വിവേചനയോടെ താത്പര്യത്തെ പിന്തുടരുക
1 നമ്മുടെ ദൂതിൽ താത്പര്യം പ്രകടമാക്കിയ ചിലർ അവധിക്കാല പ്രവർത്തനങ്ങളിൽ നിരതരായിരിക്കുന്ന മാസമാണു ഡിസംബർ. മറ്റുചിലർ എപ്പോഴും തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തിരക്കുള്ളവരായി കാണപ്പെടുന്നു. അതുകൊണ്ട്, താത്പര്യത്തെ പിന്തുടരുമ്പോൾ നാം വിവേചനയുള്ളവരായിരിക്കേണ്ടതുണ്ട്. ഒരു ദീർഘമായ സംഭാഷണത്തിനുള്ള ആഗ്രഹം വീട്ടുകാരൻ പ്രകടിപ്പിക്കുന്നില്ലെങ്കിൽ ഒരുപക്ഷേ വിഷയത്തിലേക്കു പെട്ടെന്നു കടക്കാൻതക്കവണ്ണം നാം തയ്യാറായിരിക്കണം.
2 നാം എന്തു പറയും എന്നതിനു മുൻകൂട്ടി ശ്രദ്ധ കൊടുക്കുക: നാം എന്തു പറയാൻ ആഗ്രഹിക്കുന്നു എന്നത് എല്ലായ്പോഴും മനസ്സിൽ വ്യക്തമായി ഉണ്ടായിരിക്കണം. ഇത് നേരത്തത്തെ സന്ദർശനത്തെപ്പറ്റിയുള്ള കുറിപ്പു നോക്കുന്നതും ചർച്ച ചെയ്ത ആശയങ്ങളെക്കുറിച്ചും വീട്ടുകാരനോട് ഉത്തരം പറയാതെ വിട്ടിട്ടുപോന്ന ചോദ്യത്തെക്കുറിച്ചുമുള്ള നമ്മുടെ ഓർമ പുതുക്കുന്നതും ആവശ്യമാക്കുന്നു.
3 യേശുവിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരാളുടെ അടുത്തു മടക്കസന്ദർശനം നടത്തുമ്പോൾ നമുക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “വർഷത്തിന്റെ ഈ സമയത്ത് അനേകരും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചു ചിന്തിക്കുന്നു. കഴിഞ്ഞ തവണ നമ്മൾ സംസാരിച്ചപ്പോൾ, യേശുക്രിസ്തു മറ്റെല്ലാവരിൽനിന്നും വ്യതിരിക്തനായ ഒരു അദ്വിതീയ വ്യക്തിയാണെന്നു ഞാൻ പരാമർശിക്കുകയുണ്ടായി. യേശു ബേത്ലഹേമിൽ ജനിക്കുമെന്ന് 700 വർഷങ്ങൾക്കു മുമ്പേ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു എന്നതു നിങ്ങൾ അറിഞ്ഞിരുന്നോ?” പ്രതികരണത്തിന് അനുവദിക്കുക. എന്നിട്ട് മീഖാ 5:2 വായിച്ചശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്: “അത് അത്ഭുതകരമായ ഒരു പ്രവചനമായിരിക്കുന്നു, അല്ലേ? ഇതു രസകരമായ ഒരു ബൈബിൾ വസ്തുതയായിരിക്കെ, ബൈബിൾ പ്രവചനങ്ങൾ നമ്മുടെ നാളിലും സത്യമായിത്തീരുന്നു എന്നു നിങ്ങൾ അറിഞ്ഞിരുന്നോ?” വ്യക്തിക്കു സമയമുണ്ടെങ്കിൽ നമുക്കു സംഭാഷണം തുടരാവുന്നതാണ്. അദ്ദേഹത്തിനു തിരക്കാണെങ്കിൽ മടങ്ങിച്ചെന്ന് ഇതേക്കുറിച്ചു കൂടുതലായി ചർച്ചചെയ്യാമെന്നു വാഗ്ദാനം ചെയ്യാവുന്നതാണ്.
