താൽപര്യം ഉണർത്തുന്നതിനുളള മുഖവുരകൾ
1 യേശു മുഖവുരകൾ ഉപയോഗിക്കുന്നതിൽ അതിസമർത്ഥനായിരുന്നു. ഒരു വലിയ കൂട്ടത്തോടോ ഒററവ്യക്തിയോടോ ആരോടു സംസാരിച്ചാലും അവരെ വ്യക്തിപരമായി ഉൾപ്പെടുത്തിക്കൊണ്ട് യേശു തന്റെ സദസ്സിന്റെ ശ്രദ്ധ പിടിച്ചെടുത്തു. അവൻ തന്റെ വിഷയത്തിന്റെ മൂല്യം തന്റെ ശ്രോതാക്കളെ കാണിച്ചുകൊടുത്തു.—മത്താ. 5:3-12; യോഹ. 4:7-30.
2 മുൻകൂട്ടിയുളള തയ്യാറാകൽ ആവശ്യം: നമ്മുടെ ദൂതിൽ താൽപര്യം ഉണർത്തുന്നതിന് നമ്മുടെ മുഖവുരകൾ വ്യക്തിയെ ഉൾപ്പെടുത്തുകയും അയാളുടെ താൽപര്യങ്ങളോട് യോജിക്കുകയും ചെയ്യത്തക്കവണ്ണം അവ മെനഞ്ഞെടുക്കേണ്ടതിന്റെയും രാജ്യപ്രത്യാശ അയാളെ വ്യക്തിപരമായി സഹായിക്കുമെന്ന് പ്രകടമാക്കേണ്ടതിന്റെയും ആവശ്യമുണ്ട്.
3 ശുശ്രൂഷക്ക് തയ്യാറാകുമ്പോൾ സമൂഹത്തിലെ ആളുകളുടെ സത്വര താൽപര്യങ്ങൾ പുനരവലോകനം ചെയ്യുക. ഈയിടെ വന്ന ഒരു വാർത്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുത്തോ? ഒരു ചെറുപ്പക്കാരന് താൽപര്യമുളളതായിരിക്കുന്നത് എന്ത്? പ്രായംചെന്ന ഒരാളിന്? ഭർത്താക്കൻമാർക്ക്, ഭാര്യമാർക്ക്, അഥവാ മാതാപിതാക്കൾക്ക്? ഓരോ ഭവനത്തിലും ഒരേ മുഖവുരതന്നെ ഉപയോഗിക്കുന്നതിനു പകരം വിവിധങ്ങളായ പല മുഖവുരകൾ തയ്യാറാകുന്നതും വീട്ടുകാരന്റെ പ്രതികരണം നിരീക്ഷിച്ചശേഷം പൊരുത്തപ്പെടുത്താൻ ഒരുങ്ങിയിരിക്കുന്നതും സാധാരണഗതിയിൽ കൂടുതൽ ഫലകരമാണ്. തങ്ങൾ വീടുതോറുമുളള ശുശ്രൂഷക്കു പോകുന്ന ഓരോ സന്ദർഭത്തിലും ന്യായവാദം പുസ്തകത്തിൽനിന്നുളള വിവിധ മുഖവുരകൾ തയ്യാറാവുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ ചില പ്രസാധകർക്ക് നല്ല വിജയം ലഭിച്ചിട്ടുണ്ട്. (ന്യായവാദം പേ. 9-15) ഇത് അവരുടെ സമീപനം പുതുമയുളളതും രസകരവുമാക്കി നിർത്തുന്നു.
