നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—വീക്ഷാഗോപുര അധ്യയന നിർവാഹകൻ
1 നമുക്കു “തക്കസമയത്ത്” ആത്മീയ ആഹാരം പ്രദാനം ചെയ്യാൻ “വിശ്വസ്തനും വിവേകിയുമായ അടിമ” ചെയ്തിരിക്കുന്ന അടിസ്ഥാന കരുതലാണ് വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന മാസിക. (മത്താ. 24:45, NW) ക്രിസ്തീയ ജീവിതത്തിൽ ഉത്തമ മാതൃക വെക്കുന്ന പ്രാപ്തനായ ഒരു അധ്യാപകൻ എന്ന നിലയിൽ, വീക്ഷാഗോപുര അധ്യയനം നടത്തുന്ന മൂപ്പന് മർമപ്രധാനമായ ഒരു ഉത്തരവാദിത്വം ഉണ്ട്.—റോമ. 12:7; യാക്കോ. 3:1.
2 ഫലപ്രദമായി പഠിപ്പിക്കുന്നതിന്, വീക്ഷാഗോപുര അധ്യയന നിർവാഹകൻ ഓരോ ആഴ്ചയിലും നന്നായി തയ്യാറാകണം. പ്രാർഥനാപൂർവം ശ്രദ്ധയോടെ അദ്ദേഹം അങ്ങനെ ചെയ്യുന്നു. പാഠ ഭാഗത്തിലൂടെ നമ്മുടെ ഹൃദയത്തിൽ എത്താനുള്ള അദ്ദേഹത്തിന്റെ ആത്മാർഥ ശ്രമം, സഭയുടെ ക്ഷേമത്തിലുള്ള അദ്ദേഹത്തിന്റെ വർധിച്ച താത്പര്യത്തെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹം പാഠത്തിലെ പ്രധാന ആശയങ്ങൾക്ക് ഊന്നൽ നൽകുകയും അവ ലേഖന വിഷയവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നു കാണാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
3 പാഠഭാഗം നന്നായി തയ്യാറാകുന്നതിന്റെ ഭാഗമായി, തിരുവെഴുത്തുകൾ എങ്ങനെ ബാധകമാകുന്നു എന്നു മനസ്സിലാക്കാൻ അദ്ദേഹം അവ നേരത്തെ എടുത്തു നോക്കുന്നു. അധ്യയന സമയത്തു ബൈബിൾ ഉപയോഗിക്കാൻ സഭയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അദ്ദേഹം ദൈവ വചനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. പ്രധാനപ്പെട്ട ഒരു ആശയം സദസ്സിൽ നിന്നുള്ള ഉത്തരത്തിൽ വരാതിരിക്കുകയോ ഒരു മുഖ്യ തിരുവെഴുത്തിന്റെ ബാധകമാക്കൽ പൂർണമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ, ആ ആശയം പുറത്തു കൊണ്ടുവരാനായി അദ്ദേഹം വ്യക്തമായ ഒരു ഉപചോദ്യം ചോദിക്കുന്നു. അങ്ങനെ, ശരിയായ നിഗമനത്തിൽ എത്താനും പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കേണ്ട വിധം മനസ്സിലാക്കാനും അദ്ദേഹം നമ്മെ സഹായിക്കുന്നു.
4 തന്റെ പഠിപ്പിക്കൽ പ്രാപ്തി വർധിപ്പിക്കാൻ വീക്ഷാഗോപുര അധ്യയന നിർവാഹകൻ ക്രമമായി ശ്രമിക്കുന്നു. താൻതന്നെ വളരെ അധികം അഭിപ്രായം പറയുന്നതിനുപകരം, സ്വന്തം വാക്കുകളിൽ, ഹ്രസ്വമായി, കൃത്യമായ ആശയങ്ങൾ പറയാൻ അദ്ദേഹം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ഖണ്ഡികയിൽനിന്നുള്ള ആദ്യത്തെ ഉത്തരം പറയുന്ന വ്യക്തി അച്ചടിച്ച ചോദ്യത്തിനു നേരിട്ടുള്ളതും ഹ്രസ്വവുമായ അഭിപ്രായം പറയേണ്ടതുണ്ടെന്ന് അദ്ദേഹം ഇടയ്ക്കിടെ നമ്മെ ഓർമിപ്പിച്ചേക്കാം. സദസ്സിൽ നിന്നുള്ള കൂടുതലായ അഭിപ്രായങ്ങൾ തിരുവെഴുത്തു ബാധകമാക്കുന്നതിലോ ആശയത്തെ പിന്താങ്ങുന്ന മറ്റു വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിലോ പാഠ ഭാഗത്തിന്റെ പ്രായോഗിക ബാധകമാക്കലിലോ കേന്ദ്രീകരിച്ചുള്ളതായിരിക്കാം. വ്യക്തിപരമായും കുടുംബമൊത്തൊരുമിച്ചും തയ്യാറാകുന്നതിനു പ്രോത്സാഹിപ്പിച്ചുകൊണ്ട്, പങ്കുപറ്റാനുള്ള ഓരോ വ്യക്തിയുടെയും ആഗ്രഹത്തെ പ്രചോദിപ്പിക്കാൻ വീക്ഷാഗോപുര അധ്യയന നിർവാഹകൻ ശ്രമിക്കുന്നു.
5 “യഹോവയാൽ പഠിപ്പിക്കപ്പെ”ടുന്നവർ എന്നനിലയിൽ, വീക്ഷാഗോപുര അധ്യയന നിർവാഹകരെ പോലെ “പഠിപ്പിക്കലിൽ അദ്ധ്വാനിക്കുന്ന” “മനുഷ്യരാം ദാനങ്ങ”ളെ നാം നിശ്ചയമായും വിലമതിക്കുന്നു.—യെശ. 54:13, NW; എഫെ 4:8, 11, NW; 1 തിമൊ 5:17, NW.