നിങ്ങൾക്ക് സഹായ പയനിയറിംഗ് നടത്താൻ സാധിക്കുമോ?
1 ശുശ്രൂഷയിൽ സൗജന്യമായി തങ്ങളേത്തന്നെ വിട്ടുകൊടുക്കാൻ യേശു തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിച്ചു, ഈ ഗതി പിൻപററുന്നതിനാൽ തങ്ങൾക്ക് സന്തുഷ്ടിയും അനേകം ആത്മീയ അനുഗ്രഹങ്ങളും കൈവരുത്തുമെന്ന് ഉറപ്പും നൽകി. (മത്താ. 10:8ബി; പ്രവൃ. 20:35) കഴിഞ്ഞ ഏപ്രിൽമാസത്തിൽ 877 പേർ സഹായ പയനിയർമാർ എന്ന നിലയിൽ വർദ്ധിച്ച പ്രവർത്തനത്തിന്റെ സന്തോഷങ്ങൾ നേരിട്ട് അനുഭവിച്ചു. നിങ്ങൾക്ക് ഈ വർഷം ഏപ്രിലിലോ മെയ്യിലോ ഒരു പക്ഷേ രണ്ടു മാസങ്ങളിലുമോ സഹായ പയനിയർ എന്ന നിലയിൽ പേർചാർത്തിക്കൊണ്ട് ഈ അനുഗ്രഹങ്ങളിൽ പങ്കുപററാൻ സാധിക്കുമോ?—സങ്കീ. 34:8.
2 നിങ്ങളുടെ സാഹചര്യങ്ങളെ പരിശോധിക്കുക: താഴെ പരാമർശിച്ചിരിക്കുന്ന അനുഭവങ്ങൾ പരിചിന്തിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഈ ദൃഷ്ടാന്തങ്ങളിലേതിലെങ്കിലും ഞാൻ എന്നെത്തന്നെ കാണുന്നുണ്ടോ? എനിക്ക് എങ്ങനെ സഹായപയനിയറിംഗിനുളള വഴി തുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും?
3 ഒരു സഹോദരിക്ക് അഞ്ചു കുട്ടികൾ ഉണ്ടായിരിക്കുകയും ലൗകികത്തൊഴിൽ ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അവർക്ക് സഹായ പയനിയറിംഗ് ചെയ്യാൻ സാധിച്ചു. അവർക്ക് എങ്ങനെ പ്രതിഫലം ലഭിച്ചു? അവരുടെ ഭർത്താവും കുട്ടികളും അവർക്ക് വളരെ നല്ല പിന്തുണ കൊടുക്കുകയും ഈ സഹോദരിയുടെ നല്ല ദൃഷ്ടാന്തത്താൽ ഭർത്താവ് അടുത്ത മാസം സ്നാപനമേൽക്കാത്ത ഒരു പ്രസാധകനായിത്തീരാൻ പ്രേരിതനായിത്തീരുകയും ചെയ്തു.
4 ഒരു സഭയിൽ എല്ലാ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും ഒരു മാസം സഹായപയനിയറിംഗ് നടത്തി. അവരിൽ മിക്കവർക്കും ലൗകികത്തൊഴിലുണ്ടായിരുന്നു, എന്നാൽ അവർ വാരാന്തങ്ങളിൽ ആത്മീയ പ്രവർത്തനങ്ങളിൽ തീവ്രമായി ഏർപ്പെട്ടിരുന്നു. പ്രസംഗത്തിനും വയൽസേവനം ക്രമീകരിക്കുന്നതിനും അവർ പ്രദാനംചെയ്ത നല്ല നേതൃത്വം മുഴു സഭക്കും പ്രയോജനം ചെയ്തു. 77 പ്രസാധകരിൽ 73 പേർ ആ മാസം ഏതെങ്കിലും രൂപത്തിലുളള പയനിയർസേവനത്തിൽ ഏർപ്പെട്ടു.
5 ഒരു 15-വയസ്സുകാരി സ്കൂൾകുട്ടി അവളുടെ രണ്ടാഴ്ചത്തെ വേനൽ അവധി സഹായ പയനിയർ സേവനത്തിൽ പങ്കെടുക്കാൻ ഉപയോഗിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: “എനിക്ക് യഥാർത്ഥത്തിൽ വ്യത്യാസം കാണാൻ കഴിയും, വിശേഷിച്ച് സംഭാഷണത്തിലുളള പുരോഗതി. എനിക്ക് വീടുകളിലെ ആളുകളോട് മററ് അനേകം സംഭാഷണങ്ങൾ നടത്താൻ പ്രാപ്തി ലഭിച്ചു.”
