മറ്റുള്ളവരുടെ പ്രയോജനത്തിനായി എല്ലാ താത്പര്യക്കാരെയും സന്ദർശിക്കുക
1 ഒരാളെ നാം വീണ്ടും സന്ദർശിക്കണമോ വേണ്ടയോ എന്നു നിർണയിക്കാൻ നമ്മെ സഹായിക്കുന്ന അടിസ്ഥാന ഘടകമെന്താണ്? താത്പര്യം! രാജ്യസന്ദേശത്തിൽ ആരെങ്കിലും അൽപ്പമെങ്കിലും താത്പര്യം കാട്ടുന്ന അവസരങ്ങളിലെല്ലാം, ആ വ്യക്തിക്കു പ്രയോജനം ചെയ്യാൻ നമ്മാലാവുന്നതെന്തും ചെയ്യാൻ നാം ആഗ്രഹിക്കുന്നു. അതുകൊണ്ട്, വ്യക്തിയുടെ താത്പര്യം നട്ടുവളർത്തി ഒരു ബൈബിളധ്യയനം തുടങ്ങണമെന്ന ലക്ഷ്യത്തോടെ നാം മടക്കസന്ദർശനങ്ങൾ നടത്തുന്നു. സാഹിത്യങ്ങൾ കൊടുക്കാത്തപ്പോൾപ്പോലും നമ്മുടെ ലക്ഷ്യം ഇതാണ്. അത് എങ്ങനെ ചെയ്യാൻ സാധിക്കും?
2 കഴിഞ്ഞ പ്രാവശ്യം നിങ്ങൾ, ഇന്നത്തെ വ്യാപകമായ വൈവാഹിക പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചിട്ട് “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിച്ചെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ സംഭാഷണം തുടങ്ങാവുന്നതാണ്:
◼“ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ, വിവാഹത്തെയും കൂടുതൽ സന്തുഷ്ടി കണ്ടെത്താൻ നമ്മെ സഹായിക്കാനാവുന്ന പ്രായോഗിക ബൈബിൾ ബുദ്ധ്യുപദേശത്തെയും കുറിച്ചു നാം സംസാരിക്കുകയുണ്ടായി. ഏറ്റവും നല്ല കുടുംബങ്ങളിൽപ്പോലും ഇടയ്ക്കിടെ പ്രശ്നങ്ങൾ പൊന്തിവരുന്നുണ്ടെന്നതു സത്യമല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മെ സഹായിക്കുന്ന അത്യുത്തമ ബുദ്ധ്യുപദേശം ബൈബിൾ നമുക്ക് തരുന്നു. ഒരുമിച്ചു ബൈബിൾ പഠിക്കുന്നതുവഴി ഒരു കുടുംബത്തിന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ സാധിക്കും.” 246-ാമത്തെ പേജിലെ 23-ാം ഖണ്ഡിക ചർച്ച ചെയ്യുക. യോഹന്നാൻ 17:3 വായിച്ചിട്ട്, ഭവനത്തിൽ ബൈബിൾപഠനം ആരംഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുക.
