ഉള്ള കുടുംബങ്ങൾ) താമസിക്കും. വർധിച്ചുവരുന്ന രണ്ടാനച്ഛനമ്മമാരെ സഹായിക്കാനുള്ള ചില നിർദേശങ്ങളാണു പിൻവരുന്നവ.
അതിനു സമയം കൊടുക്കുക: മുൻ വിവാഹത്തിലെ കുട്ടികൾ ഒരു പുതിയ അമ്മയെയോ അച്ഛനെയോ അംഗീകരിക്കുന്നതിനു കുറെ സമയമെടുക്കുമെന്നു രണ്ടാനച്ഛനമ്മമാർ ഓർത്തിരിക്കണം. മാനസികാരോഗ്യ വിദഗ്ധയായ മാവിസ് ഹാതറിങ്ടൺ, ആദ്യത്തെ ചില മാസങ്ങൾ—അല്ലെങ്കിൽ വർഷങ്ങൾ—വളരെ പ്രയാസമുള്ളതായിരിക്കാവുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുന്നു: “പുനർവിവാഹത്തിന്റെ ആദിമ ഘട്ടങ്ങളിൽ ആൺമക്കളും പെൺമക്കളും, തങ്ങളുടെ രണ്ടാനച്ഛനോടു മാത്രമല്ല അമ്മയോടും വിദ്വേഷവും വെറുപ്പും നിഷേധാത്മക മനോഭാവവും കോപവും ഉള്ളവരായിരിക്കും. വീണ്ടും വിവാഹം ചെയ്തതിന് . . . അവർ തങ്ങളുടെ അമ്മയോടു ദേഷ്യമുള്ളവരാണ്.” കുട്ടികളുടെ വികാരങ്ങൾ മനസ്സിലാക്കുക വെല്ലുവിളി ഉയർത്തുന്നതായിരുന്നേക്കാമെങ്കിലും രണ്ടാനച്ഛനമ്മമാർ അതിനു ശ്രമിക്കണം.—സദൃശവാക്യങ്ങൾ 19:11 കാണുക.
ആദ്യമേ ഒരു നല്ല ബന്ധം വളർത്തിയെടുക്കുക: രണ്ടാനച്ഛനമ്മമാർ മുൻ വിവാഹത്തിലെ കുട്ടികളുമായി ഒരു നല്ല ബന്ധം വളർത്തിയെടുത്താൽ അവരുടെ സ്വഭാവത്തെ തിരുത്താൻ പററിയ ഒരു സ്ഥാനത്തായിരിക്കും എന്നു ജോയ് കേണൽ ദത്തുകുടുംബങ്ങൾ (Stepfamilies) എന്ന തന്റെ പുസ്തകത്തിൽ രണ്ടാനച്ഛനമ്മമാർക്കു ജ്ഞാനപൂർവം മുന്നറിയിപ്പു നൽകുന്നു. അതിനിടയിൽ, ജഡിക മാതാവോ പിതാവോ കുട്ടികൾക്ക് ആവശ്യമായ ശിക്ഷണം കൊടുക്കുന്നത് ഉചിതമാണ്. (സദൃശവാക്യങ്ങൾ 27:6 താരതമ്യപ്പെടുത്തുക.) മറുവശത്ത്, നടക്കാനായി കൊണ്ടുപോകുന്നതോ ഒന്നിച്ചു കളിക്കുന്നതോ പോലെ അവർ ദീർഘനാളായി ആസ്വദിച്ചിരുന്ന പതിവു ചിട്ടകളെ പിന്തുണച്ചുകൊണ്ടു കുട്ടികൾക്ക് ഒരു തുടർച്ച പ്രദാനം ചെയ്യാൻ രണ്ടാനച്ഛനമ്മമാർക്കു കഴിയും. രണ്ടാനച്ഛൻമാർ, കുടുംബത്തെ ശാസിക്കാനുള്ള അവസരങ്ങളായി ഭക്ഷണവേളകളെ ഉപയോഗപ്പെടുത്തരുത്.
പക്ഷപാതിത്വം ഒഴിവാക്കുക: ചിലപ്പോൾ ദുഷ്കരമായിരുന്നേക്കാമെങ്കിലും സാധ്യമെങ്കിൽ രണ്ടാനച്ഛനോ രണ്ടാനമ്മയോ തങ്ങളുടെ സ്വന്തം കുട്ടികളോടുള്ള പക്ഷപാതിത്വത്തിന്റെ എന്തെങ്കിലും ലാഞ്ചന ഒഴിവാക്കണം.—റോമർ 2:11 താരതമ്യപ്പെടുത്തുക.
