പൂർണ്ണദേഹിയോടെ വയൽശുശ്രൂഷയിലേർപ്പെടുക
ഭാഗം 1: യഹോവയോടുളള വിലമതിപ്പിന്റെ മൂല്യം
1 ശുശ്രൂഷയിലെ പൂർണ്ണദേഹിയോടെയുളള ഏർപ്പെടൽ യഹോവയോടും അവൻ നമുക്കുവേണ്ടി ചെയ്തിട്ടുളള സകലതിനോടുമുളള ആഴമായ വിലമതിപ്പിൽനിന്ന് വരുന്നു. (2 ശമു. 22:2, 3) ദൈവത്തിൽനിന്ന് അന്യപ്പെട്ടുപോയ സകല മനുഷ്യവർഗ്ഗത്തിന്റെയും ദുരവസ്ഥയെ സംബന്ധിച്ച സമാനുഭാവത്തോടുകൂടിയ ഒരു വീക്ഷണം ശുശൂഷയിൽ തീവ്രയത്നം നടത്താൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. (മത്താ. 9:36; 2 കൊരി. 5:14, 15) നാം യഹോവക്ക് എത്രയധികം അർപ്പിതരും ആളുകളിൽ എത്രയധികം തത്പരരും ആയിരിക്കുന്നുവോ അത്രയധികമായി വയൽസേവനത്തിൽ ഉത്സാഹപൂർവം പങ്കെടുക്കാൻ നാം പ്രേരിതരാകും. (മത്താ. 22:37-39) അപ്പോൾ നമ്മുടെ ശുശ്രൂഷ അത്യന്തം വിലമതിക്കേണ്ട ഒരു നിക്ഷേപമായിത്തീരുന്നു. (2 കൊരി. 4:7) എന്നാൽ ശുശ്രൂഷയോട് അങ്ങനെയുളള വിലമതിപ്പ് എങ്ങനെ നട്ടുവളർത്താൻ കഴിയും?
വിലമതിപ്പു കെട്ടുപണിചെയ്യുന്നതിന്റെ താക്കോൽ
2 വ്യക്തിപരവും സഭാപരവുമായ ബൈബിളദ്ധ്യയനവും ഒപ്പം പ്രാർത്ഥനാപൂർവകമായ ധ്യാനവും യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും. നാം അവന്റെ ഗുണങ്ങളുടെയും വ്യക്തിത്വത്തിന്റെയും മനോഹാരിത തിരിച്ചറിയാനിടയാകുന്നു. നിങ്ങൾ പ്രതിവാരബൈബിൾവായനയുടെ ഒരു പട്ടിക പിന്തുടരുന്നുണ്ടോ? നിങ്ങൾ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ പഠിക്കുന്നതിന് ക്രമമായി സമയം വേർതിരിക്കുന്നുണ്ടോ? നിങ്ങൾ എല്ലാ സഭാമീററിംഗുകൾക്കും തയ്യാറാകുകയും സംബന്ധിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ടോ? (എബ്രാ. 10:24, 25) വ്യക്തിപരമായ പഠനത്തിന്റെ ഓരോ ഘട്ടത്തിലും അതിനുശേഷവും നടത്തുന്ന ഉദ്ദേശ്യപൂർവകമായ ധ്യാനം ഊഷ്മളഹൃദയമുളള നമ്മുടെ ദൈവത്തിന്റെ പ്രസന്നതയോടും സത്യാരാധനക്കുവേണ്ടിയുളള അവന്റെ ക്രമീകരണങ്ങളോടുമുളള ഹൃദയവിലമതിപ്പു കെട്ടുപണിചെയ്യും.—സങ്കീ. 27:4.