3 കുട്ടികളെയും അവരെ പരിശീലിപ്പിക്കേണ്ടതിനെയും കുറിച്ചാണു നിങ്ങൾ സംസാരിച്ചതെങ്കിൽ, ചർച്ച ഈ വിധം തുടരാവുന്നതാണ്:
◼“കുട്ടികൾക്ക് ആവശ്യമുള്ള ആത്മീയ പരിശീലനത്തെക്കുറിച്ചും മാതാപിതാക്കൾക്ക് അവരെ എങ്ങനെ സഹായിക്കാനാകുമെന്നതിനെക്കുറിച്ചും നാം മുമ്പ് സംസാരിക്കുകയുണ്ടായി. ഞാൻ സംസാരിച്ചിട്ടുള്ള മിക്ക മാതാപിതാക്കളും ഇന്നത്തെ ഒട്ടനവധി യുവജനങ്ങളുടെ മോശമായ നടത്തയെക്കുറിച്ചു വളരെയധികം ആശങ്കയുള്ളവരാണ്. . . .നെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? [നിങ്ങളുടെ സമൂഹത്തിൽ സാധാരണമായി യുവജനങ്ങളുടെയിടയിൽ കണ്ടുവരുന്ന മോശമായ നടത്തയുടെ ഒരു ഉദാഹരണം സൂചിപ്പിക്കുക. പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിൽ നൽകിയിരിക്കുന്ന ഏതാനും പ്രായോഗിക ഉപദേശങ്ങൾ ഞാൻ നിങ്ങൾക്കു കാട്ടിത്തരാം.” എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ 246-ാം പേജിലുള്ള 22-ാം ഖണ്ഡിക എടുത്ത് പ്രധാന ആശയം ചർച്ച ചെയ്യുക. എന്നിട്ട് എഫെസ്യർ 6:4 വായിക്കുക. ശിക്ഷണവും മാർഗനിർദേശവും മിക്ക കുട്ടികളും വാസ്തവത്തിൽ ആഗ്രഹിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുക. അതു പ്രദാനം ചെയ്യാൻ മാതാപിതാക്കൾ ശുഷ്കാന്തി കാട്ടുമ്പോൾ, കുട്ടികൾ കൂടുതൽ സന്തുഷ്ടരും തങ്ങളുടെ പെരുമാറ്റത്തിൽ കൂടുതൽ ആദരവുള്ളവരും ആയിത്തീരും. നമ്മുടെ കുട്ടികളുമൊത്തു നാം ബൈബിൾ പഠിക്കുന്നതെങ്ങനെയെന്നു വിശദമാക്കുക.
4 നിങ്ങളുടെ സംസാരവിഷയം പറുദീസാഭൂമിയായിരുന്നെങ്കിൽ, താത്പര്യം വീണ്ടുമുണർത്താൻ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ദൈവം ഭൂമിയെ ഒരു പറുദീസയാക്കി രൂപാന്തരപ്പെടുത്തുമ്പോൾ, ഭൂമി എങ്ങനെയായിത്തീരുമെന്നു നമുക്കു കാണിച്ചുതന്ന ഈ പുസ്തകത്തിലെ ഏതാനും ചിത്രീകരണങ്ങൾ നാം കണ്ടിരുന്നല്ലോ. നമ്മുടെ പ്രിയപ്പെട്ടവരുമൊത്ത് നമുക്കത് ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനു നമ്മെ സംബന്ധിച്ച് യാതൊരർഥവുമില്ലെന്നു വരും. അതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?” പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട്, എന്നേക്കും ജീവിക്കാൻ പുസ്തകത്തിലെ 162-ാം പേജ് എടുക്കുക. വെളിപ്പാടു 21:3, 4 വായിച്ചിട്ട് നമ്മുടെ പ്രിയപ്പെട്ടവർ എല്ലായ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെയെന്നു വിശദമാക്കുക. നല്ല പ്രതികരണമാണെങ്കിൽ, മരിച്ചവർ ജീവനിലേക്കു തിരിച്ചുവരുമെന്നു പ്രകടമാക്കാൻ യോഹന്നാൻ 5:28, 29 വായിക്കുക. പുസ്തകത്തിന്റെ പുറംചട്ട ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറയുക: “അതു വാസ്തവത്തിൽ സത്യമാണ്—നമുക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും!” അതു സമീപിച്ചിരിക്കുന്നുവെന്നു നമുക്ക് എങ്ങനെ അറിയാമെന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മറ്റൊരു സന്ദർശനം ക്രമീകരിക്കുക.
5 രാജ്യസന്ദേശത്തിൽനിന്നു പ്രയോജനം നേടാൻ താത്പര്യമുള്ള വ്യക്തികളെ സഹായിക്കുക എന്നതാണ് ഒരു മടക്കസന്ദർശനത്തിന്റെ മുഖ്യോദ്ദേശ്യം. ആത്മീയ കാര്യങ്ങൾക്കായുള്ള വിശപ്പുണ്ടാക്കിയെടുക്കാൻ മിക്കവർക്കും ഒരു പ്രചോദനം ആവശ്യമാണ്. പുസ്തകത്തിലെ പ്രായോഗിക മൂല്യമുള്ള പ്രത്യേക ആശയങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടു ബൈബിൾ മെച്ചമായി മനസ്സിലാക്കാൻ അതിന് അവരെ എങ്ങനെ സഹായിക്കാനാവുമെന്നതിന് ഊന്നൽകൊടുക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്ന മടക്കസന്ദർശനങ്ങൾ ഏറ്റവും മികച്ച വിധത്തിൽ പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കും.