യുദ്ധം പൊള്ളുന്ന യാഥാർഥ്യങ്ങൾ
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഇംപീരിയൽ വാർ മ്യൂസിയത്തിൽ, ആരുടെയും ശ്രദ്ധ പിടിച്ചെടുക്കാൻ പോന്ന അസാധാരണമായ ഒരു ഘടികാരവും ഒരു ഗണനയന്ത്രവും ഉണ്ട്. ഈ ഘടികാരം സമയം കാണിക്കുന്നതിനു വേണ്ടിയുള്ളതല്ല. ഈ നൂറ്റാണ്ടിന്റെ മുഖമുദ്രയായ ഒന്നിന്റെ വ്യാപ്തി ഗ്രഹിക്കാൻ ആളുകളെ സഹായിക്കുന്നതിനു വേണ്ടിയാണ് അതു സ്ഥാപിച്ചിട്ടുള്ളത്—യുദ്ധം. ഘടികാരത്തിന്റെ സൂചി തിരിയവെ ഓരോ 3.31 സെക്കൻഡിലും ഗണനയന്ത്രം അതിന്റെ കണക്കിലേക്ക് ഒരു അക്കം കൂടി ചേർത്തുകൊണ്ടിരിക്കും. 20-ാം നൂറ്റാണ്ടിൽ യുദ്ധത്തിന്റെ ഫലമായി മൃതിയടഞ്ഞ ഓരോ സ്ത്രീയെയും പുരുഷനെയും കുട്ടിയെയും ആണ് ആ അക്കങ്ങൾ ഓരോന്നും കുറിക്കുന്നത്.
1989 ജൂണിൽ ആണ് ഗണനയന്ത്രം അതിന്റെ എണ്ണൽ തുടങ്ങിയത്. 1999 ഡിസംബർ 31 അർധരാത്രിക്ക് അത് അവസാനിക്കുകയും ചെയ്യും. അപ്പോഴേക്കും, അതിലെ സംഖ്യ പത്തുകോടി എന്നു രേഖപ്പെടുത്തപ്പെടും. കഴിഞ്ഞ 100 വർഷത്തിനിടയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകളുടെ ഒരു ഏകദേശ കണക്കാണ് ഇത്.
പത്തുകോടി ആളുകൾ! ഒന്നാലോചിച്ചു നോക്കൂ! ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ ഇരട്ടിയിലധികം വരും അത്. എന്നാൽ, യുദ്ധത്തിൽ ബലിയാടുകളായവർക്ക് അനുഭവിക്കേണ്ടി വന്ന കൊടുംഭീതിയെക്കുറിച്ചോ വേദനയെക്കുറിച്ചോ ആ സ്ഥിതിവിവരക്കണക്ക് യാതൊന്നും വെളിപ്പെടുത്തുന്നില്ല. മരണമടഞ്ഞവരുടെ ഉറ്റവരുടെയും ഉടയവരുടെയും—ദശലക്ഷക്കണക്കിന് അമ്മമാർ, അച്ഛന്മാർ, സഹോദരീസഹോദരന്മാർ, വിധവമാർ, അനാഥർ—കരളലിയിക്കുന്ന കദനകഥകളെ കുറിച്ച് അതു തികഞ്ഞ മൗനം പാലിക്കുകയാണ്. എന്നാൽ അതു വെളിപ്പെടുത്തുന്ന ഒന്നുണ്ട്: മനുഷ്യചരിത്രം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വിനാശകരമായ നൂറ്റാണ്ട് നമ്മുടേതാണ്; കൊടുംക്രൂരതകളുടെ കാര്യത്തിൽ ഇതിനോടു കിടപിടിക്കാൻ മറ്റൊരു നൂറ്റാണ്ടുമില്ല.
20-ാം നൂറ്റാണ്ടിന്റെ ചരിത്രം നമ്മുടെ ശ്രദ്ധയിൽ പെടുത്തുന്ന മറ്റൊരു കാര്യവുമുണ്ട്, അന്യോന്യം കൊന്നൊടുക്കുന്നതിൽ മനുഷ്യർ എത്ര നിപുണരായി തീർന്നിരിക്കുന്നു എന്നത്. ചരിത്രത്തിന്റെ ഏടുകൾ പരിശോധിക്കുമ്പോൾ, 20-ാം നൂറ്റാണ്ടു വരെ പുതിയ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ വളരെ സാവധാനത്തിലുള്ള പുരോഗതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും 20-ാം നൂറ്റാണ്ടിലാണ് ആയുധങ്ങളുടെ ഒരു കുത്തൊഴുക്ക് ഉണ്ടായത് എന്നും കാണാം. 1914-ൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ, കുന്തങ്ങളുമേന്തി കുതിരപ്പുറത്തിരുന്നു യുദ്ധം ചെയ്ത സൈന്യങ്ങൾ യൂറോപ്പിലുണ്ടായിരുന്നു. എന്നാൽ ഇന്നാണെങ്കിൽ, ഉപഗ്രഹ സെൻസറുകളുടെയും കമ്പ്യൂട്ടർവത്കൃത മാർഗനിർദേശക സംവിധാനങ്ങളുടെയും സഹായത്താൽ, കടുകിട പോലും തെറ്റാതെ ഭൂമിയുടെ ഏതു ഭാഗത്തു വേണമെങ്കിലും മരണം വിതയ്ക്കാൻ മിസൈലുകൾക്കു കഴിയും. ഇവയ്ക്ക് ഇടയിലുള്ള കാലഘട്ടം, തോക്കുകൾ, ടാങ്കുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ, ജൈവ-രാസായുധങ്ങൾ എന്നിവയുടെ മാത്രമല്ല “ബോംബുകളുടെയും” വികസനത്തിനും അവയുടെ ക്ഷമത വർധിപ്പിക്കലിനും സാക്ഷ്യം വഹിച്ചു.
വിരോധാഭാസമെന്നു പറയട്ടെ, യുദ്ധം എന്ന കളിയിൽ മനുഷ്യൻ അതീവപ്രാവീണ്യം നേടിയിരിക്കുന്നതിനാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാതെ അവനതു കളിക്കാൻ കഴിയില്ല എന്ന ഘട്ടത്തോളമെത്തിയിരിക്കുന്നു കാര്യങ്ങൾ. ഫ്രാങ്കെൻസ്റ്റൈൻ എന്ന സങ്കൽപ്പ കഥയിലെ ഭീകരരൂപി അതിന്റെ സൃഷ്ടികർത്താവിനെ നശിപ്പിക്കുന്നതു പോലെ, യുദ്ധം അതിന് ഇത്ര നശീകരണാത്മകമായ ശക്തി കൊടുത്തവരെ തന്നെ നശിപ്പിക്കുമെന്ന നിലയാണിപ്പോൾ. ഈ ഭീകരരൂപിയെ തളയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കുമോ? തുടർന്നു വരുന്ന ലേഖനങ്ങൾ ഇതു പരിചിന്തിക്കുന്നതായിരിക്കും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo
U.S. Coast Guard photo
By Courtesy of the Imperial War Museum