നിങ്ങളുടെ ശുശ്രൂഷയിൽ വൈവിധ്യമുളളവരായിരിക്കുക
1 ജീവിതത്തിന്റെ ആസ്വാദ്യത വൈവിധ്യമാണെന്നു പറയപ്പെടുന്നു. മിക്കപ്പോഴും ഒരു വിഷയത്തോടുളള വ്യത്യസ്തമായ ഒരു സമീപനം അതിനെ കൂടുതൽ രസകരമാക്കിത്തീർക്കാൻ കഴിയും. ഇതു നമ്മുടെ ശുശ്രൂഷ സംബന്ധിച്ചും സത്യമാണ്. നാം ശ്രദ്ധയുളളവരല്ലെങ്കിൽ വീടുതോറുമുളള നമ്മുടെ അവതരണങ്ങൾ എളുപ്പം പഴയതിന്റെ ഒരാവർത്തനം ആയിത്തീർന്നേക്കാം. ഒരേ മുഖവുരകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതു നമുക്കും വീട്ടുകാർക്കും ഒരേപോലെ മടുപ്പിക്കുന്നതായിരിക്കാൻ കഴിയും. അതുകൊണ്ടു നിങ്ങളുടെ ശുശ്രൂഷയിൽ വൈവിധ്യമുളളവരായിരിക്കുക. എന്നാൽ നിങ്ങൾക്കെങ്ങനെ ഇതു കൈവരിക്കാൻ കഴിയും?
2 ‘നമസ്ക്കാരം. ഞങ്ങൾ രാജ്യത്തിന്റെ സുവാർത്തയുമായി ഞങ്ങളുടെ അയൽക്കാരെ സന്ദർശിക്കുകയാണ്’ എന്നു പറയുന്നതിനുപകരം നിങ്ങളുടെ പ്രാരംഭവാക്കുകളെ വ്യത്യാസപ്പെടുത്തുന്ന വിവിധവശങ്ങളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? ന്യായവാദം പുസ്തകത്തിൽ മുഖവുരകൾ സംബന്ധിച്ച വിവരങ്ങളുടെ ഒരു ശേഖരംതന്നെ ഉണ്ട്. പതിനെട്ടു വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുളള മുഖവുരകൾ 9-15വരെയുളള പേജുകളിൽ കൊടുത്തിരിക്കുന്നു. മിക്ക വിഷയങ്ങൾക്കും രണ്ടോ മൂന്നോ അതിൽകൂടുതലോ മുഖവുരകൾ നൽകിയിരിക്കുന്നു.
3 “നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ ആർ നമ്മെ സഹായിക്കും?” എന്ന ലഘുപത്രികയാണു നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ 13-ാം പേജിലെ “ജീവിതം⁄സന്തുഷ്ടി” എന്ന ഭാഗത്തുളള ഈ മുഖവുര സഹായകമായിരിക്കും:
◼ “ഇന്നത്തെ ജീവിതത്തിന്റെ ഗുണമേൻമയെപ്പററി ഉത്ക്കണ്ഠയുളള ആളുകളുമായി ഞങ്ങൾ സംസാരിച്ചുവരികയാണ്. യഥാർത്ഥത്തിൽ സന്തുഷ്ടവും പ്രശ്നരഹിതവുമായ ഒരു ജീവിതം സാദ്ധ്യമാണോയെന്ന് അനേകർ സംശയിക്കുന്നു. ഈ ലഘുപത്രിക പ്രോത്സാഹജനകവും ചിന്തോദ്ദീപകവുമായ ഒരു വീക്ഷണം നൽകുന്നു.” ലഘുപത്രിക 18-ാം പേജിലേക്കു തുറന്ന് “ഒരു പുതിയ ലോകം—എത്ര വ്യത്യസ്തം?” എന്ന ഭാഗത്തുനിന്നും ഒന്നോ രണ്ടോ സവിശേഷ ഭാഗങ്ങൾ വായിക്കുക.
4 ചില രാജ്യപ്രസാധകർ—വിശേഷിച്ച് ചെറുപ്പക്കാരും പുതിയവരും അതുപോലെതന്നെ പ്രായമുളളവരും—ലഘുലേഖകൾ ഉപയോഗിച്ചുകൊണ്ടു വീട്ടുവാതിൽക്കൽ രസകരമായ ഒരു സമീപനം നടത്താൽ കഴിയുമെന്നു കണ്ടെത്തിയിരിക്കുന്നു.
