നിങ്ങളുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനത്തെ ചാഞ്ചല്യം കൂടാതെ മുറുകെ പിടിച്ചുകൊൾക
1 ഇന്നു ദൈവജനത്തിനു ‘തക്കസമയത്ത് ആത്മീയ ഭക്ഷണം’ ലഭിക്കുന്ന പ്രാഥമികമായ മുഖാന്തരം വീക്ഷാഗോപുര അധ്യയനമാണ്. (മത്താ. 24:45, NW) മുഖ്യമായും രണ്ട് ഉദ്ദേശ്യങ്ങളോടെ നാം ഈ പ്രധാനപ്പെട്ട യോഗത്തിനു ഹാജരാകുന്നു: ആത്മീയമായി കെട്ടുപണി ചെയ്യപ്പെടാനും മററുളളവരുടെ മുമ്പാകെ നമ്മുടെ പ്രത്യാശയുടെ പരസ്യ പ്രഖ്യാപനം നടത്താനും.—എബ്രാ. 10:23-25.
2 നമുക്കുതന്നെ പ്രയോജനം ചെയ്യൽ: മിക്ക സഭകളിലും സദസ്യരിൽ മൂന്നിലൊന്നു പേർ മാത്രമേ പാഠം മുന്നമേ തയ്യാറാകുന്നുളളൂവെന്ന് കണക്കാക്കപ്പെടുന്നു. ഏതാണ്ട് അത്രയും അംഗങ്ങൾ മാത്രമേ ഉത്തരം പറയുന്നതിൽ പങ്കുപററുന്നുളളൂ. വീക്ഷാഗോപുര അധ്യയനത്തിൽ അവതരിപ്പിക്കുന്ന കട്ടിയായുളള ആത്മീയ ആഹാരം യോഗത്തിൽവച്ചുതന്നെ പൂർണമായും സ്വാംശീകരിക്കാൻ കഴിയില്ല. വിവരങ്ങൾ മുന്നമേതന്നെ പഠിക്കാൻ നിങ്ങൾ സമയം മാററിവെക്കേണ്ടതുണ്ട്.
3 പഠനഭാഗം തയ്യാറാകുമ്പോൾ ലേഖനത്തിന്റെ അവസാനഭാഗത്തായി കൊടുത്തിരിക്കുന്ന ചതുരത്തിലെ ചോദ്യങ്ങൾ ആദ്യമേ വായിച്ച് അവയെക്കുറിച്ചു ചിന്തിക്കുന്നതു സഹായകമെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. പാഠത്തിൽ പരിചിന്തിക്കേണ്ട മുഖ്യ ആശയങ്ങളിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവ നിങ്ങളെ സഹായിക്കും.
4 പഠിക്കുന്ന സമയത്തു പറയപ്പെടുന്ന കാര്യങ്ങൾ അവധാനപൂർവം ശ്രദ്ധിക്കുക. അധ്യയനനിർവാഹകന്റെ പ്രാരംഭവാക്കുകൾക്കു ശ്രദ്ധ കൊടുക്കുക; ഈ അഭിപ്രായങ്ങൾ അധ്യയനത്തിനുളള ഒരു വേദിയൊരുക്കുന്നു. ഉത്തരം കിട്ടാൻ പോകുന്ന മൂന്നോ നാലോ ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചേക്കാം. അല്ലെങ്കിൽ, ഈ വാരത്തിലെ പഠനഭാഗം ഒരേ വിഷയത്തിന്റെ തുടർച്ചയാണെങ്കിൽ കഴിഞ്ഞ വാരത്തിലെ അധ്യയന ഭാഗത്തുനിന്നുളള സവിശേഷാശയങ്ങളിൽ ചിലത് അദ്ദേഹം പുനരവലോകനം ചെയ്തേക്കാം. ഒരു ബൈബിൾ പ്രവചനമോ തിരുവെഴുത്തു തത്ത്വമോ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിൽ എന്തെങ്കിലും പൊരുത്തപ്പെടുത്തലുണ്ടെങ്കിൽ അദ്ദേഹം അതു നമ്മുടെ ശ്രദ്ധയിൽപ്പെടുത്തും. അധ്യയനത്തിന്റെ ഒരു ഉദ്ദേശ്യം സഭയിലുളളവർക്കു തങ്ങളുടെ പ്രത്യാശ പ്രകടിപ്പിക്കാൻ ഒരു അവസരം നൽകുക എന്നതായതുകൊണ്ട് അധ്യയനനിർവാഹകൻ നടത്തുന്ന അഭിപ്രായങ്ങൾ തീർച്ചയായും ഹ്രസ്വമായിരിക്കണം. മററുളളവർ തങ്ങൾ പഠിച്ചിരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ശ്രദ്ധാപൂർവം കേൾക്കുക; ഇതിനു നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താൻ കഴിയും.
