മനസ്സിലാക്കാൻ അവരെ സഹായിക്കുക
1 ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്ന ചില കാര്യങ്ങൾ “ഗ്രഹിക്കാൻ പ്രയാസമുള്ളതു” ആണെന്ന് അപ്പോസ്തലനായ പത്രോസ് സമ്മതിച്ചുപറഞ്ഞു. (2 പത്രൊ. 3:16) അനേകർക്കും അപ്രകാരം തോന്നിയിട്ടുണ്ട്. എന്നാൽ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽ അതിന്റെ അടിസ്ഥാന പഠിപ്പിക്കലുകൾ വളരെ വ്യക്തമാക്കിയിരിക്കുന്നു. ഈ പുസ്തകവും നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകവും പരമാവധി പ്രയോജനപ്പെടുത്തുന്നതിനു നമുക്കു താത്പര്യക്കാരെ എങ്ങനെ സഹായിക്കാം?
2 നിങ്ങളുടെ ആദ്യ സന്ദർശനത്തിൽ യോഹന്നാൻ 17:3 ചർച്ച ചെയ്തെങ്കിൽ കൂടുതൽ പരിജ്ഞാനം സമ്പാദിക്കേണ്ടതിന്റെ ആവശ്യം ഇപ്രകാരം പറഞ്ഞുകൊണ്ട് ഊന്നിപ്പറയാവുന്നതാണ്:
◼“ഞാൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നത് നിത്യജീവനിലേക്കു നയിക്കുമെന്ന് യോഹന്നാൻ 17:3-ൽ നിന്നു നാം വായിച്ചു. എന്നാൽ നാം ഇന്നു ജീവിക്കുന്ന തരം ഒരു ലോകത്തിൽ എന്നേക്കും ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ? [പ്രതികരിക്കാൻ അനുവദിക്കുക.] മിക്കവരും ആഗ്രഹിക്കുകയില്ല. ഇക്കാരണത്താൽ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതു സംബന്ധിച്ചു കേൾക്കുമ്പോൾ നമുക്കു സന്തോഷിക്കാൻ കഴിയും.” 12-ഉം 13-ഉം പേജുകളിലെ 12-ാം ഖണ്ഡികയിലേക്കു തിരിയുക. യെശയ്യാവു 11:6-9 വായിക്കുക. എന്നിട്ട് ഈ പേജുകളിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് ‘പൂർവകാര്യങ്ങൾ കഴിഞ്ഞു പോകുമ്പോൾ’ ലോകം എപ്രകാരം ആയിരിക്കുമെന്നു വിവരിക്കുക. കൂടുതലായ ചർച്ചക്കു വേണ്ടി മടങ്ങിവരാമെന്നു പറയുക.
3 ദൈവരാജ്യം അരിഷ്ടതയ്ക്ക് ഒരറുതി വരുത്തുമെന്നു കാണിക്കാൻ 156 മുതൽ 162 വരെയുള്ള പേജുകളിലെ ചിത്രങ്ങൾ ഉപയോഗിച്ചെങ്കിൽ വീണ്ടും പുസ്തകത്തിന്റെ ആ പേജുകൾ തുറന്ന് ഇപ്രകാരം പറയാവുന്നതാണ്:
◼“ദൈവരാജ്യ ഭരണത്തിൻ കീഴിൽ ആളുകൾ ആസ്വദിക്കാൻ പോകുന്നതായി ഇവിടെ ചിത്രീകരിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചു നാം ചർച്ചചെയ്യുകയുണ്ടായി. ആ രാജ്യത്തിൻ കീഴിൽ ജീവിക്കുന്നതിന് നാം എന്തു ചെയ്യണമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] 250-ാം പേജിലെ 2-ാം ഖണ്ഡികയിൽനിന്ന് എബ്രായർ 11:6 വായിക്കുക. യഹോവയുടെ സാക്ഷികൾ, ദൈവത്തെ അന്വേഷിക്കുന്നതിനും സ്വീകാര്യമായ വിധത്തിൽ അവനെ ആരാധിക്കുന്നതിനും ആത്മാർഥഹൃദയരായവരെ സഹായിക്കുകയാണു ചെയ്യുന്നതെന്നു വിവരിക്കുക.
