ബൈബിൾസാഹിത്യങ്ങൾ സമർപ്പിക്കുന്നതിന് ജാഗ്രതയുണ്ടായിരിക്കുക
1 യഹോവ തന്റെ സ്ഥാപനംമുഖാന്തരം ബൈബിൾസാഹിത്യങ്ങൾ ക്രമമായി പ്രദാനം ചെയ്യുന്നതിൽ നാം എത്ര നന്ദിയുളളവരാണ്! നാം ഈ ആത്മീയാഹാരത്തെ വളരെയധികം വിലമതിക്കുന്നു. ഒരു പുതിയ പ്രസിദ്ധീകരണം ലഭിക്കുമ്പോൾ നാം ആകാംക്ഷയോടെ അതിന്റെ താളുകൾ മറിച്ചുനോക്കുന്നു. പിന്നീട് നാം അത് ശ്രദ്ധാപൂർവം വായിക്കുമ്പോൾ നമുക്കു ഗ്രാഹ്യം ലഭിക്കുന്നു. യഹോവയെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുളള നമ്മുടെ വിലമതിപ്പ് വർദ്ധിക്കുന്നു.
2 നമുക്കു ലഭിക്കുന്ന വ്യക്തിപരമായ പ്രയോജനങ്ങൾ നാം പഠിച്ച നല്ല കാര്യങ്ങൾ മററുളളവരുമായി പങ്കുവെക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ. 24:14) നാം സാധ്യമാകുന്നിടത്തോളം കൂടുതൽ ആളുകളുടെ കൈകളിൽ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ എത്തിക്കുന്നതിന് ആകാംക്ഷയുളളവരാണ്. ഇത് അവരും ഈ പ്രബോധനാത്മകമായ ബൈബിൾപ്രസിദ്ധീകരണങ്ങളിൽ അടങ്ങിയിരിക്കുന്ന സത്യങ്ങൾ പഠിക്കുന്നതിന് സാധ്യമാക്കുന്നു. നാം നന്നായി തയ്യാറാകയും പുതിയ സാഹിത്യസമർപ്പണം ഉപയോഗിക്കുന്നതിന് മുൻകൈയെടുക്കുന്നതിൽ ജാഗ്രതയുളളവരായിരിക്കുകയും ചെയ്യുന്നെങ്കിൽ നമുക്ക് ആത്മാർത്ഥതയുളള മററാളുകളെ യഹോവയിങ്കലേക്കു തിരിയുന്നതിനും അവന്റെ സേവനത്തിൽ നമ്മോടൊത്ത് ചേരുന്നതിനും സഹായിക്കാൻ കഴിഞ്ഞേക്കും.
വീടുതോറും
3 നാം ഫെബ്രുവരിയിലും മാർച്ചിലും 192 പേജുളള വിവിധ പുസ്തകങ്ങൾ ഇംഗ്ലീഷിലുളളത് രണ്ടെണ്ണം 10 രൂപാ സംഭാവനക്കും നാട്ടുഭാഷയിലുളളത് ഒരെണ്ണം 5 രൂപാ സംഭാവനക്കും സമർപ്പിക്കുന്നതായിരിക്കും. വിവിധ ഭാഷകളിൽ സമർപ്പിക്കേണ്ട പുസ്തകങ്ങളുടെ ലിസ്ററ് 1988 ഫെബ്രുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ “അറിയിപ്പുകൾ” എന്നതിൻകീഴിൽ കൊടുത്തിട്ടുണ്ട്.
4 നാം സന്ദർശിക്കുമ്പോൾ ആളുകൾ ചിലപ്പോൾ യഥാർത്ഥത്തിൽ വളരെ തിരക്കുളളവരാണ്. ആ സാഹചര്യങ്ങളിൽ നാം ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജിൽ കൊടുത്തിരിക്കുന്ന രണ്ടാം ദൃഷ്ടാന്തത്തിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ പുസ്തകം മാത്രം സമർപ്പിക്കാൻ ആഗ്രഹിച്ചേക്കാം. അല്ലെങ്കിൽ നമുക്ക് വീട്ടുകാരന്റെ സാഹചര്യം സംബന്ധിച്ച് വിലമതിപ്പുപ്രകടമാക്കിക്കൊണ്ട് അതേപേജിലെ മൂന്നാമത്തെ ദൃഷ്ടാന്തംപോലെ നമ്മുടെ സ്വന്തം വാചകത്തിൽ സംസാരിക്കുകയും അനുനയരൂപത്തിൽ ഇപ്രകാരം പറയുകയും ചെയ്യാം: “താങ്കൾക്ക് ഇപ്പോൾ സംസാരിക്കാൻ സമയമില്ലാത്തതിനാൽ താങ്കൾ ഈ രണ്ടു മാസികകൾ 4 രൂപാ സംഭാവനക്ക് സ്വീകരിക്കുന്നതിനും കൂടുതൽ സൗകര്യപ്രദമായ സമയത്ത് വായിക്കുന്നതിനും ഞങ്ങൾ നിർദ്ദേശിക്കുന്നു. ദൈവത്തിന്റെ ചില പുതിയകാര്യങ്ങളെക്കുറിച്ചുളള വാഗ്ദത്തം സംബന്ധിച്ച് അറിയുന്നത് നിങ്ങൾ ആസ്വദിക്കും.” ഈ സമീപനങ്ങൾ വീട്ടുകാരന്റെ സാഹചര്യങ്ങൾക്ക് പരിഗണന കാണിക്കുകയും അതേസമയം സാഹിത്യം സമർപ്പിക്കുകയും ചെയ്യുന്നു.
