യഹോവയുടെ ആദ്യജാതനെ വാഴ്ത്തുക!
1 പൊ.യു. [പൊതുയുഗം] 33 നീസാൻ 9, ഞായറാഴ്ച ഒരു വലിയ പുരുഷാരം തങ്ങളുടെ കൈകളിൽ കുരുത്തോലയും പിടിച്ചുകൊണ്ട് യഹോവയുടെ ആദ്യജാതനായ കർത്താവായ യേശുക്രിസ്തുവിനെ ‘കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു’ എന്നു വാഴ്ത്തി. (ലൂക്കൊ. 19:38; എബ്രാ. 1:6) തിങ്കളാഴ്ചയും ചൊവ്വാഴ്ചയും, അതായത് നീസാൻ 10-ാം തീയതിയും 11-ാം തീയതിയും, യേശു തന്റെ പരസ്യശുശ്രൂഷയിൽ വളരെ തിരക്കിലായിരുന്നു. ആ ദിവസങ്ങളെ തന്റെ ഭൗമിക ശുശ്രൂഷയുടെ ഏററവും തിരക്കുളള ദിവസങ്ങളാക്കിത്തീർത്തുകൊണ്ടുതന്നെ.
2 ആലങ്കാരിക കുരുത്തോലകൾ കൈയ്യിലേന്തി ഇന്ന് അതിലും വലിയ ഒരു പുരുഷാരം ഉച്ചസ്വരത്തിൽ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “രക്ഷ . . . നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം.” (വെളി. 7:9, 10) മാർച്ച് 26-ാം തീയതി ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കാൻ നാം ഒന്നിച്ചുകൂടും. ആ തീയതി സമീപിച്ചുവരവേ, ശുശ്രൂഷയിലുളള നമ്മുടെ ശ്രമങ്ങളെ ഊർജിതപ്പെടുത്തിക്കൊണ്ട് ഗോളവ്യാപകമായ ഈ സ്തുതിഘോഷത്തെ വർധിപ്പിക്കാൻ നമുക്കു കഴിയുമോ?
3 വയൽപ്രവർത്തനം വർധിപ്പിക്കുക: മാർച്ചിലേക്കുവേണ്ടി ഇപ്പോൾത്തന്നെ പല പ്രസാധകരും സഹായപയനിയർമാരായി തങ്ങളുടെ പേർ ചാർത്തിയിട്ടുണ്ട്. അവരോടു ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കുന്നുവെങ്കിൽ താമസംവിനാ നിങ്ങളുടെ അപേക്ഷ കൊടുക്കുക. വേലയെ സംബന്ധിച്ചു നിങ്ങൾ ചോദിച്ചേക്കാവുന്ന ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ മൂപ്പൻമാരിൽ ഏതൊരാളും സന്തോഷമുളളവനായിരിക്കും.
4 ഒരു സഹായപയനിയറായി നിങ്ങൾക്കു പ്രവർത്തിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും മാർച്ചിലെ ശുശ്രൂഷയിൽ പൂർണമായ പങ്കുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ആ മാസത്തിലെ എല്ലാ ദിവസവും കൂട്ടസാക്ഷീകരണം ഏർപ്പെടുത്താൻ സഭയ്ക്കു കഴിഞ്ഞേക്കാം. ആ ഉദ്ദേശ്യത്തിനുവേണ്ടി മതിയായ പ്രദേശം മാററിവച്ചിരിക്കണം.
5 മാർച്ച് 26 ശനിയാഴ്ചത്തേക്ക് എല്ലാ സഭകളും ഒരു പ്രത്യേക വയൽസേവന യോഗത്തിനുവേണ്ടി ക്രമീകരണം നടത്തണം. സ്മാരകത്തിന്റെ ഒരുക്കത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടെങ്കിലും സാധ്യമായ ഏതൊരാളും ശനിയാഴ്ച രാവിലെ വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. വീടുതോറും പ്രവർത്തിക്കുന്നതു കൂടാതെ, സ്മാരകത്തിനു സംബന്ധിക്കാൻ നിങ്ങൾ ക്ഷണിച്ചിട്ടുളളവർക്കു യാത്രാസൗകര്യമുണ്ടെന്നും യോഗസമയവും സ്ഥലവും അവർ വ്യക്തമായി ഓർത്തിരിപ്പുണ്ടെന്നും ഉറപ്പാക്കുക.
6 മററുളളവരെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക: യേശു തന്റെ അനുഗാമികളോട് ഇങ്ങനെ കൽപ്പിച്ചു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (1 കൊരി. 11:24) യേശുവിന്റെ അഭിഷിക്ത പദാനുഗാമികൾ ആ കൽപ്പന അനുസരിക്കവേ, അതിൽ സംബന്ധിക്കാനും സ്മാരകാഘോഷം നിരീക്ഷിക്കാനും യഹോവയുടെ ഓരോ ദാസനും ക്ഷണിക്കപ്പെടുന്നു. മററുളളവരുടെ കൂട്ടത്തിൽ നിങ്ങൾ ബൈബിൾ വിദ്യാർഥികളെയും ബന്ധുക്കളെയും നിങ്ങൾ മുമ്പു ബൈബിൾ ചർച്ചകൾ നടത്തിയിട്ടുളളവരെയും അവിശ്വാസികളായ ഇണകളെയും തൊഴിൽ പരിചയക്കാരെയും ക്ഷണിക്കണം. ആരും അവഗണിക്കപ്പെടാതിരിക്കാൻ ഒരു ലിസ്ററ് ഉണ്ടാക്കുക.
7 സ്മാരകാഘോഷസമയത്തുതന്നെ താത്പര്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുളള മററ് അവസരങ്ങളും ഉണ്ടായിരിക്കും. ആദ്യമായിട്ട് സംബന്ധിക്കാൻ പോകുന്ന പുതിയ ആളുകളെ സ്വാഗതം ചെയ്യാൻ കഴിയത്തക്കവണ്ണം നിങ്ങൾ തീർച്ചയായും നേരത്തെ എത്തിച്ചേരുക. നിങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ഒട്ടനവധിപേർ വരുന്നുവെങ്കിൽ മറെറാരു പ്രസാധകൻ യോഗസമയത്ത് അവരിൽ കുറച്ചു പേരോടൊത്ത് ഇരിക്കുന്നതു പ്രായോഗികമായിരിക്കും. പുതുതായി വരുന്നവരെ സഭയുടെ ക്രമമായ പരസ്യയോഗത്തിനു സംബന്ധിക്കാൻ ക്ഷണിക്കുക. പരസ്യപ്രസംഗം നടത്താൻ നിയമിക്കപ്പെട്ടിരിക്കുന്ന സഹോദരൻ ഉത്തേജനാത്മകമായ പ്രസംഗം നടത്താൻ ഒരുങ്ങിയിരിക്കണം.
8 സ്മാരകാഘോഷത്തിന്റെ സമാപനത്തിങ്കൽ “യഹോവയുടെ ആദ്യജാതനെ വാഴ്ത്തുക!” എന്ന 105-ാമത്തെ പാട്ട് നാം ഒത്തൊരുമിച്ച് ആലപിക്കുമ്പോൾ, യഹോവയുടെ സ്തുതിക്കായുളള ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ ഉത്സാഹപൂർവകമായ ഒരു മാസത്തിലേക്കു സംതൃപ്തിയോടെ തിരിഞ്ഞുനോക്കാൻ നമുക്കു കഴിയട്ടെ!