4 സംഭാഷണത്തിനു തീരെ സമയമില്ലാത്തവിധം തിരക്കിലായിരുന്ന ഒരു വീട്ടുകാരന് “ഈ ലോകം അതിജീവിക്കുമോ?” എന്ന ലഘുലേഖ കൊടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സമീപനം ഉപയോഗിക്കാവുന്നതാണ്:
◼“ഞാൻ അടുത്തയിടെ സന്ദർശിച്ചപ്പോൾ നിങ്ങൾ വളരെ തിരക്കിലായിരുന്നു. ലോകം ഈ പ്രക്ഷുബ്ധകാലങ്ങളെ അതിജീവിക്കുന്നതു സംബന്ധിച്ചു ചോദ്യം ഉന്നയിച്ച ഒരു ലഘുലേഖ ഞാൻ നിങ്ങളുടെ കൈവശം തന്നിട്ടുപോയി. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്ന വെളിപ്പാടു 21:4 നമുക്കു വായിക്കാം [162-ാം പേജിൽനിന്ന് അതു വായിക്കുക.] ‘ദൈവം നമ്മുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചു കളയുമ്പോൾ’ അവസ്ഥ എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച ഒരു ധാരണ [156 മുതൽ 162 വരെയുള്ള പേജുകളിലെ] ഈ ചിത്രങ്ങൾ നിങ്ങൾക്കു നൽകുന്നു. സമീപഭാവിയിൽ തന്നെ ഈ വാഗ്ദാനങ്ങൾ നിവൃത്തിയേറുമെന്നതിന്റെ ബോധ്യം വരുത്തുന്ന തെളിവ് ഈ പുസ്തകം നൽകുന്നു. നിങ്ങൾ വായിക്കാനിഷ്ടപ്പെടുന്നെങ്കിൽ, ഇതാ നിങ്ങളുടെ പ്രതി.”
5 “നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ” എന്ന പുസ്തകത്തിന്റെ സമർപ്പണത്തെ നിങ്ങൾക്ക് ഈ സമീപനത്തോടെ പിന്തുടരാവുന്നതാണ്:
◼“ഞാൻ നിങ്ങളെ ആദ്യം സന്ദർശിച്ചപ്പോൾതന്നെ, കുടുംബത്തെപ്പറ്റിയുള്ള നിങ്ങളുടെ താത്പര്യത്തിൽ എനിക്കു വളരെ മതിപ്പുളവായി. നമ്മെപോലെ ഒരു ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യകാലത്തു ജീവിക്കുമ്പോൾ കുടുംബങ്ങൾ ഭാവിക്കുവേണ്ടി ഒരുങ്ങിക്കൊണ്ടേയിരിക്കുന്നതു മർമപ്രധാനമാണ്. അതിനായി, ഞാൻ നിങ്ങൾക്കു തന്നിട്ടുപോയ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം ഭവനത്തിൽ ക്രമമായ ബൈബിൾ ചർച്ചയുണ്ടായിരിക്കാൻ ശക്തമായി ശുപാർശചെയ്യുന്നു. [185-6 പേജുകളിലെ 10-ാം ഖണ്ഡിക വായിക്കുക.] വിരോധമില്ലെങ്കിൽ, ഏതാണ്ട് 200-ഓളം രാജ്യങ്ങളിൽ ആളുകൾ ഭവനങ്ങളിൽ കുടുംബകൂട്ടമെന്നനിലയിൽ ബൈബിൾ ചർച്ചചെയ്യുന്ന വിധം പ്രകടിപ്പിക്കാൻ ഏതാനും മിനിറ്റ് ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” സമയം അനുവദിക്കുന്നതനുസരിച്ച്, അധ്യയനം നടത്തുന്ന വിധം പ്രകടിപ്പിക്കാൻ 71-ാം പേജിലെ ഉപതലക്കെട്ടിൻകീഴിലുള്ള വിവരങ്ങൾ ഉപയോഗിക്കുക.
6 താത്പര്യം കണ്ടെത്തുന്നെങ്കിൽ ഒരധ്യയനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. “അല്പബുദ്ധികളെ ബുദ്ധിമാൻമാരാക്കുന്ന”തിൽ നിങ്ങൾ വാസ്തവത്തിൽ ഏറെ സന്തോഷം കണ്ടെത്തും.—സങ്കീ. 119:130.