പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുക
1 നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നമ്മെ പഠിപ്പിക്കുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. സങ്കീർത്തനം 32:8-ൽ അവൻ നമുക്ക് ഇങ്ങനെ ഉറപ്പുതരുന്നു: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.” നമുക്കു വൻ പ്രയോജനം കൈവരുത്തുന്നതാണ് ഈ ഉറപ്പ്. ബൈബിളിലെ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം കേട്ട് എങ്ങനെ പ്രയോജനം നേടാമെന്നു മറ്റുള്ളവർക്കു കാണിച്ചുകൊടുക്കാൻ നാം നിസ്വാർഥമായി ആഗ്രഹിക്കുന്നു. (യെശ. 48:17) നാം കണ്ടുമുട്ടുന്നവർക്കെല്ലാം എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിച്ചുകൊണ്ട് സെപ്റ്റംബറിൽ നമുക്കിതു ചെയ്യാൻ സാധിക്കും. നാം അവതരണം നടത്തുമ്പോൾ, ബൈബിൾ പരിജ്ഞാനപശ്ചാത്തലമില്ലാത്ത വ്യക്തികൾക്കും ബൈബിളിന്റെ പഠിപ്പിക്കലിൽ വിശ്വസിക്കാത്തവർക്കുംപോലും ബൈബിളിന്റെ പ്രായോഗിക മൂല്യം കാട്ടിക്കൊടുക്കാൻ സാധിക്കുന്ന വ്യത്യസ്ത വിധങ്ങളുണ്ട്.
2 ഇന്നു വ്യാപകമായി കണ്ടുവരുന്ന വൈവാഹിക പ്രശ്നങ്ങളുടെ വീക്ഷണത്തിൽ, “എന്നേക്കും ജീവിക്കാൻ” പുസ്തകത്തിൽനിന്നു പ്രസ്തുത ആശയത്തിനു വിശേഷ ശ്രദ്ധകൊടുക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“ഞാൻ സംസാരിച്ചിട്ടുള്ള മിക്കയാളുകളും ഭയങ്കരമാംവിധം പെരുകിക്കൊണ്ടിരിക്കുന്ന വൈവാഹിക അസന്തുഷ്ടിയിലും വിവാഹമോചനത്തിലും വളരെ ഉത്കണ്ഠാകുലരാണ്. ഈ പ്രശ്നത്തെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] അവയുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാൻ പലരും പരാജയപ്പെട്ടിരിക്കുന്നു. അവർ ആത്മാർഥമായ ശ്രമം നടത്തുന്നുവെങ്കിൽ, ദമ്പതികൾക്കു വിവാഹത്തെ രക്ഷിക്കാൻ മാത്രമല്ല, യഥാർഥ സന്തുഷ്ടി കണ്ടെത്താനും സാധിക്കും. ബൈബിളിൽ കാണുന്ന ബുദ്ധ്യുപദേശം ബാധകമാക്കുന്നതാണു വിജയത്തിന്റെ താക്കോൽ എന്ന് അനേകർ കണ്ടെത്തിയിരിക്കുന്നു.” എഫെസ്യർ 5:28, 29, 33 വായിക്കുക. 243-ാമത്തെ പേജിലെ 16-ഉം 17-ഉം ഖണ്ഡികകൾ ചർച്ച ചെയ്തിട്ട് പുസ്തകം സമർപ്പിക്കുക.
