ഒരു വൻനിക്ഷേപത്തെ തിരിച്ചറിയാൻ മററുളളവരെ സഹായിക്കൽ
1 രാജ്യസുവാർത്തയെപ്പററി നാം മററുളളവരോടു പ്രസംഗിക്കുമ്പോൾ ദൈവവചനത്തിന്റെ അത്യുത്തമ മൂല്യത്തെ തിരിച്ചറിയാൻ ആത്മാർഥ ഹൃദയരായവരെ സഹായിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യങ്ങളിൽ ഒന്ന്. (ഫിലി. 3:8) രാജ്യസന്ദേശം വ്യാപിപ്പിക്കുന്നതിൽ നമ്മുടെ ബൈബിളധിഷ്ഠിത സാഹിത്യം ഒരു മുഖ്യ പങ്കു വഹിക്കുന്നു. ദൃഷ്ടാന്തത്തിന്, തങ്ങൾ പഠിച്ച ബൈബിൾ സത്യത്തിന്റെ ഫലമായി യഹോവയെ സേവിക്കാൻ എന്നേക്കും ജീവിക്കാൻ പുസ്തകം ലക്ഷക്കണക്കിന് ആളുകളെ സഹായിച്ചിരിക്കുന്നു.
2 നമ്മുടെ ശുശ്രൂഷയിൽ സാഹിത്യം സ്വീകരിക്കാൻ മനസ്സുളളവർക്ക് അതു കേവലം കൊടുത്തിട്ടു പോരുന്നതിനെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു. ആകർഷകമായ ഒരു വിധത്തിൽ നാം ബൈബിൾ സത്യം അവതരിപ്പിക്കുകയും വീട്ടുകാരൻ പറയുന്നതു വിവേകത്തോടെ ശ്രദ്ധിക്കുകയും അതിനുശേഷം ‘തിരുവെഴുത്തുകളിൽനിന്ന് അദ്ദേഹത്തോടു ന്യായവാദം ചെയ്യുക’യും ചെയ്യേണ്ട ആവശ്യമുണ്ട്.—പ്രവൃത്തി. 17:2.
3 ഇതെങ്ങനെ ചെയ്യാൻ കഴിയും? ബൈബിളിലും അതിന്റെ സന്ദേശത്തിലും തങ്ങൾ യഥാർഥത്തിൽ താത്പര്യമുളളവരാണോ എന്നു വീട്ടുകാർക്കു പ്രകടമാക്കാനുളള വഴി തുറക്കാൻ നമ്മുടെ മുഖവുരകൾക്കു കഴിയും.
നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഇന്നു ലോകത്തിൽ നമുക്കു ചുററും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ അർഥത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഞങ്ങൾ സന്ദർശനം നടത്തുകയാണ്. അനേകമാളുകളുടെയും ഇടയിൽ ദൈവത്തിലും ജീവിതത്തിനുവേണ്ടി ബൈബിളിൽ പ്രദാനം ചെയ്തിരിക്കുന്ന അവിടുത്തെ നിലവാരങ്ങളിലും ഉളള താത്പര്യം കുറഞ്ഞുവരികയാണ്. ആളുകൾക്കു പരസ്പരമുളള മനോഭാവത്തെ ഇതു സാരമായി സ്വാധീനിച്ചിരിക്കുന്നു. നിങ്ങൾ അതു ശ്രദ്ധിച്ചിട്ടുണ്ടോ? [അഭിപ്രായത്തിന് അനുവദിക്കുക. പ്രത്യേക സംഗതികൾ നിങ്ങൾ പരാമർശിച്ചേക്കാം.] രണ്ടു തിമൊഥെയൊസ് 3:1-5-ൽ പരാമർശിച്ചിരിക്കുന്നവരുടെ മനോഭാവം ദയവായി കുറിക്കൊളളുക, എന്നിട്ട് ഇന്നു ലോകം ഇതുപോലെയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോയെന്ന് എന്നോടു പറയുക. [വായിക്കുക; അഭിപ്രായങ്ങൾക്ക് അനുവദിക്കുക.] ഭാവിയിൽ മെച്ചപ്പെട്ട അവസ്ഥകൾ പ്രതീക്ഷിക്കാൻ യഥാർഥ കാരണമുണ്ടോ?” താത്പര്യം പ്രകടമാക്കുന്നെങ്കിൽ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 12-ഉം 13-ഉം പേജുകളിലെ ചിത്രം പരാമർശിക്കുകയും 12-ഉം 13-ഉം ഖണ്ഡികകളിലേക്കു ശ്രദ്ധ തിരിക്കുകയും ചെയ്യുക. താത്പര്യം കുറവാണെങ്കിൽ സമാധാനപൂർണ്ണമായ പുതിയ ലോകം ലഘുലേഖ സമർപ്പിക്കാവുന്നതാണ്.