4 സെപ്ററംബർ മാസത്തിൽ ഇതുപോലെ ഒരു അവതരണം ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം:
▪ “നമസ്ക്കാരം. ഞങ്ങൾ നമ്മുടെ അയൽക്കാരിൽ ചിലരുമായി, മററുളളവരെ ഭരിക്കുന്ന ഒരു വ്യക്തിയിൽ ഏതു ഗുണങ്ങൾ കാണാനാണ് അവർ ഇഷ്ടപ്പെടുന്നത് എന്നതുസംബന്ധിച്ച് സംസാരിച്ചു വരികയായിരുന്നു. ഏററവും പ്രധാനപ്പെട്ടതായി താങ്കൾ കരുതുന്ന ഒന്നോ രണ്ടോ ഗുണങ്ങൾ പറയാമോ? [പ്രതികരിക്കാൻ അനുവദിക്കുക. ആശയങ്ങൾ അംഗീകരിക്കുക. ശരിയാണെങ്കിൽ യോജിക്കുക.] മനുഷ്യവർഗ്ഗത്തെ ഭരിക്കാൻ അംഗീകാരം ലഭിച്ചിട്ടുളളവന്റെ ഗുണങ്ങൾ ബൈബിൾ വർണ്ണിക്കുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? അത് ഇവിടെ യെശയ്യാവ് 9:6, 7-ൽ ഉണ്ട്. [വായിക്കുക.] അത്തരം ഒരു ഭരണാധികാരിയുടെ കീഴിൽ ജീവിക്കുന്നത് എങ്ങനെയിരിക്കുമെന്നാണ് നിങ്ങൾക്കു തോന്നുന്നത്?” പ്രതികരിക്കാൻ അനുവദിക്കുകയും, തുടർന്ന് സങ്കീർത്തനം 146:3, 4-ലേക്കും ഉറപ്പുതന്നിരിക്കുന്ന യേശുവിന്റെ ഭരണത്തിന്റെ ഗുണം സംബന്ധിച്ച ന്യായവാദം പുസ്തകത്തിന്റെ 153-4 പേജുകളിലെ വിവരത്തിലേക്കും ശ്രദ്ധ തിരിക്കുകയും ചെയ്യുക. അല്ലെങ്കിൽ കൂടുതലായ ചർച്ചയെ ഉത്തേജിപ്പിക്കുന്നതിന് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 112-ഉം 113-ഉം പേജുകൾ ഉപയോഗിക്കാൻ കഴിയും. തുടർന്ന് നിങ്ങൾക്ക് ആ പ്രസിദ്ധീകരണം സമർപ്പിക്കാൻ കഴിയും.
5 നിങ്ങൾ കുടുംബ-മനസ്ഥിതിക്കാരായ ആളുകളോടാണ് സംസാരിക്കുന്നതെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകം വിശേഷവൽക്കരിക്കുമ്പോൾ പിൻവരുന്ന അവതരണം ഫലകരമായിരുന്നേക്കാം.
അഭിവാദനത്തിനുശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
▪ “അനുദിന സമ്മർദ്ദങ്ങളും പ്രശ്നങ്ങളും ഇന്ന് കുടുംബങ്ങൾക്ക് ഒരു യഥാർത്ഥ വെല്ലുവിളിയാണെന്ന് താങ്കൾ നിരീക്ഷിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] മികച്ച ഉപദേശത്തിനായി കുടുംബങ്ങൾക്ക് എങ്ങോട്ടു തിരിയാൻ കഴിയുമെന്നതു സംബന്ധിച്ച് താങ്കൾക്ക് എന്തെങ്കിലും ആശയങ്ങളുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ വിഷയം സംബന്ധിച്ച് ബൈബിളിനു പറയാനുളളതിലേക്ക് ഞങ്ങൾ ശ്രദ്ധ തിരിക്കുകയായിരുന്നു. വിവാഹത്തിന്റെ ആരംഭകൻ ആദ്യമനുഷ്യജോഡിയോട് പ്രസ്താവിച്ചത് നോക്കൂ.” ഉൽപത്തി 1:28 വായിക്കുകയും തുടർന്ന് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 238-ാം പേജിലേക്കു തിരിഞ്ഞ് 29-ാം അദ്ധ്യായത്തിൽനിന്ന് തെരഞ്ഞെടുത്ത ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചർച്ച തുടരുകയും ചെയ്യുക.
6 താൽപര്യം പിടിച്ചെടുക്കുകയും ശ്രോതാക്കളെ ചർച്ചയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന യേശുവിന്റെ രീതികൾ പകർത്തുന്നതിനാൽ, നാം ആത്മീയ കാര്യങ്ങളുടെ മൂല്യം ആത്മാർത്ഥതയുളളവർക്ക് കാണിച്ചുകൊടുക്കുകയാണ്.