ഒരു യുവപ്രസാധകൻ “സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം” എന്ന ലഘുലേഖ ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞേക്കാം:
◼ “ദൈവം ഭൂമിയിലേക്കു സമാധാനവും സന്തുഷ്ടിയും എങ്ങനെ കൊണ്ടുവരും എന്നതു സംബന്ധിച്ച് എനിക്കു നിങ്ങളോടു പറയാൻ ഒരു ഹ്രസ്വസന്ദേശമുണ്ട്. സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്നു പേരുളള ഈ ലഘുലേഖ നിങ്ങൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു.” വീട്ടുകാരന്റെ പ്രതികരണം അനുസരിച്ചു ഈ ചെറുപ്പക്കാരനായ വ്യക്തിയോടൊപ്പം പ്രവർത്തിക്കുന്ന പ്രായമുളള പ്രസാധകനു കൂടുതൽ അഭിപ്രായങ്ങളോ ആശയങ്ങളോ കൂട്ടിച്ചേർക്കുന്നതിനു തീരുമാനിക്കാൻ കഴിയും.
5 വീട്ടുകാരൻ താത്പര്യം കാണിക്കുന്നുവെങ്കിൽ പ്രായമുളള പ്രസാധകൻ ഇങ്ങനെ പറഞ്ഞേക്കാം:
◼ “ഭൂവ്യാപകമായി സമാധാനം സ്ഥാപിക്കപ്പെടുമെന്നു കാട്ടിക്കൊണ്ടു ബൈബിൾ അത്ഭുതകരമായ ഒരു ഭാവിപ്രത്യാശ പ്രദാനം ചെയ്യുന്നു. ദൈവം പ്രപഞ്ചത്തിന്റെയും അതിലുളള സകലത്തിന്റെയും സ്രഷ്ടാവായതിനാൽ നാമിന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കത്തക്കവണ്ണം അവിടന്നു മനുഷ്യവർഗ്ഗത്തോടു വേണ്ടത്ര താത്പര്യമുളളവനാണെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? ഭാവിയിലേക്കുളള ബൈബിളിന്റെ വാഗ്ദാനം സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.” അതിനുശേഷം സങ്കീർത്തനം 37:9-11, 29 വായിക്കുക.
6 നിങ്ങൾ എന്നേക്കും ജീവിക്കാൻ പുസ്തകമാണ് സവിശേഷവത്കരിക്കുന്നതെങ്കിൽ 156മുതൽ 162വരെയുളള പേജുകളിൽ ചിത്രീകരിച്ചിരിക്കുന്ന ഭാവി സംബന്ധിച്ച ക്രിയാത്മകവീക്ഷണം എന്തുകൊണ്ട് ഊന്നിപ്പറഞ്ഞുകൂടാ. ചിത്രങ്ങൾക്കരികിൽ കൊടുത്തിരിക്കുന്ന ബൈബിൾ ഉദ്ധരണികളിലേക്കു ശ്രദ്ധയാകർഷിക്കുക. ദൈവം ഈ വാഗ്ദത്തങ്ങൾ നിവർത്തിക്കുമെന്നു വിശ്വസിക്കുന്നതു യാഥാർത്ഥ്യമാണോയെന്നു വീട്ടുകാരനോടു ചോദിക്കുക. ഇപ്പോൾത്തന്നെ നിവർത്തിയേറിയിരിക്കുന്ന ബൈബിൾ പ്രവചനങ്ങളുടെ ഒരു ഹ്രസ്വമായ ചർച്ച, മനുഷ്യവർഗ്ഗത്തെ അനുഗ്രഹിക്കാനുളള ദൈവത്തിന്റെ പ്രാപ്തിയിലുളള വീട്ടുകാരന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതാണ്.
7 സാദ്ധ്യമാകുന്നിടത്തു സത്യത്തിന്റെ വിത്തുകൾ നട്ടുകൊണ്ടും താത്പര്യം കാണിക്കുന്നിടത്തു നട്ടുവളർത്തിക്കൊണ്ടും മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യതാത്പര്യങ്ങളിൽ പങ്കുപററാൻ എല്ലാ രാജ്യപ്രസംഗകരും ആഗ്രഹിക്കുന്നു. നമ്മുടെ ഭാഗം നിർവ്വഹിച്ചശേഷം ഏതു ഭാവിവളർച്ചയും യഹോവയുടെ കരങ്ങളിൽ നമുക്കു സന്തോഷത്തോടെ വിടാം. അയൽക്കാരുമായി പങ്കുവയ്ക്കാൻ വാർത്തകളിൽ ഏററവും നല്ല ഒന്നാണു നമുക്കുളളത്. എല്ലായ്പ്പോഴും ഒരുങ്ങിയിരിക്കുന്നതിനാൽ രാജ്യസന്ദേശം അവതരിപ്പിക്കുന്നതിലും ഏതു പ്രസിദ്ധീകരണം സമർപ്പിക്കണം എന്നു വിവേചിച്ചറിയുന്നതിലും നമുക്കു വൈവിധ്യമുളളവരായിരിക്കാൻ കഴിയും.