3 കുട്ടികൾക്കു ഗുണനിലവാരമുള്ള സമയവും മാതാപിതാക്കളിൽനിന്നുള്ള പരിശീലനവും ആവശ്യമാണ്. “എന്നേക്കും ജീവിക്കാൻ” പുസ്തകം വിശേഷവത്കരിക്കുമ്പോൾ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“നമ്മുടെ യുവജനങ്ങളുടെ ഭാവിക്ഷേമത്തിൽ നാമെല്ലാം താത്പര്യമുള്ളവരാണ്. താങ്കളുടെ അഭിപ്രായത്തിൽ, ഒരു സുരക്ഷിതഭാവി കണ്ടെത്താൻ തങ്ങളുടെ കുട്ടികളെ മാതാപിതാക്കൾക്കു സഹായിക്കാൻ കഴിയുന്ന ഏറ്റവും നല്ല വിധമേതാണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ഏതാണ്ട് 3,000-ത്തോളം വർഷംമുമ്പ് എഴുതപ്പെട്ട ഒരു ബൈബിൾ സദൃശവാക്യത്തിൽ നിന്നുള്ള ഈ ഉപദേശം ശ്രദ്ധിക്കുക. [സദൃശവാക്യങ്ങൾ 22:6 വായിക്കുക.] സ്കൂളിൽ ലഭിക്കുന്ന പ്രബോധനത്തിൽനിന്നു കുട്ടികൾക്കു കാര്യമായ പ്രയോജനം ലഭിക്കുന്നുവെങ്കിലും, ഭവനത്തിൽ മാതാപിതാക്കളാണ് അവർക്ക് ഏറ്റവും മൂല്യവത്തായ പരിശീലനം പ്രദാനം ചെയ്യുന്നത്. അതിനു സമയവും ശ്രദ്ധയും സ്നേഹവും ആവശ്യമാണ്, എന്നാൽ അതു ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്.” 245-ാം പേജ് എടുത്ത് 20-ഉം 21-ഉം ഖണ്ഡികകൾ ചർച്ച ചെയ്യുക. എന്നിട്ട്, കുടുംബചർച്ചകൾക്കുള്ള ഒരു അടിസ്ഥാനമെന്ന നിലയിൽ പ്രസ്തുത പുസ്തകം എങ്ങനെ ഉപയോഗിക്കാമെന്നു വിശദമാക്കുക.
4 ഭൂമി എങ്ങനെ ഒരു പറുദീസ ആയിത്തീരുമെന്നു കാട്ടിക്കൊടുത്തുകൊണ്ട് “എന്നേക്കും ജീവിക്കാൻ” പുസ്തകം സമർപ്പിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
◼“ഭാവിയിൽ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നതു സംബന്ധിച്ചു നിങ്ങൾക്കു താത്പര്യമുണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അനേകം മതഗ്രന്ഥങ്ങൾ ഭാവിയെക്കുറിച്ചു പറയുന്നുണ്ട്. ഉദാഹരണത്തിന്, ബൈബിളിൽ, ദൈവേഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടാൻ ദൈവത്തോടു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചു. അതു സംഭവിക്കുമ്പോൾ ഭൂമി എങ്ങനെയായിത്തീരും? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതാ ഒരു ചിത്രകാരൻ വരച്ച പറുദീസാലോകത്തിന്റെ ചിത്രം. [12-ഉം 13-ഉം പേജുകളിലെ ചിത്രം ചൂണ്ടിക്കാട്ടുക. എന്നിട്ട് 12-ാമത്തെ ഖണ്ഡികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന യെശയ്യാവു 11:6-9 വായിക്കുക.] അത്തരമൊരു ലോകത്തിൽ ജീവിക്കുന്നതു വിസ്മയകരമായിരിക്കില്ലേ? നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഇതുപോലൊരു പറുദീസയിൽ എങ്ങനെ ജീവിക്കാൻ സാധിക്കുമെന്ന് ഈ പുസ്തകം കാട്ടിത്തരും.”
5 വീട്ടുവാതിൽക്കലെ നിങ്ങളുടെ വിജയം നിശ്ചയിക്കുന്നതിനുള്ള ഒരു അടിസ്ഥാനഘടകം നിങ്ങളുടെ അവതരണം കാലേകൂട്ടി തയ്യാറാകുന്നതാണ്. വാതിൽക്കൽ മുട്ടുന്നതിനു മുമ്പായി, തിരുവെഴുത്തുപരമായ ഒരു ആശയത്തെക്കുറിച്ചു നിങ്ങൾക്കു വിശേഷിച്ച് എന്തെങ്കിലും പറയാനുണ്ടെന്ന് ഉറപ്പുവരുത്തുക. പുസ്തകം സ്വീകരിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ വേണ്ടി, നിങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന മാസികയിലെയോ ലഘുലേഖയിലെയോ രസകരമായ ഒരു ഭാഗത്തെക്കുറിച്ചുള്ള ഹ്രസ്വമായ ഒരു പരാമർശം മനസ്സിൽപ്പിടിക്കുക. സെപ്റ്റംബറിൽ രാജ്യസത്യത്തിന്റെ വിത്തുകൾ വിതയ്ക്കാൻ നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരവും പ്രയോജനപ്പെടുത്തുക. (സഭാ. 11:6) എന്നേക്കും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൊയ്യാൻ നിങ്ങൾ മറ്റുള്ളവരെ സഹായിക്കുകയായിരിക്കും അതുവഴി ചെയ്യുന്നത്.