എന്നേക്കും ജീവിക്കാൻ പുസ്തകം ഫലകരമായി അവതരിപ്പിക്കൽ
1 മുഖവുരകളുടെ ഉപയോഗത്തിൽ യേശു വിദഗ്ധനായിരുന്നു. താത്പര്യം ഉണർത്തുന്നതിന് എന്തു പറയണം എന്ന് അവനറിയാമായിരുന്നു. ഒരു സന്ദർഭത്തിൽ ഒരു ശമര്യാക്കാരി സ്ത്രീയോട് കുടിക്കാൻ അൽപ്പം വെളളം ചോദിച്ചുകൊണ്ട് അവൻ സംഭാഷണത്തിനു മുൻകൈയെടുത്തു. ‘യഹൂദൻമാർക്ക് ശമര്യാക്കാരുമായി യാതൊരു ഇടപാടുകളുമില്ലാതിരുന്നതിനാൽ’ ഇതു പെട്ടെന്നുതന്നെ അവളുടെ ശ്രദ്ധ പിടിച്ചുപററി. തുടർന്നുണ്ടായ സംഭാഷണം അവളും മററനേകരും വിശ്വാസികളായിത്തീരുന്നതിന് ഇടയാക്കി. (യോഹ. 4:7-9, 41) അവന്റെ ദൃഷ്ടാന്തത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയും.
2 എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കാൻ തയ്യാറാകുമ്പോൾ, ‘നമ്മുടെ പ്രദേശത്തെ ആളുകൾക്കു പ്രത്യേക താത്പര്യമുളള വിഷയങ്ങൾ എന്താണ്’ എന്നു നിങ്ങളോടു തന്നെ ചോദിക്കുക. ‘ഒരു കൗമാരപ്രായക്കാരന്, പ്രായമുളള ഒരാൾക്ക്, ഒരു ഭർത്താവിന്, ഒരു ഭാര്യക്ക് എന്ത് ആകർഷകമായിരിക്കും?’ നിങ്ങൾക്ക് ഒന്നിലധികം മുഖവുരകൾ തയ്യാറാകാൻ കഴിയും, എന്നിട്ട് സാഹചര്യത്തിന് ഏററവും ഇണങ്ങുന്നതെന്നു തോന്നുന്ന ഒന്ന് ഉപയോഗിക്കുക.
3 കുടുംബജീവിതത്തിന്റെ അധഃപതനം ഇന്ന് അനേകരുടെയും ശ്രദ്ധാവിഷയമായിരിക്കുന്നതിനാൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ജീവിതത്തിലെ അനുദിന സമ്മർദങ്ങൾ ഇന്നു കുടുംബങ്ങളുടെമേൽ വലിയ പിരിമുറുക്കം സൃഷ്ടിക്കുന്നു. അവർക്ക് എവിടെ സഹായം കണ്ടെത്താൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിന് ഒരു യഥാർഥ സഹായമായിരിക്കാൻ കഴിയും. [2 തിമൊഥെയൊസ് 3:16, 17 വായിക്കുക.] അതിജീവനത്തിനു കുടുംബങ്ങളെ സഹായിക്കാൻ കഴിയുന്ന സഹായകരമായ മാർഗനിർദേശങ്ങൾ തിരുവെഴുത്തുകൾ പ്രദാനം ചെയ്യുന്നു. നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പ്രസിദ്ധീകരണത്തിന്റെ 238-ാം പേജിലെ 3-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.” 3-ാം ഖണ്ഡിക വായിച്ച് സമർപ്പണം നടത്തുക.
4 പ്രാദേശികമായ ഒരു വാർത്താ ശകലമാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“[പ്രാദേശികമായി ശ്രദ്ധേയമായ ഒരു വാർത്ത പരാമർശിച്ചിട്ട്] നിങ്ങൾ ഇതു സംബന്ധിച്ചു കേട്ടിരുന്നോ? നിങ്ങൾക്ക് അതിനെക്കുറിച്ച് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതെവിടെച്ചെന്നവസാനിക്കും എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും, അല്ലേ? നാം അന്ത്യകാലത്തു ജീവിക്കുന്നതിന്റെ തെളിവായി ബൈബിൾ ഈ കാര്യങ്ങൾ മുൻകൂട്ടി പറയുകയുണ്ടായി.” എന്നിട്ട് എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 150-3 പേജുകളിലെ വിവരങ്ങൾ പരിചിന്തിക്കുക.
5 വർധിച്ചു വരുന്ന അക്രമം സംബന്ധിച്ച് അനേകരും ഉത്കണ്ഠാകുലരാണ്. “ന്യായവാദം” പുസ്തകത്തിന്റെ 10-ാം പേജിലുളള “കുററകൃത്യം⁄സുരക്ഷിതത്വം” എന്ന തലക്കെട്ടിൻ കീഴിലെ ആദ്യ മുഖവുര നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്:
◼“വ്യക്തിപരമായ സുരക്ഷിതത്വത്തെപ്പററി ഞങ്ങൾ ആളുകളോടു സംസാരിച്ചുവരികയാണ്. നമുക്കു ചുററും ധാരാളം കുററകൃത്യങ്ങൾ നടക്കുന്നുണ്ട്. അത് നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. നിങ്ങളെയും എന്നെയും പോലെയുളള ആളുകൾക്ക് രാത്രികാലങ്ങളിൽ സുരക്ഷിതത്വബോധത്തോടെ തെരുവുകളിലൂടെ നടക്കാൻ കഴിയേണ്ടതിന് എന്തു ചെയ്യേണ്ടതുണ്ടെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” നിങ്ങൾക്കു സങ്കീർത്തനം 37:10, 11 വായിക്കാവുന്നതാണ്. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 156-8 പേജുകളിൽനിന്നു ദൈവരാജ്യം കൈവരുത്തുന്ന അനുഗ്രഹങ്ങൾ ചൂണ്ടിക്കാണിക്കുക.
6 ലളിതമായ ഒരു സമീപനമാണ് ആഗ്രഹിക്കുന്നതെങ്കിൽ, “ന്യായവാദം” പുസ്തകത്തിന്റെ 12-ാം പേജിൽ മുകളിലായി കാണുന്നതിനോടു സമാനമായ ഒരു മുഖവുര നിങ്ങൾ ഉപയോഗിച്ചേക്കാം:
◼“ബൈബിൾ നമുക്കു വാഗ്ദാനം ചെയ്യുന്ന മഹത്തായ ഭാവിയെക്കുറിച്ചു പരിചിന്തിക്കാൻ ഞങ്ങൾ ഞങ്ങളുടെ അയൽക്കാരെ പ്രോത്സാഹിപ്പിക്കുകയാണ്. [വെളിപ്പാടു 21:3, 4 വായിക്കുക.] ഇതു നല്ലതാണെന്നു തോന്നുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവരാജ്യത്തിൻകീഴിൽ അനുസരണമുളള മനുഷ്യവർഗം ആസ്വദിക്കുന്ന മററ് അനുഗ്രഹങ്ങൾ ഈ പ്രസിദ്ധീകരണത്തിന്റെ 19-ാം അധ്യായം പ്രദീപ്തമാക്കുന്നു.” എന്നിട്ട് എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കുക.
7 ഫലപ്രദമായ മുഖവുര തയ്യാറാക്കുന്നത് നീതിക്കു വേണ്ടി വിശക്കുന്നവരിലേക്കു ഇറങ്ങി ചെല്ലുന്നതിനു നിങ്ങളെ സഹായിക്കും.—മത്താ. 5:6.