‘യൌവനകാലത്തു തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കു’വാൻ യുവാക്കളെ സഹായിക്കൽ
1 ബൈബിളിൽ നൽകിയിരിക്കുന്ന പ്രായോഗിക ബുദ്ധ്യുപദേശത്തിന്റെ വാക്കുകൾ “കേൾക്കു”ന്നതു മാത്രം പോരാ. പൂർണമായി പ്രയോജനമനുഭവിക്കുന്നതിന് എഴുതപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഒരുവൻ “പ്രമാണിക്കുന്ന”ത് ആവശ്യമാണ്. (വെളി. 1:3) സാഹിത്യം സമർപ്പിക്കുന്നത് ശിഷ്യൻമാരെ ഉളവാക്കുന്നതിന്റെ ഒരു പ്രാഥമിക പടി മാത്രമാണ്. കേൾക്കാൻ മനസ്സൊരുക്കമുളള താത്പര്യക്കാരെ കണ്ടെത്തിക്കഴിഞ്ഞാൽ കൂടുതൽ പഠിക്കാൻ അവരെ സഹായിക്കാൻ നാം താമസിയാതെ മടങ്ങിച്ചെല്ലണം. ‘യൌവനകാലത്തു തങ്ങളുടെ സ്രഷ്ടാവിനെ ഓർ’ത്തുകൊണ്ട് നിത്യജീവൻ നേടിയെടുക്കാൻ യുവജനങ്ങളെയും മററുളളവരെയും സഹായിക്കേണ്ട ആവശ്യം നമുക്കുണ്ട്. (സഭാ. 12:1) നമ്മുടെ മടക്കസന്ദർശനത്തിൽ നമുക്ക് എന്തു പറയാൻ കഴിയും?
2 നിങ്ങളുടെ പ്രഥമ സന്ദർശനത്തിൽ ഇന്നു യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പററി നിങ്ങൾ സംസാരിച്ചുവെങ്കിൽ നിങ്ങൾക്കു സംഭാഷണം ഈ വിധത്തിൽ തുടങ്ങാവുന്നതാണ്:
◼“ഇന്നത്തെ ലോകത്തിൽ യുവജനങ്ങൾ അനുഭവിക്കേണ്ടിവരുന്ന ചില സാഹചര്യങ്ങളെപ്പററിയാണു നാം മുമ്പു സംസാരിച്ചത്. യുവജനങ്ങളുൾപ്പെടെ സകലരിലും യഹോവ തത്പരനായതിനാൽ തന്റെ വചനമായ ബൈബിളിൽ അവൻ മാർഗനിർദേശങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു. മററനേകം യുവജനങ്ങൾ അകപ്പെടുന്ന കുരുക്കിൽപ്പെടാതെ തങ്ങളുടെ ജീവിതം ആസ്വദിക്കാൻ അവ അവരെ സഹായിക്കുന്നു.” യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ വിഷയ സൂചിക തുറന്നിട്ട് പട്ടികപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളിൽ താത്പര്യമുളളതായി തോന്നുന്നത് ഏതാണെന്നു വീട്ടുകാരനോടു ചോദിക്കുക. ഉദാഹരണത്തിന്, അയാൾ മയക്കുമരുന്നുകൾ എന്ന വിഷയം തിരഞ്ഞെടുക്കുന്നപക്ഷം 272-ാം പേജിലുളള 34-ാം അധ്യായത്തിലേക്കു തിരിയുക. “മയക്കുമരുന്നുകൾ വളർച്ചയെ തടസ്സപ്പെടുത്തുന്നു,” “മയക്കുമരുന്നുകൾക്ക് എന്റെ ആരോഗ്യത്തെ നശിപ്പിക്കാൻ കഴിയുമോ?” “മയക്കുമരുന്നുകൾ—ബൈബിളിന്റെ വീക്ഷണം” എന്നിങ്ങനെയുളള ചില ഉപശീർഷകങ്ങളിലേക്കും “വേണ്ട എന്ന് നിങ്ങൾക്ക് പറയാൻ കഴിയും!” എന്ന ഉപശീർഷകത്തിൻകീഴിൽ നൽകിയിരിക്കുന്ന പ്രായോഗിക ബുദ്ധ്യുപദേശത്തിലേക്കും അയാളുടെ ശ്രദ്ധ ക്ഷണിക്കുക. വിഷയങ്ങൾ പുനരവലോകനം നടത്തുന്നതിനും മുഖ്യാശയങ്ങൾ ഗ്രഹിക്കുന്നതിനും അധ്യായത്തിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന “ചർച്ചക്കുളള ചോദ്യങ്ങൾ” വായനക്കാരനെ എങ്ങനെ പ്രാപ്തമാക്കുന്നുവെന്നു കാണിക്കുക. ക്രമമായി സന്ദർശിച്ച് ഇതേ വിധത്തിൽ മുഴു പുസ്തകവും ചർച്ചചെയ്യാമെന്നു വാഗ്ദാനം ചെയ്യുക.