ശ്രദ്ധയോടെ അടുത്തു വരിക: രണ്ടാനച്ഛൻമാർക്കും ഭാര്യാപുത്രിമാർക്കും ഒത്തുപോകുക എന്നതു മിക്കപ്പോഴും വിശേഷാൽ പ്രയാസകരമാണെന്നു ദത്തു കുടുംബങ്ങളെ സംബന്ധിച്ച അടുത്ത കാലത്തെ ഒരു പഠനം കണ്ടെത്തി. ഒരു ഗ്രന്ഥകാരൻ ഇത് ഈ വിധം പ്രസ്താവിക്കുന്നു: “രണ്ടാനച്ഛൻമാർ ആശയവിനിയമം നടത്താൻ ശ്രമിക്കുന്നു, പെൺകുട്ടികൾ പിൻവലിയുന്നു. രണ്ടാനച്ഛൻമാർ അല്പം ശിക്ഷണം നൽകാൻ ശ്രമിക്കുന്നു, പെൺകുട്ടികൾ മറുത്തുനിൽക്കുന്നു.” ഈ ഗ്രന്ഥകർത്താവ് ഇപ്രകാരം ഉപസംഹരിക്കുന്നു: “രണ്ടാനച്ഛൻമാർക്കു പെൺകുട്ടികളുടെ കാര്യത്തിൽ ആരംഭഘട്ടങ്ങളിൽ വിജയകരമായി ഒന്നുംതന്നെ ചെയ്യാനില്ല എന്നു തോന്നുന്നു.” അതുകൊണ്ടു വലിയ ക്ഷമയും സമാനുഭാവവും ആവശ്യമാണ്. തങ്ങളുടെ രണ്ടാനച്ഛൻമാരിൽനിന്നുള്ള പ്രശംസനീയ വാക്കുകൾ പെൺകുട്ടികൾ വിലമതിച്ചേക്കാമെങ്കിലും, കെട്ടിപ്പിടുത്തം പോലുള്ള അംഗവിക്ഷേപങ്ങളിൽ അവർക്കു മിക്കപ്പോഴും അസ്വസ്ഥത തോന്നുന്നു. പെൺകുട്ടികൾക്ക് ഈ വിധത്തിൽ തോന്നിയേക്കാമെന്നു രണ്ടാനച്ഛൻ മനസ്സിലാക്കണം. അവൾക്ക് അപ്രകാരം തോന്നുന്നെങ്കിൽ സ്നേഹത്തിന്റെ ശാരീരിക പ്രകടനത്തെക്കാൾ വാക്കാലുള്ള പ്രശംസയ്ക്കും ചർച്ചയ്ക്കും അദ്ദേഹം കൂടുതൽ ഊന്നൽ കൊടുക്കണം.—സദൃശവാക്യങ്ങൾ 25:11 താരതമ്യപ്പെടുത്തുക.
അസൂയ സംബന്ധിച്ചു ജാഗ്രത പുലർത്തുക: ഒരു രണ്ടാനമ്മയെ തന്നോടു മത്സരിക്കുന്ന ഒരാളായി മനസ്സിലാക്കാൻ ഭർത്താവിന്റെ മുൻവിവാഹത്തിലെ ധാരാളം പെൺകുട്ടികൾ പ്രവണത കാട്ടുന്നതായി അനുഭവം പ്രകടമാക്കുന്നു. പെൺകുട്ടിയുടെ വികാരങ്ങൾ മനസ്സിലാക്കുകയും അതിന് ഊന്നൽ കൊടുക്കുകയും ചെയ്യുന്ന ഒരു രണ്ടാനമ്മ അങ്ങനെ ചെയ്യുകവഴി ശ്രദ്ധയാകർഷിക്കാനുള്ള അനാവശ്യ ശ്രമങ്ങൾ ജ്ഞാനപൂർവം ഒഴിവാക്കുന്നു. തന്റെ തുടർന്നുള്ള സ്നേഹവും ആദരവും സംബന്ധിച്ചു തന്റെ മകൾക്ക് ഉറപ്പു കൊടുത്തുകൊണ്ടു പിരിമുറുക്കം ഒഴിവാക്കാൻ പിതാവിനു വളരെയധികം ചെയ്യാൻ കഴിയും. (സദൃശവാക്യങ്ങൾ 15:1) തങ്ങളുടെ പുതിയ വളർത്തു പുത്രിമാരോടുള്ള ബന്ധത്തിൽ വളത്തമ്മമാർ വളരെ വേഗം ഒരു അമ്മയായി സ്വീകരിക്കപ്പെടാൻ കഠിനമായി ശ്രമിക്കുന്നതായി ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇവിടെയും ക്ഷമയാണു താക്കോൽ.
ഒരു രണ്ടാനമ്മയോ രണ്ടാനച്ഛനോ ആയിരിക്കുന്നത് എളുപ്പമല്ല. എന്നാൽ, ആയിരക്കണക്കിനു വിജയപ്രദമായ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നതുപോലെ ഇതു ചെയ്യാൻ കഴിയും. “സ്നേഹം ധരിച്ചുകൊള്ളുക, എന്തെന്നാൽ അത് ഐക്യത്തിന്റെ സമ്പൂർണ ബന്ധമാകുന്നു” എന്നു ബൈബിൾ പറയുമ്പോൾ ഏതു കുടുംബ സാഹചര്യത്തിലും വിജയത്തിനുള്ള അത്യുത്തമ ബുദ്ധ്യുപദേശം അതു പ്രദാനം ചെയ്യുന്നു എന്ന് ഓർക്കുക.—കൊലോസ്യർ 3:14, NW. (g93 7/8)