4 ബൈബിൾ പരിജ്ഞാനത്തിന്റെ പശ്ചാത്തലമില്ലാത്ത ആർക്കെങ്കിലും “ഈ ലോകം അതിജീവിക്കുമോ?” എന്ന ലഘുലേഖ കൊടുത്തിട്ടുണ്ടെങ്കിൽ നമുക്കു പിൻവരുന്നപ്രകാരം പറയാവുന്നതാണ്:
◼ “ഇവിടെ 3-ാം പേജിൽ ‘അടയാളം’ എന്ന ഉപതലക്കെട്ടിൻകീഴിൽ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ഇത് ഇപ്പോഴത്തെ ലോകത്തിന്റെ അവസാനനാളുകളെ കുറിക്കുമെന്നു യേശു പറഞ്ഞ പ്രവചനങ്ങളെക്കുറിച്ചുള്ളതാണ്. [വീട്ടുകാരനുമൊത്ത് രണ്ടോ മൂന്നോ പ്രവചനങ്ങൾ പരിചിന്തിക്കുക.] നമ്മുടെ നാളിൽ ഈ പ്രവചനങ്ങൾ നിവൃത്തിയേറുന്നതിന്റെ തെളിവുകൾ ഉണ്ടെന്നു നിങ്ങൾ പറയുമോ?” വീട്ടുകാരൻ എന്നേക്കും ജീവിക്കാൻ പുസ്തകമോ അല്ലെങ്കിൽ മഹാനായ മനുഷ്യൻ എന്ന പുസ്തകമോ സ്വീകരിക്കുന്നതിനു നിങ്ങൾ നിർദേശിച്ചേക്കാം. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 18-ാം അധ്യായത്തിൽ അല്ലെങ്കിൽ മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ 111-ാം അധ്യായത്തിൽ, യേശു നൽകിയ അടയാളങ്ങളുടെ കൂടുതലായ വിശദാംശങ്ങൾ നൽകുന്നതെങ്ങനെയെന്നു കാണിക്കുക.
5 ഒരു ഭവന ബൈബിളധ്യയനം വാഗ്ദാനം ചെയ്യൽ: വീട്ടുകാരന് മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ ഒരു പ്രതി നൽകിയിട്ടു പോകുന്നെങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തിന് ഇപ്പോൾത്തന്നെ ഒരു പ്രതി ഉണ്ടെങ്കിൽ 111-ാം അധ്യായം ഉപയോഗിച്ച് ഒരു ഭവന ബൈബിളധ്യയനം പ്രകടിപ്പിക്കുന്നതു നന്നായിരിക്കും. സഭാ പുസ്തകാധ്യയനത്തിന് ഉപയോഗിച്ചതിനു സമാനമായ ഒരു വിധം നമുക്ക് ഉപയോഗിക്കാവുന്നതാണ്. അധ്യയനം പുരോഗമിക്കുന്നെങ്കിൽ ഒരു ലഘുപത്രികയിലേക്കോ നേരിട്ട് എന്നേക്കും ജീവിക്കാൻ പുസ്തകത്തിലേക്കോ മാറ്റിക്കൊണ്ട് പഠനം തുടരാവുന്നതാണ്.
6 എല്ലാ താത്പര്യങ്ങളും പിന്തുടരുന്നതിനു നമുക്ക് എല്ലായ്പോഴും തയ്യാറായിരിക്കാം. നാം വിവേചനയുള്ളവരായിരിക്കണം. ഓരോ സംഭാഷണത്തിന്റെയും ഒടുവിൽ താത്പര്യജനകമായ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു ഭാവി സന്ദർശനത്തിനു കളമൊരുക്കാൻ എല്ലായ്പോഴും ശ്രമിക്കുക. ഇത് “സകല സത്പ്രവൃത്തിക്കും പൂർണ്ണമായി സജ്ജരായി”രിക്കാൻ നമ്മെ സഹായിക്കും.—2 തിമൊ. 3:17, NW.