6 ലൗകിക ജോലിയിൽനിന്ന് വിരമിച്ചവർക്ക് മിക്കപ്പോഴും രാജ്യതാത്പര്യം പുരോഗമിപ്പിക്കുന്നതിന് വളരെ നല്ല അവസരങ്ങളുണ്ട്. തന്റെ ഭർത്താവിന്റെ മരണത്തിനുശേഷം 84 വയസ്സുകാരിയായ ഒരു സഹോദരി ഇപ്രകാരം എഴുതി: “എന്റെ എല്ലാ കുട്ടികളും മുതിർന്നവരും വിവാഹിതരും കുടുംബങ്ങളുളളവരുമായിത്തീർന്നിരിക്കുന്നു. അവർ എന്നെ അവഗണിച്ചില്ല, എന്നാൽ അവരുടെ സന്ദർശനം നഷ്ടത്തിന്റെയും ഏകാകിത്വത്തിന്റെയും വികാരങ്ങളെ നീക്കിയില്ല. അപ്പോൾ ഞങ്ങളുടെ സഭയിലെ ഒരു മൂപ്പൻ എന്നോട് സഹായ പയനിയറിംഗ് നടത്തുന്നതിന് നിർദ്ദേശിച്ചു. ഞാൻ ഒന്ന് സംശയിച്ചു, എന്നാൽ ഒടുവിൽ അത് ശ്രമിച്ചുനോക്കുന്നതിന് തീരുമാനിച്ചു. എന്തൊരു സന്തോഷം! എനിക്ക് സഹായ പയനിയർ സേവനം അനുഭവിക്കാൻ കഴിയേണ്ടതിന് യഹോവ എന്നെ ഈ പ്രായം വരെയും ജീവിക്കാൻ അനുവദിച്ചു എന്ന് എനിക്ക് തോന്നി. അപ്പോൾ മുതൽ ഞാൻ എല്ലാ മാസവും ഒരു സഹായ പയനിയർ എന്ന നിലയിൽ തുടർന്നിരിക്കുന്നു.”
7 വസ്തു വിൽപ്പനക്കാരനായ ഒരു സഹോദരൻ പയനിയർ സേവനത്തിന് സമയം അനുവദിക്കത്തക്കവണ്ണം ഭവനങ്ങൾ കാണിക്കുന്നതിനുളള തന്റെ പട്ടികയിൽ ക്രമീകരണം വരുത്തി. അതുപോലെ മററുളളവർ അത്തരം വർദ്ധിച്ച പ്രവർത്തനത്തിന് സമയമുണ്ടാക്കത്തക്കവണ്ണം തങ്ങളുടെ ജോലിയിൽ ക്രമീകരണം വരുത്തി.
8 ഇപ്പോൾ ആസൂത്രണം ചെയ്യുക: ഏപ്രിലിലും മെയ്യിലും സഹായ പയനിയറിംഗ് നടത്തുന്നതിന് എന്തുകൊണ്ട് ഇപ്പോൾ ക്രിയാത്മകമായ ആസൂത്രണങ്ങൾ ചെയ്തുകൂടാ? വിജയപ്രദരായിരിക്കുന്നതിന് ശ്രദ്ധാപൂർവകമായ ആസൂത്രണം ആവശ്യമാണ്. കുടുംബ ഉത്തരവാദിത്വങ്ങളും മുഴുസമയ ലൗകിക ജോലിയും മററു തിരുവെഴുത്തുപരമായ ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നിട്ടും സഹായ പയനിയറിംഗ് ചെയ്യാൻ കഴിഞ്ഞവരുടെ അനുഭവങ്ങളിൽനിന്ന് ഇത് തെളിയുന്നു. തങ്ങളുടെ അനുഭവത്തിന്റെ പ്രയോജനം ലഭിക്കുന്നതിന് വിജയകരമായി പയനിയറിംഗ് നടത്തിയിട്ടുളളവരുമായി സംസാരിക്കുക. യഹോവയുടെ സഹായം അപേക്ഷിച്ചുകൊണ്ട് പ്രാർത്ഥനയിൽ അവനെ സമീപിക്കുകയും ചെയ്യുക.—യെശ. 40:29, 31; യാക്കോ. 1:5.
9 സഹായ പയനിയർമാരായി സേവിക്കുന്നതിന് തങ്ങളുടെ കാര്യാദികളെ ക്രമീകരിക്കുന്നവരുടെ സന്തോഷം വളരെയാണെന്നുളളതിന് സംശയമില്ല. നിങ്ങൾ ഇതു വരെ മുഴുസമയ സേവനത്തിലല്ലെങ്കിൽ നിങ്ങൾക്ക് ഈ പദവി ആസ്വദിക്കാൻ കഴിയുമോ? നിങ്ങൾ മററുളളവരുമായി സുവാർത്ത പങ്കു വെക്കുന്നതിനുളള നിങ്ങളുടെ പദവിയെ വികസിപ്പിക്കുന്നതിന് പരിശ്രമം ചെയ്യുന്നെങ്കിൽ, യഹോവ നിങ്ങളുടെമേൽ ഒരു സമൃദ്ധമായ അനുഗ്രഹം ചൊരിയും.—മലാ. 3:10.