3 പ്രഥമ സന്ദർശനത്തിൽ നല്ല ബുദ്ധ്യുപദേശത്തിന്റെ ഉറവിടത്തെപ്പററി ചർച്ചചെയ്തുവെങ്കിൽ ഈ ചോദ്യം ഉന്നയിച്ചുകൊണ്ടു തുടരാൻ നിങ്ങൾ തീരുമാനിച്ചേക്കാം:
◼“യുവജനങ്ങളെ സംബന്ധിച്ചിടത്തോളം കലാലയ വിഷയങ്ങളിൽ വിദ്യാഭ്യാസം നേടുന്നതുമാത്രം മതിയാകുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. യിരെമ്യാവു 10:23 വായിക്കുക.] നിങ്ങൾക്കറിയാവുന്നപോലെ, ഒരു ഉന്നത ഉറവിൽനിന്നുളള പരിശീലനം അത്യന്താപേക്ഷിതമാണ്. ദൈവസഹായം കൂടാതെ ജീവിക്കാൻ ഉദ്യമിക്കുന്നതാണു നമ്മുടെ മിക്ക പ്രശ്നങ്ങൾക്കും കാരണം. വിജയപ്രദമായ ജീവിതം നയിക്കുന്നതിനുവേണ്ട വിശ്വാസയോഗ്യമായ, കാലത്തിന്റെ മാററുരച്ച ബുദ്ധ്യുപദേശത്തിന്റെ ഉറവ് ദൈവവചനം മാത്രമാണ്.” 316-ഉം 317-ഉം പേജുകളിലുളള ചതുരത്തിലേക്കു വിരൽചൂണ്ടുക. ബൈബിളിന്റെ തത്ത്വങ്ങളെ മാനിക്കുന്ന വ്യക്തികളോടൊപ്പം സഹവസിക്കുക, പഠിക്കുക എന്നത് ജീവിതം ആസ്വദിക്കുന്നതിനും പ്രശ്നങ്ങളിൽനിന്ന് അകന്നു നിൽക്കുന്നതിനുമുളള പടികളാണ്. അതേസമയംതന്നെ യോഗങ്ങൾ ഇതിനുവേണ്ടി ബൈബിളധിഷ്ഠിത അനുശാസനം നൽകുന്ന ഒരു നിലയ്ക്കാത്ത ഉറവാണ്.
4 ഒരു തിരുവെഴുത്തു ചർച്ചയ്ക്കു തുടക്കമിടാൻ ഇതൊന്നു പരീക്ഷിച്ചുനോക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിലെ 318-ാം പേജിലുളള ചിത്രം കാണിച്ചുകൊണ്ട് ഇപ്രകാരം വിശദീകരിക്കുക: “നമ്മുടെ സ്രഷ്ടാവുമായി ഉററബന്ധം കെട്ടുപണിചെയ്യുന്നത് നാം നിത്യ പ്രയോജനങ്ങൾ കൈപ്പററുന്നുവെന്നതിന് ഉറപ്പേകുന്നു. എന്നാൽ അത്തരം ഒരു ഉററബന്ധം കെട്ടുപണിചെയ്യുന്നതിന് ഒരുവൻ എന്തു ചെയ്യേണ്ടതുണ്ട്? ദൈവത്തിന്റെ നിശ്വസ്ത വചനം ക്രമമായി പഠിക്കുന്നതാണ് ഒരു പടി.” 308-ാം പേജിലുളള ഉപശീർഷകങ്ങൾ ചർച്ചചെയ്തുകൊണ്ട് കൂടുതലായി പഠിക്കുന്നതിനു നമ്മുടെ ബൈബിളധ്യയന പരിപാടിയിൽനിന്നു പ്രയോജനമനുഭവിക്കുവാൻ വീട്ടുകാരനെ ക്ഷണിക്കുക.
5 നമ്മുടെ ലക്ഷ്യം ബൈബിളധ്യയനങ്ങൾ തുടങ്ങുകയെന്നതായതിനാൽ നാം ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്തേണ്ട ആവശ്യമുണ്ട്. അവയ്ക്കുവേണ്ടി സമയം പട്ടികപ്പെടുത്തുകയും നന്നായി തയ്യാറാവുകയും ചെയ്യുക. ഈ വിധത്തിൽ പരമാർഥഹൃദയരെ നമുക്കു സഹായിക്കാൻ കഴിയും.—വെളി. 22:6, 7.