5 നിങ്ങളുടെ പ്രത്യാശയെ പ്രഖ്യാപിക്കുക: അധ്യയനസമയത്തു നിങ്ങൾ ക്രമമായി അഭിപ്രായങ്ങൾ പറയാറുണ്ടോ? ഹ്രസ്വവും കുറിക്കുകൊളളുന്നതുമായ അഭിപ്രായങ്ങളാണ് അഭിലഷണീയം. (ലൂക്കൊസ് 21:1-4 താരതമ്യം ചെയ്യുക.) ഹൃദയത്തിൽനിന്നുളള ലളിതമായ ഒരു അഭിപ്രായത്തെ എല്ലാവരും വിലമതിക്കുന്നു. സാധാരണമായി ഒരു ചോദ്യത്തിന്റെ ആദ്യ ഉത്തരം ഹ്രസ്വവും നേരിട്ടുളളതുമായിരിക്കണം. ഒരു തിരുവെഴുത്തു പരാമർശിക്കുന്നതിനോ ഖണ്ഡികയിലെ വിശദാംശങ്ങളിലേക്കു ശ്രദ്ധയാകർഷിക്കുന്നതിനോ ഇതു മററുളളവർക്ക് അവസരമൊരുക്കുന്നു. ഈ വിധത്തിൽ പലർക്കും തങ്ങളുടെ പ്രത്യാശയുടെ പരസ്യ പ്രഖ്യാപനം നടത്താനാകും. അഭിപ്രായങ്ങൾ എപ്പോഴും ക്രിയാത്മകവും പരിപുഷ്ടിപ്പെടുത്തുന്നതുമായിരിക്കണം.
6 നിങ്ങൾ അധ്യയനത്തിൽ സംബന്ധിക്കാൻ തുടങ്ങിയിട്ടേ ഉളളൂവെങ്കിൽ അല്ലെങ്കിൽ ഉത്തരം പറയാൻ ഭയമുണ്ടെങ്കിൽ അധ്യയനനിർവാഹകനോടു സഹായം ചോദിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഒരു പ്രത്യേക ഖണ്ഡിക പരിചിന്തിക്കുമ്പോൾ നിങ്ങൾ കൈ ഉയർത്തിയിട്ടുണ്ടോ എന്നു നോക്കാൻ അദ്ദേഹത്തോടു പറയുക. ഒരുപക്ഷേ സ്വമേധയാതന്നെ, പരാമർശിച്ചിരിക്കുന്ന ഒരു തിരുവെഴുത്തു വായിച്ച് അതിന്റെ അർഥത്തിന്റെ പ്രയുക്തത ഹ്രസ്വമായി നടത്താൻ നിങ്ങൾക്കു കഴിയും. ഉത്തരം പറയുമ്പോൾ പറയാൻ ആഗ്രഹിക്കുന്ന കാര്യം ഓർമിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് മാർജിനിൽ ചില കുറിപ്പുകൾ എഴുതിയിടാവുന്നതാണ്. നിങ്ങൾ പ്രായം കുറഞ്ഞ ഒരാളാണെങ്കിൽ നിങ്ങളുടെ ഉത്തരങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നുവെന്നും വിലമതിക്കപ്പെടുന്നുവെന്നും ഓർക്കുക.—മത്താ. 21:16.
7 നമ്മുടെ വിശ്വാസത്തെ പ്രകടിപ്പിക്കുന്നതു മർമപ്രധാനമാണ്. അങ്ങനെ ചെയ്യാനുളള ഒരു നല്ല അവസരം വീക്ഷാഗോപുര അധ്യയനം നമുക്കു പ്രദാനം ചെയ്യുന്നു. ശുശ്രൂഷകരായിരിക്കാൻ യോഗ്യർ എന്ന [ഇംഗ്ലീഷ്] പുസ്തകം ഇപ്രകാരം പറഞ്ഞു: “പ്രശ്നം എന്തുതന്നെയായിരുന്നാലും അതു തരണം ചെയ്ത് നിങ്ങൾ ചുരുങ്ങിയത് ഒരു ഉത്തരമെങ്കിലും പറയണം. നിങ്ങൾ യോഗത്തിൽ നിങ്ങളുടെ പങ്കു നിർവഹിച്ചിരിക്കും, നിങ്ങൾക്കു സംതൃപ്തിയും തോന്നും.” (പേജ് 99) അതുകൊണ്ട് അടുത്ത വീക്ഷാഗോപുര അധ്യയനത്തിൽത്തന്നെ ചുരുങ്ങിയത് ഒരു ഉത്തരമെങ്കിലും പറയാൻ എന്തുകൊണ്ട് ആസൂത്രണം ചെയ്തുകൂടാ?—സദൃ. 15:23.