4 മാതാപിതാക്കളിൽ ആരെങ്കിലുമാണു വാതിൽക്കൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ ഈ വിധം നാം നമ്മുടെ സംഭാഷണം തുടങ്ങിയേക്കാം:
◼“കുടുംബജീവിതത്തെക്കുറിച്ചുളള പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം എന്ന കാര്യത്തിൽ താത്പര്യമുളള ആളുകളോടു ഞങ്ങൾ സംസാരിച്ചുവരികയാണ്. നമുക്കു കഴിയുന്നതിൽ ഏററവും മെച്ചമായതു ചെയ്യാൻ നാമെല്ലാം ശ്രമിക്കുന്നു, ഏന്നാൽ ഏറെ മെച്ചമായി വിജയിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ നാം അതിൽ താത്പര്യമുളളവരായിരിക്കും, അല്ലേ? [മറുപടിയ്ക്ക് അനുവദിക്കുക.] കൊലൊസ്സ്യർ 3:12-14-ൽ കാണുന്നതുപോലെ ബൈബിൾ ഈ കാര്യത്തിൽ മാർഗനിർദേശം നൽകുന്നു. [വായിക്കുക.] അതുകൊണ്ടു വിജയപ്രദമായ ഒരു കുടുംബജീവിതം ആസ്വദിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്? ഈ പ്രസിദ്ധീകരണത്തിലെ ‘കുടുംബജീവിതം വിജയിപ്പിക്കൽ’ എന്ന തലക്കെട്ടുളള ഈ അധ്യായത്തിൽ പറഞ്ഞിരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക.” എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 238-ാം പേജിലെ 3-ാം ഖണ്ഡിക വായിക്കുക. വീട്ടുകാരൻ തിരക്കുളളവനോ സത്വരം പ്രതികരിക്കാത്തവനോ ആണെങ്കിൽ കുടുംബകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്ന അടുത്ത കാലത്തെ ഒരു മാസികയോ കുടുംബജീവിതം ആസ്വദിക്കുക ലഘുലേഖയോ അവതരിപ്പിക്കാൻ ശ്രമിക്കുക.
5 രാജ്യത്തെക്കുറിച്ച് ഒരു സമ്പൂർണ സാക്ഷ്യം നൽകുന്നതിലെ നമ്മുടെ ഉദ്ദേശ്യം മറന്നുകളയാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (മത്താ. 24:14) ബൈബിളും നമുക്കു ലഭ്യമായ ദിവ്യാധിപത്യ സാഹിത്യങ്ങളുടെ അത്ഭുതകരമായ കരുതലുകളും നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ നിർണായക നാളുകളിൽ യഹോവയുടെ ഇഷ്ടം നിറവേററുന്നതിൽ അവിടുത്തെ അനുഗ്രഹത്തിനായി നമുക്കു വിശ്വാസത്തോടെ യഹോവയിലേക്കു നോക്കാൻ കഴിയും.—ഗലാ. 6:9.