5 ഒരു വ്യക്തിക്ക് നാം സമർപ്പിക്കുന്ന പ്രസിദ്ധീകരണം നേരത്തെതന്നെ ഉണ്ടെങ്കിൽ എന്തുചെയ്യാൻ കഴിയും? എന്തുകൊണ്ട് 1 കൊരിന്ത്യർ 3:6-9-ൽ കാണുന്ന ബൈബിൾ തത്വം ബാധകമാക്കിക്കൂടാ? വിത്ത് നേരത്തെതന്നെ വിതക്കപ്പെട്ടിട്ടുണ്ട്. വ്യക്തിക്ക് കൂടുതൽ സാക്ഷ്യം നൽകിക്കൊണ്ട് നനക്കുന്നതിന് ആ അവസരം പ്രയോജനപ്പെടുത്തുക. അല്ലെങ്കിൽ നമുക്ക് ഇപ്രകാരം പറയാവുന്നതാണ്: “നിങ്ങൾക്ക് നേരത്തെതന്നെ ഈ പ്രസിദ്ധീകരണത്തിന്റെ ഒരു പ്രതിയുളളതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. നിങ്ങൾ അതിന്റെ വായന ആസ്വദിച്ചുകാണുമെന്നുളളതിന് സംശയമില്ല. എന്നെ അനുവദിക്കുമെങ്കിൽ നിങ്ങൾക്ക് ആ പുസ്തകത്തിൽ നിന്ന് ഇനിയും കൂടുതലായി പ്രയോജനമനുഭവിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കാൻ എനിക്കു സന്തോഷമുണ്ട്. അതിന് ഏതാനും മിനിററുകൾമാത്രമെ എടുക്കുകയുളളു.” പിന്നീട് നാം ആ പ്രസിദ്ധീകരണത്തിന്റെ സഹായത്തോടെ ബൈബിൾ പഠിക്കുന്ന വിധം പ്രകടിപ്പിക്കുക. വീട്ടുകാരന് നേരത്തെതന്നെ ഒരു പുസ്തകം ഉളളപ്പോഴും വീട്ടുവാതിൽക്കലായിരിക്കുന്നതിലുളള നമ്മുടെ ഉദ്ദേശ്യത്തിനു മാററം വരുന്നില്ല. ഓർമ്മിക്കുക, നമ്മുടെ പ്രാഥമിക ലക്ഷ്യം “ശിഷ്യരെ ഉളവാക്കുക”യെന്നതാണ്.—മത്താ. 28:19.
അനൗപചാരിക സാക്ഷീകരണം
6 നമുക്ക് അനൗപചാരിക സാക്ഷീകരണത്തിൽ സാഹിത്യം സമർപ്പിക്കുന്നതിനു ലഭിച്ചേക്കാവുന്ന അനേക അവസരങ്ങൾ സംബന്ധിച്ചും ജാഗ്രതയുളളവരായിരിക്കണം. സന്ദർശകരോടും ബന്ധുക്കളോടും സഹജോലിക്കാരോടും സഹപാഠികളോടും കടയിൽവെച്ചു കണ്ടുമുട്ടുന്നവരോടും നാം വയൽസേവനത്തിലായിരിക്കുമ്പോൾ വീടുകൾക്കുമദ്ധ്യേ കണ്ടുമുട്ടുന്നവരോടും സാക്ഷീകരിക്കുന്നതിനുളള മാർഗ്ഗങ്ങൾസംബന്ധിച്ച് ചിന്തിക്കുക. അത്തരം അവസരങ്ങളിൽ സാധ്യമാകുമ്പോഴൊക്കെ സമർപ്പിക്കത്തക്കവണ്ണം സാഹിത്യം ഉണ്ടായിരിക്കത്തക്കവണ്ണം മുൻകൂട്ടി ആസൂത്രണംചെയ്യുക. സാധാരണഗതിയിൽ നമ്മോടൊത്ത് ഒന്നോ രണ്ടോ ചെറിയ പ്രസിദ്ധീകരണങ്ങൾ കൊണ്ടുനടക്കുന്നത് പ്രയാസകരമല്ല. അനൗപചാരികസാക്ഷീകരണത്തിലൂടെ വളരെ നൻമ കൈവരുത്താൻ കഴിയും.—1 പത്രോ. 3:15.
7 യഹോവയുടെ സ്ഥാപനം നാം ആത്മീയമായി ശക്തരായിരിക്കുന്നതിനും സുവാർത്ത പരത്തുന്നതിന് നമ്മെ സഹായിക്കുന്നതിനും വേണ്ടി നമുക്ക് ഉദാരമായി സാഹിത്യം പ്രദാനം ചെയ്തിരിക്കുന്നു. ബൈബിൾസാഹിത്യങ്ങൾ വിതരണംചെയ്യുന്നതിനുളള അവസരങ്ങൾ സംബന്ധിച്ച് ജാഗ്രതയുളളവരായിരിക്കുന്നത് യഹോവയുടെ നാമത്തെ മഹത്വീകരിക്കുന്നതിന് നമ്മെ സഹായിക്കും.—സങ്കീ. 34:3.