3 നമുക്ക് വിലമതിപ്പിന്റെ അളവുയർത്താനുളള മറെറാരു മാർഗ്ഗം പൂർണ്ണദേഹിയോടെ ദൈവത്തെ സേവിച്ച മററു ശുശ്രൂഷകരുടെ ദുഷ്ടാന്തം പരിചിന്തിക്കുകയാണ്. യിരെമ്യാപ്രവാചകൻ തന്നെ ഭരമേൽപ്പിച്ച വേലയോടുളള തീക്ഷ്ണതയാൽ എരിയുകയായിരുന്നു. (യിരെ. 20:9) യേശു വിലമതിപ്പോടുകൂടിയ ആത്മാവും തീക്ഷ്ണതയും പ്രദർശിപ്പിച്ചുകൊണ്ട് ഒരു മാതൃകവെച്ചു. (യോഹ. 4:34) അപ്പോസ്തലനായ പൗലോസ് തന്നോടു കാണിക്കപ്പെട്ട ദിവ്യകരുണയോടുളള തന്റെ നന്ദി ശുശ്രൂഷയിലെ തന്റെ അദ്ധ്വാനങ്ങളാൽ പ്രകടമാക്കുകയുണ്ടായി. (1 തിമൊ. 1:12, 13, 17) അങ്ങനെയുളള മാതൃകകളെയും അതുപോലെതന്നെ ആധുനിക മാതൃകകളെയും കുറിച്ചു നാം വിചിന്തനംചെയ്യുമ്പോൾ നാം മുഴുദേഹിയോടെ ശുശ്രൂഷയിലേർപ്പെടാൻ ഇടയാക്കുന്ന ഒരു വിലമതിപ്പു നമുക്കു കെട്ടുപണിചെയ്യാൻ കഴിയും.
4 യഹോവയുടെ പ്രതാപത്തെക്കുറിച്ചു നാം മനസ്സിലാക്കുകയും അവന്റെ അത്ഭുതപ്രവൃത്തികളിൽ തത്പരരാകുകയും ചെയ്യുമ്പോൾ അവന്റെ മാഹാത്മ്യത്തെ വിളംബരംചെയ്യാനും അവന്റെ സ്തുതിക്കായി സന്തോഷപൂർവം ആർത്തുഘോഷിക്കാനും നാം പ്രേരിതരായിത്തീരുന്നു. (സങ്കീ. 145:5-7) രാജ്യസന്ദേശം പരത്തുന്നതിനുളള മാർഗ്ഗങ്ങൾ സജീവമായി അന്വേഷിക്കുന്നതിനാൽ ദിവ്യനാമത്തിനു സാക്ഷ്യം വഹിക്കാനുളള അവസരങ്ങളെ നാം വിലമതിക്കുന്നുവെന്ന് നാം പ്രകടമാക്കുന്നു.—ലൂക്കോസ് 6:45.
5 എന്നാൽ ശുശ്രൂഷയിലെ പൂർണ്ണദേഹിയോടെയുളള പങ്കുപററലിനു നമ്മെ പ്രേരിപ്പിക്കുന്ന മററു കാര്യങ്ങളുണ്ടോ? ഉണ്ടെങ്കിൽ അവ ഏവയാണ്? മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും പയനിയർമാർക്കും പരിചയസമ്പന്നരായ മററു രാജ്യഘോഷകർക്കും എങ്ങനെ സഹായിക്കാൻ കഴിയും? ഉത്സാഹം നട്ടുവളർത്തുന്നതിൽ ലാക്കുകൾ എന്തു പങ്കു വഹിക്കുന്നു? എന്തു പ്രയോജനങ്ങൾ പ്രതീക്ഷിക്കാൻ കഴിയും? നമ്മുടെ രാജ്യശുശ്രൂഷയുടെ തുടർന്നുവരുന്ന ലക്കങ്ങളിൽ തുടർന്നുപ്രസിദ്ധപ്പെടുത്താനിരിക്കുന്ന അഞ്ചു ഭാഗങ്ങളോടുകൂടിയ പരമ്പരയിൽ ഈ ചോദ്യങ്ങൾക്കും മററുളളവക്കും ഉത്തരം നൽകപ്പെടും.